ഹാറൂത്ത്_ മാറൂത്ത് സംഭവം ഒരു ഇസ്‌റാഈലീ കെട്ടുകഥ കടന്നു കൂടിയതാണെന്ന വാദം ചിലർ പ്രചരിപ്പിക്കുന്നു ..ഇതിന്റെ ഒരു വിശദീകരണം
ചോദ്യകർത്താവ്
Saalim jeddah
Feb 5, 2019
CODE :Aqe9127
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഹാറൂത്തും മാറൂത്തും രണ്ട് മലക്കുകളായിരുന്നു. സലൈമാൻ നബി (അ)ന്റെ കാലത്തെ ജനങ്ങളെ പരീക്ഷിക്കാൻ വേണ്ടിയും അവർക്ക് മുഅ്ജിസത്തും സിഹ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയും അല്ലാഹു തആലാ അവരെ രണ്ടു പേരേയും ഭൂമിയിലേക്കിറക്കിയതായിരുന്നു.
എന്നാൽ നബി (സ്വ) ജൂതന്മാരോട് സുലൈമാൻ നബി അല്ലാഹവിന്റെ റസൂലാണെന്ന് പറഞ്ഞപ്പോൾ അവർ നബി (സ്വ)യെ കളിയാക്കുകയും അങ്ങനെ ഖുർആനിലുണ്ടെങ്കിൽ അത് കെട്ടു കഥയാണെന്ന് പറഞ്ഞ് അവർ വിശുദ്ധ ഖുർആൻ വലിച്ചെറിയുകയും ചെയ്തു. എന്നിട്ട് സൂലൈമാൻ നബി (അ)ന്റെ കാലത്ത് മനുഷ്യരിലേയും ജിന്നുകളിലേയും പിശാചുക്കൾ വായിക്കുകയും പിന്തുടരുകയും ചെയ്തിരുന്ന സിഹ്റിന്റെ പുസ്തകങ്ങൾ വായിച്ച് സുലൈമാൻ നബിയെക്കുറിച്ച് അവർ അപവാദം പറയാൻ തുടങ്ങി. അക്കാലത്ത് ജിന്നുകൾക്ക് അദൃശ്യ കാര്യങ്ങളും മാരണവും അറിയുമെന്നും സുലൈമാൻ നബിക്കും ഈ വക കാര്യങ്ങളിൽ വലിയ അവഗാഹമായിരുന്നുവെന്നും അതിന്റെ സഹായത്തോടെയാണ് ബഹുമാനപ്പെട്ടവർ ജിന്നുകളേയും മനുഷ്യരേയും കാറ്റിനേയുമൊക്കെ കീഴ്പ്പെടുത്തിയതെന്നും വരേ അവർ പറഞ്ഞു പരത്തി. അപ്പോൾ ഇക്കാര്യം അല്ലാഹു നിഷേധിക്കുകയും അവരെ തിരുത്തുകയും ചെയ്തു. എന്താണ് സിഹ്റ് എന്നും ഇന്ന ഈ രീതിയിൽ ചെയ്താൽ അത് സിഹ്റാകുമെന്നും എന്നാൽ സുൽലൈമാൻ നബിയുടേത് മുഅ്ജിസത്ത് ആണെന്നും അത് ഈ രീതിയിൽ നിന്ന് വ്യത്യസ്തമാണെന്നും ഒന്ന് ദൈവ നിഷേധം കൊണ്ടും മറ്റേത് ദൈവ സഹായം കൊണ്ടു ലഭിക്കുന്നതാണെന്നും വേർതിരിച്ച് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടി അല്ലാഹു ഹാറൂത്ത്, മാറൂത്ത് എന്നീ രണ്ട് മലക്കുകളെ അയച്ചു. എന്നാൽ ആ സമൂഹത്തിലെ മിക്കവരും ഈ യാഥാർത്ഥ്യം മനസ്സിലാക്കാനോ സ്വീകരിക്കാനോ കൂട്ടാക്കാതെ ആ രണ്ട് മലക്കുകളും അവർക്ക് പരീക്ഷണാർത്ഥം (നിങ്ങളിത് ചെയ്യരുത്, കാരണം ഇത് സത്യ നിഷേധമാണെന്ന് പറഞ്ഞതിന് ശേഷം) ചെയ്ത് കാണിച്ചു കൊടുത്ത ആ സിഹ്റ് മാത്രം അവരിൽ നിന്ന് മനസ്സിലാക്കി അത് ചെയ്ത് അല്ലാഹുവിന്റെ കോപത്തിനിരയാകുകയും ചെയ്തു. ഇതാണ് യാഥാർത്ഥ്യമെന്നും അതിനാൽ സുലൈമാൻ നബി (അ)അല്ല, പിശാചുക്കളായിരുന്നു സത്യ നിഷേധികൾ എന്നും അല്ലാഹുവിന്റെ നല്ല അടിമായായതിനാൽ അല്ലാഹു സുലൈമാൻ നബി (അ)യെ സഹായിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് ജിന്നുകളും മനുഷ്യരും കാറ്റുമൊക്കെ കീഴ്പ്പെട്ടതെന്നും മനസ്സിലാക്കണമെന്നും അല്ലാഹു ജൂതന്മാരെ തിരുത്തി. ഇക്കാര്യം സൂറത്തുൽ ബഖറയിൽ അല്ലാഹു വ്യക്തമാക്കിയത് കാണാം.
എന്നാൽ ഈ ഹാറുത്തും മാറൂത്തും മുമ്പ് മലക്കുകളായിരുന്നുവെന്നും പിന്നീട് രണ്ട് മനുഷ്യരായി മാറിയ അവർ ലൈംഗിക വികാരത്തിനടിമപ്പെട്ടുവെന്നും സുഹറഃ എന്ന സ്ത്രീ അവരുടെ ലൈംഗിക തൃഷ്ണയെ മുതലെടുത്ത് വശീകരിച്ച് അവരെ, മദ്യ പാനം, കൊല, ശിർക്ക് തുടങ്ങിയ തെറ്റുകളിലേക്ക് നയിച്ചുവെന്നും അവസാനം അവരുടെ പക്കലുണ്ടായിരുന്ന അഭൌതിക വിദ്യകളും ആകാശത്തേക്ക് ഉയരാനുള്ള മന്ത്രങ്ങളും അവരിൽ നിന്ന് പഠിച്ചെടുത്ത് അവൾ ആകാശത്തേക്ക് ഉയർന്ന് പോയെന്നും മറ്റുമൊക്കെയുള്ള വിവരണങ്ങൾ ജൂതന്മാരിൽ നിന്ന് ഉദ്ധരിച്ച് പറയപ്പെടുന്നതും അടിസ്ഥാന രഹിതവുമാണ് (ബൈളാവി, ഖുർത്വുബി).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.


