തമത്തുആയി ചെയ്യുന്ന ഹജ്ജിന്‍റെ അറവ് അടുത്ത റമദാനിനു മുമ്പായി ചെയ്താല്‍ മതിയോ
ചോദ്യകർത്താവ്
സാലിം കുഴിമണ്ണ
Aug 22, 2017
CODE :Fiq8798
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തമത്തുഅ് ഖിറാന്‍ എന്നിവ കാരണം നിര്‍ബന്ധമാവുന്ന അറവുകള്‍ പ്രത്യേക സമയത്ത് ചെയ്യല്‍ നിര്‍ബന്ധമില്ല. അവ ഏതെങ്കിലും സമയത്ത് ചെയ്താല്‍ മതി. അടുത്ത റമദാനിനു മുമ്പ് എന്ന കണക്കുമില്ല. അതിനു ശേഷവുമാവാം. പക്ഷെ ഹറമില്‍ തന്നെ ആവല്‍ നിര്‍ബന്ധമാണ്. ഹറമില്‍ ചെന്നോ ഹറമില്‍ വെച്ച് അറുക്കാന്‍ മറ്റുള്ളവരെ ഏല്‍പിച്ചോ അത് പിന്നീട് നിര്‍വ്വഹിക്കാവുന്നതാണ്. എന്നാല്‍ ബലിപെരുന്നാള്‍ ദിവസം അറവ് നടത്തലാണ് ഉത്തമം. അയ്യാമുത്തശ്‍രീഖ് ദിവസങ്ങളെ തൊട്ട് പിന്തിപ്പിക്കാതിരിക്കല്‍ സുന്നതുമാണ്. ഉംറയില്‍ നിന്ന് തഹല്ലുലായതിനു ശേഷമാണ് അറവിന്‍റെ സമയം തുടങ്ങുക. തഹല്ലുലാവുന്നതിനു മുമ്പ് അനുവദനീയമല്ലെന്നാണ് പ്രബലമായ അഭിപ്രായം.
ഹജ്ജിന് ഇഹ്റാം ചെയ്യുന്ന സമയത്ത് അറുക്കാന്‍ കഴിവുള്ളവനാണ് അറവ് നിര്‍ബന്ധമാവുക. ആ സമയത്ത് കഴിവില്ലെങ്കില്‍ പിന്നീട് കഴിവുണ്ടാവുമെന്ന് വന്നാലും അവനു നിര്‍ബന്ധം 10 നോമ്പാണ്. അതില്‍ മൂന്നെണ്ണം ഹജ്ജിന് ഇഹ്റാം ചെയ്തതിനു ശേഷം ഹജ്ജിലും ഏഴെണ്ണം തന്‍റെ വീട്ടിലേക്ക് മടങ്ങി വന്നതിനു ശേഷവുമാണ് നിര്‍വ്വഹിക്കേണ്ടത്. ഹജ്ജിന് ഇഹ്റാം ചെയ്യുന്നതിനു മുമ്പ് നോമ്പ് തുടങ്ങല്‍ അനുവദനീയമല്ല. അറഫക്ക് മുമ്പ് തന്നെ മൂന്ന് നോമ്പ് വീട്ടല്‍ സുന്നതാണ്. അതിനു സമയം ലഭിക്കുന്ന വിധത്തില്‍ ഇഹ്റാം ചെയ്യലും സുന്നതാണ്. ഇഹ്റാമിലായിരിക്കേ സമയം ലഭിക്കുമെങ്കില്‍ പെരുന്നാള്‍ ദിവസത്തിനു മുമ്പ് തന്നെ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണ്. സമയം ലഭിക്കുന്ന വിധം ഇഹ്റാം ചെയ്തിട്ടില്ലെങ്കില്‍ അയ്യാമുത്തശ്‍രീഖിന് ശേഷമാണ് ശേഷിക്കുന്ന നോമ്പ് നോല്‍ക്കേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.