പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍

പേരു കൊണ്ടും പൊലിമ കൊണ്ടും പ്രസിദ്ധമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ബഹുവന്ദ്യരായ പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദ ആഇശ ചെറുകുഞ്ഞി ബീവി (സയ്യിദ് ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍)യുടെയും രണ്ടാത്തെ മകനായി 1941 നവംബര്‍ 28 (ഹി. 1360 ദുല്‍ഖഅദഃ 8) വെള്ളിയാഴ്ച രാവിലെ 9 ന് ജനിച്ചു. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ഉമറലി ശിഹാബ് തങ്ങള്‍ കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ വെച്ച് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കാനഞ്ചേരി, അച്ചിപ്പുറം, ഒറവംപുറം എന്നിവടങ്ങളില്‍ അഞ്ച് വര്‍ഷത്തെ ദര്‍സ് പഠനം പൂര്‍ത്തിയാക്കി. പിന്നീട് 1964 ല്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളേജില്‍ ചേരുകയും 1698 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കി. (പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കയ്യില്‍ നിന്നായിരുന്ന സനദ് ഏറ്റുവാങ്ങിയത്).

പൊന്മള പുവാടന്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, ശംസുല്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല ടി. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ധീന്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്. 1968 ഏപ്രില്‍ 28 ന് സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പുത്രി സയ്യിദ ഖദീജ മുല്ല ബീവിയുമായിട്ടായിരുന്നു ഉമറലി തങ്ങളുടെ വിവാഹം. സമസ്ത വൈസ് പ്രസിഡണ്ട്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍, വയനാടി ജില്ലാ ഖാസി, ജംഇയ്യത്തുല്‍ ഖുളാത്തി വല്‍ മഹല്ലാത്ത് ചെയര്‍മാന്‍, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട് അംഗം, സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ മെമ്പര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, കേരളാ ഹജ്ജ് കമ്മിറ്റി എക്‌സ് ഒഫീഷ്യോ അംഗം, സുന്നി അഫ്കാര്‍ വാരിക മാനേജിംഗ് ഡയറക്ടര്‍, 1970 മുതല്‍ പാണക്കാട് മഅ്ദനുല്‍ ഉലൂം ജനറല്‍ സെക്രട്ടറി, പാണക്കാട് വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, പാണക്കാട് ദാറുല്‍ ഉലൂം ഹൈസകൂള്‍ മാനേജര്‍, 2006 ല്‍ മുസ്‌ലിം ലീഗിന്റെ പാര്‍ലമെന്റെറി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡണ്ട്, പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ മാനേജിംഗ് കമ്മിറ്റി അംഗം, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ്, കുണ്ടൂര്‍ മര്‍ക്കസുസ്സഖാഫതുല്‍ ഇസ്‌ലാമിയ്യഃ, പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ യതീം ഖാനഃ, ആക്കോട് ഇസ്‌ലാമിക് സെന്റര്‍, വയനാട് വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമി, എളേറ്റില്‍ വാദി ഹുസ്‌ന, കൊടിഞ്ഞി സുന്നി എഡ്യുക്കേഷണല്‍ സെന്റര്‍, ഒളവട്ടൂര്‍ യതീംഖാന, മുണ്ടുപറമ്പ് യതീംഖാന, മൈത്ര യതീംഖാന, വട്ടത്തൂര്‍ യതീംഖാന, മേല്‍മുറി എം.ടി.സി ബി.എഡ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ സാരഥ്യമരുളി. സ്വന്തമായ ജീവിത നിഷ്ഠകളും കര്‍മ്മ രീതികള്‍ കൊണ്ടും വേറിട്ടു നിന്ന മഹാനുഭാവനായിരുന്നു ഉമറലി ശിഹാബ് തങ്ങള്‍. വ്യത്യസ്തമായ കര്‍മ്മ മേഖലകളില്‍ മുഴുകുമ്പോഴും അധികാരങ്ങളും നേതൃത്വവും ആലങ്കാരികതക്കപ്പുറം ഉത്തരവാദിത്തമാണെന്ന ഉത്തമ ബോധ്യത്തോടെ പ്രവര്‍ത്തിച്ച നായകന്‍ കൂടിയായിരുന്നു ഉമറലി തങ്ങള്‍.

അചഞ്ചലമായ തീരുമാനങ്ങളും സ്വീകാര്യമായ പരിഹാരങ്ങളും തങ്ങളുടെ രീതിയായിരുന്നു. സമസ്ത, വഖ്ഫ് ബോര്‍ഡ്, എസ്.വൈ.എസ് തുടങ്ങിയ കര്‍മ്മ വഴികളില്‍ തങ്ങള്‍ കാഴ്ചവെച്ച സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. നാടും കുടുംബവുമായി അഗാധമായ ബന്ധം സ്ഥാപിച്ചിരുന്ന ഉമറലി ശിഹാബ് തങ്ങളുടെ ജീവിതവും പെരുമാറ്റവും എന്നന്നേക്കും എല്ലാവര്‍ക്കും ഒരു മാതൃക കൂടിയാണ്. പുറത്തെ ഗൗരവത്തിനപ്പുറം അകത്ത് വലിയൊരു സ്‌നേഹ സാഗരം സൂക്ഷിച്ചിരുന്ന ബഹുവന്ദ്യരായ ഉമറലി ശിഹാബ് തങ്ങള്‍ 2008 ജൂലൈ 3 വ്യാഴാഴ്ച രാത്രി 10.10 ന് നമ്മോട് വിട പറഞ്ഞു. അല്ലാഹു അവരോടൊപ്പം നമ്മെയും സ്വര്‍ഗത്തില്‍ ഒരു മിച്ചു കൂട്ടട്ടെ - ആമീന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter