മംഗോളിയൻ രാജാക്കൻമാർ 01- ബെർക്ക് ഖാൻ: ഇസ്‍ലാം സ്വീകരിച്ച ആദ്യത്തെ മംഗോളിയൻ ഭരണാധികാരി
മുസ്‍ലിം ലോകത്തിന് ഏറെ ഭീഷണി ഉയര്‍ത്തിയവരാണ് മംഗോളിയര്‍. എന്നാല്‍ അവരിലെ ചില ഭരണാധികാരികള്‍ ഇസ്‍ലാം സ്വീകരിച്ചതോടെ, മുസ്‍ലിം ലോകത്തിന് പല സംഭാവനകളും അവര്‍ അര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് അവയും ഇസ്‍ലാമിക ചരിത്രത്തിന്റെ ഭാഗമാണ്. അത്തരത്തില്‍ ഇസ്‍ലാം സ്വീകരിച്ചവരില്‍ ആദ്യഭരണാധികാരിയായിരുന്നു പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച, ജെങ്കിസ് ഖാന്റെ മൂത്ത മകനായി അറിയപ്പെടുന്ന ജോച്ചിയുടെ ചെറുമകന്‍ ബെര്‍ക് ഖാന്‍.
പ്രഗത്ഭ സൈനിക നേതാവായിരുന്ന ജോച്ചി തന്റെ പിതാവിന്റെ കൂടെ മധ്യേഷ്യ കീഴടക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ജോച്ചിക്ക് നാല് ഭാര്യമാരിലായി പതിനാല് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ടായിരുന്നു. ജെങ്കിസ് ഖാൻ തന്റെ സാമ്രാജ്യം ഖാനേറ്റുകളായി വിഭജിക്കുകയും ഓരോ ഖാനേറ്റും തന്റെ മരണശേഷം മക്കളില്‍ ഓരോരുത്തര്‍ ഭരിക്കണമെന്നുമായിരുന്നു വ്യവസ്ഥ. ജെങ്കിസ്ഖാന്റെ വിയോഗത്തിന് ആറുമാസം മുമ്പ് ജോച്ചി മരണപ്പെട്ടു. അതോടെ, ജോച്ചി ഭരിക്കേണ്ട പടിഞ്ഞാറൻ ഖാനേറ്റ് ജോച്ചിയുടെ മൂത്ത മകൻ ബട്ടുവിന് ലഭിച്ചു. ബെർക്ക് ഖാനായിരുന്നു ഖാനേറ്റിന്റെ പിൻഗാമി. അത് പിന്നീട് 'ഗോൾഡൻ ഹോർഡ്' എന്നറിയപ്പെട്ടു. ബട്ടുവിന്റെ മരണശേഷം ബെർക്ക്ഖാന്‍ ഗോൾഡൻ ഹോർഡിൽ സ്വതന്ത്രമായി ഭരണം നടത്തി. ഇസ്‍ലാം മതം സ്വീകരിച്ച ആദ്യത്തെ മംഗോളിയൻ ഭരണാധികാരി അദ്ദേഹമായിരുന്നു. 1266-ൽ ആണ് അദ്ദേഹം നിര്യാതനാകുന്നത്.
ഇസ്‍ലാമിലേക്കുള്ള പരിവർത്തനം
ആധുനിക കസാക്കിസ്ഥാന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള സാറേ-ജൂക്ക് നഗരത്തിൽ താമസിക്കുമ്പോൾ ബുഖാറ നഗരത്തിൽ നിന്ന് വരുന്ന ഒരു യാത്രാസംഘത്തെ ബെർക്ക് ഖാൻ കണ്ടുമുട്ടി. യാത്രക്കാരുടെ മതവിശ്വാസത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചറിയുകയും പിന്നീട് സൂഫി ഷെയ്ഖ് എന്ന വ്യക്തി ഇസ്‍ലാം മതം സ്വീകരിക്കാൻ അദ്ദേഹത്തെ ഉണർത്തുകയും ചെയ്തു. ബെര്‍ക് ഖാനും സഹോദരൻ തുഖ്-തിമൂറും അതോടെയാണ് ഇസ്‍ലാം സ്വീകരിക്കുന്നത്.
ഹുലാഗുവുമായുള്ള യുദ്ധം
ബെർക്ക് ഖാന്റെ അനന്തരവൻ ഹുലാഗു വടക്കൻ പേർഷ്യ ഭരണാധികാരിയായിരുന്നു. പേർഷ്യ മുതൽ ഈജിപ്ത് വരെയുള്ള പ്രദേശം മംഗോളിയൻ സാമ്രാജ്യത്തിൽ ഉൾപ്പെടുത്താൻ സഹോദരൻ മോങ്കെയോട് അദ്ദേഹം നിർദ്ദേശിച്ചു. 1256-ൽ ഹുലാഗു പതിനായിരത്തിലേറെ വരുന്ന സൈന്യവുമായി പുറപ്പെട്ടു. ഷിയ വിഭാഗമായ ഇസ്മായീലികളുടെ പർവത കോട്ടകളിലേക്കാണ് ആദ്യം പോയത്. ഒരു വർഷത്തിനുള്ളിൽ ഇസ്മാഈലികൾ കീഴടങ്ങുകയും അവരുടെ നേതാവ് റുക്നുദ്ദീന്‍ കുർഷാ പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് ഹുലാഗു ഇറാഖിലേക്ക് ശ്രദ്ധ തിരിക്കുകയും മംഗോളിയൻ ഭരണത്തിന് കീഴ്പ്പെടണമെന്ന് ആവശ്യപ്പെട്ട് ഖലീഫ അൽ-മുസ്തഅ്സിമിന് ഒരു കത്ത് അയയ്ക്കുകയും ചെയ്തു.
മംഗോളിയന്‍ ഭരണം അംഗീകരിക്കാന്‍ ഖലീഫ വിസമ്മതിച്ചതോടെ, ഖലീഫയെ കീഴ്പ്പെടുത്താനായി ഹുലാഗു ഇറാഖിലേക്ക് നീങ്ങി. ഖലീഫയെ അംഗീകരിക്കാന്‍ വൈമനസ്യം കാണിച്ചിരുന്നു ഇറാഖിലെ ചില ഷിയാ വിഭാഗങ്ങള്‍ ഹുലാഗുവിനെ പിന്തുണച്ചു. തദ്ഫലമായി, നജ്ഫ്, കർബല, മൌസില്‍ തുടങ്ങിയ ഷിയാ സാന്നിധ്യമുള്ള നഗരങ്ങൾ ഒരു പോരാട്ടവുമില്ലാതെ മംഗോളിയർക്ക് കീഴടങ്ങി. 1258 ജനുവരിയിൽ ഹുലാഗുവിന്റെ മുഴുവൻ സൈന്യവും ബാഗ്ദാദിലെത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ മംഗോളിയക്കാർ നഗരം പിടിച്ചെടുക്കുകയും ഖലീഫയെ വധിക്കുകയും ചെയ്തു. ബഗ്ദാദ് ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായ ഒരു മഹത്തായ നഗരമായിരുന്നു. ആറ് നൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ആ നഗരത്തെ കൊള്ളയടിച്ച് ചാമ്പലാക്കുകയും ബാഗ്ദാദിലെ പല പൗരന്മാരും കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്തു. ഈ വാർത്ത കേട്ട അയൽ മുസ്‍ലിം രാജ്യങ്ങള്‍ മംഗോളിയരോട് എതിര്‍പ്പിന് നില്ക്കാതെ സ്വമേധയാ കീഴടങ്ങി. ഹുലാഗുവിന്റെ അധിനിവേശ മേഖലയിലേക്ക് സിറിയയും താമസിയാതെ ചേര്‍ന്നു.
ഹുലാഗുവും സൈന്യവും ബഗ്ദാദ് കൊള്ളയടിച്ചതും അവിടെയുള്ള മുസ്‍ലിംകളെ കൊന്നോടുക്കിയതും ബെര്‍ക് ഖാന് സഹിക്കാനായില്ല. അദ്ദേഹം രോഷാകുലനാവുകയും പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവൻ (ഹുലാഗു) മുസ്‍ലിംകളുടെ എല്ലാ നഗരങ്ങളും കൊള്ളയടിച്ചു. ഇത്രയും നിരപരാധികളുടെ രക്തത്തിന് കണക്ക് ചോദിക്കാന്‍ ദൈവത്തിന്റെ സഹായത്താൽ ഞാൻ അവനെ വിളിക്കുക തന്നെ ചെയ്യും, അദ്ദേഹം പ്രഖ്യാപിച്ചു.
വിവരമറിഞ്ഞ ഹുലാഗു, സിറിയയിൽ ഒരു ചെറിയ പട്ടാള സേനയെ ചുമതലപ്പെടുത്തി പേർഷ്യയിലേക്ക് മടങ്ങി. 1260-ഓടെ മംഗോളിയക്കാർ സിറിയയുടെ ഭൂരിഭാഗവും കീഴടക്കുകയും ഫലസ്തീന്‍ കീഴടക്കുന്നതിനായി തെക്കോട്ട് യാത്രതിരിക്കുകയും ചെയ്തു. അജയ്യമെന്നു തോന്നിച്ച മംഗോളിയന്‍ ആധിപത്യത്തിന് തടയിട്ടത് അക്കാലത്തെ ഈജിപ്തിലെ ഭരണാധികാരികളായിരുന്ന മംലൂക്ക് തുർക്കികളാണ്. മംലൂക്ക് സുൽത്താൻ ഖുത്തൂസ് തന്റെ ജനറൽമാരിലൊരാളായ ബേബർസിനെ ഫലസ്തീനിലേക്ക് അയക്കുകയും അവിടെയുണ്ടായിരുന്ന മംഗോളിയരെ പരാജയപ്പെടുത്തുകയും ഫലസ്തീനും സിറിയയും തിരിച്ചുപിടിക്കുകയും ചെയ്തു.
പലസ്തീനിലെ തന്റെ സൈനികരുടെ തോൽവിയുടെ വിവരമറിഞ്ഞ ഹുലാഗു പ്രതികാരം ചെയ്യാനായി തയ്യാറെടുത്തെങ്കിലും മംലൂക്കുകളെ നേരിടാൻ അവർക്ക് കഴിഞ്ഞില്ല. കാരണം ബെർക്ക് ഖാൻ കോക്കസസ് മേഖലയിൽ ഹുലാഗുവിന്റെ സാമ്രാജ്യത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തെ നേരിടാൻ ഹുലാഗുവും നിർബന്ധിതനായതോടെ, ബെർക്കും ഹുലാഗുവും തമ്മിലുള്ള ഒരു തുറന്ന യുദ്ധത്തിന് കാരണമായി. കിഴക്കൻ ഖാനേറ്റ്, ചൈന, മംഗോളിയ എന്നിവ ഭരിക്കാൻ ഇരുവരും വ്യത്യസ്ത വ്യക്തികള അവകാശികളായി പിന്തുണച്ചതിനാൽ സംഘർഷം കൂടുതൽ രൂക്ഷമായി. ഈജിപ്ത് ഉൾപ്പെടുന്ന ഒരു മിഡിൽ ഈസ്റ്റേൺ സാമ്രാജ്യത്തെക്കുറിച്ചുള്ള ഹുലാഗുവിന്റെ സ്വപ്നം നശിപ്പിക്കുന്നതിൽ ബെർക്ക് വിജയിച്ചു. 1265-ൽ ഹുലാഗു മരിക്കുമ്പോഴും യുദ്ധം തുടർന്നുകൊണ്ടിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം, 1266-ൽ ബെർക്കും മരണത്തിന് കീഴടങ്ങുമ്പോള്‍, പേർഷ്യയിൽ തന്റെ അധികാരം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ബെർക്കിന്റെ മറ്റൊരു അനന്തരവൻ മെൻഗു-തിമൂർ അദ്ദേഹത്തിന് ശേഷം ഗോൾഡൻ ഹോർഡിന്റെ ഖാൻ ആയി ചുമതലയേറ്റു.
Leave A Comment