അസ്സലാമു അലൈകും ഇന്ന് പൊതുവെ കണ്ടു വരുന്ന ഒരു പ്രവണതയാണല്ലോ ഹൈന്ദവ തീര്താടകർക്കു മുസ്ലിം പള്ളിമുറ്റം ഭക്ഷണം മറ്റു സൗകര്യം ചെയ്തു കൊടുക്കുന്നത് , സാമൂഹ്യമായി നല്ല കാര്യമാണെങ്കിലും അത് ശിർക് ചെയ്യാൻ പോവുന്നവരെ സഹായിക്കുന്ന കുറ്റം നമുക്ക് വരുമോ ?

ചോദ്യകർത്താവ്

Muhammad Saheer

Jan 5, 2019

CODE :Oth9042

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

വിവിധ മതക്കാരും ആശയക്കാരും ഇടകലർന്ന് ജീവിക്കുന്ന ബഹുസ്വര സമൂഹത്തിൽ ഒരു മുസ്ലിം തന്റെ വിശ്വാസ പരവും കർമ്മ പരവുമായ അസ്ഥിത്വം പണയപ്പെടുത്താതെ അവരുമായി മാതൃകാ പരമായാണ് പെരുമാറേണ്ടത്. ആദർശത്തിലും അനുഷ്ഠാനത്തിലും ഒരു നിലക്കും ഇതര ആശയക്കാരുടെത് കടമെടുക്കുകയോ സൌഹാർദ്ദത്തിന്റെ പേരിലെങ്കിലും മനസ്സാ വാചാ കർമ്മണാ അംഗീകരിക്കുകയോ ചെയ്യുന്നത് ഇസ്ലാം ശക്തമായി വിലക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ അവർക്ക് അവരുടെ വഴി നമുക്ക് നമ്മുടെ വഴി എന്ന നിലപാടാണ് ഇസ്ലാമിന്റേത്. മുള്ള് വാഴയിൽ വീണാലും വാഴ മുള്ളിൽ വീണാലും പരിക്ക് വാഴക്ക് എന്ന പറയുന്നത് പോലെ തന്റെ വിശ്വാസത്തിന് പരിക്ക് പറ്റുകയും അല്ലാഹുവിന്റെ കോപത്തിന് ഇരയാകുകയും ചെയ്യും എന്നതാണ് കാരണം. സൂറത്തുൽ കാഫിറൂനിൽ ഇക്കാര്യം അല്ലാഹുവിനെ നിഷേധിക്കുന്നവരോട് അല്ലാഹു വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ സാമൂഹികമായി എല്ലാ വിഭാഗം ജനങ്ങളോടും ഏറ്റവും നല്ല രീതിയിൽ പെരുമാറാൻ കൽപ്പിക്കപ്പെട്ടവനാണ് മുസ്ലിം. നബി (സ്വ) അരുൾ ചെയ്തു. നാമുമായി സൌഹാർദ്ധത്തിൽ ജീവിക്കുന്ന ഇതര ആശയക്കാരനെ ആരെങ്കിലും വധിച്ചാൽ അവന് സ്വർഗത്തിന്റെ നറുമണം പോലും കിട്ടുകയില്ല. 40 വർഷം സഞ്ചരിച്ചാൽ എത്തുന്ന ദൂരം വരേ സ്വർഗത്തിന്റെ  സുഗന്ധം എത്തും (സ്വഹീഹുൽ ബുഖാരി). നാമുമായി സൌഹൃദത്തിൽ കഴിയുന്ന ഇതര മതസ്ഥനെ ആരെങ്കിലും ഉപദ്രവിച്ചാൽ നാളെ പരലോകത്ത് ഞാൻ അവന് എതിരെ നിലകൊള്ളുമെന്നും (മുസനദ് അഹ്മദ്) അവർ ഇങ്ങൊട്ട് വിവരക്കേട് കാണിച്ചാൽ അവരോട് മാന്യമായും ദയയോടെയും പെരുമാറണമെന്നും (സ്വീഹ് മുസ്ലിം) തുടങ്ങി ബഹുസ്വര സമൂഹത്തിൽ ഒരു മുസ്ലിമിന്റെ മാതൃകാ പരമായ സാമൂഹിക പ്രതിബദ്ധത വിശദമായി നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ഇതര ആശയക്കാരോട് ആശയപരമായും ആചാരപരമായും ഒരു മുസ്ലിമിന് യോജിക്കുക സാധ്യമല്ല. എന്നാൽ അവർ അവരുടെ വിശ്വാസത്തിലും അനുഷ്ഠാനങ്ങളിലും തുടരുന്ന അവസരത്തിലും മാനുഷികമായും സാമൂഹികമായും വളരേ ദയയോടെയും പരോപകാരത്തോടെയും നമ്മുടെ ജീവിത്തിലേക്കും സംസ്കാരത്തിലേക്കും ദീനിലേക്കും ആകർഷിക്കും വിധവും അവരുടെ ഹൃദയോത്തോട് ചേർന്നു നിൽക്കുന്ന നല്ല മനുഷ്യനായി അവരോട് പെരുമാറണം. ചോദ്യത്തിൽ ചോദിച്ചത് അവർക്ക് പള്ളി മുറ്റത്ത് വെള്ളവും ഭക്ഷണവും കൊടുക്കുന്ന കാര്യമാണ്. നാം അവർക്ക് മറ്റേത് സമയത്ത് ഏത് ഉപകാരം ചെയ്യുകയാണെങ്കിലും അവർ അതിന് മുമ്പോ ശേഷമോ അവരുടെ വിശ്വാസവും ആചാരവും മുറുകെ പിടിക്കുന്നവരായിരിക്കും. എന്നാലും നാം അവരോട് വളരേ മാന്യമായേ പെരുമാറാൻ പാടുള്ളൂ എന്നാണല്ലോ ഉപര്യുക്ത തിരു വചനങ്ങളുടെ സാരം. അത് കൊണ്ടു തന്നെ ഇത്തരം കാര്യങ്ങൾ പതിവാക്കാതെ ചില സാഹചര്യങ്ങളിൽ അങ്ങനെ ചെയ്യേണ്ടി വരുമ്പോൾ അത് അവരുടെ ആരാധനക്കുള്ള പിന്തുണയായി കാണുന്നതിന് പകരം ക്ഷീണിച്ചവശരായ ഒരു പറ്റം സഹജീവികളുടെ പൈദാഹം തീർക്കുന്ന സാമൂഹിക ബാധ്യതയായും പൊതു മസ്ലഹത്തിന്റെ ഭാഗമായും കാണുന്നതാണ് ഉചിതം. കാരണം നമ്മുടെ നാട്ടിലൊക്കെത്തന്നെയുള്ള അയൽക്കാരും അല്ലാത്തവരുമായ ഇതര മതസ്തരും പ്രത്യയശാസ്ത്രക്കാരും അവരുടെ ആരാധാനാലയങ്ങളിലേക്കോ ആശയ പ്രചാരണ ആചരണ കേന്ദ്രങ്ങളിലേക്കോ പോകുകയോ വരികയോ ചെയ്യുമ്പോൾ വഴിയിലുള്ള നമ്മുടെ വീട്ടിലേക്ക് കയറി വന്നാൽ ഇനിയവർ പോകുന്നത് അത്തരം സ്ഥലങ്ങളിലേക്കാണെന്ന് ചിന്തിച്ച് പരിഗണിക്കാതെ വിടുന്നതിനേക്കാൾ സാമൂഹികമായി മസ്ലഹത്ത് അവരെ പരിഗണിച്ച് പരസ്പരം സൌഹാർദ്ധവും സന്തോഷവും പങ്കിടലാണെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്ന് മാത്രമല്ല കാലങ്ങളായി നമ്മുടെ നാട്ടിലെ പതിവും അപ്രകാരമാണ്. അതെല്ലാം നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ട വസ്തുതകളുടേയും മറ്റും അടിസ്ഥാനത്തിലാണ് നടന്നു വരുന്നത്. അതിനാൽ ഇത്തരം ഘട്ടങ്ങളിൽ അത്രത്തോളം കടന്നു ചിന്തിക്കേണ്ട ആവശ്യമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter