അസ്സലാമു അലൈയ്ക്കം, 1. ഇക്വിറ്റി ഷെയർ മാർക്കറ്റ് ഇൻവെസ്റ്റ്മെൻറിലെ സകാത്തിനെ കുറിച്ച് എനിക്ക് ഒരു വിശദീകരണം തരൂ. 2.എന്റെ കയ്യിൽ ഒരു നിശ്ചിത തുക ഉണ്ടെങ്കിൽ, ഒരു വർഷം പൂർത്തിയാക്കിയ ശേഷം ഞാൻ ഈ തുക ZAKAT നൽകുന്നു. ഈ തുക മറ്റ് ചെലവുകൾക്കായി ചെലവഴിക്കുന്നില്ല. അതേ അളവിൽ രണ്ടാം വർഷവും പൂർത്തിയാക്കി, അങ്ങനെയെങ്കിൽ ആ തുകയുടെ ZAKAT എന്താണ്?

ചോദ്യകർത്താവ്

Mohamed Shafi

Jun 2, 2019

CODE :Fin9305

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇക്വുറ്റി ഷെയറിന്റെ സകാത്തിനെക്കുറിച്ച് അറിയുന്നതിന് മുമ്പ് ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങളുണ്ട്. അവയില്‍ ചിലത് ആദ്യം പറയാം.

  1. ഓഹരിയിൽ നിക്ഷേപിച്ച് നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ടുകളായ ഇക്വിറ്റി ഫണ്ടുകളുടെ വളര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഉയര്‍ന്ന പലിശ നിരക്കാണ്. ചെറിയൊരു തുക മ്യൂച്വല്‍ ഫണ്ട് എസ്‌. ഐ. പിയിലൂടെ ലക്ഷങ്ങളാകുന്നത് കൂട്ടുപലിശ, ദീര്‍ഘമായ കാലയളവ്, ഓഹരിയില്‍ നിന്ന് ലഭിക്കുന്ന ഉയര്‍ന്ന നേട്ടം എന്നിവ ഒത്തു ചേരുമ്പോഴാണ്. ഇതില്‍ കൂട്ടു പലിശ എന്നത് നമ്മുടെ സാമ്പത്തിക ഇടപാടിന്റെ ഭാഗമാകുന്നതും അത് മൂലം നമ്മുടെ സമ്പത്തിന് വര്‍ദ്ധനവുണ്ടാകുകയെന്നതും ഏറെ അപകടകരമായ കാര്യമാണ്. കാരണം പലിശയുമായി ഒരു രീതിയിലും ബന്ധപ്പെടാന്‍ പാടില്ലെന്നും അത്തരക്കാരോട് അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അല്ലാഹു വിശുദ്ധ ഖുര്‍ആനിലും (സൂറത്തുല്‍ ബഖറഃ) അത്തരക്കാരെ അല്ലാഹു ശപിച്ചിട്ടുണ്ടെന്ന് അല്ലാഹുവിന്റെ റസൂലും (ബുഖാരി, മുസ്ലിം) അസന്നിഗ്ദമായി പ്രഖ്യാപിച്ച് സത്യ വിശ്വാസികള്‍ക്ക് അനേകം തവണ മുന്നറിയപ്പ് നല്‍കിയതാണ്..
  2. അസറ്റ് മാനേജ്മെന്റ് കമ്പനികളായ ബാങ്കുകള്‍, ഷെയര്‍ ബ്രോക്കിങ്ങ് സ്ഥാപനങ്ങളായ ജിയോജിത്, ഷെയര്‍വെല്‍ത്ത്, ഐസിഐസി സെക്യൂരിറ്റീസ് തുടങ്ങിയവ, എന്‍.ബി.എഫ്.സികള്‍ ( ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങള്‍), മ്യൂച്വല്‍ ഫണ്ട് വിതരണം ചെയ്യുന്ന മറ്റുു ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഏജെന്റുുമാര്‍ തുടങ്ങിയവയാണ് വ്യക്തികള്‍ക്ക് വേണ്ടി ഇക്വിറ്റി ഫണ്ടുകള്‍ അവതരിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതും. ഇത്തരം കമ്പനികള്‍ തങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ ഹലാലും ഹറാമും നോക്കാത്തവരും പലിശയടക്കമുള്ള നിഷിദ്ധമായ സാമ്പത്തിക കുറ്റങ്ങള്‍ കുറ്റമല്ലാതെ കാണുന്നവരുമാണ്. ഹലാലും ഹറാമും കലര്‍ന്ന സമ്പത്തുള്ളവരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തല്‍ കറാഹത്തും ഹറാമിലധിഷ്ഠിതമായ സാമ്പത്തിക നയങ്ങളുള്ളവരുമായി നടത്തല്‍ ഹറാമുമാണ് (ഫത്ഹുല്‍ മുഈന്‍) എന്ന മത ശാസന ഗൌരവത്തിലെടുക്കേണ്ടതുണ്ട്.
  3. ലാര്‍ജ് ക്യാപ്, ഫ്ലെക്സി ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് എന്നീ പേരുകളിലറിയപ്പെടുന്ന ചെറുതും ഇടത്തരവും വലുതുമായ ഓഹരികളിലാണ് ഇക്വുറ്റി ഫണ്ടുകള്‍ നിക്ഷേപിക്കപ്പെടുന്നത്. ഈ ഓഹരികളൊക്കെ ആരുടേതാണ്, അവരൊക്കെ നടത്തുന്ന സാമ്പത്തിക വ്യവഹാരങ്ങളും ഇടപാടുകളും ഇസ്ലാമികമാണോ അതോ പലിശയും ചൂതാട്ടവും മദ്യവും സിനിമയും അടക്കമുള്ള അനിസ്ലാമികമാണോ എന്ന ചിന്ത ഏത് ക്യാപില്‍ നമ്മുടെ ഫണ്ട് നിക്ഷേപിക്കുമ്പോഴും നമുക്ക് ഉണ്ടായിരിക്കേണ്ടതാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ഹലാലായ പണം കൂടി അവരുടെ ഹറാമായ പണത്തില്‍ കലര്‍ ഉപയോഗിക്കാന്‍ പറ്റാതെയാകും. പിന്നെ ആ പണം ഉപയോഗിച്ച് നാം ഉണ്ണുുന്നതും ഉടുക്കന്നതും മക്കളെ തീറ്റിക്കുന്നതുമൊക്കെ ഹറാം കൊണ്ടാകുകയും നമ്മടേയും മക്കളുടേയും ശരീരം ഹറാമില്‍ വളരുകയും ചെയ്യും. നബി (സ്വ) അരുള്‍ ചെയ്തു. ഹറാമില്‍ വളരുന്ന ശരീരം നരഗത്തിന് അവകാശപ്പെട്ടതാണ് (തിര്‍മ്മിദി, അഹ്മദ്).

 

ഇനി സകാത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ഈ ഇടപാടിന്റെ ഭാഗമായി ഓരോ വര്‍ഷവും ലഭിക്കുന പലിശ ഇസ്ലാമികമായി തന്റെ ഉടമസ്ഥതയില്‍ വരാത്തത് കൊണ്ട് ഒരു കാരണവശാലും അത് ഉപയോഗിക്കാന്‍ പാടില്ല, അതിന് സകാത്തുമില്ല. അത് അത് വേഗം നിക്ഷേപത്തില്‍ നിന്ന് പിന്‍വലിച്ച് ഒന്നുകില്‍ മുസ്ലിംകളുടെ പൊതു ആവശ്യങ്ങള്‍ക്കോ അല്ലെങ്കില്‍ പാവപ്പെട്ടവനോ കൊടുത്തു വീട്ടണം. ഹറാമായ പണം പാവങ്ങളുടെ കയ്യില്‍ എത്തിപ്പെട്ടാല്‍ അവര്‍ക്ക് അത് ഉപയോഗിക്കാം (ശറഹുല്‍ മുഹദ്ദബ്). ഇതുപോലെത്തന്നെയാണ് ഹറാമായ ഇടപാടുകളിലെ ഓഹരികളില്‍ നിക്ഷേപിച്ച് ലഭിച്ച വരുമാനവും കൈകാര്യം ചെയ്യേണ്ടത്. പിന്നെ, മുകളില്‍ സൂചിപ്പിച്ച മൂന്നു കാര്യങ്ങളും യഥാവിധി വിലയിരുത്തി തന്റെ ഇക്വിറ്റീ ഷെയറില്‍ ഹലാലായ പണം എത്രയാണോ ബാക്കിയുള്ളത് എന്ന് നോക്കി അത് 595 ഗ്രാം വെള്ളിയുടെ തുകക്ക് തുല്യമായ സംഖ്യയായത് മുതല്‍ ആ അളവില്‍ കുറവ് വരാതെ ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് കൊടുക്കണം.  ഈ തുക മറ്റു ചെലവുകള്‍ക്കൊന്നും ഉപയോഗിക്കാതെ അങ്ങനെ നിലനിര്‍ത്തുന്ന ഓരോ വര്‍ഷത്തനും ഹിജ്റ വര്‍ഷമനുസരിച്ച് വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസത്തെ നെറ്റ് അസറ്റ് വാല്യൂ അനുസരിച്ച് എത്രയാണോ ഷെയറുള്ളത് അതിന്റെ രണ്ടര ശതമാനം സകാത്തായി കൊടുത്തു കൊണ്ടിരിക്കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter