ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍: നഷ്ടമാവുന്ന പാരമ്പര്യത്തിന്റെ കണ്ണി
പാരമ്പര്യത്തിന്റെ വലിയൊരു കണ്ണിയായിരുന്നു, ഇന്നലെ നമ്മോട് വിട പറഞ്ഞ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും അല്ലാമാ ഖുതുബി മുഹമ്മദ് മുസ്‍ലിയാരുടെ പേരമകനും ശിഷ്യനുമായ ടി.എസ് ഇബ്രാഹിം കുട്ടി മുസ്‍ലിയാര്‍.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തലയെടുപ്പുളള നേതാക്കന്മാരുടെയും കേരളത്തിലെ സമുന്നതരായ പണ്ഡിത മഹത്തുക്കളുടെയും ആത്മീയ ഗുരുവും മുസ്‍ലിം ചരിത്രത്തിന്റെ നവോത്ഥാന ഇടങ്ങളിലെ നിസ്തുല വ്യക്തിത്വവുമായ ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‍ലിയാരുടെ മകളുടെ മകനും പണ്ഡിതനും വാഗ്മിയും സമസ്ത മുശാവറ അംഗവും വിശിഷ്യ, കണ്ണൂര്‍ ജില്ലയുടെ നവേത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്നു ടി. എസ് ഇബ്‌റാഹീം കുട്ടി മുസ്‍ലിയാര്‍.
ജനനം, കുടുംബം, പാരമ്പര്യം
കണ്ണൂര്‍ ജില്ലയിലെ ചൊക്ലി ഈസ്റ്റ് പള്ളൂരില്‍ 1938 ജൂണ്‍ 10 നാണ് ഉസ്താദിന്റെ ജനനം. ഖുതുബി മുഹമ്മദ് മുസ്‍ലിയാരുടെ മകളുടെ ഭര്‍ത്താവായ മുഹമ്മദ് സഈദ് മുസ്‍ലിയാര്‍ കാസറഗോഡാണ് പിതാവ്. വലിയ പണ്ഡിതനും പ്രഭാഷകനും നിമിഷ കവിയുമായിരുന്ന ആദ്ദേഹം, അറബി കവിതാ രചനയില്‍ വലിയ നിപുണനായിരുന്നു. രണ്ടായിരം ബൈത്തുളള മിന്‍ഹത്തുല്‍ ഹര്‍ഫിയ്യ, ബഹസുല്‍ ഹുറൂഫ് എന്നീ അറബി കാവ്യരചനകള്‍ ടി.എസ് ഇബ്രാഹീം മുസ് ലിയാരുടെ പിതാവ് നടത്തിയിട്ടുണ്ട്. മാത്രമല്ല, ഖുതുബി ഉസ്താദിന്റെ നിര്‍ദേശപ്രകാരം പാരമ്പര്യമായി ഓതിവരുന്ന ബദര്‍ മൗലീദിലെ ഹദീസിന് പകരം മറ്റൊന്ന് രചിച്ചുളള ബദര്‍ മൗലീദും തയ്യാറാക്കിയിട്ടുണ്ട്.
കേരളത്തിലെ പ്രഗത്ഭ പണ്ഡിതന്മാരായ റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്‌മദ് മുസ്‍ലിയാര്‍, സ്വദഖത്തുളള മുസ്‍ലിയാര്‍, കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‍ലിയാര്‍ തുടങ്ങിയവര്‍ വാഴക്കാട് ദര്‍സില്‍ അദ്ദേഹത്തിന്റെ പിതാവിന്റെ സഹപാഠികളാണ്. നെല്ലിക്കുത്ത് (കാസറഗോഡ്), കല്ലറക്കല്‍, പാലൂര്‍ എന്നിവിടങ്ങളില്‍ പിതാവ് സഈദ് മുസ്‍ലിയാര്‍ ദര്‍സ് നടത്തിയിട്ടുണ്ട്.
മാതാവ് ഖുതുബി മുഹമ്മദ് മുസ്‍ലിയാരുടെ രണ്ടാമത്തെ മകള്‍ കുഞ്ഞിപ്പാത്തു, ഖുതുബി ഉസ്താദില്‍ നിന്ന് ഓതിപഠിച്ചിട്ടുണ്ട്.
ഉസ്താദുമാര്‍
പിതാമഹന്‍ ഖുതുബി ഉസ്താദില്‍ നിന്ന് തന്നെയാണ്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍ പല കിതാബുകളും ഓതിയത്. പിന്നീട് പെരിങ്ങത്തുര്‍, പയ്യോളി, ചെറുകുന്ന്, ചാലിയം, പാപ്പിനിശ്ശേരി, മെഗ്രാല്‍ പുത്തൂര്‍ (കാസറഗോഡ്) എന്നിവിടങ്ങളില്‍ ദര്‍സ് പഠനം നടത്തി. ഉപരിപഠനം പട്ടിക്കാട് ജാമിഅ നൂരിയ്യയിലായിരുന്നു. പിതാമഹന്‍ ഖുതുബി ഉസ്താദിന് പുറമെ പിതാവ് സഈദ് മുസ്‍ലിയാര്‍, കെ. പി മുത്തുക്കോയ തങ്ങള്‍ (തലശ്ശേരി), മുഹമ്മദ് കോയ തങ്ങള്‍ പനയത്തില്‍, ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്‍ലിയാര്‍, വി ഇബ്രാഹിം മുസ്‍ലിയാര്‍, പട്ടിക്കാടില്‍ നിന്ന് ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‍ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‍ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‍ലിയാര്‍, അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയവര്‍ പ്രധാന ഗുരുവര്യരാണ്. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, എകെ അബ്ദു റഹ്‌മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സഹപാഠികളായിരുന്നു. പഠന ശേഷം, പാനൂര്‍, മട്ടന്നൂര്‍, അഴിയൂര്‍ ചുങ്കം, മാങ്ങാട്, ഇരിക്കൂര്‍ എന്നിവടങ്ങളില്‍ ദര്‍സ് നടത്തി.
കര്‍മ്മ വീഥി
പട്ടിക്കാട് ജാമിഅനൂരിയ്യയില്‍ പഠിക്കുമ്പോഴാണ് ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍ സംഘടനാ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. പാണക്കാട് സയ്യിദ് ഉമറലി തങ്ങള്‍ക്ക് ശേഷം നൂറുല്‍ ഉലമയുടെ മൂന്നാമത്തെ പ്രസിഡന്റായി ടി.എസ് ഇബ്രാഹീം കുട്ടിമുസ്‌ലിയാരെയാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പിന്നീട് വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ ബോഡി മെമ്പറായിട്ടാണ് പൊതുരംഗത്തേക്കെത്തുന്നത്. അക്കാലഘട്ടത്തില്‍ വിദ്യഭ്യാസ ബോര്‍ഡിന്റെ ആദ്യകാല പ്രവര്‍ത്തകാരായിരുന്ന കെ പി ഉസ്മാന്‍ സാഹിബ്, ടി കെ അബ്ദുല്ല മൗലവി, കെ എം കെ മൗലവി പാനൂര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍ തുടങ്ങിയവരോടൊപ്പം തുടക്കത്തില്‍ സേവനം ചെയ്യാന്‍ ടി.എസ് ഇബ്രാഹീം മുസ്‌ലിയാര്‍ക്ക് കഴിഞ്ഞു. 40 വര്‍ഷത്തോളം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മെമ്പറായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തുടക്കത്തില്‍ അതിന്റെ പ്രധാന പ്രവര്‍ത്തകനും കണ്ണൂര്‍-കാസറഗോഡ് ജില്ല സംയുക്ത സുന്നിയുവജന സംഘത്തിന്റെ സെക്രട്ടറിയായും ഉസ്താദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
വഹിച്ചിരുന്ന പദവികള്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, കണ്ണൂര്‍ ജില്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജോ. സെക്രട്ടറി, മഹല്ല് കമ്മിറ്റി പ്രസിഡന്റ്, പോണ്ടിച്ചേരി സ്‌റ്റേറ്റ് ഹജ്ജ് കമ്മിറ്റി മെമ്പര്‍, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പല സ്ഥാപനങ്ങളുടെയും രക്ഷാധികാരിയായിരുന്നു. തലശ്ശേരി, പാനൂര്‍, അഴിയൂര്‍, ചെണ്ടയാട് (കല്ലറക്കല്‍), പുല്ലിയോടി, മാവിലേരി, വരപ്പാറ, നാമത്ത്, കിണവക്കല്‍, പൊന്യംപാലം, ചൊക്ലി, വയലകണ്ടി, ഗ്രാമത്തി, മാരാംകണ്ടി സി.പി റോട് തുടങ്ങി 30ഓളം സ്ഥലങ്ങളിലെ ഖാളിയായിരുന്നു.
വഫാത്ത്
2026 ഏപ്രില്‍ 10 വെള്ളിയാഴ്ച സുബ്ഹിയോടടുത്ത സമയത്താണ് ടി.എസ് ഇബ്രാഹീം മുസ്‌ലിയാര്‍ ഈ ലോകത്തോട് വിടപറഞ്ഞത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഉണ്ണികുളം എകരൂര്‍ പൂക്കോയ തങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ സുകൃതവഴിയിലെ സേവനങ്ങള്‍ നാഥന്‍ സ്വീകരിക്കട്ടെ, ആമീന്‍.



Leave A Comment