السلام عليكم و رحمة الله و بركاته ഉസ്താദേ.. ഞാൻ ഒരു പ്രവാസി ആണ്. മാസം സാലറി മാത്രമാണ് വരുമാനം. മാസം ഒരു ലക്ഷം. സകാത്തമായി ബന്ധപ്പെട്ട എന്റെ സംശയങ്ങൾ ആണ് താഴെ.. 1.ഇത് വരെ കൊടുക്കാത്ത ആളാണ്. ഇപ്പോൾ നിർബന്ധമായും കൊടുക്കാൻ ആഗ്രഹിക്കുന്നു. അതിനു ഇപ്പോൾ കയ്യിലും + ബാങ്കിലും ഉള്ളത് കൂട്ടി അതിന്റെ ശതമാനം കൊടുത്താൽ മതിയോ... 2. കയ്യിൽ ഉള്ള കടമായി വാങ്ങിയ തുകക്ക് കൊടുക്കണോ.. 3.എന്റെ ഇന്നത്തെ ഒരു സാമ്പത്തിക കണക്കു.... കയ്യിൽ : 10,000 ബാങ്കിൽ : 250,000 കടം കൊടുത്തതു : 55,000 കടം വാങ്ങിയത് : 200,000 വീട്ടില് ചിലവിനും വീട് പണിയുടെ ആവശ്യത്തിനഉം ഭാര്യയുടെ കയ്യിൽ ഉള്ളത് : 80,000 ആകെ കയ്യിൽ ഉള്ള കടം തുക അടക്കം 595,000. അങ്ങനെയെങ്കിൽ എങ്ങനെ കണക്കു കൂട്ടാം. Note: സകാത്തമായി ബന്ധപ്പെട്ട സംശയങ്ങൾ നേരിട്ട് ചോദിച്ചു അറിയാൻ പറ്റിയ വ്യക്തികൾ, സ്ഥാപനങ്ങൾ, മെയിൽ ഐഡി കൾ, വാട്സ്ആപ്പ് നമ്പറുകൾ, ഔദ്യോഗിക സകാത്ത് സംഘടനകൾ എന്നിവയുടെ വിവരങ്ങൾ ഉണ്ടെങ്കിൽ ദയവു ചെയ്തു എല്ലാവരും ഷെയർ ചെയ്യുക..

ചോദ്യകർത്താവ്

Ibrahim

May 19, 2019

CODE :Fin9280

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മറ്റുള്ളവരിൽ നിന്ന് വാങ്ങിയ കടം അത് അവരുടേതാണ്, താങ്കളുടേതല്ല. അതിനാൽ അതിന്റെ സകാത്ത് അവരാണ് കൊടുക്കേണ്ടത്. മറ്റൊരാൾ കടം വീട്ടാനുണ്ടെങ്കിൽ അത് വർഷം തികയുന്നതിന് മുമ്പ് തന്നെ കൊടുത്തു വീട്ടാൻ നോക്കണം. കടം വീട്ടാതെ വർഷം തികഞ്ഞാൽ കടം വീട്ടാനുണ്ട് എന്നത് കൊണ്ട് സകാത്തിൽ നിന്ന് ഒഴിവാകില്ല. പിന്നീട്, കൈവശമുള്ളത് സകാത്തിന്റെ നിസ്വാബായ 595 ഗ്രാം വെള്ളിക്ക് തുല്യമായ തുകയെത്തി അതിൽ കുറയാതെ വർഷം തികഞ്ഞ സംഖ്യയാണെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് സംഖ്യ നീക്കി വെച്ചിട്ട് ബാക്കിയുള്ളതിൽ നിന്നേ കടം വീട്ടാൻ പറ്റൂ..

അതു പോലെ താങ്കൾ ആർക്കെങ്കിലും കടം കൊടുത്തിട്ട് അവർ പണം ഇങ്ങോട്ട് കടം തിരിച്ചു നൽകാനുണ്ടെങ്കിൽ അത് വർഷം തികയുന്നതിന് മുമ്പ് വാങ്ങി ക്ലോസ് ചെയ്യണം. ഇല്ലെങ്കില്‍ അഥവാ വര്‍ഷം തികഞ്ഞാൽ പിന്നെ ആ കടം കിട്ടുമെന്ന് പ്രതീക്ഷയുളളതാണെങ്കിൽ വർഷാവർഷം അതിന്റ സകാത്ത് നിങ്ങൾ കൊടുക്കണം. കിട്ടുമെന്ന് പ്രതീക്ഷയില്ലെങ്കിൽ കിട്ടിയതിന് ശേഷം കഴിഞ്ഞ ഓരോ വർഷത്തനും സകാത്ത് കണക്ക് കൂട്ടി കൊടുക്കണം.

വീട്ടില് ചിലവിനും വീട് പണിയുടെ ആവശ്യത്തിനും ഉപയോഗിക്കാൻ വേണ്ടി ഭാര്യയുടെ കയ്യിൽ സൂക്ഷിക്കാൻ കൊടുത്ത പണം അത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കണം. അത് ഉപയോഗിച്ചതിന് ശേഷം മിച്ചമുള്ളതോ ഉപയോഗിക്കാതെ അവശേഷിക്കുന്നതോ ആയ ആ സൂക്ഷിപ്പ് ധനം സകാത്തിന്റെ നിസ്വാബായ 595 ഗ്രാം വെള്ളിക്ക് തുല്യമായ തുകയിൽ കുറയാതെ വർഷം തികഞ്ഞാൽ അതിന് സകാത്ത് കൊടുക്കണം.

ഇനി താങ്കളുടെ കണക്ക് നോക്കാം

  1. കയ്യിൽ : 10,000 (ഇത് താങ്കൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സകാത്തിന്റെ നിസ്വാബ് എത്താത്ത പണമാണ്. ഇത് നമ്പര്‍ 5 ലേക്ക് കൂട്ടണം.)
  2. ബാങ്കിൽ : 250,000 (ബാങ്കിൽ നിക്ഷേപം തുടങ്ങി 595 ഗ്രാം വെള്ളിക്ക് തുല്യമായ സംഖ്യ ആയത് മുതൽ ആ അളവിൽ കുറയാതെ ഒരു വർഷം തികഞ്ഞാൽ ആ നിക്ഷേപത്തിന്റെ സകാത്ത് കൊടുക്കണം . ഇവിടെ ബാങ്കിൽ എന്നാണ് താങ്കൾ നിക്ഷേപം തുടങ്ങിയത് എന്നും എന്നാണ്  595 ഗ്രാം വെള്ളിക്ക് തുല്യമായ സംഖ്യ ആയത് എന്നും അത് മുതൽ എത്ര വർഷം കഴിഞ്ഞുവെന്നും ഓരോ വർഷം കഴിയുമ്പോഴും എത്ര വീതം ഡെപ്പോസിറ്റുണ്ടായിരുന്നുവെന്നും നോക്കിയിട്ട് ഓരോ വർഷത്തിന്റേയും രണ്ടര ശതമാനം സകാത്ത് വെവ്വേറെ കൂട്ടണം)
  3. കടം കൊടുത്തത് : 55,000 (ഇത് കിട്ടുമെന്ന് പ്രതീക്ഷയുള്ളതാണെങ്കിൽ ഇത് കൊടുത്തിട്ട് എത്ര വർഷമായി എന്ന് നോക്കുക. എന്നിട്ട് ഓരോ വർഷത്തിനും രണ്ടര ശതമാനം വീതം കൊടുക്കുക.)
  4. കടം വാങ്ങിയത് : 200,000 (ഇത് നിങ്ങളുടെ പണമല്ല. അതിനാൽ ഇതിന് നിങ്ങൾ സകാത്ത് കൊടുക്കേണ്ടതില്ല. ഇത് ആരാണോ നിങ്ങൾക്ക് തന്നത് അദ്ദേഹമാണ് ഇതിന്റെ സകാത്ത് കൊടുക്കേണ്ടത്. കാരണം ഇത് നിങ്ങൾ അയാളോട് പറഞ്ഞ അവധിക്ക് തിരിച്ചു കൊടുക്കാനുള്ളതാണ്.)
  5. വീട്ടില് ചിലവിനും വീട് പണിയുടെ ആവശ്യത്തിനഉം ഭാര്യയുടെ കയ്യിൽ ഉള്ളത് : 80,000 (ഒരു വർഷം കഴിഞ്ഞിട്ടും ഈ സംഖ്യ ഇത് പോലെ ഭാര്യുടെ കയ്യിൽ സൂക്ഷിപ്പായിട്ടുണ്ടെങ്കിൽ ഈ സംഖ്യക്ക് സകാത്തുണ്ട്. ഇതിലേക്ക് നമ്പര്‍ 1 കൂട്ടിയിട്ട് കിട്ടുന്ന തുകയുടെ രണ്ടര ശതമാനം സകാത്ത് കൊടുക്കണം.)

നിങ്ങളുടെ കയ്യിലുള്ള സംഖ്യകളൊക്കെ വ്യത്യസ്ഥ കാര്യങ്ങൾക്കായി നീക്കി വെച്ചത് കൊണ്ട് ഓരോന്നും ഇവിടെ സൂചിപ്പിക്കപ്പെട്ടത് പോലെ അതതിന്റെ വർഷം തികയുമ്പോഴാണ് സകാത്ത് കൊടുക്കേണ്ടത്

ശമ്പളത്തിന്റെ സകാത്തുമായി ബന്ധപ്പെട്ട ഉത്തരം മനസ്സിലാക്കാൻ FATWA CODE: Fin9253 എന്ന ഭാഗം നോക്കുക. .

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter