എപ്സ്റ്റീന്‍ ഫയലുകള്‍ ലോകത്തോട് വിളിച്ച് പറയുന്നത്
അമേരിക്കയിലെ ഒരു സമ്പന്നനായിരുന്ന എപ്സ്റ്റീന്‍ ജെഫ്രിയുടെ ഫയലുകള്‍ വീണ്ടും വിവാദമായിരിക്കുകയാണ്. 2008 ല്‍ ലൈംഗികാതിക്രമത്തിനും അതിന് വേണ്ടി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ വരെ കച്ചവടം ചെയ്തതിനും വിചാരണ നേരിട്ട് മാസങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ച് മോചിതനായ അദ്ദേഹം, സമാനമായ കുറ്റത്തിന് വീണ്ടും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ 2019ലാണ് മരണപ്പെടുന്നത്. 800 മില്യണ്‍ ഡോളറിലേറെ ആസ്തിയുണ്ടായിരുന്ന എപ്സ്റ്റീന്‍ അവസാനം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്.
എപ്സ്റ്റീന്റെ മരണം കഴിഞ്ഞ് ആറ് വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ഫയലുകള്‍ അമേരിക്കയിലെയും പാശ്ചാത്യലോകത്തെയും പല നേതാക്കളെയും സമ്പന്നരെയും വേട്ടയാടിക്കൊണ്ടേയിരിക്കുകയാണ്. ഭൗതിക ജീവിതത്തിലെ സുഖാസ്വാദനങ്ങളെല്ലാം കൈയ്യത്തും ദൂരത്തുണ്ടായിട്ടും അവയിലൊന്നും സംതൃപ്തി ലഭിക്കാതെ, എന്ത് കൊണ്ടാണ് ഇവരെല്ലാം, ബാലപീഢനം അടക്കമുള്ള നിയമവിരുദ്ധമായ അനാശാസ്യ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് എന്നത് ഏറെ ചിന്തനീയമാണ്. ഇവിടെയാണ് മതവിശ്വാസം പൊതുവായും ഇസ്‍ലാമിക മൂല്യങ്ങളും നിര്‍ദ്ദേശങ്ങളും വിശേഷിച്ചും മനുഷ്യന് സമ്മാനിക്കുന്ന സമാധാനജീവിതം പ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നത്.
എല്ലാം തികഞ്ഞവരാണ് പാശ്ചാത്യരെന്നാണ് പൊതുവെയുള്ള ധാരണ. ജീവിത മൂല്യങ്ങളും മര്യാദകളുമെല്ലാം ഒത്തിണങ്ങിയ, മാതൃകായോഗ്യമായ സമൂഹമെന്നാണ് അവരെ കുറിച്ച് അവര്‍ തന്നെ പ്രചരിപ്പിക്കുന്നത്. പലരും ആ പ്രചാരണത്തില്‍ വഞ്ചിതരായി അവരെപ്പോലെ ആവണമെന്ന് വരെ ചിന്തിക്കാറും പറയാറുമുണ്ട്.
എന്നാല്‍, മൂല്യങ്ങളിലും ജീവിത സംതൃപ്തിയിലും ഇത്രത്തോളം തകര്‍ന്നടിഞ്ഞ മറ്റൊരു സമൂഹമില്ലെന്നാണ് അടുത്തറിയുന്നവരും അവസാനമായി പുറത്ത് വന്ന എപ്സ്റ്റീന്‍ ഫയല്‍ അടക്കമുള്ള വാര്‍ത്തകളും ലോകത്തോട് വിളിച്ച് പറയുന്നത്. എല്ലാം കൈപ്പിടിയിലൊതുങ്ങുമ്പോഴും ജീവിതത്തില്‍ സംതൃപ്തി നേടാനാവാത്തതാണ് അവരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. ഇവിടെയാണ് മതങ്ങള്‍ പൊതുവായും ഇസ്‍ലാം വിശേഷിച്ചും മുന്നോട്ട് വെക്കുന്ന ജീവിത മൂല്യങ്ങള്‍ പ്രസക്തമാവുന്നത്.
തന്നെ സദാസമയം നിരീക്ഷിക്കുന്ന, ഓരോ നന്മക്കും പ്രതിഫലവും ഓരോ തിന്മക്കും ശിക്ഷയും നല്കുന്ന ഒരു സ്രഷ്ടാവുണ്ടെന്ന ബോധമാണ് പ്രാഥമികമായി മതം നല്കുന്ന ധൈര്യവും കവചവും. അനുവദനീയമായത് മാത്രമേ ചെയ്യാവൂ എന്നും അരുതാത്തില്‍ നോട്ടം കൊണ്ട് പോലും പങ്കാളിയാവരുതെന്നും മനുഷ്യനെ ബോധവാനാക്കുന്നത് ആ ചിന്തയാണ്. എത്ര വലിയ പ്രയാസങ്ങള്‍ക്കിടയിലും ആ നാഥന്റെ മുന്നില്‍ സാഷ്ടാംഗം നമിച്ച് എല്ലാം അവനോട് തുറന്ന് പറയുന്നതോടെ വിശ്വാസിയുടെ ഭാരങ്ങളെല്ലാം ഇറക്കിവെക്കപ്പെടുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ അല്പഭാഗം മനസ്സറിഞ്ഞ് പാരായണം ചെയ്യുന്നതോടെ, തന്നെ അലട്ടുന്ന പ്രശ്നങ്ങളെല്ലാം അവന് ഒന്നുമല്ലാതായിത്തീരുന്നു.
അപരനോട് സ്നേഹത്തോടെ പെരുമാറാനും ഉള്ളത് മറ്റുള്ളവരുമായി പങ്ക് വെച്ച് ആസ്വദിക്കാനും ഇല്ലായ്മയില്‍ ക്ഷമ കൈകൊണ്ട് അതും പ്രതിഫലാര്‍ഹമാക്കി മാറ്റാനും ആ വിശ്വാസം അവനെ പ്രാപ്തനാക്കുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ ഒന്നൊന്നായി തേടിയെത്തുമ്പോഴും, എല്ലാം നാഥന്റെ പരീക്ഷണമാണെന്നും ഇവക്കെല്ലാം നാളെ അവന്‍ പകരം നല്കുമെന്നുമുള്ള വിശ്വാസം തെല്ലൊന്നുമല്ല മനുഷ്യനെ ശക്തനും കരുത്തനുമാക്കുന്നത്.
ഏറ്റവും വലിയ സമ്പന്നരായ ഉസ്മാനുബ്നുഅഫാന്‍(റ), ത്വല്‍ഹ(റ) തുടങ്ങിയ അനേകം പേരെ പ്രവാചകാനുയായികളില്‍ കാണാം. അതേ സമയം, പലപ്പോഴും ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ വിശന്ന് കഴിയുന്ന അബൂഹുറൈറ(റ)നെ പോലോത്തവരെയും കാണാം. വര്‍ണ്ണം കൊണ്ട് കുബേരനെന്ന് വിളിക്കാവുന്ന പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ഫാരിസിയോടൊപ്പം തന്നെ, ഒന്നിച്ചിരിക്കുന്ന അബ്സീനിയക്കാരനായ ബിലാല്‍(റ)നെയും അവിടെ കാണാം. ആ വിശ്വാസം സ്വീകരിച്ചു എന്നത് മാത്രമായിരുന്നു അവരെയെല്ലാം ഒന്നിപ്പിച്ച ഏക ഘടകം. അത് അവര്‍ക്കെല്ലാം സമ്മാനിച്ചത് ജീവിതത്തിന്റെ മുഴുവന്‍ അര്‍ത്ഥതലങ്ങളെയുമായിരുന്നു. മരണ സമയത്ത് പോലും, ഞാനെന്റെ പ്രിയ പ്രവാചകന്റെ സമീപത്തേക്ക് പോവുകയാണല്ലോ എന്ന് പറഞ്ഞ് ബിലാല്‍(റ) സന്തോഷം പ്രകടിപ്പിച്ചത് അത് കൊണ്ടായിരുന്നു.
കഴിക്കാനൊന്നുമില്ലാതെ വിശന്നിരിക്കുമ്പോള്‍, ഇതും ഒരു പരീക്ഷണമാണെന്നും ഇതിന് പകരം നാളെ സ്വര്‍ഗ്ഗലോകത്ത് സുഭിക്ഷമായ അന്നപാനാദികള്‍ ലഭിക്കാനുണ്ടെന്നുമുള്ള ചിന്ത, ആ വിശപ്പിന് പോലും വല്ലാത്തൊരു മധുരം നല്കുന്നു. അതേ സമയം, വയറ് നിറയെ കഴിക്കാന്‍ ലഭിക്കുമ്പോള്‍, ഈ അനുഗ്രഹത്തെ കുറിച്ചും നാളെ ചോദ്യം ചെയ്യപ്പെടുമെന്ന ചിന്ത, അവിടെയും ഏറെ സക്രിയമായി ഇടപെടുകയും എല്ലാം സന്തുലിതമായി കൊണ്ട് പോവുകയും ചെയ്യുന്നു.
പ്രവാചകാധ്യാപനങ്ങളില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കടന്നുപോയ കഴിഞ്ഞ പതിനാല് നൂറ്റാണ്ടിലെ മുസ്‍ലിം സമൂഹത്തിന്റെ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോഴെല്ലാം, സമാനമായ ഒട്ടേറെ മോഹനചിത്രങ്ങള്‍ കാണാനാവും. കൈയ്യില്‍ വരുന്നതെല്ലാം നിമിഷനേരം കൊണ്ട് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന പരിത്യാഗികള്‍, മരണമുഖത്ത് പോലും മുന്നിലെത്തിയ ദാഹജലത്തില്‍ തന്റെ സഹോദരന് മുന്‍ഗണന നല്കിയ യോദ്ധാക്കള്‍, പണവും അധികാരവുമെല്ലാം കൈകളിലെത്തുമ്പോഴും എല്ലാവര്‍ക്കും നീതിയും ന്യായവും ഉറപ്പ് വരുത്താനായി രാത്രിയാമങ്ങളില്‍ ഉറക്കമൊഴിച്ച് റോന്ത് ചുറ്റുന്ന ഭരണകര്‍ത്താക്കള്‍, ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ആരുമറിയാതെ ചെയ്ത് പോയ തെറ്റ് പോലും ഏറ്റ് പറഞ്ഞ് സ്വയം ശിക്ഷ ഏറ്റ് വാങ്ങുന്ന തപ്തഹൃദയര്‍... ചരിത്രത്തില്‍ തുല്യതയില്ലാത്ത ചാരുദൃശ്യങ്ങളുടെ പരമ്പര ഇങ്ങനെ നീണ്ട് പോവുന്നു. ഇതായിരുന്നു ഇസ്‍ലാം സാധ്യമാക്കിയ സമൂഹം. അവരെല്ലാം ജീവിച്ചത് നിറഞ്ഞ സംതൃപ്തിയോടെയായിരുന്നു, ജീവിതത്തോട് വിട പറഞ്ഞതും അതിലേറെ സന്തോഷത്തോടെ തന്നെ.
ചുരുക്കത്തില്‍, ഒന്നുമില്ലായ്മയിലും എല്ലാം ഉണ്ടാവുമ്പോഴും മനുഷ്യനെ നിയന്ത്രിക്കാനുള്ള ഏറ്റവും വലിയ ആയുധം മതവിശ്വാസം തന്നെ. തന്റെ കാര്യങ്ങളൊന്നും തന്റെ നിയന്ത്രണത്തിലല്ലെന്നും തന്നെ കുറിച്ച് തന്നേക്കാള്‍ നന്നായി അറിയുന്ന സ്രഷ്ടാവാണ് എല്ലാം തീരുമാനിക്കുന്നതെന്നുമുള്ള ചിന്ത മനുഷ്യജീവിതം തന്നെ ഏറ്റവും സുഗമമാക്കി മാറ്റുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. ലിബറലിസത്തിനും അനിയന്ത്രിത സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നവരെല്ലാം ഇനിയെങ്കിലും ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.



Leave A Comment