വി.പി.എം. അസീസ് മാസ്റ്റര്‍: വിദ്യാഭ്യാസ വിചക്ഷണന്‍

നാലു പതിറ്റാണ്ടിലേറെക്കാലം സമസ്ത കേരള ഇസ്‌ലാം  മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സെക്രട്ടറി പദം അലങ്കരിച്ച അസീസ് മാസ്റ്ററുടെ സേവന ചരിത്രം കേരളത്തിലെ വ്യവസ്ഥാപിത മദ്രസാ പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ഏതാനും വര്‍ഷം മുമ്പ് കോഴിക്കോട് വെള്ളയില്‍ വെച്ചുണ്ടായ കാറപകടത്തില്‍ പരുക്കുപറ്റി രണ്ടു കാലുകളുടെയും പ്രവര്‍ത്തനം നിശ്ചലമാവുന്നതോടെയാണ് അദ്ദേഹം കിടപ്പിലായത്. അഞ്ചു വര്‍ഷം മുമ്പു വരെ പരസഹായത്തോടെ അദ്ദേഹം ബോര്‍ഡിന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും പ്രവര്‍ത്തക സമിതി യോഗങ്ങള്‍ക്ക് വരാറുണ്ടായിരുന്നു. ശാരീരികമായി അദ്ദേഹം തളര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് പൂര്‍ണ്ണ ആരോഗ്യത്തിലായിരുന്നു. തനിക്ക് പിടിപ്പെട്ട തളര്‍വാതത്തില്‍ നിന്ന് സുഖം പ്രാപിച്ചുവരവെയാണ് അദ്ദേഹം കാറപകടത്തില്‍ പെട്ടത്. കാലുകള്‍ക്ക് ശക്തിയുണ്ടായി ഇനിയും സമസ്തക്കു വേണ്ടി സേവനം ചെയ്തു ജീവിക്കണം എന്നു തന്നെയാണ് അഞ്ചു പതിറ്റാണ്ട് കാലത്തെ ത്യാഗങ്ങള്‍ അയവിറക്കി കൊണ്ടു അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്. രോഗ സന്ദര്‍ശനത്തിനു അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഈ വിനീതന് അദ്ദേഹത്തിന്റെ കൂടെ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ അവസരം ലഭിച്ചു. 1948 മുതലുള്ള ചരിത്രസംഭവങ്ങള്‍ അദ്ദേഹം അയവിറക്കുകയായിരുന്നു.

ഉസ്മാന്‍ സാഹിബ്, ടി.കെ. അബ്ദുല്ല മൗലവി എന്നിവരുമായുള്ള സുഹൃദ് ബന്ധം ഇരുപതാം വയസില്‍ തന്നെ അദ്ദേഹത്തെ സമസ്തയുടെ പ്രവര്‍ത്തകനാക്കി മാറ്റുകയായിരുന്നു. 1928-ല്‍ തൃക്കരിപ്പൂര്‍ ബിരിച്ചേരി മഹല്ലിലെ മൊട്ടമ്മല്‍ പ്രദേശത്താണ് അദ്ദേഹത്തിന്റെ ജനനം. 1951ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമാകുന്നതിന്റെ മുമ്പ് ഗ്രാമാന്തരങ്ങളില്‍ മദ്രസകള്‍ സ്ഥാപിക്കാനായി മര്‍ഹൂം കെ.പി. ഉസ്മാന്‍ സാഹിബ് നടത്തിയ കാല്‍നട പര്യടനത്തില്‍ കൂട്ടുകാരനാവാന്‍ ഭാഗ്യം ലഭിച്ചത് അല്ലാഹു നല്‍കിയ അനുഗ്രഹമായി മാസ്റ്റര്‍ പ്രത്യേകം എടുത്തുപറഞ്ഞു. തിരക്കിട്ട യാത്രക്കിടയില്‍ തലശ്ശേരി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നു വീണ് ഉസ്മാന്‍ സാഹിബിന്റെ കാല്‍ ഒടിഞ്ഞ രംഗം സഹയാത്രികനായിരുന്ന അസീസ് മാസ്റ്റര്‍ ഇന്നും കണ്‍മുമ്പില്‍ കാണുന്നത് പോലെ അനുസ്മരിക്കുകയുണ്ടായി. തൊള്ളായിരത്തി നാല്‍പതുകളുടെ അവസാനത്തില്‍ തന്റെ മഹല്ലില്‍ സ്ഥാപിതമായ 'മയ്യിത്ത് പരിപാലന സംഘം' എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി കൊണ്ടാണ് മാസ്റ്ററുടെ പൊതുജീവിതം ആരംഭിക്കുന്നത്. സംഘടനയുടെ കീഴില്‍ തന്റെ മഹല്ല് ഖതീബ് ആയിരുന്ന എം.എ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ ക്ലാസുകളില്‍ മയ്യിത്ത് പരിപാലനത്തിന്റെ ശ്രേഷ്ടതകളും ശറഇയ്യായ രൂപങ്ങളും വിശദീകരിക്കുന്നത് കാരണം മയ്യിത്ത് പരിപാലന പരിപാടിയില്‍ യുവാക്കള്‍ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. ഒരു ചെറിയ കുട്ടിയുടെ മയ്യിത്ത് ആണെങ്കില്‍ പോലും മയ്യിത്ത് ചുമക്കുന്നതിന്റെ കൂലി ലഭിക്കാനായി മരണവീട്ടില്‍ നിന്ന് ഖബറിടം വരെ പരസ്പരം കൈമാറിക്കൊണ്ടായിരുന്നു മയ്യിത്ത് എത്തിയിരുന്നത്. ആര്‍ക്കും ചുമന്നു നടക്കേണ്ടി വന്നിരുന്നില്ല എന്ന് മാസ്റ്റര്‍ പറഞ്ഞു. 1948-ല്‍ മൊട്ടമ്മല്‍ സ്ഥാപിതമായ നജാത്തുസ്സിബ്‌യാന്‍ മദ്രസയുടെ സെക്രട്ടറി അസീസ് മാസ്റ്ററായിരുന്നു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമായി മദ്രസകള്‍ക്ക് അംഗീകരണം തുടങ്ങിയപ്പോള്‍ മുപ്പത്തി ഏഴാം നമ്പ്ര് ആയി നജാത്തുസ്സ്വിബ്‌യാന്‍ മദ്രസക്ക് അംഗീകരണം ലഭിക്കുകയുണ്ടായി. മദ്‌റസകള്‍ക്ക് അംഗീകരണം തുടങ്ങിയ 1952 അവസാനിക്കുന്ന സന്ദര്‍ഭത്തില്‍ അതു വരെ അംഗീകാരം നേടിയ 42 മദ്രസാ പ്രതിനിധികളുടെയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളുടെയും സംയുക്ത യോഗം 1952 ഡിസംബര്‍ 11നു താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം കേന്ദ്ര മദ്രസയില്‍ ചേരുകയുണ്ടായി. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്താനും അംഗീകൃത മദ്രസകളുടെ പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാനുമായിരുന്നു പ്രസ്തുത യോഗം. അദ്ധ്യാപനം കാര്യക്ഷമമാക്കാനും മദ്രസാ ഭരണവും നടത്തിപ്പും ശാസ്ത്രീയമാക്കാനും ആവശ്യമായ പല നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു. മദ്രസകള്‍ വിസിറ്റു ചെയ്തു മാനേജ്‌മെന്റിനും അദ്ധ്യാപകര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി മുഫത്തിശുമാരെ നിയമിക്കുക, മദ്രസകള്‍ക്ക് ആവശ്യമായ റിക്കാര്‍ഡുകള്‍ നല്‍കുക, ശാസ്ത്രീയമായ അദ്ധ്യാപന രീതി പരിചയപ്പെടുത്താനായി ട്രൈനിംഗ് ക്ലാസ് ആരംഭിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രസ്തുത യോഗം തീരുമാനിക്കുകയുണ്ടായി. മദ്രസകള്‍ക്ക് ആവശ്യമായ റിക്കാര്‍ഡുകള്‍ രൂപപ്പെടുത്താനായി അസീസ് മാസ്റ്ററെയാണ് ചുമതലപ്പെടുത്തിയത്. മൊട്ടമ്മല്‍ യു.പി. സ്‌കൂള്‍ അധ്യാപകനായിരുന്ന അസീസ് മാസ്റ്റര്‍ സ്‌കൂള്‍ റിക്കാര്‍ഡുകളുടെ മാതൃകയില്‍ തയ്യാറാക്കിയാണ് വിദ്യാഭ്യാസ ബോര്‍ഡ് മദ്രസകള്‍ക്ക് നല്‍കുന്ന റിക്കാര്‍ഡുകള്‍ (മാസ്റ്റര്‍ 1984-ല്‍ ഹെഡ്മാസ്റ്റര്‍ ആയിക്കൊണ്ടാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്.

1983-ല്‍ സ്റ്റേറ്റ് അധ്യാപക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.) പ്രസ്തുത യോഗ തീരുമാനപ്രകാരം ട്രൈനിംഗ് ക്ലാസ് താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂമില്‍ വെച്ച് 25 വീതമുള്ള രണ്ടു ബാച്ച് അദ്ധ്യാപകര്‍ക്ക് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന മൗലാനാ പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. മൗലാനാ പറവണ്ണയുടെ സ്വന്തം ചിന്തയില്‍ നിന്നു ഉരുത്തിരിഞ്ഞു വരുന്ന പഠന രീതികളും പരിഷ്‌കരണങ്ങളും മാത്രമായിരുന്നു താനൂരിലെ ട്രൈനിംഗ് ക്ലാസിലുണ്ടായിരുന്നത്. എന്നാല്‍ വ്യവസ്ഥാപിത പദ്ധതി തയ്യാറാക്കിയതിനു ശേഷം നടന്ന ട്രൈനിംഗ് ക്ലാസുകളുടെ തുടക്കം 1961-ല്‍ വടകര ബുസ്താനുല്‍ ഉലൂം മദ്രസയില്‍ വെച്ചാണ്. 40 ദിവസം നടന്ന പ്രഥമ ക്ലാസിനു നേതൃത്വം നല്‍കിയത് അസീസ് മാസ്റ്റര്‍, ഇബ്‌നു ഖാജാ മുക്കം, തിരൂരിലെ മുഹമ്മദ് എന്ന ബാവു മാസ്റ്റര്‍ എന്നിവരായിരുന്നു. അന്ന് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന അയിനിക്കാട് ഇബ്രാഹീം മുസ്‌ലിയാര്‍, കെ.പി. ഉസ്മാന്‍ സാഹിബ്, ബി. കുട്ടിഹസന്‍ ഹാജി എന്നിവരുടെ സ്ഥിര സാന്നിദ്ധ്യം പ്രഥമ ട്രൈനിംഗ് ക്ലാസിനുണ്ടായിരുന്നു. ഞായറാഴ്ചകളില്‍  ബാഫഖി തങ്ങളുടെ സാന്നിദ്ധ്യവുമുണ്ടാവും. ട്രൈനിംഗ് ക്ലാസില്‍ പങ്കെടുക്കുന്ന അദ്ധ്യാപകരെ സല്‍കരിക്കാനായി വടകര നിവാസികള്‍ മത്സരിക്കുകയായിരുന്നു. ബാഫഖി തങ്ങളുടെ സാന്നിദ്ധ്യം കച്ചവടക്കാരും ഉമറാക്കളും ക്ലാസുമായി ബന്ധപ്പെടാന്‍ വളരെ പ്രചോദനമാവുകയായിരുന്നു. ട്രൈനിംഗ് പരീക്ഷ കഴിഞ്ഞ് വിജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തത് ബാഫഖി തങ്ങളായിരുന്നു. 1956-ല്‍ തിരൂര്‍ സെന്‍ട്രല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമാജം എന്ന പേരില്‍ തിരൂരിലും 1957ല്‍  കാളികാവ് കേന്ദ്രമായി വണ്ടൂര്‍ ഫര്‍ക്ക അറബി അദ്ധ്യാപക യൂണിയന്‍ എന്ന പേരില്‍ കിഴക്കനേറനാട്ടിലും മുഅല്ലിം സംഘടനകള്‍ നിലവില്‍ വന്നെങ്കിലും ഔപചാരികമായി റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നിലവില്‍ വരുന്നത് 1958-ലാണ്. 1.4.58ന് ചേര്‍ന്ന സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് മദ്രസകള്‍ക്ക് സര്‍ക്കുലര്‍ നല്‍കാന്‍ തീരുമാനിക്കുകയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭരണഘടനയും തയ്യാറാക്കാന്‍ കെ.പി. ഉസ്മാന്‍ സാഹിബ്, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, അബൂബക്കര്‍ നിസാമി എന്നിവരെ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്ത യോഗം ഭരണഘടന അംഗീകരിക്കുകയും വടക്കെ മലബാറില്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകരിക്കാനായി മുഫത്തിശ് കെ. അബ്ദുല്ല മുസ്‌ലിയാരെ അധികാരപ്പെടുത്തുകയും അതടിസ്ഥാനത്തില്‍ ഔപചാരികമായി രൂപംകൊണ്ട പ്രഥമ റെയ്ഞ്ച് പയ്യന്നൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആണ്. വളപട്ടണം മുതല്‍ ചന്ദ്രഗിരി വരെയുള്ള പ്രദേശങ്ങളിലെ മദ്രസ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും അദ്ധ്യാപകരെയും പഴയങ്ങാടി ജമാലിയ്യ: മദ്രസ:യില്‍ സമ്മേളിപ്പിച്ചുകൊണ്ടാണ് പ്രഥമ പയ്യന്നൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകൃതമായത്.

പ്രഥമ റൈഞ്ച് സെക്രട്ടറി അബ്ദുല്‍അസീസ് മാസ്റ്റര്‍ ആയിരുന്നു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ വൈസ്പ്രസിഡണ്ട്, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി തുടങ്ങിയ പദവികള്‍ അലങ്കരിച്ച അസീസ് മാസ്റ്റര്‍ തന്നില്‍ ഏല്‍പിക്കപ്പെട്ട കാര്യങ്ങളെല്ലാം കൃത്യനിഷ്ഠയോടെ പൂര്‍ത്തിയാക്കുമായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ബുക്ക് ഡിപ്പോ, ക്രസന്റ് ബോര്‍ഡിംഗ് മദ്രസ എന്നീ ഓഫീസുകളിലെ  കണക്ക് പരിശോധന മാസാന്തം നിര്‍വഹിച്ചിരുന്നത് മാസ്റ്റര്‍ തന്നെയായിരുന്നു. സമസ്തയുടെ നയങ്ങളും സിലബസിന്റെ പ്രത്യേകതയും വിശദീകരിക്കുന്ന മാസ്റ്ററുടെ പ്രസംഗങ്ങള്‍ ആകര്‍ഷണീയമായിരുന്നു. സമസ്തയുടെ വിമര്‍ശകര്‍ക്ക് വായടപ്പന്‍ മറുപടി നല്‍കുമായിരുന്നു. 1977ല്‍ ചേറൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക സമ്മേളനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. ഉസ്താദ് എം.എം. ബശീര്‍ മുസ്‌ലിയാര്‍ ചെയര്‍മാനും ഈ വിനീതിന്‍ കണ്‍വീനറും ആയിക്കൊണ്ടായിരുന്നു സമ്മേളനം. റൈഞ്ച് പരിധിയിലെ മദ്രസകളിലെ മുഴുവന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മാനേജിംഗ് കമ്മിറ്റി പ്രതിനിധി സംഗമം സമ്മേളന പരിപാടിയിലെ പ്രധാന ഇനമായിരുന്നു. പ്രസ്തുത സംഗമത്തിന്റെ ഉദ്ഘാടകന്‍ അന്നത്തെ നിയമസഭാ സ്പീക്കര്‍ ചാക്കീരി അഹ്മദ് കുട്ടി സാഹിബായിരുന്നു. മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് ക്ലാസ്സെടുക്കുന്നത് അസീസ് മാസ്റ്ററും. ചാക്കീരി ഉദ്ഘാടന പ്രസംഗത്തില്‍ മദ്രസ: സിലബസില്‍ തന്റെ കാഴചപ്പാടനുസരിച്ച് ചില പോരായ്മകളാണ് പറഞ്ഞത്.

അസീസ് മാസ്റ്റര്‍ ചാക്കീരിയുടെ ഉദ്ഘാടനം കഴിഞ്ഞയുടനെ ഉദ്ഘാടന പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനും സമസ്തയുടെ സിലബസിന്റെ ശാസ്ത്രീയ വശങ്ങള്‍ വിശദീകരിക്കുവാനുമായി എഴുന്നേറ്റു. തന്റെ പ്രസംഗം കഴിയുന്നത് വരെ സ്പീക്കര്‍ ഇരിക്കണമെന്ന അപേക്ഷയുമായാണ് പ്രസംഗം തുടങ്ങിയത്. സരസമായി സിലബസിന്റെ പ്രത്യേകത വിവരിക്കുകയും സ്പീക്കര്‍ ചാക്കീരി പറഞ്ഞ കാര്യങ്ങളുടെ അര്‍ത്ഥമില്ലായ്മ ചൂണ്ടിക്കാട്ടുകയും ചെയ്തു. ചാക്കീരി മുഴുവന്‍ കേള്‍ക്കുകയും താന്‍ പറഞ്ഞത് തിരുത്തുകയും ക്ഷമാപണം നടത്തുകയും ചെയ്തുകൊണ്ടാണ് മടങ്ങിയത്. 1983ല്‍ കെ.കരുണാകരനില്‍നിന്ന് സ്റ്റേറ്റ് അധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങിയ അസീസ് മാസ്റ്റര്‍, ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യേണ്ട വ്യക്തിതന്നെയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത വേണ്ടതുപോലെ പത്രങ്ങള്‍ പരിഗണിച്ചോ എന്ന സംശയമുണ്ട് (പി.പി. മുഹമ്മദ് ഫൈസി, സുന്നി അഫ്കാര്‍ വാരിക, 2009, ഓഗസ്ത്, സുന്നി മഹല്‍, മലപ്പുറം)

<img alt=" width=" 1"="" height="1">

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter