വിഷയം: ‍ ഭിന്നലിംഗം

ഭിന്നലിംഗം ഇസ്ലാമിന്റെ സമീപനരീതികൾ എങ്ങനെയാണെന്ന് പറഞ്ഞുതരുമോ

ചോദ്യകർത്താവ്

JUNAID THALAPPUZHA

Aug 11, 2022

CODE :Abo11296

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പുരുഷനായി പരിഗണിക്കാവുന്നവര്‍ സ്ത്രീയായി പരിഗണിക്കാവുന്നവര്‍ സ്ത്രീയോ പുരുഷനോ ആയി മനസ്സിലാക്കാന്‍ സാധിക്കാത്തവര്‍ ഇങ്ങനെ മൂന്ന് രീതിയിലാണ് ഇസ്‍ലാം ഭിന്ന ലിംഗക്കാരെ സമീപിക്കുന്നത്. ശരീഅത് നിയമങ്ങളില്‍  ഒന്നാമത്തെ വിഭാഗത്തെ പുരുഷനായും രണ്ടാമത്തേത് സ്ത്രീയായും പരിഗണിക്കപ്പെടുന്നു. കാരണം ഇസ്‍ലാമിക നിയമങ്ങള്‍ ബന്ധപ്പെടുന്നത് ഈ രണ്ട് ലിംഗങ്ങളോടാണ്. 

മൂന്നാമത്തെ വിഭാഗത്തെയാണ് കര്‍മ്മ ശാസ്ത്രം നിരുപാധികം ഖുന്‍സാ എന്ന് വിളിക്കുന്നത്. ബാഹ്യമായി ഭിന്നലിംഗക്കാരായവരെ ലിംഗനിര്‍ണ്ണയം നടത്താനുതകുന്ന അടയാളങ്ങള്‍ മനസ്സിലാക്കി  ആണോ പെണ്ണോ ആയി പരിഗണിച്ച് മുഖ്യധാരയിലേക്കെത്തിക്കണം. മൂത്രം സ്ത്രീലിംഗത്തിലൂടെ പുറപ്പെടുക, ഹൈള് പുറപ്പെടുക തുടങ്ങിയവ സ്ത്രീ ആണെന്നതിന്‍റെ ലക്ഷണങ്ങളാണ്.  സമയമായിട്ടും ഹൈള് എന്നത് തീരെ ഇല്ലാതിരിക്കുക, മറ്റൊരാളെ ഗര്‍ഭിണിയാക്കുക തുടങ്ങിയവയൊക്കെ പുരുഷനാണെന്നതിന്‍റെ അടയാളങ്ങളാണ്.

പ്രസ്തുത അടയാളങ്ങളുടെ അടിസ്ഥാനത്തിലും തിരിച്ചറിയാനാവാത്ത വിധം ഭിന്നലിംഗക്കാരായ ആളുകള്‍ മാത്രമാണ് ഖുന്‍സാ. 

 പ്രബലാഭിപ്രായം അവരെ മൂന്നാംലിഗമായി പരിഗണിക്കുന്നില്ല എന്നതാണ്. എന്തായാലും ഇരുലിംഗത്തിലേക്കും ചേര്‍ക്കപ്പെടാന്‍ കഴിയാത്തവരുടെ മതവിധികളും വളരെ  കര്‍മശാസ്ത്രപണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. 

ഇത്തരം ആളുകളുടെ വിഷയത്തില്‍  പൊതുനിയമം പറയാനാകില്ല.  ഓരോ വിഷയാനുബന്ധിയായും പണ്ഡിതന്മാര്‍ അവരുടെ വിധികള്‍ പറഞ്ഞത് അവലംബിച്ചാണ് അവരുടെ ജീവിതരീതി ക്രമീകരിക്കേണ്ടത്. എങ്കിലും ഇവരെ കുറിച്ച് പണ്ഡിതന്മാര്‍ മസ്അലകള്‍ വിശദീകരിച്ചത് പരിശോധിക്കുമ്പോള്‍, ഏറ്റവും സൂക്ഷ്മത പുലര്‍ത്തുന്ന രീതിയിലുള്ള വിധി സ്വീകരിക്കുക എന്ന പൊതുതത്വം കാണുന്നുണ്ട്. അതായത് സ്ത്രീക്ക് കൂടുതല്‍ പ്രയാസമുള്ള വിധി വരുന്ന വിഷയങ്ങളില്‍ ഖുന്‍സായെ പെണ്ണായും ആണിന് കൂടുതല്‍ പ്രയാസം വരുന്ന വിധികളില്‍ ആണായും പരിഗണിക്കപ്പെടുന്നതായാണ് പൊതുവെ കാണപ്പെടുന്നത്.

ജനിതകതകരാറു മൂലമോ മറ്റോ ഇത്തരത്തില്‍ ശാരീരിക വൈകല്യങ്ങളുള്ളവരെ നിന്ദ്യരായോ മോശക്കാരായോ കാണുന്ന രീതിയല്ല ഇസ്ലാമിനുള്ളത്. മറിച്ച് സമൂഹത്തില്‍ മാന്യമായി ജീവിക്കാനും ഇടപെടാനും മറ്റുള്ളവര്‍ക്കുള്ളത് പോലെ ഇവര്‍ക്കും അവകാശമുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter