ഋഷി സുനേകിന്റെ ബ്രിട്ടണ്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ ബാധിക്കുമോ

പാശ്ചാത്യ സാമ്രാജ്യ   ശക്തിയായ ബ്രിട്ടന്റെ നയനിലപാടുകളും നയതന്ത്ര തീരുമാനങ്ങളും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെയും വിശിഷ്യാ ഫലസ്തീന്റെയും സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ഏറെ സ്വാധീനിക്കുന്നവയാണ്. ബാൽഫർ പ്രഖ്യാപനം തുടങ്ങി ജൂത കുടിയേറ്റങ്ങളിലൂടെ ഇസ്രായേൽ രൂപീകരണവും ജന്മനാട്ടിൽ ഫലസ്ഥീനികള്‍ വിദേശവല്‍ക്കരിക്കപ്പെട്ടതുമെല്ലാം ബ്രിട്ടന്റെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയുടെയും സഹകരണത്തിന്റെയും ബലത്തിലായിരുന്നുവെന്നത് പകൽ പോലെ വ്യക്തമായ കാര്യമാണ്. പിന്നീടുള്ള നാളിത് വരെ ഇതര പാശ്ചാത്യ രാജ്യങ്ങളെ പോലെ തന്നെ ഇസ്രായേലനുകൂല നിലപാടുകളായിരുന്നു ബ്രിട്ടനും സ്വീകരിച്ചു പോന്നത്. 

അത് കൊണ്ട് തന്നെ, ഇന്ത്യൻ വേരുകളുള്ള ഋഷി സുനേക് ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യ വെള്ളക്കാരനല്ലാത്ത പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കുമ്പോള്‍,  അത് ഫലസ്തീനെയും മധ്യേഷ്യന്‍ അറബ് രാജ്യങ്ങളെയും സംബന്ധിച്ചും ഏറെ പ്രധാനമായ രാഷ്ട്രീയ നീക്കമാണ്.

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെ പോലെ വിദേശകാര്യ നയതന്ത്ര മേഖലയുമായി പരിചയക്കുറവുണ്ടെങ്കിലും മറ്റു രാജ്യങ്ങളോടുള്ള പ്രത്യേകിച്ച് ഇറാനും ഫലസ്തീനും തുർക്കിയടക്കമുള്ള രാജ്യങ്ങളോടുള്ള ബ്രിട്ടന്റെ സമീപനം എങ്ങനെയായിക്കണമെന്ന് പല വേദികളിലായി വ്യക്തമാക്കിയിട്ടുള്ള വ്യക്തിയാണ് സുനേക്. ടെൽ അവീവിൽ നിന്നും ജെറുസലേമിലേക്കു ബ്രിട്ടീഷ് എംബസി മാറ്റുന്നതുടക്കം കഴിഞ്ഞ മാസങ്ങളിലായി ഇസ്രേലിനെ പിന്തുണച്ചുകൊണ്ട് പത്രങ്ങളിലൂടെയും ചർച്ചാ വേദികളിലൂടെയുമായി അദ്ദേഹം ഒരുപാട് പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. ഇരുപതോളം ഫലസ്തീനികൾ കൊല്ലപ്പെടാനിടയായ  ഇസ്രായേൽ സേനയുടെ അതിക്രമങ്ങൾ കഴിഞ്ഞു ഒരാഴ്ചക്ക് ശേഷം, ഓഗസ്റ്റിൽ നടന്ന കൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇസ്രായേൽ പരിപാടിയിൽ, യുകെ  എംബസി ടെൽ അവീവിൽ നിന്നും ജറുസലേമിലേക്ക് മാറ്റാനുള്ള ആവശ്യത്തിന് “വളരെ ശക്തമായ പിൻബലം” ഉണ്ടെന്നും ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും സുനേക് പറഞ്ഞിരുന്നു.

ജെറുസലേമിനെ തലസ്ഥാനമായി ഇസ്രായേൽ പ്രഖ്യാപിച്ചതിന് ശേഷവും വിശദമായ ഇസ്രായേൽ - ഫലസ്ഥീൻ  ചർച്ചകൾക്ക് ശേഷം മാത്രമേ ജറുസലേമിന്റെ അന്തിമ പദവി തീരുമാനിക്കാവൂ എന്ന ദീർഘകാല നയത്തിന്റെ ഭാഗമായി യു.കെ ദീർഘ കാലമായി ടെൽ അവീവ് കേന്ദ്രീകരിച്ചായിരുന്നു നയതന്ത്ര ദൗത്യങ്ങൾ നിർവഹിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സുനക്കിന്റെ ജറുസലേം  പ്രസ്താവനയുടെ ആന്തരികാര്‍ത്ഥങ്ങളും അതില്‍ തെളിയുന്ന അദ്ദേഹത്തിന്റെ നിലപാടുകളും വ്യക്തമാകുന്നത്.

ആംനസ്റ്റിയും ഹ്യൂമൻ റൈറ്റ്‌സ് വാച്ചുമുൾപ്പെടെയുള്ള  പ്രമുഖ മനുഷ്യാവകാശ സംഘടനകൾ ഇസ്രായേലിനെ ഒരു വർഗ്ഗവിവേചന രാഷ്ട്രമായി (Aparthied State) പ്രഖ്യാപിച്ചപ്പോഴും, സുനേക് അത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല, പരസ്യമായി അതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു.

ജ്യൂയിഷ് ക്രോണിക്ക്‌ളിന് നൽകിയ അഭിമുഖത്തിൽ ഇതിന് ന്യയീകരണമെന്നോണം സുനേക് വ്യക്തമാക്കിയത് ഇങ്ങനെയാണ് "വർഗ്ഗവിവേചന വാദം വസ്തുതാപരമായി തെറ്റാണെന്നതിന് പുറമെ, തികച്ചും കുറ്റകരവുമാണ്. ഏതൊരു രാജ്യത്തെയും പോലെ, ഇസ്രായേലും എല്ലാം തികഞ്ഞതല്ല.  എന്നാൽ മാധ്യമ സ്വാതന്ത്ര്യവും നിയമവാഴ്ചയുമുള്ള ഊർജ്ജസ്വലമായ ബഹു-വംശീയ ജനാധിപത്യ രാജ്യം തന്നെയാണ് ഇസ്റാഈലും. സ്വേച്ഛാധിപത്യങ്ങളുടെയും മതതീവ്രവാദികളുടെയും ഒരു പ്രദേശത്ത് അത് പ്രത്യാശയുടെ തിളങ്ങുന്ന വെളിച്ചമായി നിലകൊള്ളുന്നു". ഇതിനു പുറമെ  കുപ്രസിദ്ധ ജൂത സുരക്ഷാ സംഘടനകൾക്കുള്ള ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ധനസഹായം വർധിപ്പിക്കുന്നതിനെ കുറിച്ചും   അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

"ലോകത്തിലെ ഏക ജൂത രാഷ്ട്രത്തെ തകർക്കാൻ ശ്രമിക്കുന്നവരെ ജൂത സമൂഹം എതിർക്കുന്നതിൽ യാതൊരു തെറ്റുമില്ല" അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഒരൊറ്റ പ്രസ്താവനയിലൂടെ അദ്ദേഹം തള്ളിക്കളഞ്ഞത് ഇസ്രായേലിന്റെ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങൾ, അന്താരാഷ്ട്ര നിയമത്തോടുള്ള അവഹേളനം, യുദ്ധക്കുറ്റങ്ങൾ തുടങ്ങിയവയെല്ലാമാണ്. ജ്യൂയിഷ് ന്യൂസിൽ എഴുതിയ ലേഖനത്തിൽ താൻ പ്രധാനമന്ത്രിയായാൽ ഫല്സ്തീനിലെ പ്രതിരോധ സമര പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ബി. ഡി. യെസ് എന്ന ചുരുക്കപെരിലറിയപ്പെടുന്ന boycott, division, sanction (ബഹിഷ്കരണം, പിളർപ്പ്, ഉപരോധം) എന്ന സമര പ്രസ്ഥാനത്തിനെതിരായ ബില്ലിനെ താൻ  പിന്തുണയ്ക്കുമെന്നും ഋഷി സുനേക് വ്യക്തമാകുന്നുണ്ട്.

ഒരുപക്ഷേ, ബ്രിട്ടീഷ് രാഷ്ട്രീയ വ്യവസ്ഥയിൽ സുനേകിനെ പ്രിയങ്കരനാക്കിയതിൽ ഇസ്രായേലിനും സയണിസത്തിനുമുള്ള അദ്ദേഹത്തിന്റെ തീവ്രമായ പിന്തുണക്കും സ്നേഹത്തിനും കാര്യമായ പങ്കുണ്ടെന്ന് പറഞ്ഞാല്‍ അതും ശരിയായിരിക്കാം. സുനേക് നേതൃത്വം നല്കുന്ന ബ്രിട്ടീഷ് സര്‍ക്കാറിന്റെ വരും ദിനങ്ങളിലെ നിലപാടുകളും നയങ്ങളും കാതോര്‍ത്തിരിക്കുകയാണ് മിഡില്‍ഈസ്റ്റ് രാജ്യങ്ങളും വിശിഷ്യാ ഫലസ്തീനും. പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തോടെ പ്രകടമായിരുന്ന പ്രതീക്ഷയുടെ കിരണങ്ങള്‍ക്ക്, ഋഷി സുനേകിന്റെ വരവോടെ മങ്ങലേല്‍ക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter