ബംഗാളി സംസ്കാരത്തിൽ സൂഫിസത്തിന്റെ മുദ്രകൾ

ബംഗാളിലൂടെ പലതവണ നടത്തിയിട്ടുള്ള ട്രെയിൻ യാത്രകളിൽ ബാവുൽ ഗായകരുടെ സംഘങ്ങൾ ആലപിക്കുന്ന സംഗീതത്തിൽ പലതവണ ദൈവീകമായ, പ്രത്യേകിച്ച് ഇസ്‍ലാമിക ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട വരികൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും സൂഫിസവും ബംഗാളിന്റെ തനത് സംസ്കാരവും കലാപാരമ്പര്യവും ഇഴചേർന്നു നിൽക്കുന്നതിനെ കുറിച്ച് എന്റെ ചിന്തകൾ കാടുകയറാറുണ്ട്.

ഒരു സമൂഹത്തിന്റെ ചരിത്രം രൂപപ്പെടുന്നത് രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും അധികാരമാറ്റങ്ങളുടെയും കഥകളിലൂടെ മാത്രമല്ല. പാട്ടുകളിലും കവിതകളിലും നാടോടിക്കഥകളിലും നാടകങ്ങളിലും ജനങ്ങളുടെ ദൈനംദിന വിശ്വാസങ്ങളിലും കൂടിയാണ് ഒരു സംസ്കാരത്തിന്റെ യഥാർത്ഥ ചരിത്രം അടയാളപ്പെടുത്തപ്പെടുന്നത്. ബംഗാളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ യാഥാർഥ്യം കൂടുതൽ വ്യക്തമായി അനുഭവിക്കാം. കാരണം, ബംഗാളിലെ ഇസ്‍ലാമിക സംസ്കാരത്തിന്റെ വളർച്ച പള്ളികളിലും മദ്റസകളിലും സൂഫി ഖാൻഖാഹുകളിലും മാത്രം ഒതുങ്ങിനിന്നില്ല. അത് ജനങ്ങളുടെ ഭാഷയിലേക്കും സംഗീതത്തിലേക്കും സാഹിത്യത്തിലേക്കും നാടോടി കലകളിലേക്കും വരെ ആഴത്തിൽ വ്യാപിച്ച ഒന്നാണ്. പ്രണയവും സംഗീതവും സാഹിത്യവും ജനകീയ കലകളും ചേർന്ന് രൂപപ്പെടുത്തിയ ഒരു സാംസ്കാരിക ചരിത്രമാണ് ബംഗാളിലേത്.

ഈ സാംസ്കാരിക പരിവർത്തനത്തിൽ സൂഫിസം നിർവഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്. ദൈവിക പ്രണയം, ആത്മീയാന്വേഷണം, മനുഷ്യസ്നേഹം, സഹവർത്തിത്വം തുടങ്ങിയ ആശയങ്ങൾ സൂഫി ചിന്തകളിലൂടെ ബംഗാളിന്റെ പ്രാദേശിക സാംസ്കാരിക ജീവിതവുമായി സംവദിച്ചു. അങ്ങനെ രൂപപ്പെട്ടത് കേവലം ഒരു മതപരമായ പാരമ്പര്യമായിരുന്നില്ല; മറിച്ച് വ്യത്യസ്ത ഭാഷകളും വിശ്വാസങ്ങളും കലാരൂപങ്ങളും പരസ്പരം സ്വാധീനിച്ചുകൊണ്ടിരുന്ന സവിശേഷമായ ഒരു സാംസ്കാരിക ലോകമായിരുന്നു.

ജനകീയ സംസ്കാരത്തിലേക്കുയർന്ന സൂഫിസം

ബംഗാളിൽ ഇസ്‍ലാമിന്റെ വ്യാപനചരിത്രം പരിശോധിക്കുമ്പോൾ സൂഫി സന്യാസിമാരുടെയും പണ്ഡിതന്മാരുടെയും സാമൂഹിക ഇടപെടലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. മധ്യകാലഘട്ടത്തിൽ സൂഫി പാരമ്പര്യങ്ങൾ ആത്മീയ പരിശീലനത്തിന്റെയും ധാർമിക ജീവിതത്തിന്റെയും കേന്ദ്രങ്ങളായി പ്രവർത്തിച്ചു. എന്നാൽ അവയുടെ സ്വാധീനം മതബോധനത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല. പ്രാദേശിക ജനങ്ങളുമായുള്ള ആശയവിനിമയം, ഭാഷാപരമായ ഇടപെടൽ, സാമൂഹിക സേവനം, ആത്മീയ ഉപദേശങ്ങൾ, സംഗീതം, കഥപറച്ചിൽ തുടങ്ങിയവയിലൂടെ അവ വിശാലമായ ജനവിഭാഗങ്ങളിലേക്ക് എത്തി.

ഇസ്‍ലാമിക ആശയങ്ങൾ ബംഗാളിൽ പ്രചരിച്ചത് ഒരു സാംസ്കാരിക ശൂന്യതയിലേക്കായിരുന്നില്ല    എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബംഗാളിൽ കാലങ്ങളായി തന്നെ സമ്പന്നമായ പ്രാദേശിക സാഹിത്യ-സംഗീത-നാടോടി പാരമ്പര്യങ്ങൾ നിലനിന്നിരുന്നു. ഈ പാരമ്പര്യങ്ങളുമായി ഇസ്‍ലാമിക ആത്മീയത സംവദിച്ചപ്പോൾ പുതിയ ആവിഷ്കാരങ്ങൾ രൂപപ്പെടുകയും പ്രാദേശിക ഭാഷയിൽ ഖുർആനിക കഥകളും പ്രവാചകചരിത്രങ്ങളും സൂഫി ആശയങ്ങളും അവതരിപ്പിക്കപ്പെടാൻ തുടങ്ങുകയും ചെയ്തു. ഇത് ബംഗാളിലെ മുസ്‍ലിം സമൂഹത്തിന്റെ സാംസ്കാരിക സ്വത്വരൂപീകരണത്തിൽ നിർണായകമായിരുന്നു.

യൂസുഫ്-സുലൈഖയും ലൈലാ-മജ്നുവും

ബംഗാളി മുസ്‍ലിം സാഹിത്യത്തിൽ സൂഫി ചിന്തയുടെ സ്വാധീനം മനസ്സിലാക്കാൻ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നാണ് ഷാ മുഹമ്മദ് സാഗിറിന്റെ യൂസുഫ്-സുലൈഖ. ഖുർആനിലെ യൂസുഫ് നബിയുടെ കഥയെ ആസ്പദമാക്കി രചിക്കപ്പെട്ട ഈ കൃതി ബംഗാളി സാഹിത്യചരിത്രത്തിലെ ശ്രദ്ധേയമായ സൃഷ്ടിയാണ്. യൂസുഫിന്റെയും സുലൈഖയുടെയും കഥ കേവലം പ്രണയത്തിന്റെയും വിരഹത്തിന്റെയും ആഖ്യാനമല്ല. സൂഫി വ്യാഖ്യാനങ്ങളിൽ മനുഷ്യപ്രണയത്തിന് ദൈവിക പ്രണയത്തിലേക്കുള്ള ഒരു രൂപകപരമായ അർത്ഥം കൈവരിക്കാൻ കഴിയും. ഭൗതികമായ ആകർഷണത്തിൽനിന്ന് ആത്മീയമായ തിരിച്ചറിവിലേക്കും ആത്മസമർപ്പണത്തിലേക്കുമുള്ള യാത്രയായി പ്രണയത്തെ വായിക്കുന്ന ഈ സമീപനം സൂഫി സാഹിത്യത്തിന്റെ സവിശേഷതയാണ്.

അതുപോലെ ബഹ്റാം ഖാനുമായി ബന്ധപ്പെട്ട ലൈലാ-മജ്നു ആഖ്യാനവും ശ്രദ്ധേയമാണ്. അറബി-പേർഷ്യൻ സാഹിത്യലോകത്ത് പ്രസിദ്ധമായ പ്രണയകഥ ബംഗാളി ഭാഷയിൽ പുനരാവിഷ്കരിക്കപ്പെട്ടത് സാഹിത്യത്തിന്റെ അതിർത്തികൾ എത്രത്തോളം വിശാലമാണെന്ന് വ്യക്തമാക്കുന്നു. കേവലം വിവർത്തനം മാത്രമല്ല ഇത്തരം കൃതികളിലൂടെ നടക്കുന്നത്. വിദേശ സാഹിത്യപാരമ്പര്യത്തിലെ കഥകൾ പ്രാദേശിക ഭാഷയുടെയും ഭാവനയുടെയും സംഗീതത്തിന്റെയും ഭാഗമായി മാറുകയായിരുന്നു. പേർഷ്യൻ-അറബി സാഹിത്യലോകവും ബംഗാളിന്റെ പ്രാദേശിക സാംസ്കാരിക ലോകവും തമ്മിൽ ഒരു സർഗാത്മക ബന്ധം രൂപപ്പെട്ടിരുന്നു.

കവിതയിൽനിന്ന് സംഗീതത്തിലേക്ക്

സൂഫിസം ബംഗാളിന്റെ സാംസ്കാരിക അരങ്ങിൽ ചെലുത്തിയ സ്വാധീനം സാഹിത്യത്തിൽ മാത്രം ഒതുങ്ങിയില്ല. കവിതയും സംഗീതവും നൃത്തവും പരസ്പരം ബന്ധപ്പെടുന്ന കലാപ്രകടനങ്ങൾക്കും അത് വഴിയൊരുക്കി. മധ്യകാല ബംഗാളിലെ ചില സാഹിത്യകൃതികൾ രാഗം, താളം, ആലാപനം തുടങ്ങിയ സംഗീതഘടകങ്ങളുമായി ബന്ധപ്പെട്ടിരുന്നു. കവിതകൾ വായിക്കപ്പെടുന്നതിനൊപ്പം പാടപ്പെടുകയും നാടകീയമായി അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ചില സന്ദർഭങ്ങളിൽ സംഗീതവും നൃത്തവും കഥാവതരണത്തിന്റെ ഭാഗമായിരുന്നു.

ഈ പശ്ചാത്തലത്തിൽ ജയദേവന്റെ ഗീതാഗോവിന്ദം പോലുള്ള പ്രാദേശിക സംഗീത-സാഹിത്യ പാരമ്പര്യങ്ങളെയും മുസ്‍ലിം സാഹിത്യകൃതികളെയും താരതമ്യപഠനത്തിന് വിധേയമാക്കിയാൽ വ്യത്യസ്ത മത-സാംസ്കാരിക പശ്ചാത്തലങ്ങളിൽനിന്നുള്ള കൃതികൾ ഒരേ പ്രദേശത്തിന്റെ കലാപരമായ അന്തരീക്ഷത്തിൽ എങ്ങനെ പരസ്പരം സംവദിച്ചു എന്നത് മനസിലാക്കാം.

ഒരു സംസ്കാരത്തിന്റെ കലാരൂപങ്ങൾ മറ്റൊരു സംസ്കാരത്തിന്റെ സ്വാധീനം സ്വീകരിക്കുമ്പോൾ അവയുടെ അടിസ്ഥാനസ്വത്വം പൂർണമായി ഇല്ലാതാകണമെന്നില്ല. മറിച്ച് പുതിയ ആശയങ്ങളും ആവിഷ്കാരരീതികളും ഉൾക്കൊ് അവ കൂടുതൽ സമ്പന്നമാകാം. ബംഗാളിന്റെ മധ്യകാല കലാചരിത്രം ഈ സാധ്യതകളെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

പീർമാരും ജനകീയ വിശ്വാസങ്ങളും

ബംഗാളിന്റെ സൂഫി-ജനകീയ സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സൂഫി പീറുമാരുമായി ബന്ധപ്പെട്ട കഥകളും ആരാധനാപാരമ്പര്യങ്ങളും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഗാസി പീർ, മദാർ പീർ, മാനിക് പീർ, ഖ്വാജ ഖിദ്ർ, സത്യ പീർ, സോനാ പീർ, ബനബീബി, ഗോറാചന്ദ് ഷാ തുടങ്ങിയ പേരുകൾ ബംഗാളിന്റെ ജനകീയ മത-സാംസ്കാരിക ഭാവനയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ട്.

ഇവരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ഗ്രാമീണ ജീവിതത്തോടും പ്രകൃതിയോടും തൊഴിൽ സംസ്കാരത്തോടും പ്രാദേശിക വിശ്വാസങ്ങളോടും ചേർന്നുനിന്നു. കൃഷി, കന്നുകാലി സംരക്ഷണം, വനജീവിതം, നദീസഞ്ചാരം, മത്സ്യബന്ധനം തുടങ്ങിയ ജനജീവിതത്തിന്റെ വിവിധ മേഖലകളുമായി പീർകഥകൾ ബന്ധപ്പെട്ടു കിടക്കുന്നു. സുന്ദർബൻ പ്രദേശങ്ങളിലെ ബനബീബി പാരമ്പര്യം ശ്രദ്ധേയമാണ്. വനത്തിലേക്ക് പ്രവേശിക്കുന്നവരുടെ സംരക്ഷകയായി ബനബീബിയെ അവതരിപ്പിക്കുന്ന ജനകീയ ആഖ്യാനങ്ങൾ പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെയും ഭയത്തെയും വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു. ബനബീബിയുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങൾ ഇരു സമൂഹങ്ങളുടെയും (ഹിന്ദു-മുസ്‍ലിം) പശ്ചാത്തലത്തില്‍ കാണാം.

ഗാസിർ ഗാനും പീർ ജാത്രയും

ബംഗാളിലെ ജനകീയ പ്രകടനകലകളിൽ സൂഫി-പീർ പാരമ്പര്യങ്ങളുടെ സ്വാധീനം ഏറ്റവും പ്രകടമാകുന്നത് നാടോടി സംഗീത-നാടക രൂപങ്ങളിലാണ്. ഗാസിർ ഗാൻ, മദാർ പീറിന്റെ പാട്ടുകൾ, മാനിക് പീറിന്റെ ഗാനങ്ങൾ, സത്യ പീറിന്റെ ഗാനങ്ങൾ, ഗാസിർ ജാത്ര, മാനിക് പീറിന്റെ ജാത്ര തുടങ്ങിയ കലാരൂപങ്ങൾ ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിൽ ഇടംപിടിച്ചിരുന്നു. ഈ അവതരണങ്ങളിൽ പാട്ടും കഥപറച്ചിലും സംഭാഷണവും നൃത്തവും നാടകീയതയും പരസ്പരം ഇഴചേർന്നിരുന്നു. ഇവ കേവലം വിനോദോപാധികളായിരുന്നില്ല. സമൂഹത്തിന്റെ ഓർമ്മകളും വിശ്വാസങ്ങളും ധാർമികബോധവും തലമുറകളിലേക്ക് കൈമാറുന്ന സാംസ്കാരിക മാധ്യമങ്ങളായിരുന്നു.

എഴുത്തും വായനയും പരിമിതമായിരുന്ന കാലഘട്ടങ്ങളിൽ ഇത്തരം പ്രകടനകലകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. പുസ്തകങ്ങളിലൂടെ മാത്രം കൈമാറാൻ കഴിയാത്ത കഥകളും ചരിത്രസ്മരണകളും വിശ്വാസങ്ങളും പാട്ടുകളിലൂടെയും നാടകങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തി. അതുകൊണ്ടുതന്നെ ബംഗാളിന്റെ മുസ്‍ലിം സാംസ്കാരിക ചരിത്രം പഠിക്കുമ്പോൾ രാജസദസ്സുകളിലെ സാഹിത്യത്തോടൊപ്പം ഗ്രാമീണ കലാകാരന്മാരുടെയും നാടോടി ഗായകരുടെയും പ്രകടനകലകളെയും ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്.

സാംസ്കാരിക സംവാദങ്ങളും അതിന്റെ സങ്കീർണതകളും

ബംഗാളിന്റെ ഈ സാംസ്കാരിക ചരിത്രത്തെ മനസ്സിലാക്കുന്നതിൽ ചരിത്രകാരനായ റിച്ചാർഡ് എം. ഇറ്റൗന്റെ പഠനങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. The Rise of Islam and the Bengal Frontier, 1204-1760 എന്ന കൃതിയിൽ അദ്ദേഹം ബംഗാളിലെ ഇസ്‍ലാമിന്റെ വ്യാപനത്തെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നുണ്ട്. കിഴക്കൻ ബംഗാളിലെ കാർഷിക വികാസവും ജനവാസത്തിന്റെ വ്യാപനവും ഇസ്‍ലാമിക സമൂഹങ്ങളുടെ രൂപീകരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

ബംഗാളിന്റെ പശ്ചാത്തലത്തിൽ സൂഫിസത്തെ ഒരു മതപ്രചാരണ പ്രസ്ഥാനമായി മാത്രം കാണാൻ കഴിയില്ല. അത് പ്രാദേശിക സമൂഹങ്ങളുമായി ഇടപെട്ട ഒരു ആത്മീയ-സാംസ്കാരിക പ്രക്രിയ കൂടിയായിരുന്നു. എന്നാൽ ഈ ഇടപെടലുകൾ എല്ലായിടത്തും ഒരേ രീതിയിലായിരുന്നില്ല. പ്രദേശം, കാലഘട്ടം, സാമൂഹിക ഘടന, രാഷ്ട്രീയ സാഹചര്യം എന്നിവയ്ക്കനുസരിച്ച് അവയുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി. അതിനാൽ ബംഗാളിന്റെ സൂഫി പാരമ്പര്യത്തെക്കുറിച്ചുള്ള പഠനം മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കഥകൾ അവതരിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അതിന്റെ ഉള്ളിലുള്ള സാമൂഹിക സംഘർഷങ്ങളും അധികാരബന്ധങ്ങളും സാംസ്കാരിക മാറ്റങ്ങളും കൂടി പരിശോധിക്കുന്ന വിധത്തിലാകണം.

ആധുനിക കാലത്ത് അപ്രത്യക്ഷമാകുന്ന പാരമ്പര്യങ്ങൾ

കാലക്രമേണ ബംഗാളിന്റെ ജനകീയ സൂഫി കലാരൂപങ്ങൾ പലതരം വെല്ലുവിളികളെ നേരിട്ടു. മതപരിഷ്കരണ പ്രസ്ഥാനങ്ങളുടെ സ്വാധീനം, ചില ജനകീയ ആചാരങ്ങളോടുള്ള എതിർപ്പുകൾ, നഗരവൽക്കരണം, സാമ്പത്തിക മാറ്റങ്ങൾ, ആധുനിക വിനോദമാധ്യമങ്ങളുടെ വളർച്ച എന്നിവ ഈ പാരമ്പര്യങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിൽ ഫറാഇസി പ്രസ്ഥാനം പോലുള്ള പരിഷ്കരണധാരകൾ ബംഗാളിലെ മുസ്‍ലിം മതജീവിതത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി. അതോടൊപ്പം ചില ജനകീയ ആചാരങ്ങളും പീർകേന്ദ്രീകൃത വിശ്വാസങ്ങളും വിമർശനങ്ങൾക്ക് വിധേയമായി. പിന്നീട് വിവിധ കാലഘട്ടങ്ങളിലെ മതപരവും സാമൂഹികവുമായ മാറ്റങ്ങളും ഈകലാരൂപങ്ങളുടെ പൊതുസ്വീകാര്യതയെ സ്വാധീനിച്ചു.

ഇന്ന് ഡിജിറ്റൽ മാധ്യമങ്ങൾ പല കലാരൂപങ്ങൾക്കും പുതിയ വേദികൾ ഒരുക്കുന്നുണ്ടെങ്കിലും പരമ്പരാഗത കലാകാരന്മാരുടെ ജീവിതവും പരിശീലനരീതികളും അവതരണസാഹചര്യങ്ങളും വലിയ മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. തലമുറകളിലൂടെ കൈമാറിയിരുന്ന ഗാനങ്ങളും കഥകളും അവതരണശൈലികളും രേഖപ്പെടുത്തപ്പെടാതെ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നത് ഒരു സമൂഹത്തിന്റെ ചരിത്രസ്മരണയും സാംസ്കാരിക വൈവിധ്യവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ്.

ബംഗാളിന്റെ സാംസ്കാരിക ചരിത്രത്തിൽ സൂഫിസം ചെലുത്തിയ സ്വാധീനം പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്: മതചിന്തകൾ മനുഷ്യരുടെ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ അവ ആരാധനാരീതികളിലും മതസ്ഥാപനങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. അവ ഭാഷയെയും ഭാവനയെയും കലകളെയും സാമൂഹിക ബന്ധങ്ങളെയും സ്വാധീനിക്കുന്നു. സൂഫി ചിന്തകളിലെ പ്രണയം ബംഗാളി കവിതകളിൽ പുതിയ അർത്ഥങ്ങൾ നേടി. പീർമാരുടെ കഥകൾ ഗ്രാമീണ ജനതയുടെ കൂട്ടായ ഓർമ്മകളുടെ ഭാഗമായി. ഗാനങ്ങളും ജാത്രകളും മതപരവും സാമൂഹികവുമായ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിച്ചു. പ്രാദേശിക ഭാഷയും ഇസ്‍ലാമിക സാഹിത്യപാരമ്പര്യവും പരസ്പരം സംവദിച്ച് പുതിയ സാംസ്കാരിക ആവിഷ്കാരങ്ങൾക്ക് വഴിയൊരുക്കി.

ബംഗാളിലെ സൂഫിസത്തിന്റെ ചരിത്രം ആത്മീയതയുടെ മാത്രം ചരിത്രമല്ല; അത് സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നാടകത്തിന്റെയും ജനകീയ ജീവിതത്തിന്റെയും ചരിത്രമാണ്. രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും ചരിത്രത്തോടൊപ്പം സാധാരണ മനുഷ്യരുടെ പാട്ടുകളും കഥകളും വിശ്വാസങ്ങളും കൂടി വായിക്കുമ്പോഴാണ് ബംഗാളിന്റെ സാംസ്കാരിക ചരിത്രം കൂടുതൽ പൂർണമാകുന്നത്. സൂഫിസം ബംഗാളിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ഒരുപക്ഷേ ഇതുതന്നെയായിരിക്കും: ആത്മീയതയെ ജനങ്ങളുടെ ഭാഷയിലും ഭാവനയിലും കലാപ്രകടനങ്ങളിലും ജീവിക്കുന്ന ഒരു സാംസ്കാരിക അനുഭവമാക്കി മാറ്റിയത്.

അവലംബം

  1. Richard M. Eaton, The Rise of Islam and the Bengal Frontier, 1204-1760.
  2. Muhammad Enamul Huq, Muslim Bengali Literature.
  3. Shah Muhammad Sagir, Yousuf-Zolekha.
  4. Ahmad Sharif – ബംഗാളി മധ്യകാല സാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter