ഫാഷിസത്തിനെതിരെ ചരിത്ര ആലോചനകൾ തന്നെയാണ് പ്രതിരോധം

ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഫാഷിസത്തെ കുറിച്ച് പലവിധ അഭിപ്രായങ്ങളാണ് നിലവിലുള്ളത്. രാജ്യം ഫാഷിസ്
സ്റ്റ് പ്രസ്ഥാനങ്ങളുടെ പിടിയിലാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗവും അല്ല,ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഗതകാല ചരിത്രവുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യം അത്തരമൊരു രാഷ്ട്രീയത്തിന് വിധേയപ്പെട്ടിട്ടില്ല എന്ന് കരുതുന്നു മറു വിഭാഗവും കൂടെ,സമീപനാളുകളിൽ ഇന്ത്യയിൽ നടന്നുവരുന്ന കാര്യങ്ങൾ ഫാസിസമായി വികസിക്കാൻ സാധ്യതയുണ്ട് എന്ന് തുടങ്ങിയ അഭിപ്രായങ്ങൾ കാലങ്ങളായി അക്കാദമിക് പൊതു ചർച്ചകളിൽ നിന്ന് ഉയർന്നു കേൾക്കുന്നവയാണ്. വരാനുള്ള ചില നിർണായിക തെരഞ്ഞടുപ്പുകൾ ആ ചർച്ചകളെ കൂടുതൽ ഗൗരവപ്പെടുത്തി എന്ന് മാത്രം. യഥാർത്ഥത്തിൽ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങൾ പൊതുവായ ചില സ്വഭാവങ്ങൾ പ്രകടിപ്പിക്കുമെങ്കിലും പ്രസ്തുത പ്രസ്ഥാനങ്ങൾ സ്ഥലകാല രൂപഭേദം സംഭവിക്കുന്ന ഒന്നാണ്. ഒരു പ്രത്യേക ഭൂപ്രദേശത്ത് ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ച നിരക്ക് മനസ്സിലാക്കേണ്ടത് ആ പ്രദേശത്തെ അധികാര നിയന്ത്രണങ്ങൾ ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എത്രമാത്രം പ്രാപ്യമായിരിക്കുന്നു എന്ന് പരിഗണിച്ചാണ്. ഈ പരിഗണനകളെല്ലാം മുൻനിർത്തി ഇന്ത്യൻ ഫാസിസത്തെ കുറിച്ച് ചില ആലോചനകളും അഭിപ്രായങ്ങളും ഉരുത്തിരിഞ്ഞു വരുമ്പോൾ അവകൾക്ക് ഏറ്റക്കുറച്ചിലുണ്ടാവുക സ്വാഭാവികം. കാരണം ഫാഷിസത്തിന്റെ നിർമിതി തന്നെ നിർവചനരഹിതമാണ്. അതിനാൽ തന്നെ അതിന്റെ ചില സ്വഭാവ സവിശേഷതകൾ വെച്ച് മാത്രമേ ഇത്തരം ചർച്ചകൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കൂ.

പ്രശസ്ത ഇറ്റാലിയൻ ഫിലോസഫറും നോവലിസ്റ്റുമായ  ഉംബർട്ടോ എക്കോ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ പൊതുസ്വഭാവം ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം അതിനെ നിർവചിക്കുന്നത് ഉർഫാഷിസം (UrFascism) എന്നാണ്. അതിന്റെ അർത്ഥം യൂണിവേഴ്സൽ ഫാഷിസം എന്നാണ്. ഫാഷിസത്തിനെതിന്റെ  സാർവലൗകിക ലക്ഷണങ്ങളായി ഉംബർട്ടോ എക്കോ പരിഗണിക്കുന്നതിൽ  ചിലത് ഇവിടെ വിശദീകരിക്കാം. അതിൽ ആദ്യത്തേത് അന്ധമായ പാരമ്പര്യവാദമാണ്. പാരമ്പര്യ വിമർശനം അസാധ്യമാക്കുന്ന ഒരു ലോകം എല്ലാ ഫാഷിസത്തിലും നിലനിൽക്കുന്നുണ്ട്. പാരമ്പര്യത്തെ വിമർശിക്കുന്നത്  അംഗീകരിക്കില്ല എന്ന് മാത്രമല്ല അവ അവിശ്വസിക്കുന്ന ജനതയെ അടിച്ചമർത്തുന്ന രീതിയും ഫാഷിസത്തിന്റെ പ്രാകൃതവും പൊതുവായതുമായ  സ്വഭാവം തന്നെയാണ്. മനുസ്മൃതിയുടെ പാരമ്പര്യത്തിലേക്ക് വഴിനടത്തുകയും അതിലെ മിത്തുകളെ വിശ്വസിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വശക്തികൾ ആധുനികതയുടെ യുക്തി കേന്ദ്രീകൃത രാഷ്ട്രനിർമാണത്തെ എതിർക്കുകയും ചെയ്യുന്നു. ഇത് പൗരാവകാശ സംസ്ഥാപനത്തിന് പകരം  പൗരന്മാരിൽ നിന്നും പ്രജകളിലേക്ക് സമൂഹത്തെ തിരിച്ചു നടത്തുന്നു എന്ന് മാത്രമല്ല ഉച്ചനീചത്വങ്ങളും അസമത്വങ്ങളും നിറഞ്ഞ ഒരു പ്രാകൃത സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാൻ ഇത് കാരണമാകും.

പാരമ്പര്യവാദം,ആധുനികതയോടുള്ള നിരാസം എന്നീ ഘടകങ്ങളെയാണ് ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹജസ്വഭാവമായി ഉംബർട്ടോ എക്കോ ആദ്യം പരിഗണിക്കുന്നത്. അതിന്റെ തുടർച്ചയായി പറയുന്ന ഒരു സ്വഭാവമാണ് എല്ലാതരത്തിലുമുള്ള വിയോജിപ്പുകളെയും വിമർശനങ്ങളെയും അടിച്ചമർത്തുക എന്നത്. ഭരണകൂടത്തിനെതിരെ എതിർ അഭിപ്രായങ്ങൾ പറഞ്ഞതിന്റെ പേരിലും ഭരണ വൈകൃതങ്ങളെ വിമർശിച്ചതിന്റെ പേരിൽ നിരവധി പേർ വിചാരണ തടവുകാരായും അല്ലാതെയും ഇന്ന് ഇന്ത്യൻ ജയിലുകളിലുണ്ട്. അതിൽ യു എ പി എ ചുമത്തി അറസ്റ്റ്ചെയ്യപ്പെട്ട മാധ്യമപ്രവർത്തകരും അക്കാദമിസ്റ്റുകളും ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്നു.  ഭീമ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട വെർനോൺ ഗോൺസാൽവസ്, അരുൺ ഫെറേറിയ, സുധാ ഭരദ്വാജ്, വരവര റാവു ഗൗതം നവലഖ, റോണാ വിൽസൺ സുധീർ ധവാലെ തുടങ്ങി മലയാളിയായ ഹാനി ബാബു അടക്കമുള്ളവർ ഭരണ കൂട വേട്ടക്ക് ഇരകളായി ജയിലിൽ കിടക്കുന്നവരാണ്.  ഭരണകൂടത്തിനെതിരെ രാജ്യത്ത് രൂപപ്പെട്ടുവരുന്ന ബഹുജന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥികളെ കെട്ടുകഥകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പോലീസ് നടപടി ജനാധിപത്യ വ്യവസ്ഥയെ എത്രമാത്രം പരിഹാസ്യമാക്കുന്നതാണ്. ഭരണകൂടത്തെ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല എന്ന് രാജ്യത്തെ സുപ്രീം കോടതിക്ക് വരെ മുന്നറിയിപ്പ് നൽക്കേണ്ട ദുരവസ്ഥ നിലവിലുണ്ട് എന്ന് പറയുമ്പോൾ ഭരണകൂട വിമർശനങ്ങളെ എത്രമാത്രം ക്രൂരമായാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്ന് ബോധ്യപ്പെടും. 

ഫാഷിസത്തിന്റെ മറ്റൊരു ലക്ഷണമാണ് ഹിംസയുടെ മേലുള്ള ന്യായീകരണം. ഫാഷിസ്റ്റ് നിർവചനങ്ങൾക്ക് പുറത്തുള്ള, എന്നുവെച്ചാൽ ഫാഷിസ്റ്റ് രാഷ്ട്ര നിർമ്മാണത്തിന് വിഘാതം നിൽക്കുന്നവരെ നിരുപാധികം കൊന്നു തള്ളുന്നതോടൊപ്പം അത്തരം സമൂഹങ്ങൾ രാഷ്ട്രത്തിന് അനുഗുണമാണെന്ന് നിരന്തരം പ്രചരിപ്പിക്കുക എന്നത് ഫാഷിസത്തിന്റെ മറ്റൊരു മൗലിക സ്വഭാവമാണ്. ‘ഫാഷിസം എന്നും അക്രമണത്തെ ഇഷ്ട്ടപ്പെടുന്നു. അത് സമാധാനത്തെ വെറുക്കുന്നു' എന്ന്  നെഹ്റു തന്റെ Glimpses of World History യിൽ പറയുന്നുണ്ട്. സപാനിഷ് ഫാഷിസ്റ്റുകളുടെ ഒരു വലിയ മുദ്രാവാക്യമുണ്ടായിരുന്നു. വിവലാമ്യൂതെ (Vivala Muerte) എന്നാണ് അത്. അതിന്റെ അർത്ഥം മരണം ജയിക്കട്ടെ എന്നാണ്. ഞങ്ങൾ മരിക്കാൻ തയ്യാറാണ് അതുകൊണ്ടുതന്നെ നിങ്ങളെ വധിക്കാനും ഞങ്ങൾക്ക് അവകാശമുണ്ട് എന്ന തരത്തിലുള്ള മരണത്തിൽ മാത്രം സായൂജ്യമടയുന്ന ഇത്തരം പ്രേരണകൾ ആത്മ ഹിംസയുടെയും പരമഹിംസയുടെയും മേലുള്ള അനിഷേധ്യമായ ന്യായീകരണത്തിന്റെ ഭാഗമാണ്. ഇതിന്റെ പ്രകാശിതമായ രൂപമാണ് 1922-25 കാലഘട്ടത്തിൽ ഇറ്റലിയിൽ പരക്കെ സ്ഥാപിച്ച പരസ്യബോർഡുകൾ. അതിൽ എഴുതി വെച്ചിരിക്കുന്നത് ഇപ്രകാരമായിരുന്നു. സ്ത്രീക്ക് കുഞ്ഞിന്റെ ജന്മം എന്ന പോലെയാണ് പുരുഷന് യുദ്ധം എന്നായിരുന്നു. ഇങ്ങനെ ഹിംസക്ക് പ്രത്യയശാസ്ത്രപരമായി തന്നെ ന്യായീകരണം കണ്ടെത്തുന്ന ഫാഷിസ്റ്റ് ശൈലിയുടെ ഇരകളാണ് ഗോമാംസത്തിന്റെയും ജയ് ശ്രീറാം വിളികളുടെയും പേരിൽ രാജ്യത്ത് അക്രമിക്കപ്പെടുന്നത്. ആൾക്കൂട്ടം വിചാരണ ചെയ്യാനും ശിക്ഷ വിധിക്കാനും സ്വയം പ്രാപ്തി നേടുമ്പോൾ കോടതി വ്യവഹാരങ്ങൾ വെറും മൂഖസാക്ഷിയായി മാറി നിൽക്കുന്നിടത്താണ്  ഫാഷിസം അധികാര പ്രാപ്തമായി എന്ന് നാം മനസ്സിലാക്കേണ്ടത്. 

ആഭിജാത്യസ്ഥീർത്യരായ ഒരു വിഭാഗത്തെ നിർമ്മിച്ചെടുക്കുകയും അതിനു പുറത്തുള്ള ജന ജീവിതങ്ങളെ മനുഷ്യരായി പോലും പരിഗണിക്കാത്ത ഫാഷിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അധികാരം കൈവന്നാൽ എന്തായിരിക്കുമെന്നതിന് ചരിത്രത്തിലെ കരിപിടിച്ച ചില അധ്യായങ്ങൾ മാത്രം വായിച്ചാൽ മതി. അതിന്റെ അടങ്ങാത്ത കനലുകൾ ഇന്ത്യയിൽ ഹിന്ദുത്വ വകഭേദമായി കത്തി പടരാൻ ശ്രമിക്കുമ്പോൾ ചരിത്രത്തിലെ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളെയും ഇന്ത്യയിൽ രാഷ്ട്രീയമായി ശക്തിപ്പെട്ടു വരുന്ന ഹിന്ദുത്വ സംഘടനകളെയും അവകളുടെ സ്വഭാവ കേന്ദ്രീകൃത ചർച്ചകൾക്കാണ് ഇന്ത്യയെ ഫാഷിസം എത്രമാത്രം രോഗഗ്രസ്തമാക്കി എന്ന് മനസിലാകൂ.

ചരിത്രത്തിലുണ്ട് പ്രതിരോധ മാതൃക.

ഫാഷിസത്തിന്റെ വളർച്ചയെ ദീർഘവീക്ഷണത്തോടെ  നേരിട്ട ഒരു വ്യക്തിയാണ് ഇറ്റാലിയൻ ഫിലോസഫറായ ആന്റോണിയോ ഗ്രാംഷി. പ്രാചീന ചരിത്ര കാലഘട്ടത്തിൽ രൂപപ്പെട്ട സീസറിസവും 1789 ൽ ഫ്രാൻസിൽ രൂപപ്പെട്ട ബോണപ്പാട്ടിസവും ജർമനി ഇറ്റലി എന്നിയിടങ്ങളിൽ രൂപം കൊണ്ട ഫാസിസും നാസിസവുമെല്ലാം സൂക്ഷ്മ പരിശോധന നടത്തി അവകളിൽ നിന്ന് കണ്ടെടുത്ത പ്രതിരോധ മാർഗ്ഗത്തെ  ഗ്രാംഷി അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.
സോഷ്യലിസ്റ്റ്കാരെയും മറ്റ് ജനാധിപത്യവാദികളെയും  ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫാഷിസ്റ്റ് വിരുദ്ധ കൂട്ടുകെട്ടിലെ പ്രധാന കണ്ണി തൊഴ്ലാളികൾ ജോലി ചെയ്യുന്ന ഫാക്ടറികളിൽ പൊരുതുന്ന ഫാക്ടറി കൗൺസിലുകൾ രൂപപ്പെടുത്തുക എന്നതായിരുന്നു. എന്നാൽ ഈ ഫാക്ടറി കൗൺസിലുകളുടെ കൂടെ ബഹുജനങ്ങളെയും പൊരുതുന്ന സംഘടനകളെയും ഉൾപ്പെടുത്തുക എന്നതായിരുന്നു ഇറ്റലിയിൽ പകർത്തേണ്ട മാതൃകയായി അദ്ദേഹം നിർദ്ദേശിച്ചത്. എന്നു വെച്ചാൽ ഫാസിസത്തിനെതിരെയുള്ള പ്രതിരോധം സംഘടിതവും സമഗ്രവുമായിരിക്കണമെന്ന സവിശേഷമായ കാഴ്ചപ്പാടുള്ളതുകൊണ്ടുതന്നെയാണ് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ഗ്രാംഷി ഇത്ര  ശ്രദ്ധിക്കപ്പെടുന്നത്.

കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റാഡിക്കൽ കക്ഷികൾ യോജിക്കുന്നതോടൊപ്പം രാജ്യത്ത് രൂപപ്പെട്ടുവരുന്ന ബഹുജന മുന്നേറ്റങ്ങൾക്ക് നേതൃപരമായ പിന്തുണയും  നൽകിയാൽ മാത്രമേ ഫാഷിസത്തെ ചൊറുക്കാൻ സാധിക്കൂ. അതിനു ചരിത്രത്തിൽ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾക്കെതിരെ ഫ്രാൻസിൽ കമ്മ്യൂണിസ്റ്റ് നേതാവ് മോറിസ് തോറെയയുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ മാതൃക തന്നെ എടുക്കാം. 1934 ജൂൺ 27ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ചേർന്ന് ഉണ്ടാക്കിയ ഉടമ്പടി ഫ്രഞ്ച് പോപ്പുലർ ഫ്രണ്ടിന് (ജനകീയ മുന്നണി) അസ്ഥിവാരമിട്ടു. പിന്നീട് അതിൽ റാഡിക്കൽ കക്ഷികളെയും മറ്റു പല ചെറിയ കക്ഷികളെയും  ഉൾപ്പെടുത്തി. അതോടെ അത് ഒരു ബഹുജന മൂവ്മെന്റ് ആയി വളർന്നു. അവിടുത്തെ സാധാരണക്കാർ ഉയർത്തി കൊണ്ടുവരുന്ന പ്രതിശേധങ്ങളെല്ലാം അതിന്റെ ഭാഗമായി. 1934 ൽ ഇറ്റലിയിലും സമാനമായ ഒരു നീക്കം ഉണ്ടായി. ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ഒന്നിച്ചായിരുന്നു അത്. 1789 ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ വാർഷിക ദിനത്തിൽ 1935 ജൂലൈ 14 ന് പോപ്പുലർ ഫ്രണ്ടിനു (ജനകീയ മുന്നണി) കീഴിൽ ലക്ഷകണക്കിന് ആളുകൾ ഫ്രാൻസിൽ നടത്തിയ പ്രകടനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ലോകത്തിനുതന്നെ പ്രത്യേകിച്ച് യൂറോപ്പിന് പുതിയ ഊർജ്ജം പകരുന്നതായിരുന്നു.

ഇത്തരം ചരിത്രപരമായ ചില പ്രതിരോധ മാതൃകകൾ മുന്നിൽ നിൽക്കെ ഇന്ത്യൻ ഫാഷിസത്തിനെതിരെ ഉയർന്നുവരുന്ന മതേതരത ഇടതു ലിബറൽ കക്ഷികൾക്ക് ഒരു ഏകീകൃത രൂപവും നേതൃത്വവും കൈവരേണ്ടതുണ്ട്. അത് കേവലം തെരഞ്ഞെടുപ്പ് ധാരണകൾ ആകുകയും അരുത്. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ഒരു ഏകീകൃത രൂപം കൈവരിക്കാത്തയിടത്തെല്ലാം ജനാധിപത്യം പരാജയപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഭരണകൂടത്തിനെതിരെ ഉയരുന്ന ബഹുജന പ്രക്ഷോഭങ്ങൾ ഒരു ശുഭപ്രതീക്ഷയാണ്. എന്നാൽ അതിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രം മുതലെടുക്കാം എന്ന  രീതിയിലാണ് സമീപിക്കുന്നതെങ്കിൽ അത്ര വലിയ  ഗുണലബ്ധി ഉണ്ടാകാനിടയില്ല. ഇവിടെയാണ് ജനാധിപത്യ ശക്തികൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം വളരേണ്ടത്. അത്തരം കെട്ടുറപ്പുള്ള രാഷ്ട്രീയത്തിന് മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാൻ കഴിയൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter