അസ്സലാമു അലൈക്കും യസീദ് ബിൻ മുആവിയയെ കുറിച്ചുള്ള അഹ് ലു സുന്നത്തിന്റെ കാഴ്ചപ്പാട് എന്താണ്? ഞാൻ ബറേൽവികളുടെ പ്രസംഗങ്ങളിൽ വളരെ മോശമായ പരാമർശങ്ങൾ കേട്ടു. ഒന്ന് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
Mohamed Sageer
Dec 21, 2018
CODE :Oth9011
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഇമാം ഇബ്നു ഹജര്‍ ഹൈത്തമി (റ) പറയുന്നു: യസീദു ബിനു മുആവിയയെയക്കുറിച്ച് മൂന്ന് അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. ഒന്ന് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍, രണ്ട് അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍, മൂന്ന് ഇത് രണ്ടും ചെയ്യാതെ (മറ്റു പല രാജാക്കന്മാരുടേയും കാര്യത്തിലെന്ന പോലെ) മധ്യ നില സ്വീകരിച്ച് മൌനം അവലംബിക്കുന്നവര്‍. ഇതില്‍ മുന്നാമത്തെ വിഭാഗത്തിന്റെ നിലപാടാണ് ശരി. യസീദ് ഫാസിഖായിരുന്നു എന്ന കാരണത്താല്‍ അദ്ദേഹത്തെ ലഅ്നത്ത് ചെയ്യരുത്. കാരണം ഫാസിഖ് വന്‍ദോഷിയാണെങ്കിലും കാഫിറാണെന്നതിന് തെളിവില്ലാത്തതിനാല്‍ ശപിക്കാന്‍ പാടില്ല. കാഫിറായി മരിച്ചുവെന്ന് ഉറപ്പുള്ളവരെ മാത്രമേ ശപിക്കാവൂ. ഈ നിലാപാടാണ് ഇമാം ഗസ്സാലി (റ) ക്കുമുള്ളത്. കാരണം യസീദ് ഹുസൈന്‍ (റ) വധിക്കുകയോ വധിക്കാന്‍ കല്‍പ്പിക്കുകയോ നിന്ദിക്കുകയോ ചെയ്താതായി ഖണ്ഡിതമായ തെളിവുകള്‍ ലഭ്യമല്ല. മാത്രവുമല്ല അഹ്ലു ബൈത്തിലെ പല പ്രമുഖന്മാരുമായും അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിനാല്‍ ലഅ്നത്ത് ചെയ്യരുത്. അത് പോലെ ഫാസിഖ് മുഅ്മിന്‍ തന്നെയാണ് എന്ന കാരണത്താല്‍ എല്ലാ മുഅ്മിനുകള്‍ക്കും വേണ്ടി മഗ്ഫിറത്തിനും മര്‍ഹമത്തിനും വേണ്ടി പ്രാത്ഥിക്കുന്നത് പോലെ അദ്ദേഹത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കാം. മാത്രവുമല്ല എന്റെ ഉമ്മത്തില്‍ നിന്ന് ആദ്യമായി കടല്‍ യുദ്ധം നടത്തുന്ന സൈന്യത്തിന് സ്വര്‍ഗം എന്തായാലും ലഭിക്കും എന്ന തിരുവചനവും എന്റെ ഉമ്മത്തില്‍ നിന്ന് ഖൈസറിന്റെ പട്ടണത്തെ ആക്രമിക്കുന്ന ആദ്യ സൈന്യത്തിന് അല്ലാഹു പൊറുത്തു കൊടുക്കുമെന്നുമുള്ള നബി (സ്വ) വചനവും യാഥാര്‍ത്ഥ്യമായത് യസീദിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിലൂടെയായിരുന്നു എന്ന വിലയിരുത്തപ്പെടുന്നതിനാല്‍ അത്തരം ഒരാളെ ശപിക്കുന്നത് ശരിയല്ല എന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ ശപിക്കരുത് എന്ന അഭിപ്രായമാണ് ഇമാം റംലീ (റ), ഹാഫിള് ഇബ്നു കസീര്‍, ഹാഫിളുദ്ദഹബീ, ഇമാം ഇബ്നു അറബി അല്‍ മാലികീ (റ), ഇമാം ഇബ്നു അസാകിര്‍ (റ) തുടങ്ങിയവര്‍ക്കുമുള്ളത് (സവാജിര്‍, സ്വവാഇഖ്, സിയര്‍, ഫതാവാ റംലീ, അല്‍ ബിദായത്തു വന്നിഹായ, താരീഖു ദിമിശ്ഖ്, താരീഖുല്‍ ഇസ്ലാം, അല്‍ അവാസ്വിം) .
എന്നാല്‍ റസൂല്‍ (സ്വ) യുടെ പേരക്കുട്ടിയും സ്വര്‍ഗത്തിലെ യുവാക്കളുടെ നേതാവും മഹാനായ സ്വഹാബിയുമായിരുന്ന ഹുസൈന്‍ (റ) വിനേയും കുടുംബത്തേയും വധിച്ച് വികൃതമാക്കി നിന്ദിച്ചതില്‍ സന്തോഷിച്ചതിനാലും അത് സന്തോഷ വാര്‍ത്തായി പ്രഖ്യാപിച്ചതിനാലും അഹ്ലു ബൈത്തിനെ നിന്ദിച്ചതിനാലും മദ്യ സേവ അടക്കമുള്ള ദുര്‍ നടപ്പ് കാരണത്താലും മദീനക്കെതിരെ യുദ്ധം നയിച്ച് നിരവധി സ്വഹാബത്തിനേയും താബിഉകളേയും ഖുര്‍ആന്‍ പണ്ഡിതരേയും വകവരുത്തുകയും അനേകം കന്യകകളെ മാനഭംഗപ്പെടുത്തുകയും മദീന ഒരാഴ്ച കൊള്ളയടിക്കുകയും ദിവസങ്ങളോളും മസ്ജീദുന്നബവിയില്‍ ജമാഅത്ത് മുടക്കുകയും നബി (സ്വ)യുടെ മിഹ്റാബില്‍ നായകള്‍ മൂത്രമൊഴിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കുകയും..... ചെയ്തു എന്ന കാരണത്താലും സ്വഹാബിയായ അബ്ദുല്ലാഹി ബിനു സുബൈര്‍ (റ) വിനെതിരെ യുദ്ധം ചെയ്യാന്‍ ഇറങ്ങി (ആ യുദ്ധത്തിന് പോകുന്ന വഴിയില്‍ മദീനിയിലെത്തുന്നതിന് മുമ്പ് യസീദ് മരിച്ചിരുന്നു പക്ഷേ ആ യുദ്ധത്തില്‍) ഇബ്നു സുബൈര്‍ (റ) വിനെ കൊന്ന് ശരീരം വികൃതമാക്കാനും കഅ്ബക്കെതിരെ തെറ്റു വില്ലെറിഞ്ഞ് കഅ്ബാലത്തിന്റെ ഒരു ഭാഗം തീപിടിച്ച് കരിയാന്‍ കാരണക്കാരനായി....... എന്ന കാരണത്താലും മദീനയെ ആരെങ്കിലും അക്രമിച്ച് ഭയപ്പെടുത്തിയാല്‍ അവരെ അല്ലാഹു ഭയപ്പെടുത്തുകയും അവന്റെ മേല്‍ അല്ലാഹുവിന്റേയും മലക്കുകളുടേയും സര്‍വ്വ ജനങ്ങളുടേയും ശാപമുണ്ടാവുകയും ചെയ്യുമെന്ന നബി (സ്വ) വചനവും എന്റെ ഉമ്മത്തിന്റെ കാര്യം നീതിയുക്തമായി നിറവേറ്റപ്പെട്ടു കൊണ്ടേയിരിക്കും ഉമയ്യ ഗ്രോത്രത്തിലെ യസീദ് എന്ന് പേരുള്ള ഒരാള്‍ അതിനെ പൊട്ടിച്ചെറിയും വരേ എന്ന തിരു വചനവുമൊക്കെ കാരണത്താലും യസീദ് ആക്ഷേപാര്‍ഹനാണെന്നും അദ്ദേഹത്തെ ശപിക്കാമെന്നും മഹാന്മാരായ കുറേ പണ്ഡിതര്‍ പറയുകയും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ നേരിട്ട് അദ്ദേഹത്തെ ശപിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം അഹ്മദു ബിന്‍ ഹമ്പല്‍ (റ), ഇമാം ഇബ്നുല്‍ ജൌസി (റ), ഇമാം സുയൂത്വീ (റ), ഇമാം സഅ്ദുദ്ദീന്‍ തഫ്താസാനി (റ), അല്ലാമാ ആലൂസി (റ), ഖാളീ അബൂ യഅ്ലാ (റ), ഇമാം യാഫിഈ (റ) തുടങ്ങിയ പണ്ഡിത പ്രമുഖര്‍ ഇക്കാര്യം അടിവരയിട്ടവരാണ്. ( അര്‍റദ്ദു അലല്‍ മുതഅസ്വിബ്.., താരീഖുല്‍ ഖുലഫാഅ്, ശറഹുല്‍ അഖാഇദ്, റൂഹുല്‍ ബയാന്‍, അല്‍ മുന്തളം, അല്‍ കാമില്‍ ഫിത്താരീഖ്)
ഇതൊക്കെ ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാകാം പലരും ശക്തമായി യസീദിനെ ആക്ഷേപിക്കുന്നത്. അഥവാ അവര്‍ക്ക് അവരുടെ നിലപാടിന് തെളിവുണ്ട് എന്നര്‍ത്ഥം. മാത്രവുമല്ല ഈ വിഷയത്തിൽ ഇരു പക്ഷത്തുമുള്ള പണ്ഡിതന്മാരിൽ പല പ്രമുഖരും തങ്ങളുടെ പക്കലുള്ള തെളിവുകളെ മുൻനിർത്തി പരസ്പരം കടുത്ത നിലപാട് സ്വീരിക്കുകയും മറ്റുള്ളവരുടെ വിലയിരുത്തലുകളെ തള്ളുകയും അവ സ്വീകരിക്കരുതെന്ന് സമൂഹത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുള്ളത് കൊണ്ടാണ് ഈ രണ്ടു നിലപാടുകളും ഇപ്പോഴും നിലവിലുള്ളത് . എന്നാല്‍ ഇരു വിഭാഗം പണ്ഡിതന്മാരും പ്രബലപ്പെടുത്തിയത് ഒരാള്‍ കാഫിറായി മരിച്ചുവെന്ന് ഉറപ്പാകാത്ത കാലത്തോളം അയാളെ ശപിക്കാരുതെന്നും അയാളെ പാപിയായ മുസ്ലിമായിട്ടാണ് കാണേണ്ടതെന്നുമാണ്. യസീദിന്റെ കാര്യത്തിലും ഈ നിലപാടാണ് കരണീയം. അദ്ദേഹത്തെപ്പറ്റി പറയപ്പെട്ട സംഭവങ്ങളിലെ വിശദീകരണങ്ങളെല്ലാം അത് പോലെ പൂര്‍ണ്ണമായും വസ്തതാപരമാണെന്നത് ഖണ്ഡിതമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലായെന്ന് പ്രമുഖരായ പിൽക്കാല പണ്ഡിതന്മാർ അഭിപ്രായപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തെ സ്നേഹിക്കാനോ പിന്തുണക്കാനോ ആക്ഷേപിക്കാനോ ശപിക്കാനോ മുതിരാതെ അദ്ദേഹവുമായി ബന്ധപ്പെട്ട രഹസ്യങ്ങളും നിഗൂഢതകളും വിവാദങ്ങളും അല്ലാഹുവിന് വിടുന്നതാണ് സൂക്ഷ്മത.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ


