ഫറായിസി പ്രസ്ഥാനം : കൊളോണിയൽ ഇന്ത്യയിലെ ആദ്യ നിസ്സഹകരണ പ്രസ്ഥാനം

1920 ഓഗസ്റ്റിൽ ബ്രിട്ടിഷുകാർക്കെതിരെയുള ആദ്യ നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജിയുടെ നേതൃത്വത്തിൽ തുടങ്ങി എന്നതാണ് ഔദ്യോഗിക രേഖ എങ്കിലും അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പേ ബംഗാളില്‍ നിസ്സഹകരണ പ്രസ്ഥാനത്തിനും നികുതി നിഷേധത്തിനും തുടക്കം കുറിച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മൗലാനാ ഹാജി ശരീഅത്തുല്ലയുടെ "ഫറായിസി" പ്രസ്ഥാനമായിരുന്നു ഇതിന് നേതൃത്വം നല്കിയത്.

ബ്രിട്ടീഷ്പൂർവ്വ ബംഗാളും അരോചകനികുതി വ്യവസ്ഥയും

കൊളോണിയൽ ഇന്ത്യയിലെ ആദ്യ നിസ്സഹകരണ നടപടികൾക്ക് തുടക്കം കുറിക്കുന്നത് 19-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ബംഗാളിലാണ്. ബ്രിട്ടീഷ്പൂർവ്വ ഇന്ത്യ സാമ്പത്തികാർത്ഥത്തിലും സാമൂഹികാർത്ഥത്തിലും വികസിതപ്രദേശമായിരുന്നു. കമ്പനിയാധിപത്യം വഴി പ്രകൃതിവിഭവങ്ങളെ കൊള്ളയടിച്ചും കാർഷികഭൂമി ജപ്തിചെയ്തും അന്യായ നികുതിചുമത്തിയുമാണ്
ജനങ്ങളെ പീഡിപ്പിക്കാൻ തുടക്കം കുറിച്ചത്. സ്വാഭാവികമായും ഈ  ചൂഷണത്തിനെതിരെ ഇന്ത്യയിൽ ആദ്യത്തെ ജനകീയ പ്രക്ഷോഭം ഉയർന്നുവന്നത് ബംഗാളിലാണ്. മൗലാനാ ഹാജി ശരീഅത്തുല്ല സ്ഥാപിച്ച "ഫറായിസി" പ്രസ്ഥാനമായിരുന്നു അതിന് നേതൃത്വം നല്കിയത്.
കൊളോണിയൽ വിരുദ്ധ സമരങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കുന്നതാണ് ഫറായിസി പ്രസ്ഥാനം. വ്യക്തമായ പ്രത്യയശാസ്ത്ര അടിത്തറയും പ്രായോഗിക പദ്ധതികളുമായി മുന്നോട്ട് വന്ന ഇവർ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന വിധം വളര്‍ന്നു. മുസ്‌ലിം സമുദായത്തിലെ വിശ്വാസപരവും ആചാരപരവുമായ മേഖലകളിലെ പരിഷ്കരണ പ്രസ്ഥാനം എന്ന മേൽവിലാസത്തിലാണ് ആദ്യഘട്ടത്തിൽ ഈ പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. മുസ്‍ലിം എന്ന നിലയിൽ തങ്ങളുടെ മേൽ നാഥന്‍ കൽപിച്ച കടമകളും ബാധ്യതകളും നിറവേറ്റാൻ സാധാരണ ജനങ്ങളെ ആഹ്വാനം ചെയ്യുന്നവർ എന്ന തത്ത്വത്തിന്മേലാണ് ബാധ്യതകൾ എന്നർത്ഥം വരുന്ന ഫറാഇദ് എന്ന പേര് സ്വീകരിച്ചത്. പാവനമായ തൗഹീദിനെ ഉൾകൊണ്ട് അവർ വിശ്വാസത്തിലെ പുത്തനാചാരങ്ങൾക്കെതിരെ പൊരുതി. ഹാജി ശരീഅത്തുല്ലയുടെ, കടുത്ത ബ്രിട്ടീഷ് വിരോധിയായ ഗുരു ബശാറത് അലിയിൽ നിന്ന് ഖുർആനിക വിജ്ഞാനങ്ങളോടൊപ്പം ബ്രിട്ടീഷുകാർക്കെതിരെ പൊരുതാനുള്ള തന്ത്രവൈദഗ്ദ്ധ്യം കൂടി അദ്ദേഹം സ്വായത്തമാക്കി. എന്നാൽ പ്രമുഖ പണ്ഡിതൻ ഷാ വലിയുല്ലാ ദഹ്‌ലവിയുടെ മകൻ ഷാ അബ്ദുൽ അസീസിൻ്റ കൊളോണിയൽ ഇന്ത്യ ദാറുൽ ഹർബാണ് എന്ന ഫത്‌വയുടെ അടിസ്ഥാനത്തിൽ ഗുരുവിൻ്റെ കൂടെ മക്കയിലേക്ക് ഹിജ്റ ചെയ്ത അദ്ദേഹം അറേബ്യൻ മുസ്‌ലിംകളുടെ വിശ്വാസ സംസ്കണത്തിൽ വലിയ പങ്ക് വഹിച്ച വഹാബി പ്രസ്ഥാനത്തിൽ ആകൃഷ്ടനാകുകയും ഇന്ത്യൻ മുസ്‌ലിംകളിലെ വിശ്വാസ സംസ്കരണത്തിനും കൊളോണിയലിസത്തിനെതിരായി പോരാടാനും സ്വദേശത്തേക്ക് തിരിച്ച് പോരുകയും ചെയ്തു.

പരിഷ്കരണപ്രസ്ഥാനത്തിൽ നിന്ന് വിപ്ലവാർത്ഥത്തിലേക്ക്

സാമുദായിക പരിഷ്‌കരണ പ്രസ്ഥാനം എന്ന അർത്ഥത്തിൽ ആരംഭം കുറിച്ച വ്യവഹാരം പിന്നീട് കൊളോണിയൽ ഇന്ത്യയിലെ മുസ്‍ലിംകളുടെയും പിന്നാക്ക സമുദായങ്ങളുടെയും ദുരവസ്ഥ മനസ്സിലാക്കി രാഷ്ട്രീയ സാമൂഹിക വിപ്ലവ മാര്‍ഗ്ഗത്തിലേക്ക് തിരിയുകയായിരുന്നു. ഏകദൈവ ആദർശത്തിൻ്റെയും സാമൂഹ്യ പരിവർത്തനത്തിൻ്റെയും ആധാരത്തിൽ ദാറുൽഹർബ് ഫത്‌വയുടെ അടിവേരുൾകൊണ്ട് മുസ്‍ലിംകളെ ജിഹാദിന് സന്നദ്ധമാക്കുക എന്ന രീതിയാണ് പ്രസ്ഥാനം സ്വീകരിച്ചത്. ഈ ഫത്‌വ കൊളോണിയൽ ഭരണത്തിനെതിരെ ജിഹാദ് നയിക്കാനുള്ള മതകീയ പ്രമാണമായി തന്നെ അവർ ഏറ്റെടുത്തു.

ദാത്തുമിയാൻ എന്ന ഖലീഫയുടെ ഉദയം

മുസ്‍ലിംകളിലെന്നപോലെ ഇതരമത കർഷകത്തൊഴിലാളികളിലും അദ്ദേഹത്തിന് നല്ല സ്വാധീനം ഉണ്ടായിരുന്നു. പാവപ്പെട്ടവരുടെ നേതാവ് എന്ന അദേഹത്തിൻ്റെ സ്ഥാനവലിപ്പത്തിൽ നിന്ന് തന്നെ ഇക്കാര്യം പ്രത്യക്ഷമാണ്. ഹൈന്ദവ ഉത്സവാചാരങ്ങൾക്ക് പോലും മുസ്‌ലിം-അമുസ്‌ലിം കർഷകരുടെ മേൽ ചുമത്തിയിരുന്ന അധിക നികുതിപ്പിരിവ് രൂക്ഷമായതും കിരാതഭരണത്തിനെതിരെ പൊരുതൽ അനിവാര്യമാക്കുന്നതുമായിരുന്നു. താടിനികുതി എന്ന പേരിൽ മുസ്‍ലിംകൾ താടി നിലനിറുത്തണമെങ്കിൽ വാങ്ങിയിരുന്ന നികുതികളടക്കം എല്ലാ അനാവശ്യനികുതികളും നിർത്തലാക്കാനും കൊളോണിയൽ-ജന്മി ആജ്ഞകളോട് അഖണ്ഡനിസ്സഹകരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇതിന് പുറമേ, അദ്ദേഹത്തിൻ്റെ മറ്റ് രണ്ട് വിശിഷ്ട പ്രഖ്യാപനങ്ങളാണ് എതിരാളികളെ ചൊടിപ്പിച്ചത്.  അതിലൊന്ന് ജിഹാദിന് കേന്ദ്രമായ ദാറുൽഹർബ് ആയ ഇന്ത്യയിൽ ഇക്കാലഘട്ടത്തിൽ ജുമുഅ നിസ്കാരവും പെരുന്നാൾ നിസ്കാരവും നിർബന്ധമില്ല എന്നതായിരുന്നു. മുസ്‍ലിംകളുടെ മതപരമായ വൈകാരികതയെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാനുള്ള ഊർജ്ജമാക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം. രണ്ടാമത്തെ പ്രഖ്യാപനമായ ഭൂമിയുടെ പൂർണ്ണമായ ഉടമസ്ഥത അല്ലാഹുവിനാണെന്നും ആ മണ്ണിൽ കൃഷി ചെയ്യുന്നതിന് ജന്മിമാർക്ക് നികുതി നൽകേണ്ടതില്ല എന്നും പറഞ്ഞത് ജന്മി-കുടിയാൻ വ്യവസ്ഥയിൽ പഴുതുകളുണ്ടാക്കി. ഇയ കാരണം, പല വിധത്തിൽ ഫറായിസി അനുയായികളെയും ഹാജി ശരീഅത്തുല്ലയെയും തുടച്ച്നീക്കാൻ ശ്രമം നടന്നെങ്കിലും തെളിവില്ലാത്തതിനാൽ വിട്ടയക്കേണ്ടിവന്നു.

59-ാം വയസ്സിൽ മരണപ്പെട്ട ഹാജി ശരീഅത്തുല്ലായുടെ നായകത്വം ഏറ്റെടുത്ത ദാത്തു മിയാൻ ബംഗാളിനെ ഹൽഖകളായി വിഭജിച്ച് ഭരണം തൻ്റെ ഖലീഫമാരെ ഏൽപിക്കുകയാണുണ്ടായത്. തർക്കങ്ങളും പ്രതിസന്ധികളും തീർപ്പാക്കാൻ ബ്രിട്ടീഷ് കോടതിക്രമത്തെ അവലംബിക്കുന്നതിന് ബദൽ സംവിധാനം അദ്ദേഹം ഓരോ പഞ്ചായത്തുകളിലും നടപ്പിലാക്കി. ഇപ്രകാരം പരിഹാരം കാണാത്ത പ്രശ്നങ്ങൾ ദാത്തു മിയാന് മുന്നിൽ ഹാജറാക്കപ്പെട്ടു. ഫറായിസി അനുയായികൾ തങ്ങളുടെ വിഹിതം ബൈത്തുൽ മാലിൽ അടക്കണമായിരുന്നു. അക്ഷരാർഥത്തിൽ ഒരു ഖിലാഫത്ത് തന്നെ ദാത്തു മിയാൻ ബംഗാളിൽ കെട്ടിപ്പടുത്തു.

നെഞ്ചുറപ്പോടെ സമരവീര്യം പകർന്ന അദ്ദേഹത്തെ 1857ലെ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുൻകൂട്ടിത്തന്നെ ബ്രിട്ടീഷ് പട്ടാളം കരുതൽ തടങ്കലിലേക്ക് മാറ്റി. ജയിലിൽ വെച്ച് രോഗം പിടിപെട്ട അദ്ദേഹം മോചനശേഷം രണ്ട് വര്‍ഷം കഴിഞ്ഞ്, 43-ാം വയസ്സിൽ മരണപ്പെടുകയാണുണ്ടായത് 

ബ്രിട്ടീഷ് കോടതികളെ ബഹിഷ്കരിച്ചും നികുതി നൽകില്ലെന്ന്  പ്രഖ്യാപിച്ചും സമാന്തരമായി സ്വയംഭരണഖിലാഫത്ത് തന്നെ നടത്തിയ ഫറായിസി പ്രസ്ഥാനമാണ് കൊളോണിയൽ ഇന്ത്യയിലെ ആദ്യത്തെ നിസ്സഹകരണ പ്രസ്ഥാനമെന്ന് നിസ്സംശയം പറയാം. ഇതിന് സമാന്തരമായി ഇതേ ലക്ഷ്യ-മാർഗത്തോടെ ദൽഹിയിൽ ഷാ വലിയുല്ല ദഹ്‌ലവിയുടെ പൗത്രൻ ഷാ ഇസ്മാഈൽ ദഹ്‌ലവിയും സയ്യിദ് അഹ്മദ് ബറേൽവിയും നയിച്ച താരീഖി മുഹമ്മദിയ്യ പ്രസ്ഥാനവും കൊളോണിയൽ ഭരണ വ്യവസ്ഥയെ സായുധമായി തന്നെ നേരിട്ടിരുന്നു.

പാഠപുസ്തകങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ട ചരിത്രവായനകളിലും മുസ്‍ലിംകളുടെ പങ്ക് നിസ്സാരവൽക്കരിക്കപ്പെടാൻ ശ്രമങ്ങൾ നടക്കുമ്പോൾ, ഇത്തരം ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ നാം മറന്നുകൂട. മതേതര  ഇന്ത്യക്ക് വേണ്ടി നിലകൊള്ളുക എന്നതാണ് നമ്മുടെ പൂർവ്വപിതാക്കളോടും ഇന്ത്യയുടെ ഭാവിക്ക് വേണ്ടിയും ചെയ്യാവുന്ന ഏറ്റവും വലിയ നീതി.

References:

ഇന്ത്യൻ സാമൂഹിക രൂപീകരണവും മുസ്‌ലിംകളും : കെ ടി ഹുസൈൽ (IPH)

ഇന്ത്യൻ സ്വാതന്ത്ര്യ സമരവും മുസ്‌ലിം പണ്ഡിതരും (IPH)

About Author:

ശാന്തപുരം അൽജാമിഅ അൽഇസ്‌ലാമിയ ശരീഅ: വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിയാണ് ലേഖകന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter