വഖ്ഫ്: ചരിത്രവും വർത്തമാനവും

ഇസ് ലാമിക സങ്കേതങ്ങളെ ചുറ്റിപ്പറ്റി ഓരോ വിവാദങ്ങൾ ഉയർന്നു വരുമ്പോഴും അതിനൊരു ഗുണഫലവും ക്രിയാത്മകവശവും ഉണ്ട്. ആ വിഷയം ആഴത്തിൽ പഠിക്കാനും അതിൻ്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനും അവസരം ലഭിക്കുന്നുവെന്നതാണത്. ലവ് ജിഹാദും ലഹരി ജിഹാദുമൊക്കെ തിമർത്താടിയപ്പോൾ ബഹുഭൂരിഭാഗം നിക്ഷ്പക്ഷമതികളായ ജനങ്ങൾക്കും ജിഹാദും ലഹരിയും സംബന്ധിച്ച ഇസ് ലാമിൻ്റെ കാഴ്ചപ്പാട് മനസ്സിലാക്കാനായി. ഇപ്പോൾ വഖ്ഫ് വിഷയത്തിലെ സർക്കാറിൻ്റെ ഏകപക്ഷീയ നടപടി അനാവശ്യ വിവാദങ്ങൾ ഉയർത്തി വിട്ടെങ്കിലും വഖ്ഫിൻ്റെ ചരിത്രവും വർത്തമാനവും അറിയാനുളള ഒരനുകൂല സമയമായി നമുക്കതിനെ ഉപയോഗപ്പെടുത്താം. 

ഭാഷ, സങ്കേതം: 

വഖ്ഫ് എന്ന അറബി പദത്തിന് നിർത്തിയിടുക, തടഞ്ഞ് വയ്ക്കുക, പിടിച്ചു നിർത്തുക തുടങ്ങിയ അർത്ഥങ്ങളാണ് ഭാഷാ പരമായി നൽകപ്പെടുന്നത്. എന്നാൽ സാങ്കേതികാർത്ഥത്തിൽ വഖ്ഫിന് മൂല വസ്തു നിലനിർത്തി അതിൻ്റെ ഫലം മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താൻ ഏർപ്പെടുത്തുന്ന രീതിയാണ് അർത്ഥമാക്കുന്നത്. ഇതിൻ്റെ വിശദാംശങ്ങളിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ശാഫിഈ കർമസരണിയനുസരിച്ച്  വസ്തു നഷ്ടപ്പെടാതെ അതിൻ്റെ ഫലം പ്രയോജനപ്പെടുത്താൻ കഴിയുന്ന സാധനത്തെ അനുവദനീയമായ നിർണിത മേഖലയിൽ മാത്രം ഉപയോഗപ്പെടുത്താൻ കഴിയും വിധം പിടിച്ചു നിർത്തുകയാണ് വഖ്ഫ്.

കർമശാസ്ത്ര വീക്ഷണം:

ഈ നിർവചനം അനുസരിച്ച് നാല് ഘടകങ്ങൾ പ്രധാനമാണ്. 1)വഖഫ് ചെയ്യുന്ന ആൾ, 2)ആർക്കാണോ വഖ്ഫ് ചെയ്യുന്നത് ആ വ്യക്തിയോ, വ്യക്തികളോ, കേന്ദ്രങ്ങളോ. 3) വഖ്ഫ് ചെയ്യപ്പെടുന്ന വസ്തു 4) വഖ്ഫ് ഉറപ്പിക്കുന്ന വചനം. ഇവയിൽ ഓരോ ഘടകവും പ്രത്യേക നിബന്ധനകൾക്ക് വിധേയമാണ്. വഖ്ഫ് ചെയ്യുന്ന ആൾ അങ്ങനെ നൽകാൻ കഴിയും വിധം ആ വസ്തുവിൽ ഉടമാവകാശവും ക്രയവിക്രയാവകാശവുമുള്ള, പ്രായപൂർത്തിയും ബുദ്ധിയുമുള്ള ആളായിരിക്കണം. 

അത് പോലെ വഖ്ഫ് ചെയ്യപ്പെടുന്നയാൾ നിർണിത വ്യക്തിയാണെങ്കിൽ അയാൾ അന്നേരം തന്നെ അത് പ്രയോജനപ്പെടുത്താൻ കഴിയുന്ന നിലയിലായിരിക്കണം. അതിനാൽ ഗർഭസ്ഥ ശിശുവിനോ മറ്റോ വഖ്ഫ് ചെയ്താൽ അത് സാധുവാകില്ലെന്ന് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. അപ്രകാരം വഖ്ഫ് ചെയ്യപ്പെടുന്ന വസ്തു ഉടനടി പ്രാബല്യത്തിൽ ഉപയോഗത്താവുന്ന വിധമാകണം. ഭാവിയിൽ നിർമിക്കാൻ പോകുന്ന കെട്ടിടം ഇപ്പോൾ വഖ്ഫ് ചെയ്യാൻ പറ്റില്ല. 

വഖ്ഫ് ചെയ്യപ്പെടുന്ന വസ്തു മറ്റുള്ളവർക്ക് ഉടമപ്പെടുത്താൻ പറ്റുന്നതും അതിൻ്റെ മൂല വസ്തു നിലനിർത്തി ഫലം മാത്രം പ്രയോജനപ്പെടുത്താൻ പറ്റുന്നതുമാകണം. ഉപയോഗിച്ചാൽ തീർന്നു പോകുന്ന ഭക്ഷ്യവസ്തുക്കളോ പഴങ്ങളോ വഖ്ഫ് ചെയ്യാവതല്ല. അതേ സമയം മരമോ തോട്ടമോ വയലോ വഖ്ഫ് ചെയ്തു അതിലെ പഴങ്ങളോ കായ്കനികളോ കാർഷികോൽപ്പന്നങ്ങളോ പ്രയോജനപ്പെടുത്താവുന്നതാണ്. മറ്റൊരു കാര്യം വഖ്ഫ് ചെയ്യപ്പെടുന്ന വസ്തുവിന് കാലാവധി നിശ്ചയിക്കാവതല്ല. ഒരു വർഷത്തേക്കെന്നോ ഒരു വർഷത്തിന് ശേഷമെന്നോ (ഉദാഹരണം) നിബന്ധന വച്ച് വഖ്ഫ് ചെയ്യാനാവില്ല. 

 കൂടാതെ ഈ വഖ്ഫ്  ഒരു ക്രയവിക്രയ രീതിയായതിനാൽ ആരാധനാകർമങ്ങൾ പോലെ മനസിൽ കരുതിയാൽ പോരാ. മറിച്ച് തൻ്റെ ഉദ്ദേശ്യം വ്യക്തമാകും വിധം സ്പഷ്ടമായോ സൂചനാ പരമായോ വിഷയം മൊഴിയേണ്ടതുണ്ട്. ചില പണ്ഡിതർ വഖ്ഫ് ചെയ്തുവെന്ന് തെളിയിക്കുന്ന പ്രവർത്തിയിലൂടെ ഒരു വസ്തു വഖ്ഫ് സ്വത്തായി തീരുമെന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇമാം ശാഫിഈ അടക്കമുള്ള പ്രമുഖ പണ്ഡിതർ വാക്ക് കൊണ്ടേ അത് സ്ഥിരപ്പെടൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

അപ്രകാരം തന്നെ വഖ്ഫ് ചെയ്യപ്പെട്ട വസ്തു വഖ്ഫ് ചെയ്ത ആൾക്കോ മറ്റാർക്കെങ്കിലുമോ വിൽക്കാനോ അനന്തര സ്വത്തായി  എടുക്കാനോ ദാനം ചെയ്യാനോ പറ്റില്ല. മൂല വസ്തു അല്ലാഹു വിൻ്റെ പേരിൽ നിക്ഷേപിച്ചു അതിൻ്റെ ഗുണഫലം അവൻ്റെ സൃഷ്ടികളിൽ നിശ്ചിത വിഭാഗത്തിന് ലഭ്യമാക്കുന്ന പ്രക്രിയയാണ് വഖ്ഫ്. എന്നാൽ അതിൻ്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിബന്ധനകൾ വയ്ക്കാൻ വാഖിഫിന് (വഖ്ഫ് ചെയ്യുന്ന ആൾ) അധികാരമുണ്ട്. അത് പക്ഷെ, മത പരമായി അനുവദിക്കപ്പെട്ട രീതിയിൽ ആയിരിക്കണമെന്ന് മാത്രം. വാഖിഫിൻ്റെ ഹിതത്തിനും  ഉദ്ദേശ്യത്തിനും വിരുദ്ധമായ നിലയിൽ അദ്ദേഹം വഖ്ഫ് ചെയ്ത വസ്തു ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

വഖ്ഫിൻ്റെ ആരംഭം:

വഖ്ഫ് സമ്പ്രദായം എപ്പോൾ ആരംഭിച്ചുവെന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ കാണാം. മുസ് ലിംകളാണ് ആദ്യമായി വഖ്ഫ് രീതി നടപ്പിലാക്കിയതെന്നും മറ്റുള്ളവർ അത് മാതൃകയാക്കി വിവിധ സംവിധാനങ്ങൾ ഏർപ്പെടുത്തുകയായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഉസ്മാനിയ ഭരണ കാലത്തെ വഖ്ഫ് രീതികൾ കണ്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ പാശ്ചാത്യർ അവ പകർത്തുകയായിരുന്നുവെന്നും അതിന് അവർ സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസ് എന്ന പേരിട്ട് പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് ചിലരുടെ അഭിപ്രായം. പിന്നീട് ഖിലാഫത് ക്ഷയിക്കുകയും മുസ് ലിംകൾക്കിടയിലെ വഖ്ഫ് സമ്പ്രദായങ്ങൾ നാശോൻമുഖമാവുകയും ചെയ്തതോടെ 
20 -ാം നൂറ്റാണ്ടിൽ മുസ് ലിംകൾ യൂറോപ്പിലെ വഖ്ഫ് രീതികൾ കോപ്പിയടിക്കാൻ തുടങ്ങിയതായും വിവരിക്കപ്പെടുന്നു.www.ar.m.wikipedia.org

എന്നാൽ പൊതുനന്മ ലക്ഷ്യം വച്ച് കെട്ടിടങ്ങളും വസ്തുവകകളും സ്വത്തുക്കളും നീക്കിവയ്ക്കുന്ന രീതി ഫറോവമാരുടെ കാലത്ത് ഈജിപ്തിലും പുരാതന ഗ്രീക്കിലും പിന്നീട് റോമൻ സാമ്രാജ്യത്തിലും നിലവിലുണ്ടായതായി ചരിത്രം വ്യക്തമാക്കുന്നു. പ്രധാനമായും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം  സമ്പ്രദായങ്ങൾ ഉണ്ടായിരുന്നത്. റോമൻ സാമ്രാജ്യം ക്രൈസ്തവ മതത്തിന് കീഴിലായ ശേഷം ഇത്തരം വസ്തുക്കളുടെ മേൽനോട്ടം വഹിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചു.

പുരാതന അറബ് സമൂഹത്തിലും ഇത്തരം രീതികൾ കണ്ടെത്തിയിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നേർച്ചകളും വഴിപാടുകളൂം സൂക്ഷിച്ച് അവയുടെ വരുമാനം ഭക്തർക്ക് ലഭ്യമാക്കുന്ന തരത്തിലാണ് കാര്യങ്ങൾ നടന്നിരുന്നത്. കഅബയുടെ പുതപ്പ് മാറ്റുക, അറ്റകുറ്റപണികൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ ഇത്തരം കൂട്ടായ്മയിലൂടെ നടന്നിരുന്നു. ആദ്യമായി കഅബയ്ക്ക് വസ്ത്രം അണിയിക്കുകയും വഖ്ഫ് സ്വത്ത് നിശ്ചയിക്കുകയും ചെയ്തത് അസ്അദ് അബൂ കുറൈബ്  എന്ന ഹിംയർ രാജാവായിരുന്നുവത്രെ. പാശ്ചാത്യൻ സമൂഹത്തിലും വിവിധ തരത്തിൽ ഇത്തരം സാമൂഹിക സംഘങ്ങൾ ഉണ്ടായി. ഫ്രഞ്ച് അധിനിവേശം വരെ അത് തുടർന്നു. ആധുനിക കാലഘട്ടത്തിൽ ജർമനിയിൽ വഖ്ഫിന് സമാനമായ ധനകാര്യ ഗ്രൂപ്പുകൾ അവയുടെ വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നീക്കിവയ്ക്കുന്ന പതിവ്  ഉണ്ടായതായി കാണാം. (https://awqafshj.gov.ae)

എന്നാൽ വഖ്ഫ് സമ്പ്രദായം സാമൂഹിക ജീവിതത്തിൻ്റെ ഭാഗമാക്കി അതിലൂടെ സാമൂഹിക സമുദ്ധാരണം, ദാരിദ്ര്യ നിർമാർജനം, വൈജ്ഞാനിക ഗവേഷണ-വിനിമയ- വിപുലീകരണ സംരംഭങ്ങൾ, ആരോഗ്യ സുരക്ഷ, ആരാധനാലയങ്ങളുടെ അനസ്യൂതമായ പരിപാലനം, ദർഗകളുമായി ബന്ധപ്പെട്ട് വിപുലമായ സേവന പ്രവർത്തനങ്ങൾ, വൻകിട ആസ്പത്രികൾ തുടങ്ങി ഒട്ടനവധി പദ്ധതികൾ സ്ഥാപിച്ച് നടത്തിക്കൊണ്ട് പോകുന്ന രീതി ജനകീയവും വ്യവസ്ഥാപിതവുമാക്കിയത് മുസ് ലിംകളാണെന്ന കാര്യത്തിൽ ചരിത്രബോധമുള്ള ആർക്കും രണ്ടഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

വഖ്ഫ് ഇസ് ലാമിൽ:

ഇസ് ലാമിൽ വഖ്ഫ് ചെയ്യുന്ന രീതി ഖുർആൻ, നബിചര്യ, ഇജ്മാ(മുസ് ലിം സമൂഹത്തിൻ്റെ പൊതു സമ്മതം ) മുഖേന പ്രാമാണികമായി സ്ഥിരപ്പെട്ടതായി പണ്ഡിത സമൂഹം വ്യക്തമാക്കുന്നു. ഖുർആൻ വഖ്ഫ് എന്ന പേരിൽ കൃത്യമായി വിശേഷിപ്പിച്ചിട്ടില്ലെങ്കിലും ദാനധർമത്തെ വളരെയേറെ പ്രോൽസാഹിക്കുന്ന നിരവധി വചനങ്ങൾ കാണാം. അല്ലാഹു ഏൽപ്പിച്ചയച്ച ധനത്തിൽ നിന്ന് ദാനം ചെയ്യണമെന്നാണ് ഖുർആൻ ഉണർത്തുന്നത്. ധനികർ തങ്ങളുടെ സ്വത്തിൻ്റെ ആത്യന്തിക ഉടമകളല്ലെന്നും കേവലം ട്രസ്റ്റികൾ മാത്രമാണവരെന്നുമാണ് ഖുർആൻ്റെ കാഴ്ചപ്പാട് ( അൽ ഹദീദ്: 7 ). 

'നിങ്ങൾക്ക് പ്രിയതരമായത് അല്ലാഹുവിൻ്റെ വഴിയിൽ ദാനം ചെയ്താലേ നിങ്ങൾക്ക് യഥാർത്ഥ പുണ്യം ലഭിക്കുകയുള്ളൂ എന്ന ആലു ഇംറാൻ അധ്യായത്തിലെ 92 ആം സൂക്തം ഇറങ്ങിയപ്പോൾ അബൂത്വൽഹ അൽ അൻസാരിയെന്ന പ്രമുഖ ധനാഢ്യനായ സഹാബിയുടെ മനസ്സിൽ ഇരമ്പലുണ്ടായി. തിരുനബിയോട് അദ്ദേഹം ഉണർത്തി - എനിക്ക് ഏറ്റം ഇഷ്ടപ്പെട്ട ഈത്തപ്പനത്തോട്ടമാണ് ബൈറൂഹാ. ആ തോട്ടം അല്ലാഹു വിൻ്റെ വഴിയിൽ അങ്ങയ്ക്കിഷ്ടമുള്ള തരത്തിൽ നീക്കിവയ്ക്കാൻ പാകത്തിൽ ഞാനിതാ ദാനം ചെയ്യുന്നു. ഇത് കേട്ട തിരുനബി സന്തോഷം പ്രകടിപ്പിച്ചു. അതിൻ്റെ ഗുണഫലങ്ങൾ അബൂത്വൽഹയുടെ കുടുംബ ബന്ധുക്കൾക്ക് ലഭ്യമാകും വിധം അതിനെ നിശ്ചയിച്ചു കൊടുത്തു. (അനസ് ബിൻ മാലികിൽ നിന്ന് ഉദ്ധരിച്ച് പ്രമുഖ ഹദീസ് ഗ്രന്ഥങ്ങൾ ഇത് ഉദ്ധരിക്കുന്നു.) വഖ്ഫിൻ്റെ ആദ്യകാല നീക്കങ്ങളിലാണ് പണ്ഡിതർ ഇതിനെ ഗണിക്കുന്നത്. 

ആദ്യത്തെ വഖ്ഫ് സംരംഭങ്ങൾ:

പ്രവാചക ജീവിതത്തിൽ ഇങ്ങനെ ദാനം ചെയ്യാൻ നിർദേശിച്ചും പ്രോൽസാഹിപ്പിച്ചും നിരവധി വചനങ്ങളും സംഭവങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇസ് ലാമിലെ പ്രഥമ വഖ്ഫ് സ്വത്തായി കരുതപ്പെടുന്നത് മദീനയിലെത്തിയ ശേഷം ആദ്യമായി നിർമിച്ച ഖുബാ മസ്ജിദും തുടർന്നു മസ്ജിദുന്നബിയുമാണ്. അതേ സമയം പൊതുജനങ്ങൾക്ക് ഫലം ലഭ്യമാകുന്ന തരത്തിൽ ആദ്യമായി വഖ്ഫ് ചെയ്യപ്പെട്ടത് ഏഴ് തോട്ടങ്ങളാണ്. തിരു നബി നേരിട്ടാണ് ഇവ ദാനം ചെയ്തത്. മദീനയിലെ ജൂത വിഭാഗത്തിൽ പെട്ട പ്രമുഖ വേദ പണ്ഡിതനും ധനികനുമായിരുന്ന മുഖൈരിഖ് തൻ്റെ വേദ പരിജ്ഞാനത്തിൻ്റെ പിൻബലത്തിൽ ലഭിച്ച അടയാളങ്ങൾ പ്രകാരം മുഹമ്മദ് നബി യഥാർത്ഥത്തിലുള്ള ദൈവദൂതനാണെന്ന് തിരിച്ചറിഞ്ഞ് ഇസ് ലാം സ്വീകരിക്കുകയായിരുന്നു. 

തുടർന്നു വൈകാതെ ഉഹുദ് യുദ്ധം ആഗതമായപ്പോൾ അതിൽ പങ്കെടുക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചു. തുടർന്നു താൻ യുദ്ധത്തിൽ കൊല്ലപ്പെട്ടാൽ തൻ്റെ ഉടമയിലുള്ള ഏഴ് തോട്ടങ്ങൾ തിരുനബിക്ക് നൽകണമെന്ന വസിയ്യത്ത് (വിൽപത്രം) തയ്യാറാക്കി. ആശങ്കിച്ചത് പോലെ യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെടുകയും ആ ഏഴ് തോട്ടങ്ങൾ നബിയുടെ കൈവശം വരികയും ചെയ്തു. എന്നാൽ പ്രവാചകൻ്റെ കൈവശം വന്നതൊന്നും അവിടന്ന് സ്വന്തമാക്കി വയ്ക്കുകയോ ഭാവിയിലേക്ക് സൂക്ഷിച്ച് വയ്ക്കുകയോ ചെയ്യുന്ന പതിവില്ല. ഉടനെ അവ മുസ് ലിംകൾക്ക് പൊതുവായി പ്രയോജനപ്പെടുന്ന സ്വത്തായി പ്രഖ്യാപിച്ചു.

തുടർന്നു അനുചരൻമാർ പലരും വിവിധ സന്ദർഭങ്ങളിൽ തങ്ങളുടെ അധീനത്തിലുള്ള സ്വത്തുക്കൾ പലതും ഇങ്ങനെ നേരിട്ടും പ്രവാചകൻ മുഖേനയും വഖ്ഫാക്കി മാറ്റി വച്ചതിന് ചരിത്രം സാക്ഷിയാണ്. അവയിലൊന്നാണ് ഉമറുൽ ഫാറൂഖി(റ)ൻ്റെ ഖൈബറിലെ സ്ഥലം. ഇതുമായി ബന്ധപ്പെട്ട ഹദീസ് പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളെല്ലാം ഉദ്ധരിക്കുന്നുണ്ടെന്ന് മാത്രമല്ല, വഖ്ഫ് സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളുന്ന ഹദീസ് എന്ന നിലയിൽ അത് അറിയപ്പെടുകയും ചെയ്യുന്നു. അബ്ദുല്ലാഹ് ബിൻ ഉമർ(റ) ഉദ്ധരിച്ച വചനപ്രകാരം ഉമറുൽ ഫാറൂഖിന് ഖൈബറിൽ ഒരു ഭൂമി ലഭിച്ചു. അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു, അത്. ഉടനെ അദ്ദേഹം തിരുസന്നിധിയിൽ ചെന്ന് ഈ സ്ഥലം എന്ത് ചെയ്യണമെന്ന് നിർദേശിക്കാൻ ആവശ്യപ്പെട്ടു.

 'അങ്ങയുടെ ഇഷ്ടപ്രകാരം അതിനെ തിരിക്കാം.' ഉമർ(റ) തൻ്റെ ഇംഗിതം വ്യക്തമാക്കി. 

തിരുനബി പറഞ്ഞു - ഉമറിന് ഇഷ്ടമാണെങ്കിൽ അതിൻ്റെ മൂല വസ്തു സംരക്ഷിച്ചു കൊണ്ട് അതിൻ്റെ ഫലം ദാനമായി നൽകാം. ആ മൂല വസ്തു വിൽക്കുകയോ ദാനം ചെയ്യുകയോ അനന്തര സ്വത്തായി എടുക്കുകയോ ചെയ്യാത്ത വിധം. അതിൻ്റെ ഫലവും പഴവർഗങ്ങളും സാധുക്കൾക്കും കുടുംബ ബന്ധുക്കൾക്കും യാത്രക്കാർക്കും അടിമ മോചനത്തിലും അതിഥികൾക്കും മറ്റുമായി ചിലവഴിക്കാം. അതിൻ്റെ മേൽനോട്ടം വഹിക്കുന്നവർക്ക് ന്യായമായ രീതിയിൽ അതിൽ നിന്ന് ഭക്ഷിക്കുകയും സംഭരിച്ചു വയക്കാതെ ഭക്ഷിപ്പിക്കുകയും ചെയ്യാം. തുടർന്നു ഈ മൗലിക തത്വങ്ങൾ പാലിച്ചു കൊണ്ടുള്ള വഖ്ഫ് സമ്പ്രദായം വ്യാപകമായി.

സഹാബികളിൽ പലരും ഇത്തരത്തിൽ വഖ്ഫ് ദാനങ്ങൾ നടത്തി. അബൂഹുറൈറ(റ) ഉദ്ധരിച്ച മറ്റൊരു പ്രശസ്ത ഹദീസും വഖ്ഫിൻ്റെ സാധ്യതയിലേക്ക് വെളിച്ചം വീശുന്നുണ്ട്. "ആദം സന്തതി മരണപ്പെടുന്ന തോടെ അവൻ്റെ മൂന്ന് കാര്യങ്ങളൊഴിച്ച് കർമങ്ങളെല്ലാം മുറിഞ്ഞു പോകും. നിലയ്ക്കാത്ത ദാനം, പ്രയോജനപ്രദമായ അറിവ്, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സച്ചരിതനായ സന്തതി എന്നിവ ഒഴികെ."
ഇതിൽ നിലയ്ക്കാത്ത ദാനമെന്നത് വഖ്ഫ് വഴി മൂല വസ്തു സംരക്ഷിക്കപ്പെട്ടതാണെന്നാണ് പ്രശസ്ത പണ്ഡിതർ വിശദീകരിക്കുന്നത്. 

ഈ ഹദീസിൽ മൂന്ന് കാര്യങ്ങളാണ് അനശ്വരമായി കണക്കാക്കിയതെങ്കിലും മറ്റ് ചില ഹദീസുകളിൽ കൂടുതൽ കാര്യങ്ങൾ മരണശേഷവും നിലക്കാത്തതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇബ്നുമാജഹ് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം: "താൻ പ്രചരിപ്പിച്ച വിജ്ഞാനം, ഉപേക്ഷിച്ചു പോയ സച്ചരിതനായ സന്തതി, അനന്തരമായി വിട്ട മുസ്ഹഫ്, താൻ നിർമിച്ച മസ്ജിദ്, യാത്രക്കാരുടെ സൗകര്യത്തിന് താൻ നിർമിച്ച സത്രം, താൻ പണിതുണ്ടാക്കിയ നദികൾ ( ജലസേചന സംവിധാനങ്ങൾ ), തൻ്റെ ജീവിതത്തിൽ, ആരോഗ്യ കാലത്ത് നൽകി മരണ ശേഷവും തുടരുന്ന ദാനം എന്നിവ മരണശേഷവും വ്യക്തിക്ക് പ്രയോജനപ്പെടുന്ന പുണ്യകർമമാണ് ".

വഖ്ഫിൻ്റെ അനന്ത സാധ്യതകൾ:

വേറെയും ചില ഹദീസുകളിൽ മറ്റു ചില കാര്യങ്ങളും ഉൾപ്പെടുത്തിയതായി കാണാം. അവ കൂടി ഉൾപ്പെടുത്തി 10 കാര്യങ്ങളാക്കി ഇമാം സുയൂത്തി പദ്യരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത്തരം കർമമേഖലകളെ എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ കാര്യമില്ല. മനുഷ്യർക്കോ ജന്തുക്കൾക്കോ ജീവികൾക്കോ പറവകൾക്കോ ആർക്കും പ്രയോജനപ്പെടുന്ന ഏത് കാര്യങ്ങളും ഇസ് ലാമിൻ്റെ കാഴ്ചപ്പാടിൽ പുണ്യകരവും പ്രതിഫലാർഹവുമാണല്ലോ. അതിനാൽ അത്തരം മേഖലകളിലെല്ലാം വഖ്ഫിൻ്റെ സാധ്യതയും വിസ്തൃതമായി കിടക്കുന്നു. 

മസ്ജിദുകൾ, ഖുർആൻ മനന- പഠന-ഗവേഷണ-വിതരണ കേന്ദ്രങ്ങൾ, മത പാഠശാലകൾ, ഹജ്ജ് - ഉംറകൾ തുടങ്ങിയ തീർത്ഥാടനങ്ങൾക്കും തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന സൗകര്യങ്ങൾ, വൈജ്ഞാനിക രംഗത്തുള്ളവർക്ക് ഉപകാരപ്രദമായ സഹായ കേന്ദ്രങ്ങൾ, മതപ്രബോധന-പ്രചാരണ-പ്രതിരോധ കേന്ദ്രങ്ങൾ, ഇവയിലെ പരിശീലന കേന്ദ്രങ്ങൾ, പൊതു വിദ്യാലയങ്ങൾ, ഗ്രന്ഥശാലകൾ, പ്രിൻറിങ്ങ് പ്രസ്സുകൾ, പ്രസാധന കേന്ദ്രങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ആസ്പത്രികൾ, യാത്രക്കാരുടെ സത്രങ്ങൾ (മുസാഫിർ ഖാനകൾ), തോട്ടങ്ങൾ, ആംബുലൻസുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, പാലങ്ങൾ, കിണറുകൾ, തടാകങ്ങൾ, കായലുകൾ, കനാലുകൾ തുടങ്ങിയ ജലവിതരണ പദ്ധതികൾ.

വൈദ്യുതി ഉൽപ്പാദന-വിതരണ കേന്ദ്രങ്ങൾ, അനാഥ - അഗതി - വിധവകൾ- വൃദ്ധൻമാർ തുടങ്ങിയ അശരണർക്ക് അഭയവും ആശ്വാസവും ലഭിക്കുന്ന കേന്ദ്രങ്ങൾ തുടങ്ങിയ നനുത്ത കരളുള്ളവയ്ക്ക് ഉപകാരപ്പെടുന്നതെന്തും വഖ്ഫിൻ്റെ സാധ്യതാ മേഖലയിൽ വരും. ഇതിൽ ഏത് മേഖല തെരഞ്ഞെടുക്കണമെന്നത് ഓരോ വാഖിഫിൻ്റെയും ഇഷ്ടമാണ്. അവ നോക്കി നടത്തുന്നവർ വാഖിഫിൻ്റെ താൽപ്പര്യത്തിനനുസൃതമായി അവയെ കൈകാര്യം ചെയ്യണമെന്ന് മാത്രം. 

ഇവയെല്ലാം കേവലം സാങ്കൽപ്പിക പട്ടികകൾ മാത്രമല്ല. പ്രവാചക കാലഘട്ടം മുതൽ മുസ് ലിം ഭരണത്തിൻ്റെ സുവർണ കാലങ്ങളിലടക്കം വിവിധ പ്രദേശങ്ങളിൽ ഇവയിൽ പലതും ശ്രദ്ധേയമാം വിധം പ്രയോഗത്തിൽ വരുത്തിയിരുന്നുവെന്ന യാഥാർത്ഥ്യത്തിന് ചരിത്രം സാക്ഷിയാണ്. ദൈർഘ്യം ഭയന്ന് അവയുടെ വിശദാംശങ്ങൾ മാറ്റി വയ്ക്കുകയാണ്. 

കടന്നു വന്ന വഴികൾ:

ഇസ് ലാമിൻ്റെ ആദ്യകാലത്ത് മറ്റ് കാര്യങ്ങളിലെന്ന പോലെ വഖ്ഫിൻ്റെ വിഷയങ്ങളും പരിമിതമായ വൃത്തത്തിൽ ഒതുങ്ങിയിരുന്നു. മസ്ജിദ്, തോട്ടങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന വഖ്ഫ് സംരംഭങ്ങൾ. എന്നാൽ ഉമവി ഭരണകാലത്ത് ഇസ് ലാമിക ഭരണം വിസ്തൃതി നേടുകയും സേവന മേഖലകൾ വിശാലമാവുകയും ചെയ്തതോടെ അവയ്ക്ക് ഭരണത്തിൽ പ്രത്യേക കാര്യാലയം നിലവിൽ വരികയും നീതിന്യായ വിഭാഗത്തിൻ്റെ പരിരക്ഷ അതിന് ഉറപ്പ് വരുത്തുകയും ചെയ്തു. 

അബ്ബാസീ ഭരണ കാലത്ത് ഇതിന് അസാധാരണ വളർച്ചയും വികാസവും ഉണ്ടായി. വഖ്ഫ് സ്വത്തുക്കളുടെ വരുമാനത്തിൽ ആതുരാലയങ്ങൾ, ഗ്രന്ഥാലയങ്ങൾ, പരിഭാഷാകേന്ദ്രങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങിയവ നടന്നു വന്നു. വഖ്ഫ് കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 'സ്വദറുൽ വുഖൂഫ്' എന്ന പേരിൽ ഉദ്യോഗസ്ഥനെ നിയമിച്ചു. മംലൂക്കികളുടെ ഭരണകാലത്ത് വഖ്ഫ് കൂടുതൽ വിശാലത നേടി. തുടർന്നു ഇതിനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചു. പള്ളികളുടെ കാര്യങ്ങൾ നോക്കാൻ ഒരു ദീവാൻ, ഇരു ഹറമുകളുടെ കാര്യങ്ങൾക്കായി ഒരു ദീവാൻ, ബന്ധുജനങ്ങൾക്ക് വേണ്ടിയുള്ള വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ വേറെ ദീവാൻ. 

എന്നാൽ ഉസ്മാനീ ഭരണകാലത്ത് വഖ്ഫ് മേഖലയിൽ മെഡിക്കൽ കോളേജുകൾ, മറ്റു ചികിൽസാ സംവിധാനങ്ങൾ, അക്കാലത്തെ പുരോഗതിക്കൊത്ത വൈജ്ഞാനിക കേന്ദ്രങ്ങൾ മുതലായവ നിലവിൽ വന്നു. 

വഖ്ഫിൻ്റെ പ്രയോക്താക്കൾ:

വഖ്ഫ് പൊതുവേ രണ്ട് വിധമായി ഗണിക്കപ്പെടുന്നു. ഒന്ന് നല്ല സാമ്പത്തിക ശേഷിയുള്ള ഒരാൾ സ്വന്തം മക്കളും അവരുടെ മക്കളും അടങ്ങിയ പിൻ തലമുറകൾക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്തിയ വഖ്ഫ് സ്വത്തുക്കൾ. ഇവയുടെ പ്രത്യേകത ഈ സ്വത്ത് പിന്നീട് ആർക്കും അനന്തര സ്വത്തായി എടുക്കാനാവില്ല. എന്നാൽ ആ സ്വത്തിൻ്റെ പ്രയോജനം പിന്നീട് അദ്ദേഹത്തിൻ്റെ സന്തതികളിൽ വരുന്ന തലമുറകൾക്കെല്ലാം അനന്തമായി അനുഭവിക്കാം. അത് പോലെ നിശ്ചിത ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ മാത്രമായി പരിമിതപ്പെടുത്തിയ സ്വത്തുക്കളും അനന്തര സ്വത്തായി മാറാതെ തലമുറകൾക്ക് പ്രയോജനപ്പെടുന്നു. 

രണ്ടാമത്തേത് പൊതു സ്വഭാവത്തിലുള്ള വഖ്ഫുകൾ. അതാണ് മേൽ സൂചിപ്പിച്ച സാമൂഹിക സേവന പ്രധാനമായ സംരംഭങ്ങൾ. അവ മുസ് ലിം ഭരണകാലത്ത് ഓരോ പ്രദേശങ്ങളിലും എത്രയേറെ പ്രയോജനപ്പെട്ടിരുന്നുവെന്നത് ദീർഘ പ്രതിപാദനം അർഹിക്കുന്ന വിവരണമാണ്. അത് പോലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ  ഭരണകർത്താക്കളും വർത്തക പ്രമാണിമാരും ദാനം ചെയ്ത വഖ്ഫ് സ്വത്തുക്കൾ മുസ് ലിംകളുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിലും വൈജ്ഞാനിക കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നതിലും തെല്ലൊന്നുമല്ല, സഹായകമായത്. 

വഖ്ഫ് സ്വത്തുക്കളുടെ പരിരക്ഷ:

അത്തരം സ്വത്തുക്കൾ പരിരക്ഷിക്കുന്ന കാര്യത്തിൽ മുസ് ലിം ഭരണകൂടങ്ങൾ മാത്രമല്ല, കോളനിവൽക്കരണം നടന്ന ശേഷം കൊളോണിയൽ ഭരണത്തിൻ കീഴിൽ വരെ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. മുസ് ലിംകൾക്കിടയിലെ പ്രശ്നങ്ങൾക്ക് തീർപ്പ് കൽപ്പിക്കാനും അവരുടെ വഖ്ഫ് സ്വത്തുക്കൾ അടക്കമുള്ള സ്വത്തുക്കൾ സംരക്ഷിക്കാനും അക്കാലത്തെ അമുസ് ലിം ഭരണകൂടങ്ങൾ ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ 'ഹുനർമന്ദ്' എന്ന പേരിൽ ഓഫീസറെയും അത് പോലെ പ്രത്യേക കൗൺസിലുകളും സ്ഥാപിച്ചിരുന്നതായി സയ്യിദ് സുലൈമാൻ നദ് വി ഇന്തോ- അറബ് ബന്ധങ്ങൾ എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നു.(മലയാള പരിഭാഷ, പേജ്: 199)

ഇന്ത്യയിൽ:

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ഇത്തരം സംരംഭങ്ങൾ നിരാക്ഷേപം നടന്നു വന്നിരുന്നു. മുസ് ലിംകളുടെ ഹിതമനുസരിച്ച് അവ സൂക്ഷിച്ച് പരിപാലിച്ച് പോകുന്നതിന് വേണ്ട പരിരക്ഷ ഭരണകൂടവും നീതിന്യായ സംവിധാനവും ഉറപ്പ് വരുത്തിയതായി തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിന് ശേഷവും ഈ രീതി മാറ്റമില്ലാതെ തുടർന്നു. ഇന്ത്യയിൽ മാത്രം ആറ് ലക്ഷം ഏക്കറിലായി അഞ്ച് ലക്ഷം രജിസ്റ്റർ ചെയ്യപ്പെട്ട സ്വത്തുക്കൾ ഉള്ളതായി സച്ചാർ കമ്മിഷൻ 2006 ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. (2400 കി.മീറ്റർ വിസ്തൃതി വരുന്ന ഭൂമി!)ഏതാണ്ട് 60 ബില്യൻ രൂപയാണ് അവർ അതിന് കണക്കാക്കിയ ബൂക്ക് വാല്യു. 

എന്നാൽ പ്രായോഗിക തലത്തിൽ അവയുടെ വാഖിഫിൻ്റെ താൽപര്യത്തിനൊത്ത് സംരക്ഷിക്കപ്പെടുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. ഭരണകൂടങ്ങളുടെ ഒത്താശയോടെയും അല്ലാതെയും വിവിധ സംസ്ഥാന ഭരണകൂടങ്ങൾ അതാത് കാലത്ത് കൊണ്ട് വരുന്ന നിയമങ്ങളുടെ മറപിടിച്ചും പല വഖ്ഫ് സ്വത്തുക്കളും അന്യാധീനപ്പെട്ടു പോകുന്നുവെന്നത് വസ്തുതയാണ്. കേരളത്തിലെ ഭൂപരിഷ്ക്കരണ നിയമം എത്രയോ ഏക്കർ കണക്കിന് വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടുന്നതിനും ചില സ്വകാര്യ വ്യക്തികളുടെ കൈകളിലേക്ക്
അവ സാങ്കേതികത്വത്തിൻ്റെ പിൻബലത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നതിനും വഴിതെളിച്ചുവെന്ന വസ്തുത വിസ്മരിക്കാനാവില്ല. 

ഇപ്പോൾ അവശേഷിക്കുന്ന വഖ്ഫ് സ്വത്തുക്കളും വിദഗ്ധമായി തട്ടിയെടുക്കാനുള്ള ഗൂഢലക്ഷ്യത്തോടെ പുതിയ നിയമങ്ങൾ പാസാക്കിയെടുക്കുന്ന തിരക്കിലാണ്. വഖ്ഫിൻ്റെ പ്രാധാന്യമോ പവിത്രതയോ ഉൾക്കൊള്ളാത്തവർ അതിൻ്റെ മേൽനോട്ടം വഹിക്കുകയും വഖ്ഫ് ചെയ്തവരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ വഴികളിൽ അതിൻ്റെ സ്വത്തുക്കളും വരുമാനങ്ങളും ചെലവഴിക്കുകയും ചെയ്യുന്ന നടപടികൾ ഒരു വശത്ത്. മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവർ ഇത്തരം മത-ധർമ കേന്ദ്രങ്ങളെ പോലും തങ്ങളുടെ സഹയാത്രികരെ കുടിയിരുത്താനും  ചിന്താഗതികൾ കുത്തിവയ്ക്കാനുമുള്ള നിഗൂഢ നീക്കങ്ങൾക്ക് പരീക്ഷണ വേദിയാക്കി മാറ്റുന്നു. 

മത നിയമങ്ങളെയും വഖ്ഫ് ചട്ടങ്ങളെയും നോക്കുകുത്തികളാക്കി തന്നിഷ്ടം പ്രവർത്തിക്കാനുള്ള ഇടങ്ങളായാണ് ഇവർ  ഇത്തരം കേന്ദ്രങ്ങളെ കാണുന്നത്.  ചാത്തപ്പനെന്ത് മഹ്ശറ എന്ന് ചോദിച്ചത് പോലെ ദൈവത്തിൽ വിശ്വാസമില്ലാത്തവർക്കെന്ത് ദൈവിക ധർമ സ്ഥാപനങ്ങൾ! 

വഖ്ഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സമുദായത്തിൻ്റെ സാമൂഹികവും സാംസ്കാരികവും വൈജ്ഞാനികവുമായ അഭിവൃദ്ധിയുടെ ചാലകശക്തിയായി നിലകൊള്ളുന്നുവെന്ന കാര്യം മതവിരുദ്ധ ശക്തികൾക്കറിയാം. സമുദായ ഗാത്രത്തിലെ ആ രക്തചംക്രമണം നിലച്ചാൽ വിശ്വാസപരമായ ചൈതന്യം വറ്റി സമുദായം ശുഷ്ക്കിച്ച് പോകുമെന്ന് അവർ കണക്ക് കൂട്ടുന്നു. അതിന് വേണ്ടിയുള്ള വളഞ്ഞ വഴിയിലൂടെയുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നു. 

അതിന് തടയിടാൻ ശ്രമിക്കേണ്ടവരെ തമ്മിലകറ്റി അന്യോന്യം പോരടിപ്പിക്കുന്നതിൽ വരെ സ്ഥാപിത താൽപ്പര്യക്കാർ വിജയിച്ചിരിക്കുന്നു. ഇനിയും പ്രതിയോഗികളെ തിരിച്ചറിയാതെയും ഒളിയജണ്ടകളെ കണ്ടില്ലെന്ന് നടിച്ചും മുന്നോട്ട് പോകാൻ തന്നെയാണ് ഭാവമെങ്കിൽ സമുദായത്തിൻ്റെ ഭാവിയോർത്ത് പരിതപിച്ചത് കൊണ്ട് മാത്രം കാര്യമുണ്ടാവില്ലെന്നോർക്കണം.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter