സകാത്തും താൽക്കാലിക ക്യാഷ് വഖ്ഫും: പലിശരഹിത വായ്പകൾക്ക് ഉപയോഗിക്കാമോ
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന ശിലകളായ സകാത്തും വഖ്ഫും സമൂഹത്തിലെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാനും അരികുവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം ഉറപ്പുവരുത്താനും സംവിധാനിക്കപ്പെട്ടവയാണ്. പലിശയിലധിഷ്ഠിതമായ ആധുനിക ബാങ്കിങ് വായ്പകൾ സാധാരണക്കാരെ ചൂഷണം ചെയ്യുമ്പോൾ, ഇസ്ലാം കർശനമായി നിരോധിച്ച പലിശയ്ക്ക് ബദലായി 'ഖർദുൽ ഹസൻ' (പലിശരഹിത വായ്പ) എന്ന ആശയം ശരീഅത്ത് മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, പരമ്പരാഗതമായി തുടർന്നുവരുന്ന ദാനധർമ്മ രീതികൾക്കപ്പുറം സകാത്ത് ഫണ്ടിൽ നിന്നോ താൽക്കാലിക ക്യാഷ് വഖ്ഫിൽ (Temporary Cash Waqf) നിന്നോ ഖർദുൽ ഹസൻ രൂപത്തിൽ സാമൂഹിക ധനസഹായം (Social Financing) നൽകാമോ എന്നത് സമകാലിക ഇസ്ലാമിക സാമ്പത്തിക ഗവേഷണങ്ങളിലെ സജീവമായ ചർച്ചാവിഷയമാണ്. മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി (IIUM) ഗവേഷകർ 'ഇന്റർനാഷണൽ ജേണൽ ഓഫ് ഫിഖ്ഹ് ആൻഡ് ഉസ്വൂലുൽ ഫിഖ്ഹ് സ്റ്റഡീസി'ൽ പ്രസിദ്ധീകരിച്ച പഠനത്തെ ആധാരമാക്കി ഈ വിഷയം പരിശോധിക്കുമ്പോൾ, ശാഫിഈ മദ്ഹബ് ഉൾപ്പെടെയുള്ള പൗരാണിക കർമ്മശാസ്ത്ര ധാരകളുടെ അംഗീകൃത നിലപാടുകളെയും സമകാലിക പണ്ഡിതന്മാർ മഖാസ്വിദുശ്ശരീഅഃയുടെ (ശരീഅത്തിന്റെ ഉന്നത ലക്ഷ്യങ്ങൾ) അടിസ്ഥാനത്തിൽ മുന്നോട്ടുവെക്കുന്ന നവീന നിർദ്ദേശങ്ങളെയും കൃത്യമായി വേർതിരിച്ചു മനസ്സിലാക്കാവുന്നതാണ്.
ആധുനിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന സാധാരണ വായ്പകളിൽ നിശ്ചിത കാലാവധിക്ക് ശേഷം മൂലധനത്തോടൊപ്പം അധിക തുകയോ ലാഭമോ ഈടാക്കുമ്പോൾ, യാതൊരുവിധ അധിക ചാർജുകളോ ലാഭേച്ഛയോ ഇല്ലാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ജനങ്ങളുടെ പ്രയാസങ്ങൾ ലഘൂകരിക്കാനായി നൽകുന്ന വായ്പയാണ് ഖർദുൽ ഹസൻ. പ്രമുഖ ശാഫിഈ പണ്ഡിതനായ ഇബ്നുൽ മുലഖിൻ തന്റെ 'തുഹ്ഫത്തുൽ മുഹ്താജ് ഇലാ അദില്ലത്തിൽ മിൻഹാജ്' എന്ന ഗ്രന്ഥത്തിൽ വായ്പയെ (ഖർദ്) നിർവ്വചിക്കുന്നത്, സമാനമായ വസ്തു തിരിച്ചുനൽകണമെന്ന നിബന്ധനയോടെ ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറുക എന്നാണ്. വായ്പ വാങ്ങുന്നയാൾക്ക് അത് അനുവദനീയവും (മുബാഹ്) നൽകുന്നയാൾക്ക് ഏറെ പ്രതിഫലമുള്ള സുന്നത്തുമാണ് (മുസ്തഹബ്ബ്). അല്ലാഹുവിന് ഖർദുൽ ഹസൻ നൽകുന്നവർക്ക് അത് അനേകം മടങ്ങുകളായി വർദ്ധിപ്പിച്ചു നൽകുമെന്ന വിശുദ്ധ ഖുർആനിലെ (2:245) വാഗ്ദാനവും, ഒരു മുസ്ലിമിന് രണ്ടുതവണ കടം നൽകുന്നത് ഒരു തവണ ദാനധർമ്മം ചെയ്യുന്നതിന് തുല്യമാണെന്ന നബിവചനവും ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഒരു വിശ്വാസിയുടെ ഭൗതിക പ്രയാസങ്ങൾ ദൂരീകരിക്കുന്നവന്റെ പരലോക പ്രയാസങ്ങൾ അല്ലാഹു നീക്കിക്കൊടുക്കുമെന്ന സ്വഹീഹ് മുസ്ലിമിലെ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം ശൗകാനി തന്റെ 'നൈലുൽ അവ്ത്വാറി'ൽ പ്രമുഖ ശാഫിഈ പണ്ഡിതനായ ഇബ്നു റസ്ലാന്റെ വാക്കുകൾ ഉദ്ധരിക്കുന്നുണ്ട്; അനിവാര്യമായ ഘട്ടങ്ങളിൽ വായ്പ ചോദിക്കുന്നതിന്റെയും സഹായിക്കുന്നതിന്റെയും സാധുതയിൽ പണ്ഡിതന്മാർക്കിടയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാൽ ഇത്തരത്തിലുള്ള പലിശരഹിത വായ്പകൾ നൽകുന്നതിനായി സകാത്ത് ഫണ്ടോ താൽക്കാലിക ക്യാഷ് വഖ്ഫോ ഉപയോഗിക്കാമോ എന്ന വിഷയത്തിൽ ശാഫിഈ മദ്ഹബിന്റെ അംഗീകൃത നിലപാടുകൾ സുവ്യക്തമാണ്. നബി(സ്വ) യുടെ സ്വഹാബികളിൽ സാമ്പത്തിക ശേഷിയുള്ള ആരും തന്നെ വഖ്ഫ് ചെയ്യാതിരുന്നിട്ടില്ല എന്ന ജാബിർ(റ) വിന്റെ പ്രസ്താവന ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ 'അൽമജ്മൂഅ് ശർഹുൽ മുഹദ്ദബി'ൽ ഇമാം നവവി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, വഖ്ഫിന്റെ സാങ്കേതിക നിർവ്വചനത്തിലും നിബന്ധനകളിലും ശാഫിഈ മദ്ഹബ് കർശനമായ കാഴ്ചപ്പാട് പുലർത്തുന്നുണ്ട്. ഖതീബ് അശ്ശർബീനി തന്റെ 'മുഗ്നിൽ മുഹ്താജ് ഇലാ മഅ്രിഫത്തി അൽഫാളിൽ മിൻഹാജ്' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത്, ഉപയോഗപ്രദമായ സമ്പത്തിന്റെ മൂലരൂപം (അസ്ൽ) നശിക്കാതെ നിലനിർത്തിക്കൊണ്ട് അനുവദനീയമായ കാര്യങ്ങളിൽ അതിന്റെ വരുമാനവും പ്രയോജനവും വിനിയോഗിക്കാനായി തടഞ്ഞുവെക്കലാണ് വഖ്ഫ് എന്നാണ്. വഖ്ഫ് ചെയ്യപ്പെടുന്നതോടെ ആ സ്വത്തിന്റെ ഉടമസ്ഥാവകാശം ദാതാവിൽ നിന്ന് പൂർണ്ണമായും നീങ്ങി അല്ലാഹുവിന് മാത്രമായിത്തീരുന്നു എന്നതാണ് ശാഫിഈ മദ്ഹബിന്റെ നിലപാടെന്ന് ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസാരി തന്റെ 'ഫത്ഹുൽ വഹ്ഹാബ് ബി ശർഹി മൻഹജിത്തുല്ലാബി'ൽ രേഖപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ, വഖ്ഫ് എപ്പോഴും ശാശ്വതമായിരിക്കണമെന്നും (തഅ്ബീദ്) നിശ്ചിത കാലാവധി നിശ്ചയിച്ചുകൊണ്ടുള്ള താൽക്കാലിക വഖ്ഫ് (വഖ്ഫ് മുഅഖത്ത്) വഖ്ഫിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമായതിനാൽ ഇസ്ലാമിക നിയമത്തിൽ സാധുവല്ലെന്നും പ്രമുഖ ശാഫിഈ പണ്ഡിതനായ ഇമാം അബൂ ഇസ്ഹാഖ് അശ്ശീറാസി 'അൽമുഹദ്ദബ് ഫീ ഫിഖ്ഹിൽ ഇമാം അശ്ശാഫിഈ' എന്ന ഗ്രന്ഥത്തിൽ ഖണ്ഡിതമായി വ്യക്തമാക്കുന്നു. ഉടമസ്ഥാവകാശത്തിൽ നിന്ന് ശാശ്വതമായി ഒഴിയുമ്പോഴാണ് വഖ്ഫ് പൂർണ്ണമാകുന്നതെന്ന ഈ നിബന്ധന കാരണം, വിനിമയത്തിലൂടെ മൂലരൂപം നഷ്ടപ്പെടുന്ന പണമോ നാണയങ്ങളോ വഖ്ഫ് (ക്യാഷ് വഖ്ഫ്) ചെയ്യുന്നതും ശാഫിഈ മദ്ഹബുൾപ്പെടെയുള്ള ഭൂരിപക്ഷം പൗരാണിക പണ്ഡിതന്മാരുടെയും വീക്ഷണത്തിൽ അനുവദനീയമല്ല.
സമാനമായ രീതിയിൽ, സകാത്ത് ഫണ്ടിൽ നിന്ന് വായ്പ അനുവദിക്കുന്നതിനും ശാഫിഈ മദ്ഹബിന്റെ ഉള്ളിൽ നിന്നുള്ള യാതൊരുവിധ പ്രാമാണിക പിന്തുണയുമില്ല. പൗരാണിക കാലഘട്ടത്തിൽ സകാത്തിൽ നിന്ന് വായ്പ നൽകുന്നതിനെക്കുറിച്ച് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ചർച്ചകൾ പോലും ഉണ്ടായിരുന്നില്ലെന്നും, ആധുനിക ധനകാര്യ-ബാങ്കിങ് സ്ഥാപനങ്ങളുടെ വളർച്ചയോടെ സമകാലിക പണ്ഡിതന്മാരാണ് ഈ ചർച്ച ഉയർത്തിക്കൊണ്ടുവന്നതെന്നും പഠനം തന്നെ വ്യക്തമാക്കുന്നുണ്ട്. സകാത്ത് പണം മോഷണം, നാശനഷ്ടം, അല്ലെങ്കിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോഴുള്ള അപകടങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാനായി വായ്പ നൽകുന്നതിനെ സമകാലിക പണ്ഡിതന്മാർ അനുകൂലിക്കുന്നുണ്ടെങ്കിലും, അതിനായി അവർ ഉദ്ധരിക്കുന്നത് ഹമ്പലീ പണ്ഡിതന്മാരായ ഇബ്നു ഖുദാമയുടെയും ('അൽമുഗ്നി') അൽബഹൂത്തിയുടെയും ('കശ്ശാഫുൽ ഖിനാഅ്') അനാഥകളുടെ സ്വത്ത് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിലപാടുകളും, യാത്രയിലെ അപകടം ഒഴിവാക്കാൻ ഒരിടത്ത് പണം കടം നൽകി ലക്ഷ്യസ്ഥാനത്ത് വെച്ച് തിരിച്ചുവാങ്ങുന്ന 'അൽസുഫ്തജ' രീതി അനുവദനീയമാണെന്ന ഇബ്നു തൈമിയ്യയുടെ ഫത്വയെയുമാണ്.
എന്നാൽ സകാത്ത് സ്വത്തിന്റെ സുരക്ഷ എന്നതിലുപരി ജനങ്ങൾക്ക് ആശ്വാസമേകാൻ സകാത്ത് ഫണ്ടിൽ നിന്ന് വായ്പ നൽകാമെന്ന വാദത്തെ അലി ജാദുൽ ഹഖ്, റഫീഖ് അൽമിസ്രി, അഹ്മദ് ബ്നു ഹുമൈദ്, ഹംദി സുബ്ഹ് താഹ, ഹുസാമുദ്ദീൻ അഫാന തുടങ്ങിയ പണ്ഡിതന്മാരും സൗദി അറേബ്യയിലെ സ്ഥിരം ഫത്വ കൗൺസിലും കർശനമായി എതിർക്കുന്നു. വിശുദ്ധ ഖുർആൻ (9:60) സകാത്തിന്റെ അവകാശികളെ എട്ട് വിഭാഗമായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ വായ്പ ഉൾപ്പെടുന്നില്ലെന്നും, സകാത്ത് അവകാശികൾക്ക് തൽക്ഷണം (ഫൗരിയായി) വിതരണം ചെയ്യേണ്ട നിർബന്ധ ബാധ്യതയായതിനാൽ വായ്പ നൽകുന്നത് വിതരണം വൈകിപ്പിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വായ്പയുടെയും തിരിച്ചടവിന്റെയും അവസാനിക്കാത്ത ചക്രം രൂപപ്പെടുന്നതിലൂടെ ഖുർആൻ നിർദ്ദേശിച്ച യഥാർത്ഥ അവകാശികൾക്ക് സകാത്ത് ലഭിക്കാതെ പോവുകയും, കടം വാങ്ങിയ ആൾ തിരിച്ചടക്കാതിരിക്കുകയോ നിഷേധിക്കുകയോ ചെയ്താൽ സകാത്ത് സ്വത്ത് തന്നെ നഷ്ടപ്പെടുകയും ചെയ്യും. എല്ലാറ്റിലുമുപരി, നബി(സ്വ) യുടെയോ സ്വഹാബത്തിന്റെയോ കാലത്തോ പിൽക്കാല ഇസ്ലാമിക ചരിത്രത്തിലോ സകാത്തിൽ നിന്ന് വായ്പ നൽകിയതായി എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നും ഇവർ സമർത്ഥിക്കുന്നു. കേരളത്തിലെ പരമ്പരാഗത ശാഫിഈ പണ്ഡിതസമൂഹം പിന്തുടരുന്ന കർമ്മശാസ്ത്ര നിലപാടുകളോട് പൂർണ്ണമായും യോജിച്ചുനിൽക്കുന്നത് ഈ വീക്ഷണമാണ്.
അതേസമയം, ശൈഖ് യൂസുഫ് അൽഖറദാവി ('ഫിഖ്ഹുസ്സകാത്ത്'), അബൂ സഹ്റ, അബ്ദുൽ വഹ്ഹാബ് ഖല്ലാഫ്, മൗലാനാ മൗദൂദി, മുഹമ്മദ് ഹമീദുല്ല, അബ്ദുസ്സത്താർ അബൂ ഗുദ്ദ, മുഹമ്മദ് അൽസുഹൈലി, നാഇഫ് അൽഅജ്മി തുടങ്ങിയ ആധുനിക പണ്ഡിതന്മാരാണ് സകാത്തിൽ നിന്ന് ഖർദുൽ ഹസൻ നൽകാമെന്ന നിർദ്ദേശം മുന്നോട്ടുവെക്കുന്നത്. സകാത്തിന്റെ എട്ട് അവകാശികളിൽ ഖുർആൻ എടുത്തുപറഞ്ഞ 'അൽഗാരിമീൻ' (കടബാധിതർ) എന്ന വിഭാഗത്തിൽ താൽക്കാലിക ആവശ്യങ്ങൾക്കായി കടം വാങ്ങുന്നവരെയും ഉൾപ്പെടുത്താമെന്നും, തിരിച്ചുനൽകാത്ത വിധം കടബാധിതരുടെ കടം വീട്ടാൻ സകാത്ത് നൽകാമെങ്കിൽ തുക തിരികെ ഫണ്ടിലേക്ക് തന്നെ തിരിച്ചെത്തുന്ന വിധം പലിശരഹിത വായ്പ നൽകുന്നത് കൂടുതൽ ഉത്തമമാണെന്നുമാണ് ഇവരുടെ വാദം. ഇമാം മാലിക്(റ) 'അൽമുവത്വ'യിൽ ഉദ്ധരിക്കുന്ന ചരിത്രസംഭവവും ഇവർ തെളിവായി ഉദ്ധരിക്കുന്നു: ഉമർ(റ) വിന്റെ മക്കളായ അബ്ദുല്ലയും ഉബൈദുല്ലയും ഇറാഖ് സൈന്യത്തോടൊപ്പം പോയി മടങ്ങുമ്പോൾ ബസ്വറയുടെ ഗവർണറായിരുന്ന അബൂ മൂസൽഅശ്അരി(റ) പൊതുഖജനാവിലെ സമ്പത്തിൽ നിന്ന് അവർക്ക് കച്ചവടം ചെയ്ത് ലാഭമെടുക്കാനും മൂലധനം മദീനയിൽ തിരിച്ചടക്കാനും വായ്പ അനുവദിക്കുകയും, പിന്നീട് ഉമർ(റ) അതിനെ ഖിറാദ് (മുളാറബ) ആക്കി മാറ്റുകയും ചെയ്തു. ദരിദ്രരാണെങ്കിലും ആത്മാഭിമാനം കാരണം സകാത്ത് കൈപ്പറ്റാൻ മടിക്കുന്നവർക്ക് വായ്പ സ്വീകരിക്കാൻ പ്രയാസമുണ്ടാകില്ലെന്നും, യാത്രക്കാർക്കും കടക്കാർക്കും സകാത്ത് വാങ്ങുന്നതിനേക്കാൾ കടം വാങ്ങുന്നതാണ് ഉത്തമമെന്ന് ഹനഫീ പണ്ഡിതനായ ഇബ്നുൽ ഹുമാം ('ഫത്ഹുൽ ഖദീർ') വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സകാത്തിന്റെ യഥാർത്ഥ അവകാശികൾക്ക് അവരുടെ വിഹിതം നഷ്ടപ്പെടാതിരിക്കുക, സകാത്തിന്റെ അടിസ്ഥാന വിഭാഗങ്ങൾക്കും വായ്പാ ഫണ്ടിനും ഇടയിൽ കൃത്യമായ അനുപാതം നിശ്ചയിക്കുക എന്നീ ഉപാധികളോടെ സകാത്തിൽ നിന്ന് വായ്പ അനുവദിക്കാമെന്ന ഈ നിഗമനം ശാഫിഈ മദ്ഹബിന്റെ തീർപ്പല്ല, മറിച്ച് മഖാസ്വിദുശ്ശരീഅഃയെ ആധാരമാക്കി സമകാലിക ഗവേഷകർ മുന്നോട്ടുവെക്കുന്ന ഒരു നിർദ്ദേശം മാത്രമാണ്.
ഈ പഠനത്തിൽ ഗവേഷകർ സ്വീകരിച്ചിട്ടുള്ള അൽമസ്ലഹത്തുൽ മുർസല, അൽഖിയാസുൽ വാസിഅ് എന്നീ നിദാനശാസ്ത്ര രീതികളും അവയുടെ കർമ്മശാസ്ത്രപരമായ സാധൂകരണവും സവിശേഷമായ പരിശോധന അർഹിക്കുന്നുണ്ട്. പരമ്പരാഗത ശാഫിഈ ഉസൂലുല് ഫിഖ്ഹിൽ രണ്ട് വിഷയങ്ങളെ തമ്മിൽ ഖിയാസ് ചെയ്യണമെങ്കിൽ അവയ്ക്കിടയിൽ കൃത്യവും നിജപ്പെടുത്തപ്പെട്ടതുമായ ഒരു കാരണവും (ഇല്ലത്ത് മുൻളബിത്വ) പ്രമാണങ്ങളുടെ പിൻബലവും അനിവാര്യമാണ്. വെറും പൊതുവായ ലക്ഷ്യസാമ്യം (മഖാസ്വിദ്) മാത്രം വെച്ചുകൊണ്ട് ഒരു കർമ്മശാസ്ത്ര വിധി മറ്റൊന്നിലേക്ക് വ്യാപിപ്പിക്കാൻ കഴിയില്ല.
എന്നാൽ ആധുനിക മഖാസ്വിദീ ഗവേഷകർ ആരാധനാ കർമ്മങ്ങൾ (ഇബാദത്ത്) അല്ലാത്ത സാമ്പത്തിക-സാമൂഹിക വിഷയങ്ങളിൽ 'അൽമസ്ലഹത്തുൽ മുർസല'യ്ക്ക് സമാനമായി, ഒരേ ശരീഅത്ത് ലക്ഷ്യങ്ങളുള്ള രണ്ട് കാര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 'അൽഖിയാസുൽ വാസിഅ്' എന്ന രീതി ഉപയോഗിക്കുന്നു. സകാത്തിൽ നിന്നുള്ള വായ്പയും ക്യാഷ് വഖ്ഫിൽ നിന്നുള്ള വായ്പയും സമൂഹത്തിലെ അശരണരുടെ പ്രയാസങ്ങൾ നീക്കുക (തയ്സീർ), സാമൂഹിക സഹകരണം ഉറപ്പാക്കുക (ഇർഫാഖ്) എന്നീ സമാന ലക്ഷ്യങ്ങൾ പങ്കുവെക്കുന്നതിനാൽ അവയ്ക്ക് ഒരേ വിധി നൽകാമെന്നാണ് ഗവേഷകർ വാദിക്കുന്നത്. എന്നാൽ, കേവലം പൊതുവായ ലക്ഷ്യസാമ്യം ചൂണ്ടിക്കാണിക്കുന്നത് കൊണ്ട് മാത്രം താൽക്കാലിക ക്യാഷ് വഖ്ഫിലൂടെയുള്ള വായ്പയ്ക്ക് കർമ്മശാസ്ത്രപരമായ സാധുത ലഭിക്കില്ലെന്ന് ഗവേഷകർ തന്നെ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് മഖാസ്വിദീ ഖിയാസിന് ഉപോൽബലകമായി മാലികീ, ഹമ്പലീ മദ്ഹബുകളിലെ പ്രാമാണിക ഗ്രന്ഥങ്ങളിൽ നിന്നുള്ള ഫിഖ്ഹീ തെളിവുകൾ അവർ തുടർന്ന് സമർത്ഥിക്കുന്നത്. അതായത്, പ്രമാണങ്ങളിലോ മദ്ഹബുകളിലോ ഇല്ലാത്ത ഒരു പുതിയ വിധി ലക്ഷ്യസാമ്യം വെച്ച് നിർമ്മിക്കുകയല്ല, മറിച്ച് വഖ്ഫിന്റെ വിശദാംശങ്ങളിൽ പ്രമാണങ്ങൾ പുലർത്തിയ മൗനം നൽകുന്ന വിശാലത ഉപയോഗപ്പെടുത്തി, മാലികീ-ഹമ്പലീ മദ്ഹബുകളിൽ നേരത്തെ തന്നെ അംഗീകരിക്കപ്പെട്ട 'താൽക്കാലിക ക്യാഷ് വഖ്ഫ്' എന്ന ആശയത്തിന് സമകാലിക സാഹചര്യത്തിൽ മുൻഗണന (തർജീഹ്) നൽകാനുള്ള ഒരു മാനദണ്ഡമായിട്ടാണ് മഖാസ്വിദുശ്ശരീഅഃയെ ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
താൽക്കാലിക ക്യാഷ് വഖ്ഫിനും അതിലൂടെയുള്ള വായ്പയ്ക്കും കർമ്മശാസ്ത്രപരമായ അടിത്തറ നൽകുന്നത് മാലികീ, ഹമ്പലീ, ഹനഫീ മദ്ഹബുകളിലെ പ്രാമാണിക ഉദ്ധരണികളാണ്. വഖ്ഫ് ശാശ്വതമായിരിക്കണമെന്ന നിബന്ധനയ്ക്ക് ഖുർആനിലോ സുന്നത്തിലോ ഖണ്ഡിതമായ തെളിവുകളില്ലെന്നും, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കുതിരയെ വഖ്ഫ് ചെയ്തതിനെ പ്രശംസിക്കുന്ന അബൂ ഹുറൈറ(റ) ഉദ്ധരിച്ച ഹദീസും ഖാലിദ് ബ്നുൽ വലീദ് (റ) തന്റെ പടച്ചട്ടയും ആയുധങ്ങളും വഖ്ഫ് ചെയ്ത സംഭവവും നശിക്കുന്ന വസ്തുക്കളും വഖ്ഫ് ചെയ്യാമെന്നതിന്റെ തെളിവാണെന്നും പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. ഹനഫീ മദ്ഹബിലെ മുൻകാല പണ്ഡിതന്മാരായ ഇമാം മുഹമ്മദ് ബ്നുൽ ഹസൻ, ഇമാം സുഫർ എന്നിവർ നാട്ടുനടപ്പിന്റെ (ഉർഫ്) അടിസ്ഥാനത്തിൽ പണവും അളക്കുകയോ തൂക്കുകയോ ചെയ്യുന്ന വസ്തുക്കളും വഖ്ഫ് ചെയ്യാമെന്ന് അഭിപ്രായപ്പെട്ടതായി ഇബ്നു ആബിദീൻ 'റദ്ദുൽ മുഖ്താറി'ൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മാലികീ മദ്ഹബിലാകട്ടെ താൽക്കാലിക വഖ്ഫും ക്യാഷ് വഖ്ഫും പൂർണ്ണമായും സാധുവാണ്. ഇമാം മാലിക് തന്റെ 'അൽമുദവ്വന'യിൽ (4:452) കച്ചവടത്തിനായി നൂറ് ദീനാർ ഒന്നോ രണ്ടോ വർഷത്തേക്ക് മറ്റൊരാൾക്ക് വഖ്ഫ് ചെയ്യുന്ന രീതിയെ 'വായ്പാ വഖ്ഫ്' (ഹബ്സുൽ ഖർദ്) എന്ന് വിശേഷിപ്പിച്ച് സാധൂകരിക്കുന്നുണ്ട്. പണം ചിലവഴിക്കപ്പെടുമ്പോൾ അതിന്റെ മൂലരൂപം നശിച്ചുപോകുമെന്ന ശാഫിഈ പണ്ഡിതരുടെ ആശങ്കയ്ക്ക് മാലികീ കർമ്മശാസ്ത്രം മറുപടി നൽകുന്നത് വായ്പയുടെ നിയമങ്ങൾ (അഹ്കാമുൽ ഖർദ്) വെച്ചാണ്. ക്യാഷ് വഖ്ഫ് അടിസ്ഥാനപരമായി ഒരു വായ്പയായതിനാൽ അത് കൈപ്പറ്റുന്നയാളുടെ ഉടമസ്ഥതയിലാവുകയും, സമാനമായ തുക തിരിച്ചടക്കാൻ അയാൾക്ക് നിയമപരമായ ഉത്തരവാദിത്തം (ളമാൻ) ഉണ്ടാവുകയും ചെയ്യുന്നതിലൂടെ വഖ്ഫ് മൂലധനം നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടുന്നു. പ്രമുഖ മാലികീ പണ്ഡിതനായ ഖലീൽ ബ്നു ഇസ്ഹാഖ് തന്റെ 'അത്തൗദീഹി'ൽ (7:281) ഒരു സ്ത്രീ തന്റെ മകൾക്കായി ചെയ്ത ക്യാഷ് വഖ്ഫ് വായ്പയായി ഗണിക്കപ്പെടുമെന്ന ഇബ്നു റാശിദിന്റെ ഫത്വ ഉദ്ധരിക്കുന്നുണ്ട്.
ഇബ്നുൽ ഹാജിബ്, ഇബ്നു ശാസ് എന്നിവർ നാണയങ്ങളുടെയും ഭക്ഷണത്തിന്റെയും വഖ്ഫ് വിരോധിച്ചത് ആ നാണയങ്ങൾ തന്നെ നശിക്കാതെ നിലനിൽക്കണമെന്ന് വഖ്ഫ് ചെയ്യുന്നയാൾ ഉപാധി വെക്കുമ്പോഴാണെന്നും, ദിനാറുകളും ദിർഹമുകളും വഖ്ഫ് ചെയ്യൽ അനുവദനീയമാണെന്നതാണ് മാലികീ മദ്ഹബിലെ പ്രബല (മുഅ്തമദ്) വീക്ഷണമെന്നും ഇമാം അദവിയും ('ഹാശിയത്തുൽ അദവി') ഇമാം ഹത്വാബും ('മവാഹിബുൽ ജലീൽ') വ്യക്തമാക്കുന്നു. കൂടാതെ, ഹമ്പലീ പണ്ഡിതനായ ഇമാം അൽമർദാവി തന്റെ 'അൽഇൻസാഫി'ൽ (16:377-378) വായ്പ നൽകാനായി ദിർഹമുകൾ വഖ്ഫ് ചെയ്യാമെന്ന് ഇമാം അഹ്മദിൽ നിന്ന് ഉദ്ധരിക്കുന്നുണ്ടെന്നും, ആവശ്യക്കാർക്ക് വായ്പ നൽകാനായി വഖ്ഫ് ചെയ്യുന്നത് അനുവദനീയമാണെന്ന് ഇബ്നു തൈമിയ്യ ('അൽമുസ്തദ്റക് അലാ മജ്മൂഇൽ ഫതാവ') വ്യക്തമാക്കിയിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ പ്രാമാണിക പിൻബലത്തിലാണ് ഇന്റർനാഷണൽ ഫിഖ്ഹ് അക്കാദമിയും യൂറോപ്യൻ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ചും അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് ഓർഗനൈസേഷൻ ഫോർ ഇസ്ലാമിക് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസും (AAOIFI) ക്യാഷ് വഖ്ഫിന് അംഗീകാരം നൽകിയത്.
ഇത്തരത്തിലുള്ള സാമൂഹിക ധനസഹായ പദ്ധതികൾ പ്രായോഗികതലത്തിൽ നടപ്പിലാക്കുമ്പോൾ ശരീഅത്ത് വിരുദ്ധമായ പ്രവണതകളും വ്യക്തിഗത തട്ടിപ്പുകളും ഒഴിവാക്കാൻ കർശനമായ ഭരണനിർവ്വഹണ ചട്ടക്കൂട് (Governance Mechanism) ഉണ്ടായിരിക്കണമെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു. സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിട്ടുകൊടുക്കാതെ സർക്കാർ നിയന്ത്രണത്തിലുള്ള ഔദ്യോഗിക വഖ്ഫ്-സകാത്ത് സ്ഥാപനങ്ങളോ പൊതു ഇസ്ലാമിക് ബാങ്കുകളോ മാത്രമേ ഇത് കൈകാര്യം ചെയ്യാവൂ. ദാതാക്കൾ, ദാതാക്കളുടെ പ്രതിനിധികളായി പ്രവർത്തിക്കുന്ന ഇസ്ലാമിക് ബാങ്കുകൾ, ഇടപാടുകളുടെ ശരീഅത്ത് സാധുത ഉറപ്പുവരുത്തുന്ന ഔദ്യോഗിക മതകാര്യ കൗൺസിൽ, നിശ്ചിത കാലാവധിക്കുള്ളിൽ തുക തിരിച്ചടക്കുന്ന ഗുണഭോക്താക്കൾ എന്നീ നാല് ഘടകങ്ങൾ ചേർന്നതാണ് ഈ മാതൃക.
ചുരുക്കത്തിൽ, വഖ്ഫിലും സകാത്തിലും ശാഫിഈ മദ്ഹബിന്റെ അംഗീകൃത കർമ്മശാസ്ത്ര വിധികൾ സുവ്യക്തമാണെന്നും അവയിൽ വായ്പാ രീതികൾക്ക് ഇടമില്ലെന്നും തിരിച്ചറിയുമ്പോൾ തന്നെ, ആധുനിക സാമ്പത്തിക പ്രതിസന്ധികളിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വിദ്യാഭ്യാസ-സംരംഭകത്വ സഹായങ്ങൾക്കുമായി മാലികീ-ഹമ്പലീ വീക്ഷണങ്ങളെയും മഖാസ്വിദീ രീതിശാസ്ത്രത്തെയും മുൻനിർത്തി സമകാലിക പണ്ഡിതർ ആവിഷ്കരിക്കുന്ന ഇത്തരം ബദൽ മാതൃകകൾ അക്കാദമികമായി ഏറെ ശ്രദ്ധേയമാണ്.
ലേഖകനെ കുറിച്ച്
മാണിയൂര് ശംസുൽ ഉലമാ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് വിദ്യാര്ത്ഥിയാണ് ലേഖകന്



Leave A Comment