തൂഫാനുല്‍ അഖ്‌സയില്‍ കൊല്ലപ്പെട്ട ഹമാസ് പ്രമുഖര്‍
ഇസ്റാഈലിന്റെ അധിനിവേശത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന സംഘടനയാണ് ഹമാസ്. ആരൊക്കെ തീവ്രവാദികളെന്ന് മുദ്ര കുത്തിയാലും പിറന്ന നാടിന് വേണ്ടി, ബൈതുല്‍മഖ്ദിസിന് വേണ്ടി സധീരം നിലകൊള്ളുന്നവരാണ് അവര്‍. അതിന് വേണ്ടിയുള്ള മരണം ശഹാദത് ആയി കാണുന്ന അവരെ, ഒന്നിനും പേടിപ്പിക്കാനാവില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. താഴെതട്ടിലുള്ള സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ ഏറ്റവും നേതാക്കന്മാര്‍ വരെ ഇക്കാര്യത്തില്‍ തുല്യനിലപാടുകാരാണ്. അഹ്മദ് യാസീന്‍, റന്‍തീസി തുടങ്ങിയ ഉന്നത നേതാക്കള്‍ നേരത്തെ രക്തസാക്ഷ്യം വഹിച്ചവരാണ്.
തൂഫാനുല്‍ അഖ്സയില്‍ ഏതാനും പേര്‍ കൊല്ലപ്പെട്ടപ്പോഴേക്ക് പേടിച്ച് നില്ക്കുന്ന ഇസ്റാഈലിന് മുന്നില്‍, ആര് തന്നെ കൊല്ലപ്പെട്ടാലും സധീരം സ്ഥൈര്യത്തോടെ നില്ക്കുന്ന ഹമാസ് പ്രവര്‍ത്തകരെ നാം കാണുന്നതും അത് കൊണ്ട് തന്നെ. തൂഫാനുല്‍ അഖ്സയില്‍ ഇത് വരെ കൊല്ലപ്പെട്ട പ്രമുഖ ഹമാസ് നേതാക്കളെ പരിചയപ്പെടാം.
1. ജിഹാദ് മുഹൈസിന്‍- ഹമാസിന്റെ വ്യോമസേനാ അംഗമായിരുന്ന ജിഹാദ് മെയ്‌സന്‍, ഹമാസിന്റെ നേതൃത്വത്തിലുള്ള ദേശീയ സുരക്ഷാ സേനയുടെ തലവന്‍ കൂടിയായിരുന്നു. ഗാസ സിറ്റിയിലെ വീട്ടിലായിരുന്നു അദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഒക്ടോബര്‍ 19 ന് ഇസ്രയേല്‍ ഒരു റോക്കറ്റാക്രമണത്തിലൂടെ അദ്ദേഹത്തിന്റെ വീട് തകര്‍ത്തപ്പോള്‍ അദ്ദേഹവും കുടുംബാംഗങ്ങളും കൊല്ലപ്പെടുകയായിരുന്നു.
1970-ല്‍ ഗാസ മുനമ്പിലെ അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പിലാണ് മുഹൈസിന്‍ ജനിച്ചത്. 1990കളുടെ തുടക്കത്തില്‍ ഹമാസില്‍ ചേരുകയും സംഘടനയുടെ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്തു. 2022ല്‍ ദേശീയ സുരക്ഷാ സേനയുടെ തലവനായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡില്‍ കമാന്‍ഡറായിരുന്നു. ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. അവരുടെ മരണം ഹമാസിന് വലിയ ആഘാതമായിരുന്നു.
2. ജമീല അബ്ദുല്ല- ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പായ ഹമാസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്ന ജമീല അബ്ദുല്ല താഹ അല്‍-ശാന്‍തി 2023 ഒക്ടോബര്‍ 19 നാണ് കൊല്ലപ്പെട്ടത്. 1957-ല്‍ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച അവര്‍, ഗസ്സയിലെ വീട്ടില്‍ പുലര്‍ച്ചെ ഇസ്രയേല്‍ വിമാനം നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്നാണ് മരിച്ചത്. ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയില്‍ ആദ്യ വനിതാ അംഗമായ ജമീല അബ്ദുല്ല മുമ്പ് ഫലസ്തീന്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 67-ാം വയസ്സിലും ഹമാസില്‍ സജീവമായിരുന്നു.
ഈജിപ്തിലെ ഐന്‍ ഷംസ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയില്‍ പിഎച്ച്ഡി നേടിയ ജമീല അബ്ദുല്ല, ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ ഇതിഹാസ നായകരിലൊരാളും ഹമാസിന്റെ സഹസ്ഥാപകനുമായ അബ്ദുല്‍ അസീസ് റന്‍തീസിയുടെ ഭാര്യയാണ്. 2004 ഏപ്രിലില്‍ ഭര്‍ത്താവ് ഇസ്രയേല്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
1977-ല്‍ ഐന്‍ ഷംസ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനിടെ അവര്‍ മുസ്‌ലീം ബ്രദര്‍ഹുഡില്‍ ചേര്‍ന്നു. തുടര്‍ന്ന്, ഹമാസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനായി 1990ല്‍ ഗസ്സ മുനമ്പിലേക്ക് മടങ്ങിയ അവര്‍ ഗസ്സയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റിയായി സേവനമനുഷ്ഠിച്ചു. ഹമാസിന്റെ വനിതാ വിഭാഗത്തിന്റെ സ്ഥാപക കൂടിയായിരുന്നു അവര്‍. 2006 നവംബര്‍ 3ന് വടക്കന്‍ ഗസ്സ മുനമ്പിലെ ബയ്ത് ഹനൂന്‍ പട്ടണത്തിലെ ഒരു പള്ളിയില്‍ ഇസ്രയേല്‍ അധിനിവേശ സൈന്യം ഏര്‍പ്പെടുത്തിയ ഉപരോധം വിജയകരമായി തകര്‍ത്ത് ഒരു വനിതാ മാര്‍ച്ചിന് നേതൃത്വം നല്‍കിയത് മുതലാണ് അവരെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിന് ശേഷം, അവരുടെ വീട് ഇസ്‌റാഈല്‍ വിമാനങ്ങള്‍ ബോംബെറിഞ്ഞ് തകര്‍ത്തു. അതില്‍ അവരുടെ ഭര്‍ത്യ-സഹോദരി നഹ്‍ല അല്‍ശാന്‍തിയും മറ്റു രണ്ട് ഫലസ്തീനികളും കൊല്ലപ്പെട്ടിരുന്നു. 2013ല്‍ ഗസ്സ മുനമ്പ് ഭരിച്ചിരുന്ന ഹമാസ് സര്‍ക്കാരില്‍ വനിതാ മന്ത്രിയായും ജമീല അല്‍-ശാന്‍തി പ്രവര്‍ത്തിച്ചിട്ടുണ്ട്.
3. അയ്മന്‍ നൗഫല്‍ (1965-2023)- ഹമാസിന്റെ സീനിയര്‍ കമാന്‍ഡറായിരുന്ന അദ്ദേഹം എയര്‍ ഓപ്പറേഷന്‍സ് മേധാവിയായിരുന്നു. 1965ല്‍ ഗസ്സ മുനമ്പിലെ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലാണ് അദ്ദേഹം ജനിച്ചത്. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡിലെ സെന്‍ട്രല്‍ യൂണിറ്റിന്റെ കമാന്‍ഡറായിരുന്നു. തൂഫാനുല്‍ അഖ്സയുടെ പതിനൊന്നാം ദിനം ഒക്ടോബര്‍ 17ന്, ഇസ്രയേല്‍ നടത്തിയ അക്രമണത്തിലാണ് അയ്മന്‍ കൊല്ലപ്പെടുന്നത്.
അല്‍ഖസ്സാം ബ്രിഗേഡുകളില്‍ സെന്‍ട്രല്‍ ബ്രിഗേഡിന്റെ കമാന്‍ഡറായി സേവനമനുഷ്ഠിച്ച അയ്മന്‍ നൗഫല്‍ ഹമാസിനു വേണ്ടി റോക്കറ്റുകള്‍ വികസിപ്പിക്കുന്നതിലും നിര്‍മ്മിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇസ്രയേല്‍ അധിനിവേശത്തിനെതിരായ വിവിധ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും അദ്ദേഹം ഇടപ്പെട്ടിരുന്നു. കൂടാതെ ഗിലാദ് ഷാലിത്തിനെ പിടിക്കാനുള്ള ഓപ്പറേഷന്റെ ആസൂത്രണത്തിലും അയ്മന്‍ പങ്കാളിയായിരുന്നു. തൂഫാനുല്‍ അഖ്‌സ പദ്ധതി ആസൂത്രണം ചെയ്തവരില്‍ ഒരാളായിരുന്നു അദ്ദേഹം.
4. മുറാദ് അബു മുറാദ്- മുതിര്‍ന്ന ഹമാസ് കമാന്‍ഡറും എയര്‍ ഓപ്പറേഷന്‍ മേധാവിയുമായിരുന്നു. ഒക്ടോബര്‍ 7ന് ഇസ്‌രായേലില്‍ നടന്ന ആക്രമണത്തിന്റെ ആസൂത്രണത്തില്‍ അദ്ദേഹം പങ്കാളിയായിരുന്നു. കഴിഞ്ഞ ദിവസം ഹമാസിന്റെ പ്രവര്‍ത്തന കേന്ദ്രത്തില്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയപ്പോയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
5. മുഹമ്മദ് കതമാഷ്- ഹമാസിന്റെ സൈനിക ശ്രേണിയിലെ പ്രധാന വ്യക്തിയായിരുന്ന മുഹമ്മദ് കതമാഷിന്റെ മരണം ഹമാസിന് വലിയ തിരിച്ചടിയാണ്.
6.ഉമർ ദറാഗിമ: തൂഫാനുൽ അഖ്സയിലെ ആദ്യ തടവു രക്തസാക്ഷി
2023 ഒക്ടോബർ 7-ന് തുടങ്ങിയ തൂഫാനുൽ അഖ്സയുടെ ഇസ്രായേൽ തടവുകാരിലെ ആദ്യത്തെ ശഹീദാണ് ഹമാസ് നേതാവ് ശൈഖ് ഉമർ ദറാഗിമ. ഹമാസിന്റെ ശൈഖ് എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ഫലസ്തീൻ ജനതയെ സേവിച്ചിരുന്നു. അധിനിവേശത്തിനെതിരായ നിരന്തര പോരാട്ടത്തിൽ അദ്ദേഹത്തെയും മൂന്ന് ആൺമക്കളെയും പലതവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.
1965 ഓഗസ്റ്റ് 24-ന് ഫലസ്തീനിലെ തൂബാസിലായിരുന്നു ജനനം. അടിസ്ഥാന വിദ്യാഭാസം നേടി, പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം വടക്കൻ വെസ്റ്റ് ബാങ്ക് നഗരമായ നാബുല്‍സിലെ ഇൻഡസ്ട്രിയൽ സ്കൂളിലേക്ക് മാറി. ഹൈസ്കൂൾ ഡിപ്ലോമക്ക് ശേഷം, തെക്കൻ വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണിലെ ഫലസ്തീൻ പോളിടെക്നിക് സർവകലാശാലയിൽ പഠിക്കുകയും 1986 നവംബർ 23-ന് വാസ്തുവിദ്യയിൽ ബിരുദം നേടുകയും ചെയ്തു.
നിരന്തരം ഖുര്‍ആന്‍ പാരായണം ചെയ്യുകയും നിത്യവും വീടിന്റെ അടുത്തുള്ള ശഹാദത്ത് പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുകയും ചെയ്യുമായിരുന്നു ദറാഗിമ. പല രാഷ്ട്രീയ പാർട്ടികളും അദ്ദേഹത്തെ സ്വാധീനിച്ചെങ്കിലും ആദ്യം തെരഞ്ഞെടുത്തത് ഫലസ്തീൻ നാഷണൽ ലിബറേഷൻ മൂവ്‌മെന്റിനെയായിരുന്നു (ഫത്ഹ്). അദ്ദേഹം അതിൽ സജീവമായിരുന്നില്ലെങ്കില്‍ പോലും 1987-1991 കാലയളവില്‍ അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നു.
2002 ഏപ്രിൽ 5 ന്, സ്വന്തം നാടായ നാബുല്‍സിലെ ഖസ്സാം ബിഗ്രേഡിന്റെ കേന്ദ്രത്തിൽ, എഫ്-16 മിസൈലുകൾ ഉപയോഗിച്ച് ഇസ്റാഈല്‍ നടത്തിയ ബോംബാക്രമണത്തിൽ സഹോദരൻ അഷ്റഫ് ദർഗാമ ശഹീദായതോടെയാണ് ഹമാസിൽ ചേരുന്നതായി ഉമർ പ്രഖ്യാപിക്കുന്നത്. 2006-ലെ പി.എൽ.സി തിരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചതിന് ശേഷം തുബാസിലെ തദ്ദേശഭരണ മന്ത്രാലയത്തിൽ ഹമാസിന് വേണ്ടി പ്രവർത്തിച്ചു. 2018 ലാണ് അവസാനമായി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് നാലുമാസം ജയിലിൽ കഴിയേണ്ടിവന്നു. പുറത്തിറങ്ങിയ അദ്ദേഹം വീണ്ടും ഹമാസില്‍ സജീവമായിരുന്നു.
2023 ഒക്ടോബർ 9 ന് അധിനവേശ സൈന്യം തുബാസിലെ അവരുടെ വീട് റെയ്ഡ് ചെയ്യുകയും അദ്ദേഹത്തെയും മകൻ ഹംസയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിന് രണ്ടാഴ്ച കഴിഞ്ഞ് 2023 ഒക്ടോബർ 23 ന് വടക്കൻ അധിനിവേശ ഫലസ്തീനിലെ മെഗിദ്ദോ ജയിലിൽ വെച്ച് കഠിനമായ പീഢനത്തിന്റെ ഫലമായി അവർ ശഹീദായി.
"ദൈവത്തെ ഭയപ്പെടുന്നവരുടെയും ദൈവത്തിന് വേണ്ടി പോരാടുന്നവരുടെയും കൈകളിൽ തോക്ക് ഉള്ളിടത്തോളം കാലം ഞാൻ അവനോടൊപ്പമുണ്ട്. ഹമാസ് തോക്ക് ഉപേക്ഷിച്ചാൽ ഞാൻ അത് ഉപേക്ഷിക്കും" എന്ന് അദ്ദേഹം ആവർത്തിച്ചു പറയുമായിരുന്നു. ഈ തോക്ക് സൂക്ഷിക്കാൻ ഫലസ്തീനിൽ ഹമാസാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
7.സാലിഹ് ആറൂരി
പ്രമുഖ ഹമാസ് നേതാവായിരുന്ന സ്വാലിഹ് ആറൂരി, ഇസ്രായേൽ ഡ്രോൺ ആക്രമണത്തില്‍ ബൈറൂത്തിലാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ സൈനിക വിഭാഗമായ ഖസാം ബ്രിഗേഡിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും തൂഫാനുൽ അഖ്സയുടെ സൂത്രധാരനും നിലവില്‍ ഹമാസ് നേതാക്കളിൽ രണ്ടാമനുമായാണ് ആറൂരി അറിയപ്പെടുന്നത്.
വെസ്റ്റ് ബാങ്കിലെ അറോറയിൽ, 1966ലായിരുന്നു ആറൂരിയുടെ ജനനം. വെസ്റ്റ് ബാങ്കിൽ ഹമാസിന് വേണ്ടി പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തി 1992ല്‍ ഇസ്രായേൽ സൈന്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 15 വർഷം ജയിലടക്കുകയും ചെയ്തിരുന്നു. 2007ല്‍ മോചിതനായ അദ്ദേഹത്തെ, 2010ല്‍ ഇസ്രായേൽ കോടതി സിറിയയിലേക്ക് നാടുകടത്തി. ലബ്നാനിൽ അഭയം തേടിയ അദ്ദേഹം അവിടെയും തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 2011ൽ, ആയിരത്തിലേറെ വരുന്ന ഫലസ്തീൻ ബന്ധികളുടെ മോചനത്തിന് കാരണമായ ബന്ധി കൈമാറ്റത്തിലും അദ്ദേഹത്തിൻറെ പങ്ക് വലുതായിരുന്നു. 2017ല്‍ പൊളിറ്റിക്കൽ ബ്യൂറോയുടെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം, ഇസ്രായേലിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
ഇസ്രായേലിന്റെ പേടിസ്വപ്നം എന്ന് ഇസ്രായേൽ മാധ്യമങ്ങൾ തന്നെ പ്രഖ്യാപിച്ച ഇദ്ദേഹം അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും കരിമ്പട്ടികയിൽ ഇടം പിടിക്കുകയും ഇദ്ദേഹത്തെ പറ്റിയുള്ള വിവരം കൈമാറുന്നവർക്ക് അഞ്ച് മില്യൺ ഡോളർ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധം തുടങ്ങിയതിനുശേഷം ഇദ്ദേഹത്തിൻറെ വീട് തകർക്കുകയും അദ്ദേഹത്തിന്റെ സഹോദരിമാർ അടങ്ങുന്ന 20 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ജനുവരി 2ന് ചൊവ്വാഴ്ച വൈകുന്നേരം, ബൈറൂതിലെ ഹമാസ് ഓഫീസിന് നേരെ ഇസ്‍റാഈല്‍ നടത്തിയ അക്രമണത്തിലാണ് ആറൂരി വധിക്കപ്പെടുന്നത്. കൂടെയുണ്ടായിരുന്ന മറ്റു രണ്ട് നേതാക്കളായ സമീര്‍ ഫനദിയും അസാം അല്‍അഖ്റഉം അതേ അക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Leave A Comment