മക്ബറകളിൽ പോയി യാറംമൂടുന്നതിന്റ ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്
ചോദ്യകർത്താവ്
Veeran Kutty
Feb 3, 2019
CODE :Fiq9114
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മഹാത്മാക്കളുടെ അന്ത്യ വിശ്രമ സ്ഥലം എന്ന അർത്ഥത്തിൽ അവരുടെ ഖബ്റുകൾ ആദരവ് അർഹിക്കുന്നു. ആദരിക്കപ്പെടേണ്ടവ തുണി കൊണ്ട് മൂടി സംരക്ഷിക്കൽ പുണ്യ കർമ്മമാണ്. കഅ്ബാലയവും നബി (സ്വ)യുടെ അന്ത്യവിശ്രമ സ്ഥലമായ ഹുജ്റത്തുശ്ശരീഫയും കാലങ്ങളായി വിലപിടിപ്പുള്ള തുണികൾ കൊണ്ട് മൂടപ്പെടുകയും ഇന്നും അത് തുടരുകയും ചെയ്യുന്നുമുണ്ട്. അതു പോലെ ഔലിയാക്കളുടെ മഖാമുകളും മൂടുന്നത് ഈ അർത്ഥത്തിൽ പുണ്യകരമാണ്. അല്ലാതെ തെറ്റോ കുറ്റമോ ശിർക്കോ കുഫ്റോ അല്ല. പലപ്പോഴും അവിടെ ജാറം പല തുണികൾ കൊണ്ടും മൂടപ്പെട്ടാലും പിന്നെയും പലരും ഇങ്ങനെ മൂടാറുണ്ട്. അത് കൊണ്ട് പൊതുവേ ഉദ്ദേശിക്കപ്പെടാറ് ആ തുണിയുടെ മൂല്യം ആ ജാറത്തിന്റെ സംരക്ഷണത്തിന് ഉപയുക്തമാകട്ടേ എന്ന ചിന്തയാണ്. അത്തരം ഉദ്ദേശ്യം അവിടെയുള്ളതിനാൽ അതും പുണ്യകരമാണ്. കാരണം ഇത് കൊണ്ടൊക്കെയുള്ള ഉദ്ദേശ്യം ആ ഖബ്റിലുള്ള മഹാത്മാവിനെ ആദരിക്കലും ആ ഖബ്റ് നിന്ദിക്കപ്പെടാതിരിക്കലുമാണ്(കശ്ഫുന്നൂർ). ഔലിയാക്കളുടേയും സ്വാലിഹീങ്ങളുടേയും ഖബ്ർ സിയാറത്ത് ചെയ്യുന്നത് സജീവമാക്കാനും ബറക്കത്തെടുക്കാനും വേണ്ടി വേണ്ടി വഖ്ഫ് ചെയ്യപ്പെടാത്ത് സഥലത്ത് അവരുടെ ഖബ്ർ കെട്ടിപ്പൊന്തിക്കലും പരിപാലിക്കാപ്പെടലും അനുവദനിയമാണ്. അവിടെ പതിവായി സിയാറത്ത് ചെയ്യുന്നതിലൂടെ അവർക്ക് ആ മഹാന്മാരിൽ നിന്ന് ഉഖ്റവിയ്യായ സഹായം ലഭിക്കുകയും ചെയ്യും. അല്ലാഹുവിന്റെ തൌഫീക് നിഷേധിക്കപ്പെട്ടവരേ ഇത്തരം കാര്യങ്ങളൊക്കെ നിഷേധിക്കുകയുള്ളൂ എന്ന് ചില മഹാന്മാർ പറഞ്ഞിട്ടുണ്ട് (ബൈളാവി, ജമൽ, തുഹ്ഫ, മുഗ്നി).
ചുരുക്കത്തിൽ മേൽ സൂചിപ്പിക്കപ്പെട്ട വിധം ഔലിയാക്കളുടെ മഖാമുകൾ സിയാറത്തിനു വേണ്ടിയും ബറക്കത്തെടുക്കാൻ വേണ്ടിയും പരിപാലിക്കുന്നതിന്റെ ഭാഗമായി ജാറം മൂടുകയും ചെയ്യാം എന്നർത്ഥം. എന്നാൽ ഇതൊന്നുമല്ലാതെ ജാറം മൂടുകയെന്നത് ഖബ്ർ സിയാറത്തിലെ ഒരു പ്രത്യേക ആരാധനയെന്ന ചിന്ത പാടില്ല. ഇതര മതസ്ഥർ ചെയ്യുന്നത് പോലെ വിഗ്രഹാരാധനയുടെ സ്വഭാവമോ വിശ്വാസമോ അതിൽ ഉണ്ടാകാനും പാടില്ല. അതു പോലെ മഖ്ബറകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിലപ്പുറും അവയെ ഉപജീവന മാർഗമാക്കി നടക്കുന്നവർ ധൂർത്തടിക്കാാൻ വേണ്ടി ജാറം മൂടുന്ന തുണികൾ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി വിറ്റ് മുടിച്ച് ഔലിയാക്കളുടെ ഖബ്റിടങ്ങളിൽ മാഫിയാ പണി നടത്തി ആ വിശുദ്ധ സ്ഥലങ്ങളെ കളങ്കപ്പെടുത്തുവെന്ന് ഉറപ്പുണ്ടെങ്കിൽ അത്തരം സ്ഥലങ്ങളിൽ പോയി സിറായറത്ത് ചെയ്ത് തിരിച്ചു വരിക മാത്രമാണ് ചെയ്യേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.


