ഇസ്‍ലാം, ഇന്ത്യ, ഓറിയന്റലിസം: കോളോണിയലിസത്തിന്റെ പുനർവായനകൾ
എഡ്‌വേഡ് സൈദ് തന്റെ ഒറിയന്റലിസം എന്ന കൃതിയിൽ യൂറോപ്പിന്റെ കിഴക്കുഭാഗത്തേക്കുള്ള അധികാരവ്യാപനം എങ്ങനെ ആ സ്ഥലങ്ങളിലെ ജ്ഞാനവ്യാപാരങ്ങളിലും മതപരമായ മേഖലകളിലും യൂറോ കേന്ദ്രീകൃതമായ അല്ലെങ്കിൽ കൊളോണിയൽ പരമായ സ്വാധീനം ചെലുത്തി എന്ന് അന്വേഷിക്കുന്നുണ്ട്. അതിൽ ഓറിയന്റലിസം എന്നത് കിഴക്കിന്റെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള യൂറോപ്പിന്റെ പരിശ്രമങ്ങളുടെ ഭാഗമായി രൂപപ്പെട്ടതാണെന്നദ്ദേഹം വാദിക്കുന്നു.
കൊളോണിയലിസവും ഇസ്‍ലാമും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം അന്നത്തെ ഇസ്‍ലാമിക സാഹചര്യങ്ങളെയോ പണ്ഡിതന്മാരുടെ ഇടപെടലുകളെയോ മാത്രമാണ് ചർച്ചക്കെടുക്കുന്നത്. എന്നാൽ പലരും ശ്രദ്ധിക്കാതെ പോയ ഒരു ഇടപെടലാണ് ഇന്ത്യൻ ഇസ്‍ലാമിക കൊളോണിയൽ വ്യവഹാരങ്ങൾ. അതിൽ തീർത്തും അജ്ഞമായിരുന്ന ഒരു അറേബ്യൻ ഇൻഡോ ബ്രിട്ടൻ ബന്ധം കൊളോണിയലിസത്തിലൂടെ യഥാർത്ഥ ഓറിയന്റലിസത്തിന്റെ രൂപീകരണത്തിൽ എങ്ങനെ സ്വാധീനം ചെലുത്തി എന്ന് നോക്കാം.
പ്രീ കൊളോണിയൽ ഇന്ത്യൻ മുസ്‍ലിം
ബ്രിട്ടീഷുകാരുടെ കടന്നുവരവിനു മുമ്പുണ്ടായിരുന്ന ഇസ്‍ലാമിക ജ്ഞാനശാസ്ത്ര സപര്യയുടെ കണ്ണികളായിരുന്ന മുസ്‍ലിം പണ്ഡിതന്മാര്‍ നിർമ്മിച്ചെടുത്ത ഒരു മതകീയ ചട്ടക്കൂടിലാണ് അന്നുണ്ടായിരുന്ന മതനിയമങ്ങൾ നിലനിന്നിരുന്നത്. ഇന്ത്യയുടെ ഇസ്‍ലാമിക പുരോഗതിക്ക് ചുക്കാൻ പിടിച്ചത് ഇസ്‍ലാമിന്റെ ആവിർഭാവകാലം മുതൽ തുടർന്നുപോന്ന ഇത്തരം പണ്ഡിത കൈമാറ്റങ്ങളിലൂടെയായിരുന്നു.
സിന്ധി മുൾത്താണി പണ്ഡിതന്മാരായ നിരവധി ഉലമാക്കളിലൂടെ കടന്നുവന്ന് ഖാജ ശൈഖ് അജ്മീർ തങ്ങളിലേക്കും തുടർന്ന് നിസാമുദ്ധീൻ ഔലിയയിലേക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൂടെ ശാഹ് വലിയുല്ലാഹ് ദഹ്‍ലവിയിലേക്കും പകർന്ന ഈ ജ്ഞാനപരമ്പര്യം ഇന്ത്യയെ ഇസ്‍ലാമിന്റെ ജ്ഞാനഭവനമാക്കി മാറ്റി.
ഇത്തരത്തിൽ മുഹമ്മദ് ബിൻ ഖാസിം(റ) ന്റെ കാലത്തുനിന്ന് തുടങ്ങി ഷാ വലിയുല്ലാഹി ദഹ്‍ലവി വരെ എത്തിനിൽക്കുന്ന വലിയൊരു മതപാരമ്പര്യത്തിലൂടെ കടന്നുവന്ന ക്ലാസിക്കൽ ഇസ്‍ലാമിക വിജ്ഞാനീയങ്ങളാണ് കൊളോണിയലിസത്തിന്റെ വരവോടെ ഓറിയന്റലിസ്റ്റ് അക്കാദമിക വ്യാഖ്യാനങ്ങളിലേക്ക് വഴിമാറിയത്.
കോളനിയാനന്തരം കീഴടക്കപ്പെട്ട ഇന്ത്യൻ ജനതയെ നിയമചട്ടക്കൂടുകൾ നിർമ്മിക്കാനും ജുഡീഷ്യൽ വ്യവസ്ഥക്ക് കീഴിൽ കൊണ്ടുവരാനുമായി നിർമ്മിച്ച അത്തരം വ്യാഖ്യാനങ്ങളിലൂടെ ഇസ്‍ലാമിന്റെ തനതായ സനദിന്റെ അടിസ്ഥാനത്തിൽ നിലനിന്നുപോന്നിരുന്ന പാരമ്പര്യ വിജ്ഞാനീയങ്ങളെ യുക്തിപരമായ വിചിന്തനങ്ങളിൾക്ക് വഴിതിരിച്ചുവിടുകയോ വഴിതെറ്റിക്കുകയോ ആണ് ഒറിയന്റലിസം ചെയ്തത്.
അത്തരത്തിൽ പാരമ്പര്യ വിജ്ഞാനീയങ്ങളെ ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയി മതകീയ ചട്ടക്കൂടുകൾ നിർമ്മിക്കാനും അതിലൂടെ ഇന്ത്യൻ ജുഡീഷ്യറിയിൽ സാധ്യമായ നിയമനിർമ്മാണങ്ങൾ നടത്താനും അതിനു ശേഷം ഓറിയന്റലിസം എന്ന പേരിൽ യൂറോകേന്ദ്രീകൃതമായ ഇസ്‍ലാമിക പഠനത്തിനു തിരികൊളുത്താനും ബ്രിട്ടീഷുകാർക്ക് കരുത്തേകിയത് നിയമനിർമ്മാണത്തിന്റെ പേരിൽ ഇന്ത്യയിലേക്ക് കടന്നു വന്ന ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരുടെ ഇടപെടലുകളിലൂടെയായിരുന്നു.
1608ൽ കച്ചവടത്തിന് വേണ്ടി ഇന്ത്യയിൽ കാലുകുത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അധികാരമോഹങ്ങളോടെ നടത്തിയ 1757 ലെ പ്ലാസി യുദ്ധത്തോടെയാണ് ഇന്ത്യയിൽ അവരുടെ പടയോട്ടം ആരംഭിച്ചത്. തുടർന്ന് 1857 നു ശേഷവും ഓരോ നാട്ടുരാജ്യങ്ങള്‍ വെട്ടിപ്പിടിച്ചപ്പോഴും ഭരണപരമായ പാടവമോ ഉപദേശനിർദ്ദേശങ്ങളോ കൈപറ്റിയിരുന്നത് ബ്രിട്ടീഷ് രാജവംശത്തിൽ നിന്നുതന്നെയായിരുന്നു.
ബ്രിട്ടന്‍ ഭരിക്കുന്നതുപോലെ വൈവിധ്യങ്ങളാൽ സമൃദ്ധമായ ഒരു രാജ്യം ഭരിക്കാൻ സാധ്യമായിരുന്നില്ല. വ്യത്യസ്തമായ മതങ്ങളിലായി എണ്ണമറ്റ ഉപജാതികളായി വർഗീകരിക്കപ്പെട്ട ഒരു സാമൂഹിക ശ്രേണീകരണമായിരുന്നു ഇന്ത്യയിൽ നിലനിന്നിരുന്നത്. അവരാകട്ടെ താമസിക്കുന്ന പ്രവിശ്യകൾക്കനുസരിച്ച് വ്യത്യസ്ത വകഭേദങ്ങളിലായി 100ൽ പരം ഭാഷകള്‍ സംസാരിച്ചു പോന്നു. ഈ വലിയൊരു ജനവിഭാഗത്തെ കൃത്യമായി ഏകീകൃതമായ ചട്ടക്കൂടുകൾക്കുള്ളിൽ നിർത്തിക്കൊണ്ട് സമഗ്രമായ ഒരു ഭരണം കാഴ്ചവെക്കുക എന്നത് തികച്ചും ശ്രമകരമായ ഒരു ദൗത്യമായിരുന്നു. അതവർ ഭാഗികകമായെങ്കിലും നിർവഹിക്കുകയും ചെയ്തു.
1833 ലെ ചാർട്ടർ ആക്റ്റ് പ്രകാരം ഒരു കേന്ദ്രീകൃത നിയമനിർമ്മാണ സമിതി രൂപീകരിക്കപ്പെട്ടു. ഗവർണർ ജനറൽ (കൊൽക്കത്ത) നിയമനിർമ്മാണ അധികാരിയായി. നിയമങ്ങൾ ക്രോഡീകരിക്കുന്നതിനായി തോമസ് മക്കോളെയുടെ നേതൃത്വത്തിൽ ഒന്നാം ലോ കമ്മീഷനെ നിയമിച്ചു. അദ്ദേഹത്തിലൂടെയാണ് ആദ്യമായി ഇന്ത്യൻ ഭരണ രംഗത്ത് ഇന്ന് കണുന്ന രീതിയിലുള്ള ഏകീകൃത നിയമവ്യവസ്ഥകളും പീനൽ കോഡുകളും നിലവിൽ വന്നത്. അതിനു വേണ്ടി സാമൂഹ്യശാസ്ത്രജ്ഞരും പണ്ഡിതന്മാരുമടങ്ങുന്ന സംഘങ്ങളെ ഇന്ത്യയിലേക്ക് വ്യത്യസ്ത മതങ്ങളെയും സംസ്കാരങ്ങളെയും കുറിച്ച് പഠിയ്ക്കാൻ വേണ്ടി നിയോഗിച്ചു[1].
ഓറിയന്റലിസ്റ്റുകൾ ഇന്ത്യയിൽ
ഇന്ത്യയിൽ ഫലപ്രദമായ ഭരണം കാഴ്ചവെക്കാൻ ബ്രിട്ടീഷുകാർക്ക് ഇന്ത്യക്കാരുടെ നിയമ സാംസ്‌കാരിക സാമൂഹിക സാഹചര്യങ്ങൾ മനസ്സിലാക്കേണ്ടിയിരുന്നു. അതിൽ തന്നെ ഇസ്‍ലാമിനെക്കുറിച്ച് മനസ്സിലാക്കാനും അവരുടെ നിയമപരമായും സാംസ്കാരികമായും രാഷ്ട്രീയമായും സാമൂഹികമായുമുള്ള ജീവിതസാഹചര്യങ്ങൾ പഠിക്കാനും നിയമനിർമ്മാണങ്ങൾ നടത്താനുമായി മധ്യപൂർവദേശ പഠനങ്ങളുമായി യൂറോപ്യൻ മുഖ്യധാരയിൽ കഴിച്ചുകൂട്ടിയിരുന്ന ഒറിയന്റലിസ്റ്റ് പണ്ഡിതന്മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
1772 ൽ വാറൻ ഹേസ്റ്റ് റിംഗ് ബംഗാളിന്റെ ഗവർണറായതോടു കൂടെയാണ് തദ്ദേശീയരായ ജനങ്ങളെ ഭരിക്കാൻ വേണ്ടി ശരീഅ നിയമവും ധർമശാസ്ത്രയും ഉപയോഗിക്കാൻ തുടങ്ങിയത്. അതിനെ തുടർന്നാണ് 1774 മുതൽ 1785 വരെ ഇന്ത്യയിൽ ജഡ്ജിയായിരുന്ന ഓറിയന്റലിസ്റ്റ് പണ്ഡിതൻ വില്യം ജോൺ (1746-1794) മനുസ്‌മൃതിയുടെ വിവർത്തനവും അൽസിറാജിയ്യ മുഹമ്മദൻ ലോ ഓഫ് ഇൻഹെറിറ്റെൻസ് എന്ന പേരിൽ മുസ്‍ലിം അനന്തരാവകാശനിയമങ്ങളും (ഹനഫി നിയമപ്രകാരം) രചിക്കുന്നത്. പിന്നീട് 1784 ൽ കൊൽക്കത്തയിൽ വെച്ച് ഇന്ത്യൻ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതും ഇദ്ദേഹം തന്നെ.
1770-1790 കാലഘട്ടങ്ങളിൽ ഇന്ത്യയിലുണ്ടായിരുന്ന പ്രമുഖ ഭാഷാപണ്ഡിതനും ഓറിയന്റലിസ്റ്റുമായ നഥാനിയേൽ ബറേസി മനുസ്‌മൃതിയെയും സംസ്‌കൃത ഗ്രന്ഥങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള ഹിന്ദു നിയമവ്യവസ്ഥയെ ജെൻടൂ ലീഗൽ കോഡ് (A Code of Gentoo Laws) എന്ന പേരിൽ ഭാഷാന്തരം ചെയ്യുകയും അത് ബ്രിട്ടീഷ് കോടതികളില്‍ ഉപയോഗിക്കുകയും ചെയ്തു.
1791ൽ മറ്റൊരു ഓറിയന്റലിസ്റ്റ് ആയ ചാൾസ് ഹാമിൽട്ടൺ (1753–1792) അൽഹിദായ എന്ന ഹനഫീ നിയമ ഗ്രന്ഥം ഇംഗ്ലീഷിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യുകയും കോടതികളിൽ ഉപയോഗിക്കുകയും ചെയ്തു. ഹനഫി ഫിഖ്ഹിൽ രചിക്കപ്പെട്ട പ്രസ്തുത ഗ്രന്ഥം ലണ്ടനിലെ മിഡിൽ ടെമ്പിളിൽ കൊളോണിയൽ ജഡ്ജിമാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു പാഠപുസ്തകമായി. അങ്ങനെ ശരീഅ നിയമങ്ങള്‍ യൂറോപ്യൻ നിയമവ്യവസ്ഥയുടെ ഭാഗമായി[2].
1784-ൽ നിലവിൽവന്ന പിറ്റ്സ് ഇന്ത്യാ ആക്ട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തെ ബ്രിട്ടീഷ് ചക്രവർത്തിയുടെ മേൽനോട്ടത്തിലാക്കി. ഇത് ഇന്ത്യയിലെ ഭരണപരമായ കാര്യങ്ങളിൽ ബ്രിട്ടീഷ് സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലിന് വഴിതുറന്നു. ഇതിനെ തുടർന്ന് 1790-92 കാലഘട്ടത്തിൽ കോൺവാലിസ് പ്രഭു (Lord Cornwallis) ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ സമൂലമായ മാറ്റങ്ങൾ വരുത്തി.
കോൺവാലിസ് കോഡ് (1793) എന്നറിയപ്പെടുന്ന നിയമസംഹിതയാണ് ഇതിൽ പ്രധാനം. ഈ നിയമം സിവിൽ, ക്രിമിനൽ കോടതികളെ വേർതിരിച്ചു. പുതിയ സംവിധാനത്തിൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തിരുന്നത് യൂറോപ്യൻ ജഡ്ജിമാരായിരുന്നു. ഇത് പരമ്പരാഗതമായി ക്രിമിനൽ നിയമങ്ങളിൽ വിധി പറഞ്ഞിരുന്ന ഇന്ത്യൻ ഖാളിമാരെ മാറ്റി. ഈ മാറ്റം കാരണമായി പിന്നീട് ഇസ്‍ലാമിക ക്രിമിനൽ നിയമങ്ങളെ ക്രമേണ ബ്രിട്ടീഷ് നിയമങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ തുടങ്ങി. വ്യക്തിഗത നിയമങ്ങൾ (വിവാഹം, സ്വത്ത്, പിന്തുടർച്ചാവകാശം തുടങ്ങിയവ) തുടർന്നും ഖാളിമാരുടെയും മുഫ്തിമാരുടെയും മേൽനോട്ടത്തിലായെങ്കിലും ഈ പരിഷ്കാരങ്ങൾ ഇന്ത്യയിൽ പരമ്പരാഗത നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതായിരുന്നു.
1800-കളുടെ ആരംഭത്തിൽ, വെല്ലസ്ലി പ്രഭു (Lord Wellesley) ഇന്ത്യയിൽ നിയമപരവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഈ കാലഘട്ടത്തിലെ ശ്രദ്ധേയമായ ഒരു നീക്കമായിരുന്നു ഫോർട്ട് വില്യം കോളേജിന്റെ സ്ഥാപനം (1800). കമ്പനി ഉദ്യോഗസ്ഥർക്ക് ഓറിയന്റൽ ഭാഷകളായ അറബി, പേർഷ്യൻ, സംസ്കൃതം എന്നിവയിൽ പരിശീലനം നൽകുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
ഈ കോളേജ് സ്ഥാപിച്ചതിലൂടെ, പ്രാദേശിക ഭാഷകളിലെ നിയമഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ സജീവമായി നടന്നു. ഇസ്‍ലാമിക നിയമഗ്രന്ഥമായ 'അൽഹിദായ' (Al-Hidaya), 1791-ൽ ചാൾസ് ഹാമിൽട്ടൺ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഇതിന് ഉദാഹരണമാണ്. ഈ വിവർത്തനങ്ങളിലൂടെ, ഒറിയന്റലിസ്റ്റുകൾക്ക് ഇസ്‍ലാമിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സാധിച്ചു. എന്നാൽ, ഈ പഠനം ഭരണപരമായ ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
1802-ലെ റെഗുലേഷൻ ആക്ട് ഈ കാലഘട്ടത്തിലെ മറ്റൊരു നിർണായക ചുവടുവെപ്പായിരുന്നു. ഈ നിയമം ഹിന്ദു, മുസ്‍ലിം വ്യക്തിനിയമങ്ങളെ (Personal Laws) ഔദ്യോഗികമായി അംഗീകരിച്ചു. ഇത് യൂറോപ്യൻ നിയമങ്ങൾക്കൊപ്പം ഇന്ത്യൻ നിയമങ്ങൾക്കും തുല്യമായ പരിഗണന നൽകുന്ന ഒരു ഇരട്ട നിയമവ്യവസ്ഥ നിലനിർത്താൻ സഹായിച്ചു. ഇതിലൂടെ, ബ്രിട്ടീഷ് ഭരണം അതിന്റെ സൗകര്യങ്ങൾക്കനുസരിച്ച് പ്രാദേശിക നിയമങ്ങളെ ഉപയോഗിക്കുകയും അതേസമയം തങ്ങളുടെ അധികാരം ഉറപ്പിക്കുകയുമാണ് ചെയ്തത്[3].
വില്യം മൂർ
1847 മുതൽ 1876 വരെയുള്ള കാലയളവില്‍ ഇന്ത്യൻ ഭരണ രംഗത്ത് സജീവമായ ഇടപെടലുകൾ നടത്തിയ സർ വില്യം മൂർ 1847 ഇന്ത്യൻ സിവിൽ സർവീസി (ICS)ന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലേക്ക് വരുന്നത്. ആഗ്രയിലും ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലെ പല ഇടങ്ങളിലുമായി ഉദ്യോഗസ്ഥനായും ശേഷം ലെഫ്റ്റനന്റ് ആയും സേവനമനുഷ്ഠിച്ചു. കേവലം ഒരു നിഷ്പക്ഷ അക്കാദമിക പണ്ഡിതൻ എന്നതിലുപരി തീവ്രമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ (Evangelical Christian) വിശ്വാസപ്രമാണങ്ങൾ പുലർത്തിയിരുന്ന വ്യക്തിയായിരുന്നു വില്യം മൂർ. ഇസ്‌ലാമിനെ ക്രിസ്തുമതത്തിന്റെ പ്രധാന ശത്രുവായി കണ്ട അദ്ദേഹം, "മറ്റു മതങ്ങൾക്കെതിരെയുള്ള പോരാട്ടം നിർത്തുന്ന നിമിഷം ക്രിസ്തുമതത്തിന് അതിന്റെ വീര്യം നഷ്ടപ്പെടും" എന്ന വോട്ടേൾറിയൻ തിയറിയുടെ പ്രചാരകനായിരുന്നു[4].
നിയമനിർവ്വഹണത്തിലും ഭരണകാര്യങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മുൻകാല ഓറിയന്റലിസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി, സർ വില്യം മൂറിന്റെ ഇസ്‌ലാം മതവുമായുള്ള ഇടപെടലുകളെ രൂപപ്പെടുത്തിയത് അദ്ദേഹത്തിന്റെ മിഷനറി താല്പര്യങ്ങൾ കൂടിയായിരുന്നു. ഇസ്‌ലാമിനെതിരെയുള്ള മധ്യകാല ക്രിസ്ത്യൻ വിമർശനഗ്രന്ഥമായ 'ദി അപ്പോളജി ഓഫ് അൽ കിന്ദി' (The Apology of al-Kindy) കണ്ടെത്തിയപ്പോൾ, അത് മുസ്‍ലിംകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള മികച്ചൊരു ആയുധമായാണ് അദ്ദേഹം കണ്ടത്. ഈ ഗ്രന്ഥത്തെ ആസ്പദമാക്കി റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിൽ അദ്ദേഹം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.
ഇന്ത്യയിൽ ലഭ്യമായിരുന്ന പേർഷ്യൻ അറബിക് ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവും ഇവിടുത്തെ പണ്ഡിതന്മാരോട് ഇടപെട്ടു കൊണ്ടുള്ള അറിവും സമന്വയിപ്പിച്ചാണ് 1858 ലൈഫ് ഓഫ് മുഹമ്മദ് എന്ന വിഖ്യാത ഗ്രന്ഥം അദ്ദേഹം രചിക്കുന്നത്. 1861ൽ അതിന്റെ രചന പൂർത്തിയായി. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ദുർബലമായ (Weak) സ്രോതസ്സുകളിലൊന്നായി കണക്കാക്കപ്പെടുന്ന അൽവാഖിദിയെപ്പോലുള്ളവരുടെ (al-Waqidi) രേഖകളെയാണ് മൂർ തന്റെ വാദങ്ങളെ സാധൂകരിക്കാൻ പ്രധാനമായും ആശ്രയിച്ചത്. ചരിത്രപരമായ കൃത്യതയേക്കാൾ, ഇസ്‌ലാമിനെ മോശമായി ചിത്രീകരിക്കാൻ സഹായിക്കുന്ന കഥകൾക്കായിരുന്നു അദ്ദേഹം മുൻഗണന നൽകിയത്. എഡ്വേർഡ് സൈദ് (Edward Said) തന്റെ ഓറിയന്റലിസം എന്ന ഗ്രന്ഥത്തിൽ വില്യം മൂറിന്റെ കൃതികളെ ശക്തമായി വിമർശിക്കുന്നുണ്ട്. മൂറിന്റെ രചനകളിൽ ഇസ്‌ലാമിനോടും അറബികളോടുമുള്ള കടുത്ത വിദ്വേഷം പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അദ്ദേഹത്തിന്റെ പ്രധാനകൃതി ലൈഫ് ഓഫ് മുഹമ്മദ് യൂറോപ്പിൽ നിരവധി മാറ്റങ്ങൾക്കാണ് പങ്കുവഹിച്ചിട്ടുള്ളത്. ഇസ്‍ലാമിക സ്രോതസ്സുകളെയും ആദ്യകാല ഇസ്‍ലാമിക ചരിത്രത്തെയും ഹിസ്റ്റോറിക്കൽ ക്രിട്ടിക്കൽ മെത്തേഡ് (HCM) എന്ന ഓറിയന്റലിസ്റ്റ് ചിന്താധാര ഉപയോഗിച്ച് പഠിക്കാൻ ശ്രമിച്ച ആദ്യകാല പാശ്ചാത്യ ഓറിയന്റലിസ്റ്റുകളിൽ ഒരാളായിരുന്ന വില്യം മൂർ. ലൈഫ് ഓഫ് മുഹമ്മദിലൂടെയാണ് അദ്ദേഹം അതിന് തുടക്കം കുറിച്ചത്.
ഖുർആനെയും ഹദീസിനെയും മതപരമായ വിജ്ഞാനീയങ്ങളെയും വിമർശന ബുദ്ധിയോടെ സമീപിക്കാൻ തുടങ്ങിയ ഓറിയന്റലിസത്തിന്റെ പ്രവർത്തനങ്ങളിൽ ലൈഫ് ഓഫ് മുഹമ്മദ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇത്തരത്തിൽ വില്യം മൂറിന്റെ ഇസ്‌ലാം പഠനങ്ങൾ നിഷ്പക്ഷമായ വിജ്ഞാനസമ്പാദനമായിരുന്നില്ല. മറിച്ച്, കൊളോണിയൽ ഇന്ത്യയിലെ അധികാരമുപയോഗിച്ച് രൂപപ്പെടുത്തിയെടുത്ത, മിഷനറി താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു രാഷ്ട്രീയ ആയുധം മാത്രമായിരുന്നു.
ഇത്തരം ഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിലൂടെ, ചരിത്രാന്വേഷണത്തെ ദൈവശാസ്ത്രപരമായ വിമർശനങ്ങളുമായി കൂട്ടിച്ചേർത്ത ഒരു പുതിയ ഓറിയന്റലിസ്റ്റ് ശൈലിക്ക് മൂർ തുടക്കമിട്ടു. ഈ സമീപനം ഇസ്‌ലാമിനെക്കുറിച്ചുള്ള പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്യൻ കാഴ്ചപ്പാടുകളെയും ധാരണകളെയും സ്വാധീനിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയുണ്ടായി.
കൈയെഴുത്തുപ്രതികളുടെ യാത്ര
ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ സാന്നിധ്യം ഭരണപരമായ മാറ്റങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നില്ല. ഇന്ത്യൻ സമൂഹത്തെ മനസ്സിലാക്കുകയും ഭരിക്കുകയും ചെയ്യാനുള്ള ശ്രമങ്ങൾക്കൊപ്പം ഇവിടെ നൂറ്റാണ്ടുകളായി രൂപപ്പെട്ടിരുന്ന ജ്ഞാനപാരമ്പര്യങ്ങളിലേക്കും അവർ ശ്രദ്ധ തിരിച്ചു. പ്രത്യേകിച്ച് മുസ്‍ലിം ഭരണകാലത്ത് രൂപപ്പെട്ട അറബി, പേർഷ്യൻ ഭാഷകളിലെ വമ്പിച്ച ഗ്രന്ഥസമ്പത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും ഒറിയന്റലിസ്റ്റ് റ് പണ്ഡിതരുടെയും ശ്രദ്ധ ആകർഷിച്ചു.
ഡൽഹി, ലഖ്നൗ, ആഗ്ര, മുൾത്താൻ തുടങ്ങിയ കേന്ദ്രങ്ങളിലെ മദ്റസകളിലും സ്വകാര്യ ഗ്രന്ഥശാലകളിലും സൂക്ഷിക്കപ്പെട്ടിരുന്ന ഫിഖ്ഹ്, ഹദീസ്, തഫ്സീർ, ചരിത്രം തുടങ്ങിയ വിഷയങ്ങളിലെ ഗ്രന്ഥങ്ങൾ ശേഖരിക്കപ്പെടുകയും പട്ടികപ്പെടുത്തപ്പെടുകയും ചെയ്തു. ഭരണാവശ്യങ്ങൾക്കായി ആരംഭിച്ച ഈ ശ്രമം ക്രമേണ അക്കാദമിക സ്വഭാവം കൈവരിച്ചു. ഫോർട്ട് വില്യം കോളേജും ഏഷ്യാറ്റിക് സൊസൈറ്റിയും പോലുള്ള സ്ഥാപനങ്ങൾ ഈ ജ്ഞാനശേഖരണ പ്രക്രിയയുടെ പ്രധാന കേന്ദ്രങ്ങളായി മാറി[5].
ഈ ഗ്രന്ഥങ്ങളിൽ ചിലത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ചിലത് യൂറോപ്യൻ ഗ്രന്ഥശാലകളിലേക്ക് എത്തിക്കപ്പെട്ടു. ഇങ്ങനെ ഇന്ത്യയിൽ തലമുറകളായി സംരക്ഷിക്കപ്പെട്ടിരുന്ന ഇസ്‍ലാമിക വിജ്ഞാനങ്ങൾ ബ്രിട്ടീഷ് അക്കാദമിക ലോകത്തിന്റെ പഠനവിഷയങ്ങളായി മാറി. മുമ്പ് ഉലമാക്കളുടെയും പണ്ഡിതപരമ്പരകളുടെയും സനദുകളിലൂടെ കൈമാറപ്പെട്ടിരുന്ന അറിവുകൾ അതോടെ യൂറോപ്യൻ ഗവേഷണരീതികളുടെ അടിസ്ഥാനത്തിൽ വായിക്കപ്പെടാനും വിശകലനം ചെയ്യപ്പെടാനും തുടങ്ങി.
ഇന്ത്യയിൽ സംരക്ഷിക്കപ്പെട്ടിരുന്ന ഇസ്‍ലാമിക പാരമ്പര്യത്തിന്റെ ഈ അക്കാദമിക പുനർവായനയാണ് പിന്നീട് യൂറോപ്പിൽ ഓറിയന്റലിസം എന്ന പഠനമേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകിയത്. അറേബ്യയിൽ ജനിച്ചും ഇന്ത്യയിൽ പരിപോഷിപ്പിക്കപ്പെട്ടും വന്ന ജ്ഞാനം കോളോണിയൽ ഇടപെടലുകളിലൂടെ യൂറോപ്പിലേക്ക് സഞ്ചരിച്ച ഈ പ്രക്രിയ ഓറിയന്റലിസത്തിന്റെ ചരിത്രത്തിലെ ഒരു നിർണായക ഘടകമായി.
ഓറിയന്റലിസത്തോടുള്ള മുസ്‍ലിം പ്രതികരണങ്ങൾ
ഓറിയന്റലിസ്റ്റ് പഠനങ്ങൾ ഇന്ത്യയിലെ മുസ്‍ലിം സമൂഹത്തിൽ ഉദാസീനമായ പ്രതികരണമല്ല സൃഷ്ടിച്ചത്. ഇസ്‍ലാമിക ചരിത്രത്തെയും പ്രവാചകജീവിതത്തെയും കുറിച്ചുള്ള യൂറോപ്യൻ പഠനങ്ങൾ വ്യാപകമായതോടെ മുസ്‍ലിം പണ്ഡിതന്മാരും ബുദ്ധിജീവികളും അവയോട് വിമർശനാത്മകമായി സംവദിക്കാൻ ആരംഭിച്ചു. പ്രത്യേകിച്ച് 1857-ലെ ഇന്ത്യൻ കലാപത്തിനുശേഷം മുസ്‍ലിം സമൂഹത്തിൽ പുതിയ ബൗദ്ധിക പ്രതികരണങ്ങൾ രൂപപ്പെട്ടു.
ഈ പ്രതികരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് സർ സയ്യിദ് അഹ്മദ് ഖാന്റെ ഇടപെടലായിരുന്നു. വില്യം മൂറിന്റെ The Life of Mahomet എന്ന കൃതി യൂറോപ്പിൽ വലിയ സ്വാധീനം ചെലുത്തിയെങ്കിലും അതിലെ പല ചരിത്രനിഗമനങ്ങളെയും സ്രോതസ്സുകളുടെ ഉപയോഗത്തെയും സർ സയ്യിദ് ചോദ്യം ചെയ്തു. 1870-ൽ പ്രസിദ്ധീകരിച്ച A Series of Essays on the Life of Mohammed and Subjects Subsidiary Thereto എന്ന ഗ്രന്ഥത്തിൽ അദ്ദേഹം മൂറിന്റെ ചില നിഗമനങ്ങൾ ദുർബലമായ ചരിത്രസ്രോതസ്സുകളെ ആശ്രയിച്ചുള്ളതാണെന്ന് വാദിച്ചു. അതോടൊപ്പം ഇസ്‍ലാമിക ചരിത്രത്തെ വിലയിരുത്തുമ്പോൾ മുസ്‍ലിം പാരമ്പര്യത്തിനകത്തെ വിമർശനരീതികളെയും സ്രോതസ്സു പരിശോധനാ രീതികളെയും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്നുള്ള കാലഘട്ടത്തിൽ ശിബ്‍ലി നുഅ്മാനിയെ പോലുള്ള പണ്ഡിതന്മാർ ഇസ്‍ലാമിക ചരിത്രവും സീറാ പഠനങ്ങളും പുതിയ രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. യൂറോപ്യൻ ഓറിയന്റലിസ്റ്റുകളുടെ ചരിത്രപരമായ ഗവേഷണരീതികളുടെ ചില ഘടകങ്ങൾ അദ്ദേഹം അംഗീകരിച്ചെങ്കിലും അവരുടെ നിഗമനങ്ങളെ ശക്തമായി വിമർശിച്ചു. പ്രത്യേകിച്ച് ഇസ്‍ലാമിക ചരിത്ര സ്രോതസ്സുകളുടെ തിരഞ്ഞെടുപ്പിലും വ്യാഖ്യാനത്തിലും നിലനിന്നിരുന്ന പക്ഷപാതപരമായ സമീപനമാണ് അദ്ദേഹം ചോദ്യം ചെയ്തത്. മുസ്‍ലിം പണ്ഡിതന്മാർ നൂറ്റാണ്ടുകൾക്ക് മുമ്പേ വികസിപ്പിച്ച ഹദീസ് അവലോകനരീതികളെയും സനദ് പരിശോധനാ സംവിധാനങ്ങളെയും അവഗണിച്ചുകൊണ്ടാണ് പല ഓറിയന്റലിസ്റ്റുകളും ഇസ്‍ലാമിക ചരിത്രത്തെ വിലയിരുത്തിയതെന്ന് അദ്ദേഹം സ്ഥാപിച്ചു. അതിനാൽ ഓറിയന്റലിസത്തെ വിമർശിക്കുന്നതിലുപരി, അൽ ഫാറൂഖ്, സീറതുന്നബി തുടങ്ങിയ കൃതികളിലൂടെ ബദൽ മുസ്‍ലിം ചരിത്രരചനയുടെ മാതൃകയും അദ്ദേഹം അവതരിപ്പിച്ചു.
ഇസ്‍ലാമിക വിജ്ഞാനത്തിന്റെ പ്രാഥമിക സ്രോതസ്സുകൾ അറേബ്യയിലും വിശാലമായ മധ്യപൂർവദേശത്തുമാണെങ്കിലും ഓറിയന്റലിസത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അതിന്റെ സ്രോതസ്സായി മധ്യപൂർവദേശത്തെ മാത്രം കാണാൻ കഴിയില്ല. ഇസ്‍ലാമിക വിജ്ഞാനത്തെ യൂറോപ്യൻ അക്കാദമിക പഠനവിഷയമാക്കി മാറ്റുന്നതിൽ കോളോണിയൽ ഇന്ത്യ നിർണായക ഭാഗധേയം വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശകാലത്ത് ഇന്ത്യയിലുണ്ടായിരുന്ന മുസ്‍ലിം സമൂഹം, മദ്റസകൾ, ഖാദി-മുഫ്തി സംവിധാനങ്ങൾ, അറബി-പേർഷ്യൻ കൈയെഴുത്തുപ്രതികൾ, ഇസ്‍ലാമിക നിയമഗ്രന്ഥങ്ങൾ എന്നിവ ബ്രിട്ടീഷ് ഭരണകൂടത്തിനും ഓറിയന്റലിസ്റ്റ് പണ്ഡിതന്മാർക്കും സമ്പന്നമായ പഠനവസ്തുക്കളായി മാറി. ഇതിലൂടെ ഇസ്‍ലാമിക വിജ്ഞാനം അതിന്റെ പരമ്പരാഗത സനദ്-അധിഷ്ഠിത പഠനസാഹചര്യങ്ങളിൽ നിന്ന് വേർപെട്ട് വിവർത്തനം ചെയ്യപ്പെടുകയും വർഗീകരിക്കപ്പെടുകയും കോളോണിയൽ ആവശ്യങ്ങൾക്കനുസരിച്ച് പുനർവായിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ ഇന്ത്യയിൽ ശേഖരിക്കപ്പെടുകയും വിവർത്തനം ചെയ്യപ്പെടുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്ത വിജ്ഞാനമാണ് ബ്രിട്ടനിലേക്കും പിന്നീട് യൂറോപ്യൻ സർവകലാശാലകളിലേക്കും എത്തിയത്.
References:
- Anderson, Michael R. “Islamic Law and the Colonial Encounter in British India.” In Institutions and Ideologies: A SOAS South Asia Reader, 165–185, 2013.
- Cohn, Bernard S. Colonialism and Its Forms of Knowledge: The British in India. Princeton: Princeton University Press, 1996.
- Hamilton, Charles, trans. The Hedaya, or Guide: A Commentary on the Mussulman Laws. London, 1791.
- Jones, William. Al-Sirajiyyah: The Mohammedan Law of Inheritance. Calcutta, 1792.
- Jones, William. The Institutes of Hindu Law: Or the Ordinances of Manu. London, 1794.
- Khan, Maryam Wasif. Translated Orientalisms: The Eighteenth-Century Oriental Tale, Colonial Pedagogies, and Muslim Reform. PhD diss., University of California, Los Angeles, 2013.
- Khan, Syed Ahmad. A Series of Essays on the Life of Mohammed and Subjects Subsidiary Thereto. London, 1870.
- Muir, William. The Life of Mahomet and History of Islam to the Era of the Hegira. 4 vols. London: Smith, Elder & Co., 1858–1861.
- Nomani, Shibli. Al-Farooq. Azamgarh: Darul Musannifin.
- Nomani, Shibli, and Sulaiman Nadvi. Sirat-un-Nabi. Azamgarh: Darul Musannifin.
- Powell, Avril A. Scottish Orientalists and India: The Muir Brothers, Religion, Education and Empire. Woodbridge: Boydell Press, 2010.
- Rahman, Anisur. “Islamic Law and the Colonial Encounter: On the Discourse of ‘Muhammedan’ Law in British India.” SSRN Working Paper, 2012.
- Said, Edward W. Orientalism. New York: Pantheon Books, 1978.
About the Author:
ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിലെ മതതാരതമ്യ പഠന വിഭാഗത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ലേഖകന്‍. ഇസ്‌ലാമിക ബൗദ്ധികചരിത്രം, ഹദീസ് പഠനം, ഓറിയന്റലിസം, കോളോണിയലിസം, സമകാലിക ഇസ്‌ലാമിക ചിന്ത എന്നിവയാണ് പ്രധാന ഗവേഷണതാൽപര്യമേഖലകൾ. ദേശീയ-അന്തർദേശീയ സെമിനാറുകളിൽ ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ഇസ്‌ലാമിക പഠനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.



Leave A Comment