തീരുമാനമാവാതെ യു.എസ് -ഇറാന്‍ സമാധാന ചര്‍ച്ച
ഇസ്‌ലാമാബാദില്‍ ഇറാന്‍ - അമേരിക്ക സമാധാന ചര്‍ച്ചയില്‍ തീരുമാനങ്ങളായില്ല. സമാധാന ചര്‍ച്ചയ്ക്ക് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫുമാണ് നേതൃത്വം നല്‍കിയത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്. അമേരിക്കന്‍ പ്രതിനിധി സംഘത്തില്‍ വാന്‍സിനൊപ്പം സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്‌നര്‍ എന്നിവരും, ഇറാന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തു. 1979 ലെ ഇറാനിലെ ഇസ്ലാമിക് വിപ്ലവത്തിനു ശേഷം ആദ്യമായാണ് അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ച നടക്കുന്നത്.
ഇറാനും യു.എസും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി യു.എസ് വൈസ് പ്രസിഡണ്ട് ജെയഡി വാന്‍സ് തന്നെയാണ് പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് സൂചന നല്‍കി. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ വിശദീകരിക്കുന്ന ജസ്റ്റ് ദി ന്യൂസ് എന്ന വെബ് സൈറ്റിലെ ലേഖനം ട്രംപ് വീണ്ടും പോസ്റ്റ് ചെയ്തു.
പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളില്‍ ധാരണയിലെത്താനാവാത്തതാണ് ചര്‍ച്ചയില്‍ തീരുമാനമാവാതിരുന്നതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഹുര്‍മുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം പൂര്‍ണമായും അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുകഎന്നിങ്ങനെ യു.എസ് മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളെ ഇറാന്‍ അംഗീകരിച്ചില്ല. ലെബനാലില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യത്തിലും തീരുമാനമായില്ല, ഇതോട് കൂടെയാണ് ചര്‍ച്ച പരാജയത്തിലേക്ക് വഴി തെളിച്ചത്.
ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര മൈനുകള്‍ അമേരിക്കന്‍ നാവികസേന നീക്കം ചെയ്തു. രണ്ട് അത്യാധുനിക പടക്കപ്പലുകളുടെ സംരക്ഷണത്തിലാണ് മൈനുകള്‍ നീക്കം ചെയ്തത്. കടലിടുക്കിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ ഇറാന്‍ നിക്ഷേപിച്ച മൈനുകള്‍ നീക്കം ചെയ്യാനാകുന്നില്ലെന്ന് ഇറാന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
സമാധാന ചര്‍ച്ചയില്‍ തീരുമാനങ്ങളോ കരാറോ ഉണ്ടായാലും ഇല്ലെങ്കിലും തങ്ങള്‍ വിജയിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇറാന്റെ നാവിക, വ്യോമ സേനകളേയും റഡാര്‍ സംവിധാനങ്ങളേയും തങ്ങള്‍ തകര്‍ത്തു. ഹോര്‍മുസ് കടലിടുക്ക് എല്ലാ രാജ്യങ്ങള്‍ക്കുമായി സ്വതന്ത്രമാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.
അമേരിക്ക മരവിപ്പിച്ച 12,000 കോടി ഡോളറിന്റെ സ്വത്തുവകകള്‍ ഉടനേ വിട്ടുതരണമെന്നും അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം വേണമെന്നും ഇറാന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ആക്രമണം ഉടനേ നിര്‍ത്തണമെന്നും ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണാവകാശം തങ്ങള്‍ക്കു വേണമെന്നുമാണ് ഇറാന്റെ ഇതര ആവശ്യങ്ങള്‍.



Leave A Comment