തങ്ങളും ഹാജിക്കയും: നഹ്ജുറശാദിന്റെ കെടാവിളക്കുകൾ
“കൂട്ടുകാരായി നമുക്ക് പരസ്പരം തിരഞ്ഞെടുക്കാം.
കാൽചുവട്ടിൽ പരസ്പരം നമുക്കിരിക്കാം.
അന്തരാളങ്ങളിൽ നമുക്കുണ്ടെത്ര പൊരുത്തം.
വിചാരിക്കരുത്, നാം കാണ്മതു മാത്രമാണു നാമെന്ന്”.
- റൂമി -
ബഗ്ദാദിലെ റൂമിക്ക് എങ്ങനെയാണ് ഒരു മനുഷ്യന് കാമിലാവാൻ (പൂർണ്ണവാൻ) സാധിക്കുകയെന്ന ചോദ്യത്തിന് തന്റെ ഗുരു ശംസ് തബ്രീസി പറഞ്ഞുകൊടുക്കുന്ന ഏഴ് വഴികൾ ഉണ്ട്. ആ കഠിനമായ പാതയിലൂടെ അവസാനത്തെ ഘട്ടത്തിൽ എത്തിച്ചേർന്നവനാണ് പൂർണത കൈവരിക്കുന്നത്. ഇത് എസ്.എം.കെ തങ്ങളുടെയും ഹൈദർ ഹാജിക്കയുടെയും കാര്യത്തിൽ യാഥാര്ത്ഥ്യമായതായി കാണാം.
ആ കഠിനപാതയിലെ പ്രാരംഭഘട്ടമെന്നത് സ്വന്തം അകത്തിനുമീതെ യത്നിക്കാൻ തുടങ്ങുന്ന ആത്മാവിൻ്റെ മോശമായ അവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുക എന്നതാണ്, ഇതിലൂടെ ആ വ്യക്തിക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവും. രണ്ടാം ഘട്ടം കൈവരിച്ചവൻ മറ്റുള്ളവരെ ആക്ഷേപിക്കുന്നതിന് പകരം സ്വന്തം തെറ്റുകളെ ചൂണ്ടിക്കാട്ടി സ്വന്തം ആത്മാവിനെ ആക്ഷേപിക്കുന്നു. മൂന്നാം ഘട്ടത്തിൽ വ്യക്തി കൂടുതൽ പക്വമതിയായിത്തീരുകയും തന്റെ നാഥനോട് കീഴടങ്ങുകയും ചെയ്യും. നാലാം ഘട്ടത്തിലേക്ക് അടുക്കുമ്പോൾ മറ്റുള്ളവരോട് ഔദാര്യവാനും, തനിക്ക് തന്റെ സ്രഷ്ടാവ് സമ്മാനിച്ച എല്ലാ സൗകര്യങ്ങൾക്കും നന്ദിയും ഭൗതികജീവിതത്തെ ഗൗനിക്കാത്ത പതറാത്ത സംതൃപ്തിബോധവും കൂട്ടായി കൂടെയുണ്ടാകും. ദൈവം സമ്മാനിക്കുന്ന ഏത് തരം സാഹചര്യങ്ങളോടും അത് നല്ലതാവട്ടെ ചീത്തയാവട്ടെ അതിനോട് പൂർണമായും പൊരുത്തപ്പെടാനും സാധിക്കും. അഞ്ചാം ഘട്ടത്തിൽ മനുഷ്യകുലത്തിനുള്ള ഒരു കെടാവിളക്കായി അയാൾ മാറും. അങ്ങനെ ആറാം ഘട്ടത്തിൽ പോകുന്നിടത്തെല്ലാം മറ്റുള്ളവരുടെ ജീവിതത്തിൽ അദ്ദേഹം വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. അയാൾ ചെയ്യുന്നതും ചെയ്യാൻ കൊതിക്കുന്നതുമായ സകല കാര്യത്തിലും അയാളുടെ പ്രധാന ലക്ഷ്യം മറ്റുള്ളവർക്ക് സേവനം ചെയ്യുന്നതിലൂടെ ദൈവത്തെ സേവിക്കലാണ്. അങ്ങനെ അവസാന ഘട്ടത്തിൽ പൂർണ്ണത പ്രാപിക്കുകയും ചെയ്യുന്നു.
2006-ൽ നെഹ്റുറശാദ് ഇസ്ലാമിക് കോളേജ്സ്ഥാപിക്കുന്നതിന് മുമ്പും ശേഷവും തങ്ങളും ഹാജിക്കയും ഒരുമിച്ചായിരുന്നു. ബഗ്ദാദിലെ റൂമിയെ കാണാൻ വന്ന ശംസിനെ പോലെ ആ വഴിയിൽ തങ്ങൾ ഹാജിക്ക് ഒരു തണലായി മാറുകയും, ഹാജിക്കയുടെ പാതയിൽ തങ്ങൾ ആത്മീയമായ തണലായി മാറുകയുമായിരുന്നു. തങ്ങളും ഹാജിക്കയും എന്നും നഹജിന്റെ അങ്കണത്തിലേക്ക്, അവരുടെ സ്വപ്നത്തിലേക്ക് കടന്നു വരും. കുട്ടികളുമായി സംവദിക്കും, വിശേഷങ്ങൾ അന്വേഷിക്കും. ഒരു അമ്മക്കിളി തന്റെ അരുമകളെ ചിറകിനടിയിൽ സുരക്ഷിതരായി അണച്ചുപിടിക്കുന്നതുപോലെ ആത്മീയ പാതയിൽ തങ്ങളും സാമ്പത്തികമായും, ശാരീരികമായും ഹാജിക്കയും നഹ്ജിനെ ചേർത്തുപിടിച്ചു. ഒരു പിതാവിനെപ്പോലെയായിരുന്നു ഹാജിക്കയ്ക്ക് തങ്ങൾ. ആത്മീയവളർച്ചയെക്കുറിച്ചും എങ്ങനെ ഒരു കാര്യത്തെ സമീപിക്കാം എന്നും, എന്തായിരിക്കണം ലക്ഷ്യമെന്നും ആ മഹാൻ ഹാജിക്കയെ പഠിപ്പിച്ചു. രണ്ടുപേരുടെയും ഇടയിലെ ബന്ധം വളർന്നു. ആ മഹാപുരുഷന്മാർ പരസ്പരം ഇങ്ങനെ പറയുമായിരുന്നു: "മരണപ്പെട്ടാൽ നമുക്ക് അടുത്തടുത്തായി കിടക്കണം." ഒരു പുളിമരച്ചുവട്ടിനെ നാടിൻ്റെ പ്രത്യാശയാക്കി മാറ്റിയ സീമന്തപുത്രൻ. മൊയ്തു മുല്ലയുടെ മുല്ലാബാദിന് ജ്ഞാന വിപ്ലവത്തിലൂടെ ലോകമറിയുന്ന നെഹ്ജു റഷാദാക്കി മാറ്റിയ വന്ദ്യപിതാക്കന്മാർ.
ചാമക്കാലയിൽ താൻ ജനിച്ചു വളർന്ന വീടും പരിസരവും സമൂഹത്തിന് ഉതകുന്ന രീതിയിൽ മാറ്റിയെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ അനാഥർക്ക് തൊഴിൽപരിശീലനം നൽകാനും പെൺകുട്ടികൾക്ക് പഠനവും നിത്യവരുമാനത്തിനുള്ള മാർഗവും ഒരുക്കി അവരെ വിവാഹം കഴിപ്പിച്ച് അയക്കാനുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീടാണ് നഹ്ജ് എന്ന ആശയം മൊട്ടിടുന്നത്.
എത്ര പ്രകോപിതമാകുന്ന ഘട്ടമാണെങ്കിലും സൗമ്യതയോടെ മാത്രമേ തങ്ങളും ഹാജിയും കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നുള്ളൂ. 2006-ൽ നഹ്ജ് അതിന്റെ ജൈത്രയാത്ര തുടങ്ങിയതു മുതൽ ഹാജിക്കയുടെയും തങ്ങളുടെയും ലോകം നഹ്ജുറശാദ് മാത്രമായിരുന്നു.
"എന്റെ മക്കൾ കഴിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇവിടെയുള്ളവർ കഴിക്കണമെന്നും നല്ല വസ്ത്രം ധരിക്കണമെന്നും ആഗ്രഹിച്ച ഹാജിക്ക ആദ്യകാലങ്ങളിൽ കുട്ടികൾക്കും ഉസ്താദുമാർക്കും ഗൾഫിൽ നിന്ന് വരുമ്പോൾ മധുരവും പ്രത്യേക വസ്ത്രങ്ങളും ഓവർകോട്ടുകളും ഒക്കെ കൊണ്ടുവരുമായിരുന്നു. തങ്ങളുമായും ഹാജിക്കയുമായും സഹവസിച്ചവർക്ക് അത് റസൂല്(സ്വ) തങ്ങളോടൊത്തുള്ള സഹവാസത്തെക്കുറിച്ച് സഹാബികൾ വിവരിച്ചതുപോലെ അപ്രാപ്യമായിരുന്നൊരു സാമീപ്യവും സ്നേഹബന്ധവും പ്രകടമായിരുന്നു.
സാധാരണക്കാർക്കിടയിൽ സാധാരണക്കാരനായി ജീവിച്ചവർ, പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്തിരുന്നവർ. ഒരിക്കൽ പോലും സ്വന്തം വേദനകളെ അന്യരുമായി അവർ പങ്കുവെച്ചിരുന്നില്ല. സ്ഥാനമാനങ്ങളോടുള്ള താൽപര്യമില്ലായ്മയും ഇടതു കൈ അറിയാതെ വലതു കൈകൊണ്ട് ധർമം നൽകണമെന്ന പ്രവാചകാനുശാസനത്തിന്റെയും നേർസാക്ഷ്യങ്ങളായിരുന്നു തങ്ങളും ഹാജിക്കയും.
തങ്ങളുടെ ഓരോ പ്രസംഗങ്ങളും ഖുർആൻ വചനങ്ങളും ഹദീസുകളും ഇസ്ലാമിക ചരിത്രങ്ങളും കൗതുകകരമായി ഉദ്ധരിച്ചും, ഒപ്പം പഴഞ്ചൊല്ലുകളും മറ്റും കടന്നുവരുന്ന നർമം കലർത്തിയുമുള്ള ആകർഷണീയവും ചിന്തോദ്ദീപകവുമായ വാക്കുകളായിരുന്നപ്പോൾ ഹാജിക്കയുടെ വാക്കുകൾ ലളിതവും കുട്ടികളുടെ ഭാവിയെപ്പറ്റിയുള്ള കാര്യങ്ങളും അവരുടെ പഠനത്തെപ്പറ്റിയുമുള്ളതായിരുന്നു. അങ്ങനെ ഹാജിക്കയേയും തന്റെ നഹ്ജിനെയും തനിച്ചാക്കി 2018 മുഹറം മാസത്തിലെ ഒരു സുപ്രഭാതത്തിൽ തങ്ങൾ നാഥനിലേക്ക് യാത്രയായി. പിന്നീട് ഹാജിക്കയായിരുന്നു എല്ലാം.
കറുത്ത തൊപ്പിയും സൈക്കിളിന്റെ ബെല്ലൊച്ചയും നഹ്ജിന്റെ അങ്കണത്തിൽ എവിടെയോ മറഞ്ഞുപോയി. തങ്ങളുടെ വാക്കും നോട്ടവും പരാതി പറഞ്ഞെത്തുന്നവരുടെ വേദനസംഹാരി കൂടിയായിരുന്നു. തങ്ങളുടെയും ഹാജിക്കയുടെയും പൊതുവായ ശൈലി ഒരു കാര്യവും സങ്കീർണമായ രീതിയിൽ അവതരിപ്പിക്കില്ല എന്നതായിരുന്നു. നൊമ്പരക്കാറ്റുകൾക്കിടയിൽ നിന്ന് ജീവിതത്തിന്റെ താളം തേടി വന്നവർക്ക് അനുഗ്രഹത്തിന്റെ മഴവില്ലുകൾ തീർത്ത നെഞ്ചുറപ്പിന്റെ മന്ത്രം സമ്മാനിച്ചിരുന്നു അവർ. വിനയമായിരുന്നു ഇരുവരുടെയും മുഖമുദ്ര. താനൊരു മഹാപാപിയാണെന്നും, എന്നെ നിങ്ങൾ ബഹുമാനിക്കരുത് എന്നും നിരന്തരമായി ആവശ്യപ്പെടുമായിരുന്നു. മരണശേഷം എന്റെ കബർ സാധാരണക്കാരുടെ കബർ പോലെയായിരിക്കണമെന്നും തങ്ങൾ ആഗ്രഹം പറയുമായിരുന്നു.
പ്രമേഹം ബാധിച്ച് കാലിന് ഗുരുതരമാംവിധം പൊട്ടലുകൾ വരുകയും മാംസവും ഞരമ്പുകളും കാണത്തക്ക രൂപത്തിൽ ആയി മാറുകയും ചെയ്ത അവസരത്തിൽ പോലും തങ്ങൾ ഇങ്ങനെ പറയുമായിരുന്നു: “ഒരു പ്രശ്നവുമില്ല, ഉസ്താദേ.. കാലിൽ ചെറിയൊരു മുറിവല്ലേ ഉള്ളൂ. ശരീരത്തിലെ മറ്റു അവയവങ്ങൾ ഫുൾ ഓക്കേയാണ്.” ഇത്രത്തോളം സ്നേഹവും ബഹുമാനവും ഉള്ള മറ്റൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ലെന്നും, ഒരു പിതാവിനെ നഷ്ടപ്പെട്ട പ്രതീതിയായിരുന്നു തങ്ങളുടെ വിയോഗം എന്നിൽ സൃഷ്ടിച്ചതെന്നും ഹാജിക്ക പറഞ്ഞിട്ടുണ്ട്.
എന്നും നാശ്തയുടെ സമയത്ത് നിഷ്കളങ്ക വദനനായി ഒരു വെള്ളക്കാറിൽ ഹാജിക്ക കോളേജിലേക്ക് വരും. എന്നിട്ട് നേരെ പോകുക പ്രധാന ഉസ്താദുമാരുടെ റൂമിലേക്കാണ്. ശേഷം ഒന്നര മണിക്കൂർ കഴിഞ്ഞ് അവരുടെ കൂടെ പുറത്തിറങ്ങി, രണ്ടുപേരും കോളേജിനെ ഒന്ന് ചുറ്റിക്കണ്ട്, ശേഷം കാറിൽ കയറ്റി യാത്രയാക്കുന്നത് എന്നും ആകാംക്ഷയോടെ കാണുന്ന ഒരു കാര്യമായിരുന്നു. അന്ന് എല്ലാ കുട്ടികളെയും പോലെ എന്നിൽ ഉദിച്ച ഒരു ചോദ്യമായിരുന്നു: ഇതിനുമാത്രം എന്താണ് ഇവർക്കിടയിൽ ചർച്ച ചെയ്യാനുള്ളത് എന്ന്. വളർന്നുവരുന്തോറും നഹ്ജിന്റെ മുറ്റത്ത് ഉയർന്നുപൊങ്ങുന്ന പുതിയ കെട്ടിടങ്ങളാണ് അതിന് ഞങ്ങൾക്ക് മറുപടി തന്നത്. ഞങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ ഓട്ടപ്പാച്ചിലുകൾ കാണുമ്പോൾ, ത്യാഗനിർഭരമായി ചോര നീരാക്കി ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വന്തം സ്വത്തുകൾ കൈവിറക്കാതെ നഹ്ജിന് വേണ്ടി എഴുതിവെച്ചപ്പോൾ, അന്ധമായി അതിലുപരി യാഥാർത്ഥ്യമായി ഖൽബ് കൊണ്ട് ആ മഹാമനുഷ്യനെ സ്നേഹിച്ചുപോയിരുന്നു.
അങ്ങനെ ആ മനുഷ്യൻ തന്റെ ആശയത്തെ പൂർത്തിയാക്കി. നബി പറഞ്ഞതുപോലെ, "നാം എല്ലാം പൂർത്തിയാക്കിത്തന്നു. ഇനി നിങ്ങളാണ് ഇതിനെ നയിക്കേണ്ടതും കൊണ്ടുനടക്കേണ്ടതും." ഹാജിക്കയ്ക്ക് അസുഖം ബാധിച്ചതിന് ശേഷം ഹാജിക്കയുടെ കോളേജിലേക്കുള്ള വരവ് നിന്നു. എന്നും നഹ്ജിന്റെ ആത്മാവ് ആ മനുഷ്യന്റെ സാന്നിധ്യം ആഗ്രഹിച്ചു. അങ്ങനെ വഫാത്തിന്റെ രണ്ടാഴ്ചയ്ക്ക് മുമ്പ് ആ കാർ അവസാനമായി കോളേജിൽ വന്നു. അന്ന് ഞാൻ കണ്ട മിനുസമുള്ള തൊലിയും ക്ഷീണത്തിന്റെ ഒരു അടയാളവും ഇല്ലാത്ത പുഞ്ചിരിയിൽ തുടുത്തു നിൽക്കുന്ന ആ കവിൾ തടങ്ങളും ഉള്ള ആളായിരുന്നില്ല കാറിൽനിന്നിറങ്ങിയത്. രോഗത്തിന്റെ കാഠിന്യം മൂലം വളരെ ക്ഷീണിച്ചുപോയിരുന്നു അവിടുത്തെ ശരീരം. പക്ഷേ, ആ പുഞ്ചിരിയും വിനയവും അപ്പോഴും കൂടെയുണ്ടായിരുന്നു. "എനിക്കൊരു കുഴപ്പവുമില്ല. പക്ഷേ, നിങ്ങളെല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം" എന്നും പറഞ്ഞ് ആ മനുഷ്യൻ പോയപ്പോൾ, അന്ന് നഹ്ജിന്റെ കണ്ണുകൾ അറിയാതെ ഒഴുകി. അവസാനം, നാഥന്റെ വിധിക്ക് കീഴടങ്ങി 2026 ജൂലൈ 2-ന് ആ പിതാവ് തന്റെ കർമജീവിതത്തിന് വിരാമമിട്ട് നഹ്ജിനെ ഒറ്റക്കാക്കി നാഥനിലേക്ക് യാത്രയായി.
ഖുർആൻ പാരായണത്തിന്റെയും പ്രാർഥനയുടെയും ധ്വനികൾക്കിടയിൽ താൻ മനോഹരമായി പണിതുയർത്തിയ നഹ്ജിലെ പള്ളിയുടെ മുന്നിൽ നിന്ന്, തന്നെ സ്നേഹിക്കുന്ന നൂറുകണക്കിന് മുതഅല്ലിമുകളായ മക്കളിൽനിന്ന് ചാമക്കാല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ താൻ ഏറെ സ്നേഹിച്ച തങ്ങൾക്ക് ചാരേക്ക് ആ പുണ്യജീവിതം യാത്രയായി. അപൂർവം ചില ആളുകളുണ്ട്. അവർ ജീവിതം കൊണ്ട് അത്ഭുതം തീർത്ത് നമ്മളെ അന്ധാളിപ്പിക്കും. നിസ്വാർത്ഥ പ്രവർത്തനങ്ങൾ കൊണ്ട് ചരിത്രമെഴുതും. അവരുടെ അനക്കവും അടക്കവും ആത്മാർഥതയുടെ ഉലയിൽനിന്ന് ഊതിപ്പഴുപ്പിച്ചെടുത്തതായിരിക്കും. അവർ ഒരിക്കലും മരിക്കുന്നില്ല. അവർ എന്നും അവർ സ്നേഹിച്ച, അവരെ സ്നേഹിച്ച മനുഷ്യരുടെ ഹൃദയങ്ങളിൽ ജീവിച്ചുകൊണ്ടേയിരിക്കും. ഇന്നും ആ പുളിമരച്ചുവട്ടിൽ അവർ കത്തിച്ചുവെച്ച വിളക്കുകൾ കെടാതെ കത്തുന്നുണ്ട്. അതിന്റെ പ്രഭ ലോകമൊട്ടാകെ പരക്കുന്നുണ്ട്. അതുകണ്ട് അവർ രണ്ടുപേരും സ്വർഗ്ഗത്തിലിരുന്ന് സന്തോഷിക്കുന്നുഉണ്ടാകും. നാഥൻ ഇരുവരുടെയും ദർജ ഉയർത്തിക്കൊടുക്കട്ടെ…. ആമീൻ.
About The Author:
ചാമക്കാല നഹ്ജുറഷാദ് ഡിഗ്രി രണ്ടാം വര്ഷ വിദ്യാർത്ഥിയാണ് ലേഖകൻ



Leave A Comment