വിഷയം: മുര്‍തദ്ദ് ഇസ്ലാമിലേക്ക് മടങ്ങുമ്പോള്‍
രിദ്ദത് സംഭവിച്ചവർ ശഹാദത് കലിമയും (അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹു വഅശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ്) തൗബയും മതിയോ? തൗബ കലിമക്ക് മുമ്പാണോ ശേഷമാണോ? തൗബ മനസ്സിൽ മതിയോ ? ഉച്ചരിക്കേണ്ടതുണ്ടോ? ചില പുസ്തകങ്ങളിൽ മേലെ പറഞ്ഞ ശഹാദത് കലിമക്ക് പകരം കലിമതു രിദ്ധ എന്നതാണ് ചൊല്ലാൻ പറയുന്നത് (അല്ലാഹുമ്മ ഇന്നീ അഊദുബിക........വഅക്വൂലു ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ്)? ഇത് തന്നെ ചൊല്ലണമെന്നത് നിർബന്ധമുണ്ടോ? ഈ പുസ്തകത്തിൽ തന്നെ ശഹാദത് കലിമക്ക് ശ്വർതും ഫർളൊക്കെ കണ്ടു. അതൊക്കെ നാവ് കൊണ്ട് പറയണോ? അത് പോലെ മറ്റ് ചില സ്ഥലങ്ങളിൽ അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹു വഅശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു എന്നതാണ് കാണുന്നത്. ഇത് മൂന്നും ശരിയാണോ? മുമ്പ് ശഹാദത് കലിമ ചൊല്ലിയതിൽ അറിവില്ലാത്തത് കൊണ്ട് അക്ഷരങ്ങളുടെ മഖ്റജ് തെറ്റി അല്ലാ എന്നത് അൻലാ എന്നും ർറസൂലുല്ലാഹ് എന്നത് ർറസ്സൂലുല്ലാഹ് എന്നും ആണ് ഉച്ചരിച്ചത്. ഇവിടെ ശഹാദത് കലിമ മാറ്റി ചൊല്ലണോ? അത് പോലെ ചില സ്ഥലങ്ങളിൽ ഈ സന്ദർഭത്തിൽ കുളിക്കണമെന്നും കണ്ടു. അത് നിർബന്ധമാണോ? ആണെങ്കിൽ അത് എപ്പോൾ ആണ്? അതിന് നിയ്യത് വേണോ?
ചോദ്യകർത്താവ്
MUHAMMAD IQBAL M
Jul 30, 2020
CODE :Abo9939
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
രിദ്ദത്ത് (മതഭ്രഷ്ട്) സംഭവിച്ച വ്യക്തി എന്ത് വിശ്വാസം കാരണത്താലാണോ അവന്‍ മുര്‍തദ്ദായത് ആ വിശ്വാസത്തില്‍ നിന്ന് മടങ്ങി രണ്ട് ശഹാദത്ത് കലിമകള്‍ മനസ്സു കൊണ്ട് ഉറപ്പിച്ചു വിശ്വസിച്ച് നാവു കൊണ്ട് ഉച്ചരിക്കുന്നതോടെയാണ് ഇസ്ലാമിലേക്ക് തിരിച്ചുവരുന്നത് (ഫത്ഹുല്‍മുഈന്‍).
രിദ്ദത്ത് എന്നത് മഹാപാപമാണ്. ഈ പാപം പൊറുക്കപ്പെടണമെങ്കില്‍ തൌബ ആവശ്യമാണ്. ചെയ്തുപോയ ഈ മഹാപാപത്തില്‍ അതിയായി ഖേദിക്കുകയും ഇനി ചെയ്യില്ലെന്ന ദൃഢനിശ്ചയമെടുക്കുകയും ചെയ്യുകയും തെറ്റില്‍ നിന്ന് മടങ്ങുകയും ചെയ്യലാണ് തൌബ. ഉറച്ച വിശ്വാസത്തോടെ ശഹാദത്ത് കലിമകളുച്ചരിച്ച് ഇസ്ലാമിലേക്ക് തിരിച്ചുവരികയും റബ്ബിനോട് മനമുരുകി പാപമോചനത്തിന് വേണ്ടി ദുആ ചെയ്യുകയും രിദ്ദതിന്‍റെ കാലയളവിലുള്ള ഫര്‍ളായ എല്ലാ ആരാധനാകര്‍മങ്ങളും ഖളാ വീട്ടുകയും ചെയ്യുന്നതിലൂടെ കരുണാമയനായ റബ്ബില്‍ നിന്ന് അവന്‍റെ കരുണാകടാക്ഷം നമുക്ക് പ്രതീക്ഷിക്കാം.
രിദ്ദത് സംഭവിച്ച വ്യക്തി ഇസ്ലാമിലേക്ക് തിരിച്ചുവരാതെ തൌബ ചെയ്യുന്നത് പ്രായോഗികമല്ലല്ലോ. അവന്‍റെ തൌബ തന്നെ വിശ്വാസത്തിലേക്ക് മടങ്ങി ശഹാദത്ത് കലിമകള്‍ ചൊല്ലുകയെന്നതാണ്.
കലിമതുരിദ്ധ എന്നാല്‍ രിദ്ദതിന്‍റെ വാക്യങ്ങളെന്നാണ്. ശഹാദത്ത് കലിമയുടെ വിപരീതമാണിത്. നിങ്ങള്‍ വായിച്ച പുസ്തകത്തില്‍ രിദ്ദത് സംഭവിച്ച വ്യക്തി ഉച്ചരിക്കേണ്ട വാക്യങ്ങള്‍ എന്ന ആശയം ഉദ്ദേശിച്ചാവും ഈ തലക്കെട്ട് നല്‍കിയിട്ടുണ്ടാവുക. മുകളില്‍ പറഞ്ഞ പ്രകാരം, വിശ്വാസം ഉറപ്പിച്ച് പാശ്ചാതപിക്കുന്ന മനസോടെ ശഹാദത്ത് കലിമ ഉച്ചരിക്കുന്നിതുലൂടെയാണ് മുര്‍തദ്ദായ ആള്‍ ഇസ്ലാമിലേക്ക് തിരിച്ചുവരേണ്ടത്.
ശഹാദത്ത് കലിമകളെന്നാല്‍, അല്ലാഹുവല്ലാതെ മറ്റാരും ആരാധനക്കര്‍ഹനില്ല എന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്‍റെ റസൂലാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന വാക്യങ്ങളാണ്. ഈ അര്‍ത്ഥമാണ് ചോദ്യത്തിലുന്നയിച്ച എല്ലാ വാചകങ്ങളും നല്‍കുന്നതെന്നതിനാല്‍ എല്ലാം ശരിയാണ്. കലിമതുരിദ്ദതെന്ന പേരില്‍ നിങ്ങള്‍ പറഞ്ഞ വാചകം അപൂര്‍ണമായതിനാല്‍ അതിന്‍റെ പൂര്‍ണാര്‍ഥം അവ്യക്തമാണ്.
ശഹാദത്ത് കലിമ ഉച്ചരിക്കുന്ന സമയത്ത് അറിവില്ലായ്മ മൂലം വന്ന അക്ഷരപ്പിശകുകള്‍ കാരണം അവന്‍ മുര്‍തദ്ദാവില്ല. ആയതിനാല്‍ അത് മടക്കിച്ചൊല്ലിയില്ലെന്നതിനാല്‍ അവന്‍ ഇസ്ലാമിന് പുറത്തൊന്നുമല്ല. എങ്കിലും വിശ്വാസം അരക്കിട്ടുറപ്പിച്ചു നിര്‍ത്താന്‍ ശഹാദത്ത് കലിമകള്‍ ഇടക്കിടെ ചൊല്ലല്‍ ഉത്തമമാണ്. വളരെ പുണ്യമള്ള ദിക്റ് കൂടിയാണത്.
അവിശ്വാസിയോ മുര്‍തദ്ദോ ഇസ്ലാമിലേക്ക് കടന്നുവന്നാല്‍ കുളിക്കല്‍ സുന്നത്താണ്. നിര്‍ബന്ധമില്ല (ഫത്ഹുല്‍മുഈന്‍, ഇആനത്ത് 2/124). ശഹാദത്ത് കലിമകളുച്ചരിച്ച ശേഷം സുന്നത്തായ കുളി നിര്‍വഹിക്കുന്നു എന്ന നിയ്യത്തോടെ കുളി നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.