ഓഹരിവിപണിയില്‍ നടക്കുന്ന ഇൻട്രാഡേ ട്രേഡിങ്ങ് അനുവദനീയമാണോ? ഈ ഇടപാടുമായി ബന്ധപ്പെട്ട ഇസ്ലാമിന്‍റെ നിലപാടെന്താണ്?

ചോദ്യകർത്താവ്

അബ്ദുൽ ഫത്താഹ്

Nov 17, 2019

CODE :Fin9505

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഓഹരിവിപണിയില്‍ ബിസിനസ് ചെയ്യുന്ന കച്ചവടക്കാര്‍ പെട്ടന്നുള്ള ലാഭപ്രതീക്ഷയില്‍ ഒരേ ദിവസം തന്നെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പ്രത്യേകമായ ഇടപാടിനാണല്ലോ Intraday Trading എന്ന് പറയുന്നത്.

ചോദ്യകര്‍ത്താവിനെ പോലെ മറ്റുവായനക്കാര്‍ക്കും INTRADAY TRADING എന്താണെന്ന് മനസ്സിലാക്കാന്‍ ഒന്നുകൂടെ വിശദീകരിക്കാം.

ഓഹരിവിപണിയിലെ ഒരു വ്യാപാരി എന്ന നിലയിൽ, ഹ്രസ്വകാലത്ത് വലിയ ലാഭം കൈവരിക്കുന്നതിന് ഒരാൾക്ക് ഓഹരി മാർക്കറ്റിൽ നിന്ന് ഓഹരികൾ വാങ്ങാനോ വിൽക്കാനോ കഴിയും. നമുക്കറിയാവുന്നത് പോലെ മാർക്കറ്റ് മുകളിലേക്കോ താഴേക്കോ പോകുന്നതൊടൊപ്പം തന്നെ ഷെയറുകളുടെ വിലയും എപ്പോഴും ഏറ്റവ്യത്യാസം ഉണ്ടായിക്കൊണ്ടിരിക്കുന്നു. വ്യാപാരികൾ വിപണിയിലെ ചാഞ്ചാട്ടത്തെ ലാഭം കൊയ്യാനായി പൂർണമായി ഉപയോഗിക്കുന്നു. ഇൻട്രാഡേട്രേഡ് എന്നത് പേരുകൊണ്ട് മനസ്സിലാകുന്നത് പോലെ തന്നെ ഒരു ദിവസത്തിനുള്ളിൽ തന്നെ ഓഹരികൾ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. ഡേട്രൈഡ് നടക്കുന്ന അസറ്റുകള്‍ പൊതുവെ സ്റ്റോക്കുകള്‍, കറന്‍സികള്‍, ചരക്കുകള്‍ എന്നിവയാണ്. ഇവിടെ ഓഹരികൾ വാങ്ങുന്നത് നിക്ഷേപം നടത്താനല്ല, മറിച്ച് സ്റ്റോക്ക് സൂചികകളുടെ ചലനം പ്രയോജനപ്പെടുത്തി ലാഭം നേടുന്നതിനാണ്. അങ്ങനെ, സ്റ്റോക്കുകളുടെ വിലയിലെ ഏറ്റക്കുറച്ചിലുകൾ സ്റ്റോക്കുകളുടെ ട്രേഡിംഗിൽ നിന്ന് ലാഭം നേടാൻ സഹായിക്കുന്നു. പ്രധാനമായും രണ്ടുതരത്തിലാണ് ഈ കച്ചവടം നടക്കുന്നത്.

ഉദാഹരണസഹിതം വിശദീകരിക്കാം. ഒരു വാഹനനിര്‍മാണകമ്പനി (ABC എന്ന് നമുക്ക് പേരിടാം) അതിന്‍റെ അസറ്റിന്‍റെ ഷെയറുകളായി 1000 ഷെയറുകള്‍ മാര്‍കറ്റിലേക്ക് നല്‍കുന്നു. പലരും 10, 20, 100, 150 ഒക്കെ ഷെയറുകളായി അവ വാങ്ങുന്നു. ABC കമ്പനിയുടെ നിലവാരമനുസരിച്ച് ഈ ഷെയറുകളുടെ വില ദിവസേന കൂടുകയും കുറയുകയും ചെയ്യും. നിലവാരമാറ്റമനുസരിച്ച് ഈ ഷെയറുകളില്‍ വാങ്ങലുകളും കൊടുക്കലുകളും നടക്കുന്നു.

മാര്‍ക്കറ്റ് നിരീക്ഷിക്കുന്ന ഒരാള്‍ രാവിലെ 9.15 ന് മാര്‍ക്കറ്റ് ഓപണ്‍ ആകുന്ന സമയത്ത് ABC കമ്പനിയുടെ ഷെയര്‍ വില ഇപ്പോള്‍ കുറവാണെന്നും ഇന്ന് വൈകുന്നേരം മാര്‍ക്കറ്റ് ക്ലോസ് ആകുമ്പോള്‍ ഈ ഷെയറുകളുടെ വില കൂടുമെന്നും ഊഹിച്ച് കുറച്ച് ഷെയറുകള്‍ വാങ്ങുന്നു. സാധാരണ ഇങ്ങനെ ഷെയര്‍ വാങ്ങികഴിഞ്ഞാല്‍ അതിന്‍റെ ഡെലിവറി നടക്കാനും ഡോക്യുമെന്‍റേഷന്‍ നടക്കാനും രണ്ടുദിവസത്തിലധികം വേണ്ടിവരുന്നുണ്ട്. എന്നാല്‍ ഈ വ്യാപാരി ഇന്‍ട്രാഡേട്രൈഡ് എന്ന ഓപ്ഷന്‍ സെലെക്ട് ചെയ്താല്‍ അതിന്‍റെ ഡെലിവറി പ്രോസസ് നടക്കുകയില്ല. പകരം ഇന്ന് മാര്‍ക്കറ്റ് ക്ലോസ് ആകുന്നതിന് മുമ്പ് അദ്ദേഹം വാങ്ങിയ ഷെയറുകള്‍ മറ്റാര്‍ക്കെങ്കിലും വില്‍ക്കുന്നു. മാര്‍ക്കറ്റ് ക്ലോസിങ്ങിന് മുമ്പ് തന്‍റെ കയ്യിലുള്ള ഷെയറുകളുടെ നിലവാരം നോക്കി ലാഭം നേടാന്‍ വേണ്ടി വാങ്ങിയ അതേദിവസംതന്നെ അയാള്‍ ഇത് മറിച്ച് വില്‍ക്കുന്നു. കുറഞ്ഞ വിലയ്ക്ക് വാങ്ങാനും ഉയർന്ന വിലയ്ക്ക് വിൽക്കാനും കഴിയണമെങ്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മാര്‍കറ്റിന്‍റെ ഭാവി പ്രവചിക്കാന്‍ കഴിയണം. സമീപഭാവി പ്രവചിക്കാൻ, സമീപകാലത്തായി ആസ്തി വിലകളെ ബാധിക്കുന്ന ഘടകങ്ങൾ കൃത്യമായി വിലയിരുത്തുകയാണ് ചെയ്യാറുള്ളത്. വാർത്ത, കാലാവസ്ഥ, ഉപഭോക്തൃ വികാരം, വരാനിരിക്കുന്ന ട്വീറ്റുകൾ, ധനനയ പ്രഖ്യാപനങ്ങൾ, ധനനയ പ്രഖ്യാപനങ്ങൾ, വ്യാപാര യുദ്ധം സംഭവവികാസങ്ങൾ, പലിശനിരക്ക് മാറ്റങ്ങൾ, ആളുകൾക്ക് എങ്ങനെ തോന്നുന്നു, ശരാശരി താപനില, വ്യാപാരികളുടെ മാനസികാവസ്ഥ എന്നിവ ഈ ഘടകങ്ങളിൽ ചിലത് മാത്രം.

ചുരുക്കത്തില്‍ രാവിലെ ABC യുടെ 100 ഷെയര്‍ വാങ്ങിയ ആള്‍ വൈകുന്നേരം ആ നൂറ് ഷെയര്‍ മറിച്ചു വില്‍ക്കുന്നു. വ്യാപാരിയുടെ ഊഹത്തിന്‍റെ കൃത്യതക്കനുസരിച്ച് ലാഭമോ നഷ്ടമോ ആയേക്കാം.

ഇനി, രണ്ടാമത്തെ രീതി, വ്യാപാരി മാര്‍കറ്റ് നിരീക്ഷിച്ച് ഏതെങ്കിലും ഷെയറിന്‍റെ വില കൂടുതലാണെന്നും അത് വൈകുന്നേരം മാര്‍കറ്റ് ക്ലോസ് ചെയ്യുമ്പോള്‍ കുറയുമെന്നും കണക്ക് കൂട്ടുന്നു. അപ്പോള്‍ തന്‍റെ കയ്യിലില്ലാത്ത ഈ ഷെയറുകള്‍ രാവിലെ അയാള്‍ മറ്റൊരാള്‍ക്ക് അപ്പോഴത്തെ വിലപറഞ്ഞ് വില്‍പന നടത്തുന്നു. വൈകുന്നേരം വില കുറയുമ്പോള്‍ ആ ഷെയറുകള്‍ കുറഞ്ഞവിലയില്‍ വാങ്ങാമെന്ന് അയാള്‍ ഈഹിക്കുന്നു. അന്നേദിവസം മാര്‍കറ്റ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം വില്‍പന നടത്തിയ ഷെയറുകള്‍ വാങ്ങല്‍ നിര്‍ബന്ധമാണ്. രണ്ടാമതായി പറഞ്ഞ ഈ രൂപത്തില്‍ വ്യാപാരി വില്‍പന നടത്തുന്നത് തനിക്ക് ഒരു അവകാശവുമില്ലാത്ത വസ്തുവാണെന്ന് മനസ്സിലാക്കിയാല്‍ തന്നെ അത് അനുവദനീയമല്ലെന്ന് പെട്ടന്ന് മനസ്സിലാക്കാം.

ചുരുങ്ങിയ രീതിയില്‍ എന്താണ് ഡേട്രൈഡ് എന്ന് മനസ്സിലായല്ലോ. ഇനി ഇതിലെ ഇസ് ലാമികമാനം പഠിക്കാം.

ആദ്യമായി മനസ്സിലാക്കേണ്ടത് ഇതിലെ ഇടപാടുകാരെ കുറിച്ചും ഇടപാടുകാരുടെ ക്രയവിക്രയങ്ങളിലെ മതനിയമസാധുതകളെ കുറിച്ചുമാണ്.

ഏതൊരു ബിസിനസിലും ശ്രദ്ധിക്കേണ്ടതുപോലെ തന്നെ ഇവിടെയും ഇടപാടുകാര്‍ക്കും ഇടപാടിനും ഇടപാട് നടക്കുന്ന ചരക്കിനുമെല്ലാം ഇസ് ലാം നിര്‍ദേശിച്ച നിബന്ധനകള്‍ ശരിയാവുന്നുണ്ടോ എന്ന് നോക്കണം.

ഡേട്രൈഡിംഗിനെ കുറിച്ച് മാത്രം നമുക്ക് ചര്‍ച്ച ചുരുക്കാം.

ഇവിടെ നാം ഇടപാട് നടത്തുന്ന കമ്പനിയുടെ പ്രോഡക്ടുകള്‍ ഹലാലായ കച്ചവടം നടത്താന്‍ പറ്റുന്ന പ്രോഡക്ടുകള്‍ ആണോ എന്നും അവരുടെ ഷെയറുകള്‍ ഹലാലായ ഷെയറുകള്‍ ആണോ എന്നും അറിയണം.

നാം അവരുടെ അസറ്റ് വാങ്ങുന്നതോടെ ആ കമ്പനിയുടെ ഒരു ഷെയര്‍ ഉടമയായി നാമും മാറുന്നു. ഷെയറിന് ഇസ്ലാം പറഞ്ഞ ഒരുപാട് നിബന്ധനകളുണ്ടല്ലോ. ലാഭവും നഷ്ടവും മുടക്കുമുതലിന്‍റെ അനുപാതമനുസരിച്ച് പങ്കുവെക്കണം എന്നത് തന്നെ പ്രധാനം. ഇത്തരം ശര്‍ത്തുകളെല്ലാം പാലിക്കുമ്പോഴേ ശെയര്‍ ചേരാന്‍ പറ്റൂ.

അതുപോലെ ഷെയറുകള്‍ കച്ചവടം നടത്തുമ്പോള്‍, കച്ചവടത്തില്‍ പറയപ്പെട്ട എല്ലാ നിബന്ധനകളുമുണ്ടോ എന്ന് ശ്രദ്ധക്കണം. നമുക്ക് അവകാശമില്ലാത്ത ഒരു വസ്തുവിനെ നമുക്ക് വില്‍ക്കാന്‍ കഴിയില്ലല്ലോ. അതിനെ ഇസ്ലാം അംഗീകരിക്കുന്നുമില്ല. നാം വാങ്ങാനുദ്ദേശിക്കുന്ന വസ്തു നമ്മുടെ കയ്യിലെത്തുംമുമ്പ് മറിച്ചുവില്‍ക്കാന്‍ പാടില്ലെന്ന നിയമവും ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്.

ഡേട്രൈഡില്‍ ഓഹരിവ്യാപാരിക്ക് താന്‍ വാങ്ങിയ ഓഹരികൾ അവന്റെ പേരിലേക്ക് മാറ്റുന്നതിനുമുമ്പ് മറിച്ചു വിൽക്കുന്നത് ശരീഅത്തിൽ അനുവദനീയമല്ല. ഉടമസ്ഥാവകാശം നിയമാനുസൃതമായി കൈമാറ്റം ചെയ്യുന്നതിന് മുമ്പ് അവ മറ്റൊരു പാർട്ടിക്ക് വിൽക്കാൻ അവന് കഴിയില്ല, അതായത് ഓഹരി വാങ്ങുന്നയാൾ, അയാൾ‌ക്ക് ഓഹരികൾ‌ സ്വന്തമാണെങ്കിൽ‌ പോലും, അവ ഇപ്പോഴും വിൽ‌പനക്കാരന്‍റെ പേരിൽ രജിസ്റ്റർ‌ ചെയ്‌തിരിക്കുന്നതിനാൽ അവ കൈവശപ്പെടുത്തിയിട്ടില്ല. വാങ്ങിയ സാധനങ്ങൾ കൈവശം വയ്ക്കുന്നതിന് മുമ്പ് വിൽക്കുന്നത് വിലക്കപ്പെട്ടതായി നിരവധി ഹദീസുകള്‍ കാണാം.

നബി(സ്വ) പറഞ്ഞു: ആരെങ്കിലും ഒരാള്‍ ഭക്ഷണവസ്തു വാങ്ങിയാല്‍ അത് അളന്നുതിട്ടപ്പെടുത്തി കൈമാറുന്നതുവരെ മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ പാടില്ല. (ബുഖാരി-2133,2136, മുസ് ലിം-3913,3915,3916,3917,3919,3921,3922,3925, അബൂദാവൂദ്-3494,3498,3499, തുര്‍മുദി-1291, നസാഈ-4595,4596, ഇബ്നുമാജ-2226, 2227)

ഹദീസ് ഭക്ഷണത്തെ കുറിച്ചാണെങ്കിലും ഈ നിയമം എല്ലാവിധചരക്കുകളിലും ബാധകമാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അതാണ് പ്രബലാഭിപ്രായവും.കൂടാതെ ഇതേ ആശയത്തിലുള്ള പരശ്ശതം ഹദീസുകള്‍ വേറെയും കാണാം.

കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ‘കൈവശപ്പെടുത്തുന്നതിനു മുമ്പുള്ള കച്ചവടച്ചരക്കിന്‍റെ നിയമങ്ങള്‍’ എന്ന തലക്കെട്ടോടെ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

കച്ചവടം നടത്തുക എന്നതും വസ്തു കൈവശപ്പെടുത്തുക എന്നതും രണ്ടാണ്. കച്ചവടം ചെയ്ത ശേഷം വസ്തു കൈവശപ്പെടുത്തല്‍ നടന്നാലേ അതില്‍ ക്രയവിക്രയം ചെയ്യാന്‍ വാങ്ങിയ ആള്‍ക്ക് കഴിയുകയുള്ളൂ.

കൈവശപ്പെടുത്തുക എന്ന നിബന്ധന ഓരോ ചരക്കിന്‍റെയും സ്വഭാവത്തിനും പൊതുരീതികള്‍ക്കും അനുസരിച്ച് പലരീതിയിലും ഉണ്ടാവാം. രേഖകള്‍ കൈമാറുക, വസതു തന്നെ കൈമാറുക, തുടങ്ങിയ പല രീതികളും ആകാം. ഡേട്രൈഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ കച്ചവടം നടക്കുന്നുവെങ്കിലും കൈവശപ്പെടുത്തല്‍ നടക്കുന്നില്ലെന്നാണ് മനസിലാകുന്നത്.

എന്നാല്‍ വാങ്ങുന്നയാളുടെ അക്കൌണ്ടിലെക്ക് ഷെയറുകൾ‌ രജിസ്റ്റർ‌ ചെയ്യപ്പെടുകയോ അല്ലെങ്കിൽ‌ അയാളുടെ ഓൺ‌ലൈൻ‌ വാലറ്റിലേക്ക് അവ മാറ്റപ്പെടുകയോ ചെയ്യുന്നത്, സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ നിർ‌വ്വചനങ്ങൾ‌ക്കും പ്രാക്ടീസുകൾ‌ക്കും അനുസരിച്ച് ഷെയറുകൾ‌ കൈവശപ്പെടുത്തുന്നതിനുള്ള സ്വീകാര്യമായ മാർ‌ഗ്ഗമായി കണക്കാക്കുന്നുവെങ്കിൽ‌ അത് ശരീഅത്തിലും കൈവശപ്പെടുത്തലായി പരിഗണിക്കാമെന്നും അങ്ങനെയാകുമ്പോള്‍ കൈവശപ്പെടുത്തുന്നതിന് മുമ്പ് മറിച്ച് കച്ചവടം ചെയ്യുക എന്ന കുഴപ്പം ആരോപിച്ച് ഡേട്രൈഡ് അനുവദനീയമല്ല എന്ന് പറയാനൊക്കില്ല എന്നും ചില ആധുനികപണ്ഡിതരുടെ ഫത്'വകള്‍ കാണാം. അവ പരിഗണിച്ചാലും ശെയര്‍, കച്ചവടം എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ പൂര്‍ണമായി ശ്രദ്ധിക്കപ്പെുടുന്നുണ്ടെങ്കിലേ മൊത്തത്തില്‍ ആ ഇടപാട് ശരിയാണെന്ന് പറയാനൊക്കൂ.

ചുരുക്കത്തില്‍ ഷെയര്‍കച്ചവട നിബന്ധനകള്‍, വാങ്ങല്‍വില്‍പന നിബന്ധനകള്‍, എല്ലാം ശരിയാകുമ്പോള്‍ മാത്രമേ ഏത് ഇടപാടും ശരിയാകുന്നുളളൂ. അങ്ങനെ നോക്കുമ്പോള്‍ ഡേട്രൈഡ് ഹലാലാകാനുള്ള വകുപ്പുകള്‍ കണ്ടെത്താന്‍ കഴിയാതെ വരുന്നു.

കൂറുകച്ചവടം, വാങ്ങല്‍വില്‍പ്പന എന്നിവയില്‍ ഇസ് ലാമികമായി പരിഗണിക്കേണ്ട എല്ലാ നിയമങ്ങളും പരിഗണിച്ചുള്ള കമ്പനികളെ കണ്ടെത്തുക തീര്‍ത്തും പ്രയാസമാണല്ലോ. അങ്ങനെയുള്ള നിബന്ധനകള്‍ പാലിക്കുന്ന കമ്പനികള്‍ക്ക് ഇത്തരം ഇടപാടുകള്‍ നടത്താനും കഴിയില്ല.

ഡേട്രേഡ് പോലെ തന്നെ മറ്റുപലപേരുകളിലുമായി സമാനമായതോ സാദൃശ്യമുള്ളതോ ആയ പല ഇടപാടുകളും മാര്‍കറ്റിലുണ്ട്. ഷോട്ട്സെല്ലിംഗ്, മാര്‍ജിന്‍സൈല്‍, ഒപ്ഷന്‍സൈല്‍(കാള്‍ ഒപ്ഷന്‍,പുട്ട്ഒപ്ഷന്‍) ഇവയിലെല്ലാം മുകളിലെ പലനിബന്ധനകളും നഷ്ടപ്പെടുന്നതിനാല്‍ അവയൊന്നും ഇസ്ലാമികമായി സാധൂകരിക്കാനാകുന്നില്ല.

നാല് മദ്ഹബുകളുടെയും വിശാലമായ കാഴ്ചപ്പാടുകളോടെ നോക്കിക്കണ്ടാല്‍പോലും അത്തരത്തില്‍ പാലിക്കപ്പെടേണ്ട നിബന്ധനകള്‍ ഈ ഈടപാടുകളില്‍ കാണുന്നില്ല.

ഹലാലായ മാര്‍ഗത്തിലൂടെ ധനം സമ്പാധിക്കാനും വിനിയോഗിക്കാനും നാഥന്‍ തുണയേകട്ടേ എന്ന് ദുആ ചെയ്യാം.

കൂടുതല്‍ പഠിക്കാനും അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter