വിഷയം: islam
ഉദ്യോഗസ്ഥയായ തൻ്റെ മകളോട് കാര്യമായ വരുമാനമൊന്നുമില്ലാത്ത പിതാവ് ചികിൽസക്ക് വേണ്ടി ശമ്പളത്തിൽ നിന്നും മാസം തോറും ഒരു വിഹിതം നൽകണമെന്ന് ആവശ്യപ്പെടുന്നു .എന്നാൽ മകളുടെ ഭർത്താവ് പിതാവിന് കാശ് കൊടുക്കാൻ സമ്മതിക്കുന്നില്ല . മകൾ ഈ വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് ?
ചോദ്യകർത്താവ്
salim abusharaf. jeddah ...
Dec 21, 2022
CODE :Abo11907
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
പിതാവ്, മാതാവ്, മക്കള്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ ചെലവ് കൊടുക്കല്‍ അതിനു സാമ്പത്തികമായി കഴിവുള്ള എല്ലാവര്‍ക്കും ആണ്‍ പെണ്‍ വിത്യാസമില്ലാതെ നിര്‍ബന്ധമാണ്. സാമ്പത്തികമായി കഴിവുള്ള സ്ത്രീ തന്‍റെ പിതാവിന്‍റെ സാമ്പത്തികമായ ബുദ്ധിമുട്ട് മനസ്സിലാക്കിയാല്‍ പിതാവ് ചൊദിക്കാതെത്തന്നെ നല്‍കല്‍ നിര്‍ബന്ധമാണ്.
ഭര്‍ത്താവിനെ അനുസരിക്കല്‍ ഭാര്യക്ക് നിര്‍ബന്ധമാണ്. എന്നാല്‍ ശരീഅതിന് വിരുദ്ധമായത് കല്‍പിച്ചാല്‍ അത് ഭര്‍ത്താവോ മാതാപിതാക്കളോ ആരാവട്ടെ അതനുസരിക്കല്‍ നിര്‍ബന്ധമില്ല. അള്ളാഹുവിനെ ധിക്കരിക്കാന്‍ മറ്റൊരാളെ നിര്‍ബന്ധിപ്പിക്കുന്നതും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്ന് മറ്റുള്ളവരെ തടയലും വന്‍പാപമാണെന്ന് ഭര്‍ത്താവും തിരിച്ചറിയേണ്ടതുണ്ട്. ഈ പിതാവ് ജീവിച്ചത് കൊണ്ടാണ് ഈ ഇണയെ എനിക്ക് ലഭിച്ചതെന്ന ഉത്തമബോധ്യം ഭാര്യഭര്‍ത്താക്കന്മാര്‍ ജീവിതത്തിലുടനീളം കെടാതെ സൂക്ഷിക്കണം. ഈ സ്ത്രീയെ ജോലി ചെയ്യാന്‍ പ്രാപ്തമാക്കിയതും പിതാവ് തന്നെയാണല്ലോ. അതിനാല്‍ പിതാവിനെ സാമ്പത്തികമായി സഹായിക്കുന്നതില്‍ നിന്ന് ഭാര്യയെ വിലക്കല്‍ ഭര്‍ത്താവന് ഹറാമാണ്. പിതാവിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കല്‍ പ്രസ്തുത ഭാര്യക്ക് (പിതാവിന്‍റെ മകള്‍ക്ക്) നിര്‍ബന്ധവുമാണ്.
ഹലാലായത് മാത്രം സമ്പാദിക്കാനും അതു അള്ളാഹു ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാനും അതു വഴി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനും നാഥന്‍ തൌഫീഖ് പ്രദാനം ചെയ്യട്ടെ.