ഇമാം ഗസ്സാലിയുടെ ജ്ഞാന ജീവിതത്തിലൂടെ
നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇസ്‌ലാമിക പണ്ഡിത ലോകത്തും ഭൗതിക വ്യവഹാരശാസ്ത്രങ്ങളിലും ഇന്നും ഏറെ പരമാര്‍ശിക്കപ്പെടുന്ന നാമമാണ് ഇമാം ഗസാലി. തത്വചിന്ത, കര്‍മശാസ്ത്രം, തര്‍ക്കശാസ്ത്രം, നിദാനശാസ്ത്രം തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലകളില്ലെന്ന് പറയാം. 55 വര്‍ഷം മാത്രം നീണ്ടുനിന്ന ആ ജീവിതത്തിനിടയില്‍ 450 ഗ്രന്ഥങ്ങളാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്.
തത്വചിന്തയില്‍ മഖാസിദുല്‍ ഫലാസിഫ, തഹാഫുതുല്‍ ഫലാസിഫ..., കര്‍മശാസ്ത്രത്തില്‍ ബസ്വീത്, വസ്വീത്, വജീസ്......,അധ്യാത്മിക ശാസ്ത്രത്തില്‍ ഇഹ്യാ ഉലൂമിദ്ദീന്‍, മിന്‍ഹാജുല്‍ ആബിദീന്‍, കീമിയാഉ സആദാ, അയ്യുഹല്‍ വലദ്….;ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ തഫ്‌സീറുല്‍ ജവാഹിര്‍....,നിദാനശാസ്ത്രത്തില്‍ മുസ്തഫ, വിശ്വാസശാസ്ത്രത്തില്‍ അല്‍ഇഖ്തിസാദു ഫില്‍ ഇഅ്തിഖാദ്.... ആത്മകഥയായി അല്‍ മുന്‍കിദു മിന ളലാല്‍....ഇങ്ങനെ നീണ്ടു പോകുന്നു ആ പട്ടിക.
എല്ലാ രചനകളും ഒന്നിന് ഒന്ന് മെച്ചം. സൂക്ഷ്മമായ നിരീക്ഷണങ്ങള്‍, പഴുതില്ലാത്ത മറുപടികള്‍, കുറിക്ക് കൊള്ളുന്ന വിമര്‍ശനങ്ങള്‍.. ഇമാം ഗസാലിയുടെ രചനകളെ വ്യക്തിരിക്തമാക്കുന്ന ഘടകങ്ങള്‍ ഏറെയാണ്.
അത് കൊണ്ടുതന്നെയാണ്, മുസ്‍ലിം ലോകം ഒന്നടങ്കം അദ്ദേഹത്തെ, ഹുജ്ജതുല്‍ ഇസ്‍ലാം (ഇസ്‍ലാമിന്റെ തെളിവ്) എന്ന് വിളിച്ചതും.
ഹി 450ലാണ് മുഹമ്മദ് അബു ഹാമിദ് എന്ന ഇമാം ഗസാലി ഭൂജാതനാവുന്നത്. ഇറാനിലെ ഖുറാസാന്‍ പ്രദേശമായ ത്വൂസിലെ ഗസാല ഗ്രാമത്തിലേക്ക് ചേര്‍ത്തി 'ഗസാലി' എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
ചെറുപ്പത്തില്‍ തന്നെ അനുഭവിക്കേണ്ടിവന്ന അനാഥത്വത്തെ തുടര്‍ന്ന് പിതാവിന്റെ കൂട്ടുകാരന്റെ തണലിലായിരുന്നു ആദ്യകാല ജീവിതം. പിന്നീടങ്ങോട്ട് അറിവ് തേടിയുള്ള നീണ്ട സഞ്ചാരങ്ങളായിരുന്നു. അക്കാലത്തെ ഗസാലിയുടെ വാക്കുകള്‍ വളരെ പ്രസിദ്ധമാണ് '' തഅല്ലംതുല്‍ ഇല്‍മ ലിഗയ്‍രില്ലാഹ്, ഫഅബാ അന്‍യകൂന ഇല്ലാ ലില്ലാഹ്, (ഞാന്‍ അറിവ് നേടിയത് അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടിയായിരുന്നു. പക്ഷേ, വിജ്ഞാനം അതിന് സമ്മതിച്ചില്ല).
ജുര്‍ജാനില്‍ നിന്ന് അബൂനസ്ര്‍ ഇസ്മാഈലിയുടെ ശിഷ്യത്വം നേടി മടങ്ങുന്ന വഴിയിലാണ് ഇമാം ഗസാലിയെ കൂടുതല്‍ ചിന്തിപ്പിച്ച ആ സംഭവം ഉണ്ടായത്. എഴുതിക്കുറിച്ച മുഴുവന്‍ അറിവുകളും കുറിപ്പുകളാക്കി കയ്യില്‍ കരുതിയായിരുന്നു യാത്ര. വഴിയില്‍ ഒരു കൊളളസംഘം അദ്ദേഹത്തിന്റെ യാത്രാസഞ്ചി അപഹരിച്ചെടുത്തു.
ദുഖിതനായ ഇമാം ഗസാലി അവരോട് തന്റെ ലളിതമായ ആവശ്യം അറിയിച്ചു, ''ആ സഞ്ചിയില്‍ വര്‍ഷങ്ങളായി ഞാന്‍ നേടിയ അറിവുകളല്ലാതെ മറ്റൊന്നുമില്ല. അതെനിക്ക് തിരിച്ചുതന്നു കൂടേ, അല്ലാത്ത പക്ഷം, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരിക്കും അത്''. ഇത് കേട്ട കൊള്ളതലവന്‍ ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, ''കുട്ടീ, നിന്റെ അറിവുകളെല്ലാം നില കൊള്ളുന്നത് കേവലം തുണ്ടുകടലാസിലാണോ, അറിവുകള്‍ സൂക്ഷിക്കേണ്ടത് ഹൃദയത്തിലല്ലേ. ഏത് സമയവും നഷ്ടമായേക്കാവുന്ന കടലാസുതുണ്ടുകളെ ആശ്രയിച്ചാണോ നീ കഴിഞ്ഞുകൂടുന്നത്. എനിക്ക് നിന്നോട് സഹതാപമാണ് തോന്നുന്നത്''.
പറഞ്ഞത് കൊള്ളത്തലവനാണെങ്കിലും അത് തനിക്ക് വലിയൊരു പാഠമാണെന്ന് തിരിച്ചറിഞ്ഞ ഇമാം ഗസാലി, ത്വൂസില്‍ തിരിച്ചെത്തിയ ഉടന്‍ എല്ലാം മനപ്പാഠമാക്കി, ശേഷം ഇങ്ങനെ പ്രഖ്യാപിച്ചു, ആര്‍ക്കും ഇനി എന്റെ അറിവിനെ കൊള്ളയടിക്കാന്‍ സാധ്യമല്ല. ഇനിമേല്‍ ആര്‍ജ്ജിക്കുന്നതൊന്നും മനപ്പാഠമാക്കാതെ ഞാന്‍ എഴുതിവെക്കുകയുമില്ല.
ശേഷം നൈസാബൂരിലെ ഇമാമുല്‍ ഹറമൈനിയുടെ ശിഷ്യത്വം സ്വീകരിച്ചു. മുപ്പത്തിനാലാം വയസ്സില്‍ നിളാമുല്‍ മുല്‍കിന്റെ അഭ്യര്‍ഥന പ്രകാരം മദ്‌റസത്തുന്നിളാമിയ്യയുടെ പ്രധാന അധ്യാപകനായി മാറി. ശാഫിഈ മദ്ഹബിലെ അദ്ദേഹത്തിന്റേതായി അറിയപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും ആ കാലയളവിലാണ് പിറവി കൊണ്ടത്.
ശേഷം ബാഗ്ദാദും മക്കയും ഡമസ്‌കസും അദ്ദേഹത്തിന്റെ വൈജ്ഞാനിക സഞ്ചാരങ്ങളുടെ വഴികളായി മാറി. അവ അധ്യാത്മിക ലോകത്തേക്കുള്ള യാത്രകള്‍ കൂടിയായിരുന്നു. ഈ കാലത്താണ് ഇഹ്‍യാ ഉലൂമുദ്ദീന്‍ എന്ന വിശ്വവിഖ്യാത ഗ്രന്ഥം ജന്മമെടുക്കുന്നത്. ആരാധനാ, പ്രാദേശികാചാരങ്ങള്‍, ഫിലോസഫി, സൂഫിസം, പാരത്രിക ജീവിതം, തുടങ്ങി എല്ലാം കടന്നു വരുന്ന ഈ കൃതിയില്‍, ഗ്രീക്ക് ഫിലോസഫിയുടെ വ്യാപനവും ഇസ്മാഈലി ശിയകളുടെ ആധിപത്യവും ഇതില്‍ വിമര്‍ശനവിധേയമാവുന്നതായി കാണാം.
വിശ്വാസിയുടെ നിത്യജീവിതത്തെ മെരുക്കിയെടുക്കാനുള്ള സുദീര്‍ഘമായ ആഖ്യാനമാണ് ഇഹ്‍യാഉലൂമുദ്ദീന്‍ എന്ന് പറയുന്നതാവും ശരി. മനുഷ്യന്‍ യുക്തിപരമായി തന്റെ മനസ്സിനെ വികസിപ്പിക്കാന്‍ പ്രാപ്തനാണെന്ന അരിസ്റ്റോട്ടിലിന്റെ ചിന്തകളെ ചേര്‍ത്തുപിടിച്ചു കൊണ്ടുതന്നെയാണ് ഇമാം ഗസാലി സൂഫിസത്തിലെ പരിത്യാഗ ചിന്തകളെ ചര്‍ച്ചെക്കെടുക്കുന്നത്.
ലോകത്തുള്ള സര്‍വ്വ വസ്തുക്കളുടെയും കാരണക്കാരന്‍ അല്ലാഹുവാണഓ എന്ന ചോദ്യത്തെ അടിസ്ഥാനമാക്കിയാണ് തഹാഫുതുല്‍ ഫലാസിഫ മുന്നോട്ട് പോകുന്നത്. ഇമാം ഗസാലിയുടെ തത്വചിന്ത, അരിസ്റ്റോട്ടിലിന്റെ ചിന്തകളെ പ്രധാനമായും സംവാദാത്മകമായി നേരിട്ടത് മഖാസിദുല്‍ ഫലാസിഫ എന്ന ഗ്രന്ഥത്തിലാണ്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് ലഭിക്കുന്ന അറിവുകള്‍ മാത്രമാണ് ശരി എന്ന് കരുതുന്ന ഭൗതികവാദത്തിന്റെ കാഴ്ചപ്പാടുകളെ യുക്തി ഭദ്രമായി ഖണ്ഡിച്ച്, അതിനപ്പുറത്തുള്ള വഹ്‍യ് അടക്കമുള്ള ജ്ഞാന സ്രോതസ്സുകളെ അദ്ദേഹം സ്ഥാപിക്കുന്നുണ്ട്.
ഇമാം ശാഫി(റ)ന് ശേഷം ഇസ്ലാമിക ചരിത്രത്തില്‍ ഏറ്റവും പ്രശസ്തമായ മുസ്തസ്ഫ അദ്ദേഹത്തെ നിദാനശാസ്ത്രജ്ഞനെന്ന പേരിലും പ്രസിദ്ധനാക്കി.
പ്രസ്തുത ഗ്രന്ഥങ്ങളെഴുതാന്‍ ഇമാം ഗസാലിക്ക് വഴികാട്ടിയായത് ഇമാമുല്‍ ഹറമൈന്‍ അബുല്‍ മആലിയുടെയും ശാഫഈ സരണിയിലെ വിഖ്യാത കര്‍മശാസത്രപണ്ഡിതനായ ഇമാം ജുവൈനിയുടെയും അധ്യാപനങ്ങളാണ്. ശിഷ്യനെക്കുറിച്ച് ഇമാം ജുവൈനി പറഞ്ഞത്, ഞാന്‍ ജീവിച്ചിരിക്കേ എന്നെ മറവ് ചെയ്ത് കളഞ്ഞു എന്നായിരുന്നു, അഥവാ, ഉസ്താദിനെ മറികടക്കുന്നതായിരുന്നു ഗസാലി (റ)യുടെ ജ്ഞാന വൈഭവം എന്നര്‍ത്ഥം.
ഭൗതികമാര്‍ഗത്തിന് വേണ്ടി സൂഫി മാര്‍ഗം അനുഷ്ഠിക്കുന്നവരെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ആത്മീയ ജീവിതത്തിലേക്ക് കടന്ന അദ്ദേഹം, മുമ്പ് നടത്തിയ ജ്ഞാന്വേഷണങ്ങളെപ്പോലും നഷ്ടമായിട്ടാണ് കാണുന്നത്. നീണ്ട സഞ്ചാരങ്ങള്‍ക്ക് ശേഷം നൈസാബൂരില്‍ തിരിച്ചെത്തിയ ഇമാം ഗസാലി മദ്‌റസയും ഖാന്‍ഖാഹും ആത്മീയ മോക്ഷത്തിന്റെ വഴികളായി തെരെഞ്ഞെടുത്തു. ശേഷം സദാ സമയവും ബുഖാരിയും മുസ്‍ലിമും വായിച്ചുകൊണ്ടിരുന്ന ഇമാം ഗസാലിയെ ഇബന് അസാകിര്‍ വരച്ചുകാണിക്കുന്നുണ്ട്.
ഹി 505ല്‍ ഈ ലോകത്തോട് വിടപറഞ്ഞ ഗസാലി (റ)യെ മനസ്സിലാക്കാന്‍ മറ്റൊരു ഗസ്സാലിക്ക് മാത്രമേ സാധ്യമാവൂ എന്ന് ശൈഖ് അസ്അദ് (റ)യുടെ വാക്കുകള്‍ ശ്രദ്ദേയമാണ്. ഇന്നും ഗസാലി നമുക്കിടയില്‍ ജീവിച്ചുകൊണ്ടേയിരിക്കുന്നു, ഇഹ്‍യാഉലൂമുദ്ദീനിലൂടെ കാലാകാലങ്ങളില്‍ വിശുദ്ധ മതത്തെ ജീവിപ്പിച്ചുകൊണ്ടേയിരിക്കുന്ന അദ്ദേഹം, അക്ഷരാര്‍ത്ഥത്തില്‍ ഹുജ്ജതുല്‍ ഇസ്‍ലാം തന്നെ.
Leave A Comment