വാരിയംകുന്നന്‍: അതിവായനകള്‍ക്കും ഫിഖ്ഹീ ചര്‍ച്ചകള്‍ക്കും മധ്യേ


വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പലവിധ വായനകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍; ചിലര്‍ അതിവായനകള്‍ നടത്തി അദ്ദേഹത്തെ അമാനുഷനാക്കുമ്പോള്‍, മറ്റു ചിലര്‍ കര്‍മ്മശാസ്ത്രത്തിന്റെ സൂക്ഷ്മദര്‍ശിനിയിലൂടെ വായിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ചരിത്രത്തില്‍ വാരിയംകുന്നത്തിന്റെ യഥാര്‍ത്ഥ ഇടം എന്താണ്, അദ്ദേഹത്തെ വായിക്കേണ്ട രീതി ഏതാണ് തുടങ്ങി വിഷയസംബന്ധിയായ വിവിധ തലങ്ങളെ അപഗ്രഥിക്കുകയാണ് പ്രമുഖ ചരിത്ര പണ്ഡിതന്‍ ഡോ. മോയിന്‍ മലയമ്മ.

നൂറ് വര്‍ഷം മുമ്പ് ജീവിച്ച ഒരാളെ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയാണ് നാം ഇന്ന് വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെ, അന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യം പൂര്‍ണ്ണമായും മനസ്സിലാക്കി, അവയുടെ വെളിച്ചത്തില്‍ മാത്രം വായിക്കപ്പെടേണ്ട ഒന്നാണ് 1921 ലെ മലബാര്‍ സമരവും വാരിയംകുന്നത്തും എന്നതാണ് പ്രഥമമായി എനിക്ക് പറയാനുള്ള്. 

ഖിലാഫത്ത് എന്ന ഒരു അറബ് സംജ്ഞാബന്ധം പ്രത്യക്ഷ്യത്തില്‍ അതിനുണ്ടെങ്കിലും 'നണ്‍ കോപറേഷന്‍-ഖിലാഫത്ത് മൂവ്‌മെന്റ്' എന്ന കോണ്‍ഗ്രസിന്റെ ഒരു രാഷ്ട്രീയ സംരംഭമായിട്ടാണ് അത് കേരളത്തിലേക്ക് ഔദ്യോഗികമായി കടന്നുവരുന്നത്. വിവിധ മതസ്ഥരെ പോലെ മാപ്പിളമാര്‍ അതില്‍ കൂടുതലായി പങ്കെടുത്തെന്നു മാത്രം. മതം അവര്‍ക്ക് കരുത്തും സ്ഥൈര്യവും പകര്‍ന്നിരുന്നുവെന്നത് വസ്തുതയാണ്. എന്നതിലപ്പുറം സമരത്തിന്റെ വഴി നിര്‍ണയിച്ചിരുന്നത് മതമായിരുന്നില്ല.

അതുകൊണ്ടുതന്നെ, മതപരമായി പ്രത്യേക പദവി നല്‍കി മാതൃകാവത്കരിക്കപ്പെടേണ്ടതോ കര്‍മശാസ്ത്രത്തിന്റെ സൂക്ഷ്മ സ്ഥൂല ചര്‍ച്ചകള്‍ കൊണ്ടുവന്ന് പ്രത്യേകമായി മാറ്റിനിര്‍ത്തപ്പെടേണ്ടതോ അല്ല ഇത്. ചരിത്രത്തിന്റെ പ്രത്യേകമായ ഒരു ഘട്ടത്തില്‍ വിവിധ കാരണങ്ങളുടെയും പ്രേരണകളുടെയും നടുവില്‍ സാഹചര്യത്തിന്റെ അനിവാര്യതയെന്നോണം അരങ്ങേറിയ ഒരനിഷേധ്യ സമരമാണ്. 1857 നു ശേഷം ഇന്ത്യ കണ്ട സിവിലിയന്മാരുടെ ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം. ഇതിനെ വികൃതമാക്കി അവതരിപ്പിച്ചതും കലാപമാക്കി മാറ്റിയതും നേരത്തെതന്നെ നൂറ് അജണ്ടകള്‍ നെയ്ത് കാത്തിരുന്ന ബ്രിട്ടീഷുകാരുമാണ്. ഇവിടെ സജീവമായ ചര്‍ച്ചകള്‍ നടക്കേണ്ടത് ഈ വ്യവസ്ഥാപിത സമരത്തെ അട്ടിമറിക്കുന്നതിലും അങ്ങനെ ഹിന്ദു-മുസ്‍ലിം ഭിന്നിപ്പ് സൃഷ്ടിക്കുന്നതിലും ബ്രിട്ടീഷുകാര്‍ എങ്ങനെ വിജയിച്ചു എന്നതിലാണ്. അല്ലാതെ, വാരിയംകുന്നത്തിനെ അമിതമായി ബിംബവത്കരിക്കുന്നതിലോ മാറ്റി നിര്‍ത്തുന്നതിലോ അല്ല.

അല്ലാഹുവില്‍ വിശ്വസിക്കുകയും ജാതി-മത ഭേദമന്യേ സമൂഹത്തിന്റെ ക്ഷേമൈശ്വര്യങ്ങളില്‍ ആത്മാര്‍ത്ഥമായി കൊതിക്കുകയും ചെയ്ത ഒരു ഭക്ത മുസ്‍ലിമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. പക്വതയും അന്തസ്സും ആത്മാര്‍ത്ഥതയും ഒത്തുചേര്‍ന്ന പരോപകാരിയായ ഒരു നാട്ടുമൂപ്പന്‍ എന്ന നിലക്ക് അദ്ദേഹം നേരത്തെതന്നെ ഏറനാടിന്റെ ആശ്രയമാണ്. ഹിന്ദുക്കള്‍ പോലും അദ്ദേഹത്തെ സമീപ്പിച്ചിരുന്നതായി ഹിച്ച്‌കോക്ക് പറയുന്നുണ്ട്. ആലി മുസ്ലിയാരുടെ സഹോദരന്‍ മുഹമ്മദ് കുട്ടി മുസ്‍ലിയാരുടെയും ശേഷം ആലി മുസ്‍ലിയാരുടെയും ദര്‍സില്‍നിന്ന് മതവിദ്യ നേടുകയും അദ്ദേഹത്തിലൂടെതന്നെ ഖാദിരി ആത്മീയ സരണിയില്‍ കൈകോര്‍ക്കുകയും ചെയ്ത ഒരു പ്രാക്ടീസിംഗ് മുസ്‍ലിം. 

ബ്രിട്ടീഷ്-ജന്മി ചൂഷണങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമെതിരെയുള്ള ഒരു പ്രതിഷേകൊടുങ്കാറ്റായിട്ടാണ്  മലബാര്‍ സമരം അരങ്ങേറുന്നത്. നിസ്സഹകരണവും ബഹിഷ്‌കരണവുമായിരുന്നു ഇതിനു കോണ്‍ഗ്രസ് തെരഞ്ഞെടുത്ത സമരരീതി. ഗാന്ധിയുടെ അഹിംസാ സിദ്ധാന്തമായിരുന്നു മുഖമുദ്ര. ഇത് നൂറു ശതമാനം ഉള്‍കൊള്ളുകയും പ്രയോഗവത്കരിക്കുകയും ചെയ്തവരാണ് വാരിയംകുന്നത്തും ആലി മുസ്‍ലിയാരും. കോണ്‍ഗ്രസുകാരനായിരുന്ന വാരിയംകുന്നത്ത് മഞ്ചേരി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുകയും ഖിലാഫത്ത്-കോണ്‍ഗ്രസ് കമ്മിറ്റികളുടെ ശക്തനായ പ്രചാരകനായി മാറുകയും ചെയ്യുന്നുണ്ട്. 1920 ഓഗസ്റ്റ് 18ന് കോഴിക്കോട് പോയി ഗാന്ധിജിയുടെയും ശൗക്കത്തലിയുടെയും പ്രസംഗം കേട്ടിരുന്നു ഇരുവരും. ഒരു വര്‍ഷംകൊണ്ട് സ്വരാജ് എന്ന ആശയം ഒരഗ്നി പോലെ അവരുടെ ഉള്ളില്‍ കത്തിനിന്നു. ഇതോടെ, കോണ്‍ഗ്രസ് എന്ന ജനകീയ പ്രസ്ഥാനത്തിന്റെയും ഗാന്ധി എന്ന നേതൃത്വത്തിന്റെയും പിന്‍ബലത്തില്‍ ശക്തമായ സമരവീഥിയിലേക്ക് ഇറങ്ങി. മര്‍ദ്ദന ഭരണത്തില്‍നിന്നും നാടിന് മോക്ഷം കിട്ടുമല്ലോ എന്നതായിരുന്നു അവരുടെ പ്രതീക്ഷ.

1921 ഓഗസ്റ്റു വരെ, ഒരു വര്‍ഷക്കാലം നാടുനീളെ പ്രതിഷേധ പോരാട്ടങ്ങള്‍ നടന്നിട്ടും ഇവര്‍ എവിടെയും അക്രമമഴിച്ചുവിട്ടതായി ചരിത്രമില്ല. സായുധ സമരവും രക്തച്ചൊരിച്ചിലും ഈ പോരാട്ട വഴിയില്‍ അവരുടെ പദ്ധതിയായിരുന്നില്ല. പക്ഷേ, അതിനിടയില്‍ വാരിയംകുന്നത്ത് പൊതുഇടങ്ങളില്‍ പ്രസംഗിക്കുന്നതിനെതിരെ നിരോധനാജ്ഞ വരുന്നുണ്ട്. സംഘാടനം കൊണ്ടും നാവുകൊണ്ടുമായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. 1921 ഓഗസ്റ്റ് 19ന് തിരൂരങ്ങാടി പട്ടാളം ആയുധ പരിശോധന നടത്തുന്നുണ്ട്. ആലി മുസ്‍ലിയാരുടെ പ്രവര്‍ത്തന മണ്ഡലത്തില്‍നിന്നും ഒരു ഒരു കറിക്കത്തി പോലും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ശരിക്കും ഇതായിരുന്നു ഖിലാഫത്ത് നേതൃത്വത്തിന്റെ പോരാട്ട രീതി. അഹിംസ അവര്‍ വ്രതമായെടുത്തിരുന്നു. വ്യവസ്ഥിതികള്‍ക്കുള്ളില്‍നിന്ന് അവകാശനിഷേധത്തിനും ചൂഷണങ്ങള്‍ക്കുമെതിരെ ഭരണകൂടത്തോട് കലഹിക്കുക മാത്രമായിരുന്നു അവര്‍.

പക്ഷേ, 1921 ഓഗസ്റ്റ് 20 ന്, അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടവരെ തിരിച്ചുതരണമെന്നാവശ്യപ്പെട്ട് കച്ചേരിയിലെത്തിയ ആലി മുസ്‍ലിയാര്‍ക്കു മുന്നില്‍വച്ച് അകാരണമായി ഏഴു പേരെ പട്ടാളം വെടിവച്ചുകൊല്ലുന്നതോടെയാണ് ചിത്രം മാറുന്നത്. പലയിടങ്ങളില്‍വച്ച് പട്ടാളം കലാപമഴിച്ചുവിടാന്‍ ശ്രമിക്കുമ്പോഴും ക്ഷമിച്ചും സഹിച്ചും അനുരജ്ഞനത്തിന്റെ വഴി തെരഞ്ഞെടുത്തിരുന്ന ഖിലാഫത്ത് പ്രവര്‍ത്തകര്‍ക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഇനിയും മൗനമവലംബിച്ചാല്‍ പട്ടാളം ക്രമേണ തങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യുമെന്ന തിരിച്ചറിവില്‍നിന്നാണ്, അതിജീവനത്തിന്റെ ഭാഗമെന്നോണം ശക്തമായ ചെറുത്തുനില്‍പ്പിലേക്ക് നീങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത്.

ഈ പ്രത്യേക ഘട്ടത്തില്‍ മാത്രമാണ് ഇനി ബ്രിട്ടീഷുകാരുമായി മുഖാമുഖ പോരാട്ടമല്ലാതെ വേറെ വഴിയില്ലെന്ന് വാരിയംകുന്നത്ത് മനസ്സിലാക്കുന്നതും തുറന്ന യുദ്ധത്തിലേക്ക് നിര്‍ബന്ധിതനായി ഇറങ്ങുന്നതും. നെല്ലിക്കുത്തിലെ സ്വന്തം വീട്ടില്‍വച്ച്, നാട്ടുകാരെ വിളിച്ചുകൂട്ടി, കൂട്ടമായി മൗലിദ് പാരായണം ചെയ്തും ഭക്ഷണം വിതരണം ചെയ്തുമായിരുന്നു ഈ ഇറക്കം. അതിനു ശേഷം 1922 ജനുവരി തുടക്കത്തില്‍ പിടിക്കപ്പെടുന്നതുവരെ ബ്രിട്ടീഷുകാരെയും അവര്‍ക്ക് ഒറ്റുകൊടുക്കുന്നവരെയും തന്റെ ബദ്ധവൈരികളായി കണ്ടാണ് അദ്ദേഹം മുന്നോട്ടു പോയത്. അതേ സമയം മറ്റുള്ളവര്‍ക്ക് നീതി കിട്ടേണ്ട കാര്യത്തില്‍ വലിയ സൂക്ഷ്മത പാലിക്കുകയും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ടതെല്ലാം അടിസ്ഥാനരഹിതമാണെന്നു അദ്ദേഹം തന്നെ പലയിടങ്ങളിലേക്കും അയച്ച കത്തുകള്‍ വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടീഷുകാരാണ് റിസര്‍വ് പോലിസിനെ ഉപയോഗപ്പെടുത്തി അക്രമങ്ങളിലൂടെയും മതപരിവര്‍ത്തനങ്ങളിലൂടെയും സമരത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്.

'നിങ്ങള്‍ പാലം തകര്‍ത്തിട്ടും പോലീസ് സ്റ്റേഷന്‍ ആക്രമിച്ചിട്ടും യാതൊരു കാര്യവുമില്ല, ബ്രിട്ടീഷുകാര്‍ അതെല്ലാം പുനര്‍നിര്‍മിക്കുമെ'ന്ന് എം.പി. നാരായണമേനോന്‍ പറഞ്ഞപ്പോള്‍ 'അവരെ ക്ഷയിപ്പിക്കാന്‍ എന്നെക്കൊണ്ട് ഇതല്ലാതെ മറ്റെന്ത് കഴിയു'മെന്നാണ് വാരിയംകുന്നത്ത് ചോദിച്ചിരുന്നത്. 
ആത്മാര്‍ത്ഥമായും ബ്രിട്ടീഷ് ക്രൂരതകളില്‍നിന്നും നാടിനെ രക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സമര ലക്ഷ്യം. ഇതിലൂടെ ഒരു വിജയ രാജ്യം പണിയാന്‍ തനിക്കാവില്ലെന്നത് അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. സൂര്യനസ്തമിക്കാത്ത ഒരു മഹാസാമ്രാജ്യത്വ ശക്തിക്കു മുമ്പില്‍ ഏറനാട്ടിലെ നാലാളുകള്‍ക്ക് എന്തു ചെയ്യാന്‍ കഴിയാനാണ്! പക്ഷേ, ഓരോന്നിനും ബദല്‍ സംവിധാനങ്ങളൊരുക്കി ബ്രിട്ടീഷ് അധികാരികളെ ഭീതിപ്പെടുത്താനും അവര്‍ക്ക് വന്‍ നാശങ്ങള്‍ വരുത്തിവക്കാനും അതുവഴി ഒരു വെല്ലുവിളിയായി നില്‍ക്കാനും കഴിയുമെന്ന് അദ്ദേഹം മനസ്സിലാക്കി. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു. 
പ്രതിഷേധത്തിന്റെ പാരമ്യതയായേ ഇതിനെ മനസ്സിലാക്കാന്‍ കഴിയൂ. ഗാന്ധിജി സ്വപ്നം കണ്ട സ്വരാജ് മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സിലുമുണ്ടായിരുന്ന രാജ്യം. ഹിന്ദു പത്രത്തിലേക്ക് അയക്കുന്ന കത്തില്‍ പോലും ഗാന്ധിയെയും മൗലാനയെയും അദ്ദേഹം പ്രത്യേകം ഓര്‍ക്കുന്നത് ആ മാനസിക ബന്ധത്തെ വ്യക്തമാക്കുന്നുണ്ട്. അല്ലാതെ ഒരു സ്വതന്ത്ര സ്റ്റേറ്റ് പണിയലും അതില്‍ 'സുല്‍ത്താനാ'യി വാഴലും അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യമായിരുന്നില്ല. പ്രത്യുത, ബ്രിട്ടീഷുകാര്‍ കാലുകുത്താത്ത ഒരു ദേശം രൂപപ്പെടലും അതുവഴി നാട് രക്ഷപ്പെടലുമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

തങ്ങളുടെ എതിരാളികളെ അടിച്ചൊതുക്കാന്‍ ബ്രിട്ടീഷ് പട്ടാളം നിര്‍മിച്ചെടുത്ത ചില ആരോപണങ്ങള്‍ മാത്രമാണ് 'രാജാവിനെതിരെ യുദ്ധം ചെയ്യല്‍', 'സാമ്രാജ്യത്തിനുള്ളില്‍ മറ്റൊരു സാമ്രാജ്യം പണിതു' തുടങ്ങിയവ. മമ്പുറം തങ്ങള്‍ക്കെതിരെയും ഇതേ ആരോപണമാണ് ബ്രിട്ടീഷുകാര്‍ ഉന്നയിച്ചിരുന്നത്. ഖിലാഫത്ത് കിങ്ഡം, മാപ്പിള കിങ്ഡം പോലെയുള്ള 'വിളി'കളെ അങ്ങനെ മാത്രമേ കാണാനാവൂ. വാരിയംകുന്നത്തിനെയും ആലി മുസ്‍ലിയാരെയും അടിച്ചൊതുക്കാന്‍ അവര്‍ നയപരമായ കാരണം നിര്‍മിക്കുകയായിരുന്നു ഇതിലൂടെ. ഖിലാഫത്ത് രാജാവ് എന്ന വിളിയുടെ പരിസരവും അതുതന്നെയാണ്. 
ഓഗസ്റ്റ് 19 വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായി നിന്ന അവര്‍ ഓഗസ്റ്റ് 21 ആവുമ്പൊഴേക്ക് ഖിലാഫത്ത് സുല്‍ത്താന്മാരായി വരുന്നുവെന്ന് പറയുന്നുവെങ്കില്‍, ഇതിനു പിന്നിലെ കൊളോണിയില്‍ അജണ്ടകളുടെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂ. മാപ്പിളമാര്‍ ഹിന്ദുക്കളെ കൊന്നൊടുക്കി മുസ്ലിം രാജ്യം നിര്‍മിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ഇതിന്റെ മറവിലൂടെ ശ്രമിച്ചിരുന്നത്. തീര്‍ത്തും ആക്ഷേപ ധ്വനിയിലാണ് അന്നത്തെ പത്രങ്ങള്‍ ഈ 'രാജാ' വിളികള്‍ നടത്തിയിരുന്നത്. ഇത് അവരെ മാത്രമല്ല, ലോക്കല്‍ ഏരിയകളില്‍ ബ്രിട്ടീഷുകാര്‍ക്ക് തലവേദന സൃഷ്ടിച്ചവരെയെല്ലാം അന്നത്തെ ബ്രിട്ടീഷ് അനുകൂല പത്രങ്ങള്‍ 'ഖിലാഫത്ത് രാജാവ്' എന്നു വിളിച്ചിരുന്നു. കോഴിക്കോട് താലൂക്കിലെ ചെത്തുകടവിലെ മരക്കാരെ 'ഖിലാഫത്ത് രാജാവ്' എന്ന് പത്രങ്ങള്‍ എഴുതിയത് ഉദാഹരണം.

മലബാര്‍ സമരം അന്നത്തെ പത്രങ്ങളിലൂടെ ഇന്റര്‍ നാഷണല്‍ ശ്രദ്ധ നേടിയിട്ടുണ്ടെന്നത് സത്യമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തോട് ചെറുത്തുനിന്ന ഒരു ജനത എന്ന നിലക്കും ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട, വാഗണ്‍ കൂട്ടക്കൊല പോലെയുള്ള, തുല്യതയില്ലാത്ത ക്രൂരതകളുടെ പേരിലുമാണ് അത് വാര്‍ത്തയായത്. അല്ലാതെ സമരത്തിനു നേതൃത്വം നല്‍കിയ ഒരാളുടെ നേരത്തെയുള്ള അന്തര്‍ദേശീയ ബന്ധങ്ങളുടെ ബലത്തിലായിരുന്നില്ല. അതേ സമയം വാരിയംകുന്നനും ആലി മുസ്‌ലിയാരും പാലക്കാംതൊടികയും കൊന്നാര തങ്ങളുമെല്ലാം പുറത്തെ പത്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

1921 ഓഗസ്റ്റ് 19ന് രാത്രി തിരൂരങ്ങാടിയില്‍ നടന്ന, ഖിലാഫത്ത് നേതാക്കളുടെ ഒരു യോഗത്തെ കുറിച്ച് എ.കെ. കോഡൂര്‍ പറയുന്നുണ്ട്. ആലി മുസ്‍ലിയാരും വാരിയംകുന്നത്തും അതില്‍ പങ്കെടുത്തിരുന്നു. സാഹചര്യം വളരെ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ ഖിലാഫത്ത് പ്രക്ഷോഭം നിര്‍ത്തിവക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെടാന്‍ ഈ യോഗത്തില്‍ തീരുമാനിച്ചിരുന്നു. പക്ഷേ, രാത്രി യോഗം കഴിഞ്ഞ് വീട്ടിലെത്തി, അടുത്ത പ്രഭാതമായപ്പോഴേക്കും തിരൂരങ്ങാടിയില്‍ പട്ടാളം ഇറങ്ങിയ വിവരമാണ് അവര്‍ കേട്ടത്. സമരം അഹിംസയുടെ വഴി വിട്ടുപോകുന്നതിനെയും സായുധ സമരത്തിലേക്ക് മാറുന്നതിനെയും അവര്‍ ജാഗ്രതയോടെ കണ്ടിരുന്നുവെന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

സ്വയം വിപ്ലവവും ഭരണകൂട അട്ടിമറിയും സ്വപ്നം കണ്ട ഒരു സുല്‍ത്താനാവലായിരുന്നു ലക്ഷ്യമെങ്കില്‍ വാരിയംകുന്നത്ത് നേരത്തെ തന്നെ ഈ രംഗത്തേക്കിറങ്ങുമായിരുന്നു. 1896 ലെ മഞ്ചേരി യുദ്ധം മുതല്‍ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയാണ് അദ്ദേഹം. യുദ്ധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹമാണെന്ന് അധികാരികള്‍ അന്നുതന്നെ ആരോപിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് നിര്‍ബന്ധിത അറേബ്യന്‍ യാത്ര ഉണ്ടാകുന്നതും രണ്ടു ഘട്ടങ്ങളിലായി പത്തു വര്‍ഷത്തോളം അവിടെ തങ്ങേണ്ടി വരുന്നതും. 

തിരിച്ചുവന്ന അദ്ദേഹത്തിന് നാട്ടില്‍ പ്രവേശം നിരോധിച്ചിരുന്നു. 1915-16 കാലത്ത് കലക്ടര്‍ ഇന്നസ് വധത്തില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് നാലു മാസം ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്യുന്നു. പക്ഷേ, അപ്പോഴൊന്നും തുറന്ന പോരാട്ടത്തിന് വാരിയംകുന്നത്ത് തയ്യാറാകുന്നില്ല എന്നതാണ് സത്യം. പക്വതയും മതബോധവും അദ്ദേഹത്തെ ഇതില്‍നിന്നെല്ലാം നിയന്ത്രിച്ചിരുന്നു. മല പോലെയുള്ള ഒരു ഗവണ്‍മെന്റിനോട് ആത്മഹത്യാപരമായി നേരിടുന്നത് വന്‍ നാശം കൊണ്ടുവരുമെന്നും അത് യുക്തിയല്ലെന്നും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. മലപ്പുറത്തു പോയി ഹിച്ച്‌കോക്കുമായി നേരിട്ട് സംസാരിച്ച് പരിഹാരം കാണുന്ന അവസരങ്ങള്‍ പോലുമുണ്ടായത് അദ്ദേഹത്തിന്റെ ഈ അനുരഞ്ജന ചിന്തയില്‍നിന്നു തന്നെയാണ്.

1894 ല്‍ പള്ളിക്കുറുപ്പ് യുദ്ധത്തില്‍ തന്റെ ജ്യേഷ്ടനെയും മറ്റു ബന്ധുക്കളെയും ബ്രിട്ടീഷുകാര്‍ വധിച്ചിട്ടും ആലി മുസ്‍ലിയാര്‍ ആയുധവുമായി രംഗപ്രവേശം ചെയ്യുന്നത് നാം കാണുന്നില്ല. അന്ന് ദ്വീപില്‍നിന്നും നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം വീണ്ടും 25 കൊല്ലം ഇവിടെ സജീവമായ ദര്‍സ് അധ്യാപനത്തില്‍ മുഴുകുകയായിരുന്നു.

പക്ഷേ, പിന്നീട് കോണ്‍ഗ്രസും ഗാന്ധിയും നല്‍കിയ ഉറപ്പിന്റെ ബലത്തില്‍ തന്നെയാണ് വാരിയംകുന്നത്തും ആലി മുസ്‍ലിയാരും തുറന്ന സമരത്തിലേക്ക് മുന്നിട്ടിറങ്ങുന്നതും ആളുകളെ സംഘടിപ്പിക്കുന്നതും. ഓള്‍ ഇന്ത്യാ തലത്തില്‍ വേരുകളുള്ളതിനാല്‍ പ്രതിഷേധത്തിന്റെ ഒരു ഔദ്യോഗിക വേദി എന്ന നിലക്കാണ് അതില്‍ അണിചേരുന്നത്. സംഘടിത പ്രതിഷേധത്തിനു പറ്റിയ ഒരിടമായി അവരതിനെ കണ്ടു. സമരത്തിന്റെ അഹിംസാരീതിയും അവരെ ആകര്‍ഷിച്ചു.

1920 ലെ കോണ്‍ഗ്രസിന്റെ മഞ്ചേരി സമ്മേളനം മുതല്‍ വാരിയംകുന്നത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി മുന്നില്‍ നടക്കുന്നത് കാണാം. ഒരു വര്‍ഷം ആ സമരം തുടരുകയും ചെയ്തു. അപ്പോഴെല്ലാം അഹിംസയെ അവര്‍ മുറുകെ പിടിച്ചിരുന്നു. 21 ഓഗസ്റ്റ് 20 ലെ തിരൂരങ്ങാടി സംഭവത്തോടെ, ബ്രിട്ടീഷുകാര്‍ തങ്ങളുടെ ആസൂത്രിത പദ്ധതി നടപ്പിലാക്കുകയും കൊലകളിലൂടെ അത് തുടങ്ങുകയും ചെയ്തപ്പോള്‍ ചെറുത്തുനില്‍പിന്റെ മുഖത്ത് ഖിലാഫത്ത് നായകര്‍ തനിച്ചാവുകയാണുണ്ടായത്. കോണ്‍ഗ്രസ് നേതൃത്വം കുറ്റകരാമാംവിധം മാറി നിന്നു. ഈ നിര്‍ണായക ഘട്ടത്തില്‍ ബ്രിട്ടീഷ് അധികാരികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ വികസിപ്പിക്കുന്നതിനു പകരം ഇരകളോട് നിങ്ങള്‍ കീഴടങ്ങണമെന്ന് ഉപദേശിക്കാനേ അവര്‍ തയ്യാറായുള്ളൂ. എന്നാല്‍, മറ്റു പലയിടങ്ങളിലും ഇത്തരം ഘട്ടങ്ങളില്‍ നിയമം ലംഘിച്ച് ഗാന്ധി വിഷയത്തില്‍ ഇടപെടുകയും അത് നിര്‍ണായകമായി മാറുകയും ചെയ്തത് കാണാം. അത് മലബാറിന്റെ കാര്യത്തില്‍ ഉണ്ടായില്ല. ഇതോടെ, കോണ്‍ഗ്രസ് പിടിച്ചിറക്കിയ സമരക്കാര്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുകയും ബ്രിട്ടീഷ് മര്‍ദ്ദനത്തിന്റെ ചുഴിയില്‍ മുക്കപ്പെടുകയും ചെയ്തു എന്നതാണ് സത്യം.

ഇത്തരമൊരു നിര്‍ണായക ഘട്ടത്തിലാണ് അതിജീവനത്തിന്റെ പിടച്ചിലും ബ്രിട്ടീഷ് അധികാരികള്‍ക്ക് പരമാവധി ക്ഷയമേല്‍പ്പിക്കാനുള്ള കുടച്ചിലുകളുമായി വാരിയംകുന്നത്ത് പോരാട്ടത്തിന്റെ പുതിയൊരു വഴി ആശ്രയിക്കാന്‍ നിര്‍ബന്ധിതനായത്. പിന്നീടുള്ള ഓരോന്നും അപ്പപ്പോള്‍ തീരുമാനിക്കപ്പെടുന്നതും നടപ്പാക്കപ്പെടുന്നതുമായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് പല തിരിച്ചടികളും നല്‍കിയ, പിന്നീടുള്ള അഞ്ചുമാസങ്ങളാണ് അദ്ദേഹത്തിന്റെ പടയോട്ട കാലമായി പരിഗണിക്കപ്പെടുന്നത്. 

സിംഹാസനത്തിലിരുന്ന് രാജ്യം ഭരിച്ച ഒരു രാജാവായിരുന്നില്ല വാരിയംകുന്നത്ത്. മറിച്ച്, അഞ്ചു മാസം അവര്‍ക്ക് വലിയ തിരിച്ചടികള്‍ നല്‍കിയ ഒരു പോരാളിയായിരുന്നു. വലിയൊരു സൈന്യത്തെ സംഘടിപ്പിച്ച് പട്ടാളത്തിനെതിരെ വലിയ പ്രതിരോധ നിര തീര്‍ത്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. തുടക്കത്തില്‍ പല മേഖലകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചെങ്കിലും പട്ടാളമിറങ്ങിയതോടെ മലനിരകളില്‍നിന്നും മലനിരകളിലേക്കു ഓടേണ്ടിവന്നു. പട്ടാളത്തിനെതിരെ ഒളിയാക്രമണം നടത്തുന്ന ഗറില്ലാ കൂട്ടങ്ങളായിരുന്നു പിന്നീട്. നെല്ലിക്കുത്തും കരുവാരക്കുണ്ടും ഊരക മലയിലും കന്തല്ലൂര്‍ മലയിലും കല്ലാമൂലയിലുമെല്ലാം ഇതിനിടയില്‍ തമ്പടിച്ചു. 
ദി ഹിന്ദുവിലേക്ക് അയച്ച കത്തില്‍ അദ്ദേഹം സ്വയം നല്‍കിയ സ്ഥാനപ്പേര് പന്തല്ലൂര്‍ കമാന്റര്‍ എന്നതാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ സൈന്യത്തെ സംഘടിപ്പിച്ച ഒരു സൈനിക കമാന്ററായിരുന്നു സത്യത്തില്‍ അദ്ദേഹം. പക്ഷേ, ആ സംവിധാനത്തിനുള്ളില്‍ ഒരുപാട് ഉപ ഡിപ്പാര്‍ടുമെന്റുകളുമുണ്ടായിരുന്നത് അതിനെ കൂടുതല്‍ ശക്തമാക്കി. സര്‍വ്വ സന്നാഹങ്ങളുമുള്ള ബ്രിട്ടീഷുകാര്‍ക്ക് ഭീതി പടര്‍ത്തിയ ഒരു ധീര പോരാളിയുടെ ഇത്തരം സംവിധാനങ്ങളുടെ മഹാ ലോകത്തെ, അതിന്റെ ഗാംഭീര്യം ചോര്‍ന്നുപോവാതെ അവതരിപ്പിക്കാന്‍, നമ്മള്‍ ഭാവനാത്മകമായി വിളിക്കുന്ന പേരാണ് മലയാള രാജ്യമെന്നത്. അല്ലാതെ, അദ്ദേഹമിവിടെ ഒരു രാജ്യം പണിത് അതിന്റെ സുല്‍ത്താനായി വാണു എന്നു പറയുന്നത് ബ്രിട്ടീഷ് ആരോപണം മാത്രമാണ്. അദ്ദേഹത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ ആഴം ഉയര്‍ത്തിക്കാണിക്കാന്‍ നാം ഭാവനാത്മകമായി നാമും അത്പറയുന്നു എന്ന് മാത്രം.

തന്നെ പിടിച്ചുകൊണ്ടുപോകുംമുമ്പ് ആലി മുസ്‍ലിയാര്‍ പറഞ്ഞ ചില വാക്കുകളും ഇവിടെ പ്രസക്തമായി തോന്നുന്നു. 20ലെ സംഭവങ്ങള്‍ക്കു ശേഷം തിരൂരങ്ങാടിയില്‍ തങ്ങിയ അദ്ദേഹത്തെ നെല്ലിക്കുത്തുകാര്‍ വന്ന് നാട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്. ഒളിവില്‍ പോവാന്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, അദ്ദേഹം അതിനൊന്നും തയ്യാറാകുന്നില്ല. ഒരു രാത്രി അദ്ദേഹം തന്റെ സ്വന്തക്കാരായ കെ.എം. മൗലവിയെയും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‍ലിയാരെയും അടുത്ത് വിളിച്ച് ഇങ്ങനെ പറഞ്ഞു:

'ഗാന്ധിജിയുടെ അഹിംസയെ അവതരിപ്പിക്കുന്നതിലും ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ വീഴ്ച്ച പറ്റിയിട്ടുണ്ട്. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇനിയെല്ലാം സംഭവിക്കുന്നതു പോലെ സംഭവിക്കും. ഞാന്‍ ഏതായാലും ഇങ്ങനെയായി. നിങ്ങള്‍ നിങ്ങളുടെ വഴി നോക്കുക.'

പിന്നീട് മൂന്നു പേരും മൂന്നു വഴി സ്വീകരിക്കുന്നതായാണ് നാം കാണുന്നത്. ആലി മുസ്‍ലിയാരെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്യുകയും പിന്നീട് തൂക്കിലേറ്റുകയും ചെയ്യുന്നു. പാങ്ങില്‍ ഒളിവില്‍ പോവുകയും കോണ്‍ഗ്രസ് ഖിലാഫത്തിന്റെ പേരില്‍ ജനങ്ങളെ ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് വിരുദ്ധനാകുന്നു. കെ.എം. മൗലവി 1932 വരെ കൊടുങ്ങല്ലൂരില്‍ ഒളിവില്‍ കഴിയുകയും പിന്നീട് മലബാറില്‍ തിരിച്ചുവന്ന ശേഷം കോണ്‍ഗ്രസിന്റെ മുസ്‍ലിം വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍നിന്ന് രാജിവക്കുകയും ചെയ്യുന്നു. വാരിയംകുന്നത്ത് കോണ്‍ഗ്രസ് മുഖം തിരിച്ചാലും ഗാന്ധി പറഞ്ഞ സ്വരാജ് സാധ്യമാക്കണമെന്ന നിര്‍ബന്ധത്തില്‍ സായുധ പോരാട്ടം സ്വീകരിക്കുന്നു. അത് ബ്രിട്ടീഷുകാരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. അവര്‍ കൂടുതല്‍ സൈന്യവും ആയുധവും ഉപയോഗിച്ച് ക്രൂരമാംവിധം അത് അടിച്ചമര്‍ത്തുന്നു.

1919 വരെ സംവിധാനത്തിനുള്ളില്‍നിന്ന് ബ്രിട്ടീഷ് ചൂഷണങ്ങള്‍ക്കെതിരെ നിരന്തരം സമരം ചെയ്തിരുന്ന വാരിയംകുന്നത്തിനെ സംവിധാനത്തിനു പുറത്തുകൊണ്ടുവന്ന് ഭരണകൂടത്തിനെതിരെ പോരാടുന്നതിലേക്കു കൊണ്ടെത്തിക്കുന്നത് കോണ്‍ഗ്രസാണ്. അതിന്റെ പെട്ടന്നുള്ള പിന്‍മാറ്റമാണ് അവരെ ഇതുവരെ കണ്ടിട്ടില്ലാത്ത പോരാട്ടത്തിന്റെ തീച്ചൂളയിലേക്കു വലിച്ചെറിയുന്നത്.

ചുരുക്കത്തില്‍, നമുക്ക് ഈ ചര്‍ച്ചയെ ഇങ്ങനെ സഗ്രഹിക്കാം:

1. വാരിയംകുന്നത്തും ആലി മുസ്‍ലിയാരും ഉള്‍പ്പെടെ ഇവിടത്തെ മതപണ്ഡിതരും സമുദായ നേതാക്കളും സാധാരണക്കാരുമെല്ലാം ഘടനാപരമായി ഇവിടത്തെ ഭരണകൂടത്തെ അംഗീകരിക്കുന്നവരും ആശയപരമായി അതിന്റെ നയവൈകല്യങ്ങളിലും ചൂഷണങ്ങളിലും മര്‍ദ്ദനങ്ങളിലും ശക്തമായി പ്രതിഷേധിക്കുന്നവരുമായിരുന്നു. അതാണ് കാലങ്ങളായി ഇവിടെ നടന്നുവന്നിരുന്നതും. കോണ്‍ഗ്രസും ഈ വഴിയാണ് പിന്തുടര്‍ന്നിരുന്നത്. കോഴിക്കോട് ബ്രിട്ടീഷ് ഓഫിസില്‍ കയറി സമ്മതം വാങ്ങിയതിനു ശേഷമാണ് പല കോണ്‍ഗ്രസ് നേതാക്കളും പുറത്തിറങ്ങിയിരുന്നതും തങ്ങള്‍ക്ക് ആവശ്യമുള്ള ഇടങ്ങളില്‍ പോയിരുന്നതും.

2. വ്യവസ്ഥക്കുള്ളില്‍നിന്ന് ഭരണകൂട-ജന്മി ചൂഷണങ്ങള്‍ക്കെതിരെയുള്ള  പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരാളായിരുന്നു വാരിയംകുന്നത്ത്. ഇത് കനത്തപ്പോള്‍ ബ്രിട്ടീഷുകാര്‍ നേരത്തെതന്നെ വാരിയംകുന്നത്തിനെ ഉന്നം വെക്കുകയും കേസുകളില്‍ അകപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, പ്രതിഷേധ സമരങ്ങള്‍ തുടരുന്ന 1896 മുതല്‍ 1919 വരെയുള്ള 25 വര്‍ഷത്തിനിടയിലൊന്നും അദ്ദേഹം ഭരണ അട്ടിമറിയെ കുറിച്ച് ചിന്തിക്കുന്നില്ല. മറിച്ച്, ഉള്ളിലെ പ്രതിഷേധങ്ങള്‍ മാത്രം തുടരുന്നു.

3. സംവിധാനത്തിനുള്ളില്‍ നടന്നുകൊണ്ടിരുന്ന ഇത്തരം പ്രതിഷേധങ്ങളെ സംഘടിപ്പിച്ച് ശക്തിപ്പെടുത്തുകയും സംവിധാനത്തിന്റെ പുറത്തുനിന്നും ഭരണകൂടത്തിനെതിരെയുള്ള മുന്നേറ്റമായി അതിനെ വികസിപ്പിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസാണ്.

4. ഗാന്ധിയുടെ അഹിംസയും ഒരു വര്‍ഷംകൊണ്ട് ബ്രിട്ടീഷ് രഹിത സ്വരാജ് എന്ന ആശയവുമാണ് നേരത്തെ ഉള്ളിലെ സമര മുഖത്തുള്ള അവരെ ഇതിലേക്ക് ആകര്‍ഷിച്ചത്. സമരം കനപ്പിക്കാനും മര്‍ദ്ദനങ്ങള്‍ ശമിപ്പിക്കാനും അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനുമുള്ള ഒരു വേദിയായാണ് അവരിതിനെ കണ്ടത്.

5. 1921 ലെ സമരങ്ങള്‍ക്ക് ഔദ്യോഗിക വേദിയൊരുക്കിയതും നേതൃത്വം കൊടുത്തതും കോണ്‍ഗ്രസാണ്. ആ ലാബലിനു കീഴിലാണ് വാരിയംകുന്നത്തും ആലി മുസ്‍ലിയാരും അതില്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ, കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ അവര്‍ പങ്കെടുക്കുകയും നേതൃകല്‍പനകള്‍ മാനിക്കുകയും ചെയ്യുന്നത് കാണാം.

6. തിരൂരങ്ങാടി സംഭവത്തോടെ ബ്രിട്ടീഷ് പട്ടാളം ഖിലാഫത്ത് പ്രവര്‍ത്തകരുടെ സഹന സമരത്തെ ചോരയില്‍ മുക്കുകയും കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പ്രതിരോധിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഈ നിര്‍ണായക ഘട്ടത്തില്‍ കൂടെ നില്‍ക്കേണ്ട കോണ്‍ഗ്രസ് കൈവിട്ടതോടെ അവര്‍ നടുക്കടലില്‍ ഒറ്റക്കായി. ഒരിക്കലും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഖിലാഫത്ത് പ്രവര്‍ത്തകര്‍ കൈയില്‍ കിട്ടിയതുമായി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം തുടര്‍ന്നു.

അതിനാല്‍, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അര്‍ഹിക്കുന്ന അംഗീകാരത്തോടെ, അഭിമാനത്തോടെ വായിക്കപ്പെടേണ്ട ഒരു അധ്യായമാണ് മലബാര്‍ സമരവും 1919 നു ശേഷമുള്ള വാരിയംകുന്നത്തും ആലി മുസ്‌ലിയാരും. മതം കരുത്തും സ്ഥൈര്യവും പകര്‍ന്നുവെന്നത് വസ്തുതയാണ്. ബ്രിട്ടീഷ് ചൂഷണങ്ങളോടുള്ള അടങ്ങാത്ത വെറുപ്പും എല്ലാവരും സ്വച്ഛന്ദമായി കഴിയണമെന്ന ആഗ്രഹവുമാണ് അവരെ സമരഭൂമിയിലേക്ക് ഇറക്കിയത് എന്നതും സത്യമാണ്. ഗാന്ധി നല്‍കിയ സ്വരാജ് സ്വപ്നം എന്തു വിലകൊടുത്തും നേടിയെടുക്കാനുള്ള ഭഗീരഥ യത്‌നത്തിലായിരുന്നു അവരുടെ പിന്നീടുള്ള ജീവിതം. മതാത്മകമായി ഈ പോരാട്ടങ്ങളെ പക്ഷീയമായി വായിക്കുന്നത് ഒരിക്കലും ശരിയല്ല. അതിനപ്പുറം ബ്രിട്ടീഷ്-ജന്മി മേല്‍ക്കോയ്മയില്‍നിന്നും സ്വാതന്ത്ര്യം കൊതിച്ചു നടന്ന സമരമായി തന്നെ ഇത് വായിക്കപ്പെടണം. എല്ലാ തരം ജനങ്ങളുടെയും പൂര്‍ണ സ്വാതന്ത്ര്യമായിരുന്നു ലക്ഷ്യം.

അതേസമയം പോരാളികള്‍ക്ക് കൃത്യമായ മതവും വിശ്വസവുമുണ്ടായിരുന്നു. എം.പി. നാരായണമേനോനും ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും അവരുടെ ചിന്താ പരിസരത്തില്‍നിന്നും പോരാടി. മാപ്പിളമാര്‍, ഇരമ്പി വരുന്ന പട്ടാളത്തിനു മുമ്പില്‍, അനിവാര്യമായി വന്ന ഈ ചെറുത്തുനില്‍പിന് വിശുദ്ധ യുദ്ധത്തിന്റെ പരിവേഷം നല്‍കി നേരിട്ടു. പണ്ഡിതന്മാര്‍ക്കിടയില്‍ ഈ യുദ്ധം ശരിയായ ജിഹാദ് ആണോ അല്ലേ എന്ന ചര്‍ച്ചകള്‍ കൂടി നടന്ന ഘട്ടമായിരുന്നു അത്. ആണെന്നു പറഞ്ഞവരും അല്ലെന്നു പറഞ്ഞവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രമാണങ്ങള്‍കൊണ്ട് ജിഹാദാണെന്നു സ്ഥാപിച്ചവരുമുണ്ടായിരുന്നു. 

ഇരമ്പി വരുന്ന പട്ടാളത്തിനു മുമ്പില്‍ ഇതിനെ ജിഹാദായിത്തന്നെ കണ്ട് പോരാടാനാനേ നിസ്സഹായരായ മാപ്പിളമാര്‍ക്ക് വഴിയുണ്ടായിരുന്നുള്ളൂ. അവരെ സംബന്ധിച്ചിടത്തോളം ആ സാഹചര്യത്തില്‍ അത് ശരിയുമായിരുന്നു. അവരാരും രക്തച്ചൊരിച്ചിലുണ്ടാക്കാനോ ആത്മാഹുതിയിലേക്ക് സ്വശരീരത്തെ വലിച്ചെറിയാനോ കൊതിച്ചവരായിരുന്നില്ല. ഓരോ ലോക്കല്‍ ഏരിയകളായിരുന്നു അന്നത്തെ ഓരോ നാടുകള്‍. അവിടത്തെ കാരണവന്മാരുടെയും മതാദ്ധ്യാപകരുടെയും നിര്‍ദേശമനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചു. അങ്ങനെ ധാരാളം പേര്‍ രക്തസാക്ഷികളായി. ഏതെങ്കിലും പണ്ഡിതാഹ്വാനങ്ങളില്‍നിന്ന് മന:പൂര്‍വം ഒളിച്ചോടിയിരുന്നവരോ അതിനെ ധിക്കരിച്ചവരോ ആയിരുന്നില്ല അവരൊന്നും. വാരിയംകുന്നത്തിന്റെ പാതയും അതുതന്നെ.

വാരിയംകുന്നന് താന്‍ ചെയ്ത കാര്യങ്ങള്‍ തന്നെ മതി കാലാകാലങ്ങളില്‍ ആദരിക്കപ്പെടാനും അനുസ്മരിക്കപ്പെടാനും. അതിലപ്പുറം അദ്ദേഹത്തിലേക്ക് അധികമായി വല്ലതും ചേര്‍ത്തു പറയേണ്ടതിന്റെയോ ഉള്ളതിനെ കുറച്ചുകാണിക്കേണ്ടതിന്റെയോ ഒരു കാര്യവുമില്ല. 
ഭക്തനായ ഒരു മുസ്‍ലിമും ധീരനായ ഒരു പോരാളിയുമായിരുന്നു വാരിയംകുന്നത്ത്. ദീര്‍ഘ കാലത്തെ അനുഭവങ്ങളും ബോധ്യങ്ങളുമാണ് ഈ ദ്വിവിശേഷണങ്ങള്‍ അദ്ദേഹത്തിന് നല്‍കിയത്. അതായിരുന്നു അദ്ദേഹത്തിന്റെ ഫിഖ്ഹ്. അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ അത് ശരിയുമായിരുന്നു. കോണ്‍ഗ്രസ് നേതാവ് എം.പി. നാരായണ മേനോനും താനൂര്‍ മുദരിസ് പരീക്കുട്ടി മുസ്‍ലിയാരും അദ്ദേഹത്തിന് വെളിച്ചം കാട്ടിയിട്ടുണ്ട്. ആലി മുസ്‍ലിയാരും പാണ്ടിക്കാട് നമ്പീശനും അദ്ദേഹത്തിന് ശക്തി പര്‍ന്നിട്ടുണ്ട്. കണ്ടെത്തലുകളുടെ പ്രളയകാലത്ത് വാരിയംകുന്നത്ത് കുതിച്ചുയരുന്നത്/ മാറ്റിവക്കപ്പെടുന്നത് ഒരുപക്ഷേ, തന്റെ ജീവിതത്തില്‍, അദ്ദേഹം പോലും നിനച്ചിട്ടില്ലാത്ത  തലങ്ങളിലേക്കാണോ! കേട്ട വാരിയംകുന്നത്ത് തന്നെയാണ് എക്‌സാജറേറ്റഡ് വാരിയംകുന്നത്തിനെക്കാള്‍ ശക്തന്‍!!

അല്ലാഹു അദ്ദേഹത്തെയും നമ്മേയും സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കട്ടെ. ആമീന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter