വിഷയം: ‍ മാതാവ് കണ്‍കണ്ട ദൈവം

അൽഖമ(റ)വിനെ കുറിച്ച് നിങ്ങളുടെ സൈറ്റിലുള്ള ലേഖനത്തില്‍ മാതാവിനെ കൺകണ്ട ദൈവമെന്ന് വിശേഷിപ്പിക്കുന്നത് കണ്ടു. ഇതൊന്ന് വ്യക്തമാക്കാമോ?

ചോദ്യകർത്താവ്

MUHAMMAD IQBAL M

Jan 25, 2021

CODE :Abo10047

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അത്യധികം ബഹുമാനക്കപ്പെടേണ്ടവരെന്ന് അര്‍ത്ഥം കുറിക്കുന്നതിനായി സാധാരണ മലയാളഭാഷയില്‍ പ്രചാരത്തിലുള്ള ഒരു പ്രയോഗമെന്നതിലപ്പുറം കണ്‍കണ്ടദൈവമെന്നതിന് ഈ ലേഖനത്തിലും കൂടുതലായി ഒന്നും അര്‍ത്ഥമാക്കുന്നില്ല.

അല്ലാഹു വിശുദ്ധഖുര്‍ആനില്‍ പലയിടങ്ങളിലായി അല്ലാഹുവിനോടുള്ള കടമ നിര്‍വഹിക്കാന്‍ ആജ്ഞാപിക്കുന്നതോടൊപ്പം മാതാപിതാക്കളോടുള്ള കടമയും നിര്‍വഹിക്കാന്‍ അനുശാസിക്കുന്നതായി കാണാം.

മാതാപിതാക്കളോടുള്ള ബാധ്യതാനിര്‍വഹണകാര്യം മനുഷ്യനോട് നാം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാതാവ് അവനെ ഗര്‍ഭത്തില്‍ ചുമന്നത് മേല്‍ക്കുമേല്‍ ബലഹീനതയോടെയാണ്. അവന്റെ മുലയൂട്ടല്‍ നിര്‍ത്തുക രണ്ടു വര്‍ഷം കൊണ്ടത്രേ. അതുകൊണ്ട്, എനിക്കും മാതാപിതാക്കള്‍ക്കും നീ കൃതജ്ഞത പ്രകാശിപ്പിക്കണം; നിന്റെ തിരിച്ചുവരവ് എന്റെയടുത്തേക്ക് തന്നെയാണ് (സൂറത് ലുഖ്മാന്‍ 14)

തനിക്കല്ലാതെ നിങ്ങള്‍ ആരാധനകളര്‍പ്പിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലര്‍ത്തണമെന്നും താങ്കളുടെ നാഥന്‍ വിധിച്ചിരിക്കുന്നു. അവരിലൊരാളോ ഇരുവരും തന്നെയോ വാര്‍ധക്യപ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കില്‍ അവരോട് ച്ഛെ എന്നുപോലും പറയുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്യരുത്; ആദരപൂര്‍ണമായ വാക്കുകള്‍ പറയുകയും കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറകുകള്‍ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാര്‍ഥിക്കുകയും വേണം: രക്ഷിതാവേ, ഇവരിരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതു പോലെ ഇവര്‍ക്ക് നീ കാരുണ്യം ചൊരിയേണമേ (ഇസ്റാഅ് 23,24).

നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക; അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍, ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, ബന്ധുവോ അന്യനോ ആയ അയല്‍ക്കാരന്‍, സഹവാസികള്‍, സഞ്ചാരികള്‍, സ്വന്തം അധീനതയിലുള്ള അടിമകള്‍ എന്നിവരോടൊക്കെ നല്ലരീതിയില്‍ വര്‍ത്തിക്കുക. അഹങ്കാരിയെയും ദുരഭിമാനിയെയും അല്ലാഹു ഒട്ടുമേ സ്‌നേഹിക്കുകയില്ല (നിസാഅ് 36)

ഇസ്രാഈല്യരോട് നാം ഇങ്ങനെ ഉടമ്പടി ചെയ്തത് സ്മരണീയമത്രേ: അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥകളോടും ദരിദ്രരോടും നന്മയനുവര്‍ത്തിക്കുകയും ജനങ്ങളോടു നല്ലതു പറയുകയും വേണം. നമസ്‌കാരം യഥാവിധി നിലനിറുത്തുകയും നിര്‍ബന്ധദാനം നല്‍കുകയും ചെയ്യണം. എന്നിട്ടും നിങ്ങള്‍ ഏതാനും പേരൊഴിച്ച് ബാക്കിയെല്ലാവരും അവഗണിച്ചു പിന്തിരിഞ്ഞുകളഞ്ഞു (അല്‍ബഖറ 83).

അല്ലാഹുവിനോടുള്ള കടമയോടൊപ്പം മാതാപ്പിതാക്കളോടുള്ള കടമകളും സഗൌരവം വിശുദ്ധഖുര്‍ആന്‍ ഉണര്‍ത്തിയെങ്കില്‍ കണ്‍കണ്ട ദൈവമെന്ന പ്രയോഗം അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കൂടുതല്‍ അനുയോജ്യമാവുക!!!

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter