Amazon വഴി സാധനങ്ങള് വാങ്ങുന്പോള് അതില് cash on delivery ഉണ്ടാവാറുണ്ടല്ലോ അപ്പോള് വസ്തു കാണതെയാണല്ലോ നാം ഈ കച്ചവടം നടത്തുന്നത് ഇത് ശരിയാകുമോ ആവുമെന്കില് എങ്ങനെ
ചോദ്യകർത്താവ്
Aboobakar siddeeque
Feb 22, 2019
CODE :Fiq9166
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഓൻലൈൻ സംവിധാനത്തിൽ രണ്ടു തരം ഇടപാടുകളാണ് കണ്ടു വരുന്നത്. ഒന്ന് വിൽക്കപ്പെുന്ന വസ്തുവിന്റെ കൃത്യമായ വിവരണങ്ങൾ നൽകിയ ശേഷം അത് ലഭിക്കാൻ വേണ്ടി ആദ്യം പണം അടക്കുകയും ഈ വിവരണങ്ങൾ ഒത്ത കച്ചവട വസ്തു പിന്നീട് കൈമാറുകയും ചെയ്യുകയെന്നതാണ്. ഇത് ഇസ്ലാം അനുവദിച്ച സലം കച്ചവടത്തിൽപ്പെടണമെങ്കിൽ ഇടപാട് സമയത്ത് തന്നെ പണം നൽകുക, പിന്നീട് നൽകാമെന്ന് പറഞ്ഞ ഈ വസ്തും കടമായിരിക്കും, ഈ വസ്തു പറയപ്പെട്ട സമയത്തും സ്ഥലത്തും കൊടുത്തേൽപ്പിക്കാൻ കഴിയുന്നതായിരിക്കണം, ഈ വസ്തുവിന്റെ അളവ്, തൂക്കം, എണ്ണം തുടങ്ങിയവ കൃത്യമായി അറിയിക്കപ്പെടണം, ഈ വസ്തു വിൽപനക്കാരന്റെ ഉടമസ്ഥതയിലുള്ളതും നജസല്ലാത്തതുമായിരിക്കണം തുടങ്ങിയ നിബന്ധനകൾ പാലിക്കപ്പെടണം (ഫത്ഹുൽ മുഈൻ, തുഹ്ഫ). ഇതിലേതെങ്കിലും ഒരു നിബന്ധന ലംഘിച്ചാൽ അത് ഉപഭോക്താവിനെ വഞ്ചിക്കലാകും. അഥവാ കാണാതെ കച്ചവടം നടത്തപ്പെടുന്ന വസ്തുവിന്റെ കൈമാറ്റത്തിൽ ഒരു നിലക്കുമുള്ള വഞ്ചനയും നടക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തുകയാണിവിടെ ഇസ്ലാം. കാരണം ഇടപാടിൽ വഞ്ചന ഒരു നിലക്കും ഇസ്ലാം അംഗീകരിക്കുന്നില്ല (സ്വഹീഹ് മുസ്ലിം)
രണ്ട്, കാഷ് ഓൺ ഡെലിവറി സിസ്റ്റമാണ്. ഇത് നേരത്തേ തന്നെ വിൽക്കുന്നവൻ വാങ്ങുന്നവന് ഓൺലൈനായി കാണിച്ചു കൊടുത്ത വസ്തു വാങ്ങുന്നവന്റെ അടുത്ത് എത്തിക്കുമെന്നും അത് കണ്ടിട്ട് പറ്റുമെങ്കിൽ പണം തന്ന് വാങ്ങാമെന്നും പറയുകയും വാങ്ങാനുദ്ദേശിക്കുുന്നവൻ അത് കണ്ട് ബോധ്യപ്പെട്ടതന് ശേഷം പണം കൊടുത്ത് വാങ്ങുകയും ചെയ്യുന്ന രീതിയാണെങ്കിൽ അത് ഇസ്ലാമികമായി തെറ്റല്ല. ഇവിടെ നേരത്തേ ഓൺലൈൻ വഴി യഥാർത്ഥത്തിൽ കച്ചവടം നടത്തുകയല്ല ചെയ്യുന്നത്, കച്ചവടം നടത്താൻ തീരുമാനിക്കുകയാണ്. കാരണം വാങ്ങുന്നവൻ ഓൺലൈൻ വഴി കണ്ട് ഇഷ്ടപ്പെട്ട് വാങ്ങണം എന്ന് ആഗ്രഹിക്കുന്ന വസ്തു വിൽപനക്കാരന്റെ പ്രതിനിധി വാങ്ങുന്നവന്റെ അടുത്ത് എത്തിച്ച് അത് അവൻ ഓൺലൈനിൽ കണ്ട വിശേഷണങ്ങൾ ഒത്ത തന്റെ സെലക്ഷൻ ആണ് എന്ന് ബോധ്യപ്പെട്ടാലേ അത് വാങ്ങാൻ തന്നെ തീരുമാനിക്കേണ്ടതുള്ളൂ. അഥവാ വാങ്ങുന്നവനെ ഒരു നിലക്കും വഞ്ചിക്കുന്ന സ്വഭാവം ഇവിടെ കാണുന്നില്ല. എന്നാൽ ഈ രീതിയിലല്ലാതെ (കൊണ്ടു വരപ്പെടുന്ന വസ്തു തുറന്നു നോക്കാൻ സമ്മതിക്കാതിരിക്കുകയോ, ഓൺലൈനിൽ കണ്ട അതേ വസ്തുവല്ലെങ്കിലും വാങ്ങാൻ നിർബ്ബന്ധിക്കുകയോ) തുടങ്ങിയ ഏതെങ്കിലും തരത്തിൽ വാങ്ങുന്നവനെ വഞ്ചിക്കുന്ന സ്വഭാവമോ (പറഞ്ഞ അതേ സാധനം കൊണ്ടു വന്നിട്ട് അത് വാങ്ങാതെ വിൽക്കുന്നവന്റെ സമയവും ട്രാൻസ്പോർട്ടേഷൻ ചാർജ്ജും മറ്റും) നഷ്ടപ്പെടുത്തി വിൽപനക്കാരനെ വഞ്ചിക്കുന്ന സ്വഭാവമോ ഇതിൽ ഉണ്ടെങ്കിൽ അത് അനുവദനീയവുമല്ല. വാക്ക് കൊടുത്താൽ അത് പാലിക്കണം (സൂറത്തുൽ മാഇദ). നേരത്തെ പറഞ്ഞത് പോലെ ഇടപാടിൽ ഏർപ്പെടുന്ന രണ്ടാലൊരാൾക്ക് നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഒരിക്കലും. ഇസ്ലാം അനുവദിക്കുന്നുമില്ല (ഇബ്നു മാജ്ജഃ, ദാറഖുത്നീ)..
അതേ സമയം സാധനം എത്തിച്ചുകൊടുത്തതിന് ശേഷം പണം വാങ്ങുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമാണെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പെയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പൊലുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ കച്ചവടം നടത്താന്‍ അനുമതിയില്ലെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കിയത്. രാജ്യത്തെ പൌരൻ എന്ന നിലയിൽ ഈ സംവിധാനം ഉപയോഗപ്പെടുത്തുമ്പോൾ രാജ്യ നിയമം കൂടി പാലിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.