കൈവിഷം എന്നതിനെ കുറിച്ചുള്ള ഇസ്ലാമിക കാഴ്ച്ചപ്പാട് എന്താണ്. അത് ഉള്ളതാണോ? ഞാൻ ഒരു ഉസ്താദിന്റെ അടുത്ത് ചികത്സക്ക് പ്പോഴപ്പോൾ കൈവിഷം ഉണ്ട് എന്നും അത് എടുക്കണം എന്നും പറഞ്ഞു. ഇങ്ങനെ ഒക്കേ ഉണ്ടാവുമോ?

ചോദ്യകർത്താവ്

Safuvan

Mar 26, 2019

CODE :Abo9223

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഹൈന്ദവ വിശ്വാസ പ്രകാരം വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കി, ആഹാരസാധനങ്ങളിലോ പാനീയങ്ങളിലോ രഹസ്യമായി ചേര്‍ത്തുനല്‍കുന്ന മന്ത്രബദ്ധമായ മരുന്നാണ്‌ കൈവിഷം. വശ്യം, ലാഭം, അടിപെടുത്തല്‍, ദ്രോഹം തുടങ്ങിയ വിവിധോദ്ദേശ്യങ്ങള്‍ക്കായി ഇത്‌ ചെയ്യുന്നുണ്ട്‌. പലഹാരത്തിലോ, പഴത്തിലോ, മറ്റേതെങ്കിലും ആഹാരപദാര്‍ത്ഥത്തിലോ ചേര്‍ത്ത്‌ സൂത്രത്തിലാണിത്‌ നല്‍കുക. പ്രതിമന്ത്രവാദത്താലും ഔഷധത്താലും ഛര്‍ദ്ദിപ്പിച്ചുകളയുന്നതുവരെ എന്തു ചികിത്സയാലും ശമിക്കാത്ത ഗദാസ്വസ്ഥകളുണ്ടാക്കി ആ സാധനം ഉദരത്തില്‍ സ്ഥിതിചെയ്യും. 'കടുകുമണിയോളമുള്ള 'കൈവിഷം' വയറ്റില്‍ പറ്റിപ്പിടിച്ചുകിടന്ന്‌ വളരും'. നീല കണ്ഠത്ര്യക്ഷരിമന്ത്രം ജപിച്ച്‌ ശക്തിവരുത്തിയ പഞ്ചഗവ്യഘൃതം പോലോത്തത് നിശ്ചിത മന്ത്ര സഹിതം സേവിക്കുകയാണ് കൈവിഷ ദോഷശാന്തിക്കുള്ള പ്രധാന മാര്‍ഗം. ഈ പറയപ്പെട്ടതെല്ലാം കൈവിഷം സംബന്ധിച്ചുള്ള ഹൈന്ദവ വിശ്വാസമാണ്. അത് കൊണ്ട് ഇങ്ങനെ വിശ്വസിക്കുന്ന ഹൈന്ദവര്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ എന്തിനും ഏതിനും കൈവിഷം എന്ന ശങ്ക നിലനില്‍ക്കുന്നുണ്ട്. ആ പരിസരങ്ങളിലുള്ള ധാരാളം മുസ്ലിംകളിലും അറിഞ്ഞോ അറിയാതെയോ ഈ ആശങ്ക ബാധിച്ചിട്ടുമുണ്ട്.  കൈവിഷം എന്നത്  വാസ്തവമാണെങ്കില്‍ ആഭിചാത്യത്തിന്റേയും കൂടോത്രത്തിന്റേയും മറ്റൊരു പതിപ്പായ പിശാചിനെ പ്രീതിപ്പെടുത്തിയുള്ള ദുര്‍വൃത്തിയായേ ഇതിനെ മനസ്സിലാക്കേണ്ടതുള്ളൂ.

എന്നാല്‍ മാരണം പോലെത്തന്നെ ഇത്തരം കാര്യങ്ങളൊക്കെ യഥാര്‍ത്ഥത്തില്‍ ഇന്ന് ചെയ്യാന്‍ കഴിയുന്ന പിശാച് കൂടിയ മനുഷ്യരുണ്ടോയെന്ന് സംശയമാണ്. അത് കൊണ്ട് തന്നെ അങ്ങനെയൊന്ന് സംഭവിക്കുകയെന്നത് അപൂര്‍വ്വങ്ങളിലപൂര്‍വ്വമാണ്. അതേ സമയം ഇവയൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവയ്ക്ക് കൃത്യ സമയത്ത് തന്നെ ചികിത്സ നടത്തണമെന്നും പ്രചരിപ്പിക്കുന്നതിന്റെ പിന്നിലുള്ള അജണ്ട മറ്റൊന്നാണ്. ആളുകളുടെ ആശങ്കകളേയും ഭയത്തേയും ചൂഷണം ചെയ്ത് ജീവിക്കുന്ന കപട സിദ്ധന്മാരും പണ്ഡിത -സയ്യിദ് വേഷധാരികളും നടത്തുന്ന തട്ടിപ്പ് നിലനില്‍ക്കാന്‍ വേണ്ടി അവര്‍ നടത്തുന്ന പ്രചണ്ഡമായ പ്രചരണമാണത്. ശാരീരികമോ മാനസികമോ ആയ വല്ല അസ്വസ്ഥതയുമായി അവരെ സമീപിക്കുന്നവരുടെ മുന്‍കാല ചരിത്രം മനസ്സിലാക്കി അതിലെ ഏതെങ്കിലും സംഭവവുമായി ബന്ധപ്പെടുത്തി കൈവിഷം, ശാപം, കൂടോത്രം, രക്തരക്ഷസ് തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് ഏറ്റതാണെന്നും അതിന് അവര്‍ നിര്‍ദ്ദേശിക്കുന്ന വിലപിടിപ്പുള്ള പരിഹാരക്രിയകളേ പ്രതിവിധിയുള്ളൂവെന്നും സാധാരണ മരുന്നു കൊണ്ടൊന്നും അത് ശമിക്കില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് അവരുടെ കീശ കാലിയാക്കുന്ന വ്യാജന്മാര്‍ അരങ്ങ് തകര്‍ക്കുന്ന കാലമാണിത്..

മതപരമായ ആരാധാനാ കര്‍മ്മങ്ങളും വിശുദ്ധ ഖുര്‍ആന്‍ മൊത്തമായും അതിലെ ശിഫായുടെ ആയത്തുകള്‍ പ്രത്യേകമായും ഹദീസില്‍ വന്ന ദിക്റുകളും ദുആകളും നബി (സ്വ) പഠിപ്പിച്ച ചികിത്സാ രീതികളും ആരിഫീങ്ങളായ ഔലിയാക്കള്‍ ഇല്‍ഹാമിലൂടെ കരസ്ഥമാക്കിയ ചികിത്സാ രീതികളുമൊക്കെ ഒരു വിശ്വാസി രോഗ ശമനത്തിന് വേണ്ടി ആശ്രയിക്കല്‍ പുണ്യകരവും സഫലവുമാണ്. ഈ രീതിയില്‍ ഇഖ്ലാസോടെ ചികിത്സിക്കുന്നവര്‍ വളരേ വിരളമായെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ട് എന്നതും അവരുടെ സാന്നിധ്യം നാടിനും നാട്ടുകാര്‍ക്കും സ്വാസ്ഥ്യവും സന്തോഷവും നല്‍കുന്നുവെന്നതും ഒരു വസ്തുതയാണ്.

എന്നാല്‍ ഇന്ന് ഏറെ കച്ചവട വല്‍ക്കരിക്കപ്പെട്ട ഈ രംഗം അടക്കി വാഴുന്നത് മുസ്ലിംകളിലും ഹൈന്ദവരിലുമുള്ള വ്യാജന്മാരാണ്. അവര്‍ മിക്കിയിടങ്ങളിലും പരസ്പരം ബന്ധമുള്ളവുരും ഈ കച്ചവടത്തില്‍ പാര്‍ട്ട്ണര്‍മാരുമാണെന്ന് കാണാം. തങ്ങളെ സമീപിക്കുന്നവരെ പാപ്പരാക്കാന്‍ വേണ്ടി വെറുതേ കൈവിഷ, രക്തരക്ഷസ്സാദി പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹാര ക്രിയക്കായി തങ്ങളുടെ തന്നെ കണ്ണിയിലുള്ള അമ്പല പൂജാരിമാരുടേയും ചാത്തന്‍ സേവക്കാരുടേയും അടുത്തേക്കോ പറഞ്ഞയക്കുകയും അവിടന്നും നടന്നില്ലെങ്കില്‍ തിരുവിഴ ക്ഷേത്രത്തിലോക്കോ പരുത്തിപ്ര മനയിലേക്കോ ഒക്കെ പറഞ്ഞയക്കുകയും ചെയ്യുന്ന വ്യജ ഉസ്താദുമായും തങ്ങന്മാരും ഇന്ന്  നമ്മുടെ നാട്ടിലുണ്ട്. ചിലര്‍ ആ കാശ് കൂടി തങ്ങളുടെ കീശയിലാക്കാന്‍ വേണ്ടി ഒരു പടി കൂടി കടന്ന് തനി ശിര്‍ക്കായ അത്തരം പൂജാതി കര്‍മ്മങ്ങള്‍ സ്വയം ചെയ്യുന്നുമുണ്ട് نعوذ بالله. അത് പോലെ തങ്ങളുടെയുടത്ത് വരുന്ന പല ‘മുസ്ലിം രോഗികള്‍ക്കും’ മന്ത്ര തന്ത്രങ്ങള്‍ക്കൊപ്പം വിശുദ്ധ ഖുര്‍ആനിലെ ഏതാനും ആയത്തുകളോ ചെറുതും വലുതുമായ സൂറത്തുകളോ അഞ്ഞൂറും ആയിരവും പ്രാവശ്യം ഓതി വരാന്‍ പറയുന്ന കപട പൂജാരികളും ഹൈന്ദവ സിദ്ധന്മാരും ഇന്ന് കുറവല്ല. അവരുടെ അടുത്തേക്ക് ഈ ആവശ്യത്തിനായി പോകുകയോ പറഞ്ഞയക്കുകയോ ചെയ്യുന്ന മുസല്‍മാന്റെ ഈമാന്‍ പിന്നെ ബാക്കിയുണ്ടാകുമോയെന്ന് പരിശോധിക്കേണ്ടതാണ്. എന്നാല്‍ ഇങ്ങനെ വ്യാജ ചികിത്സ നടത്തുന്നവരില്‍ ഏറെക്കുറേ ആരും ഇത്തരം ചികിത്സകളും പ്രതിവിധികളും ദോഷ പരിഹാരങ്ങളും മന്ത്ര തന്ത്ര പൂജാ കര്‍മ്മങ്ങളും തങ്ങളുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒരിക്കലും നിര്‍ദ്ദേശിക്കുകയോ അവരില്‍ പരീക്ഷിക്കുകയോ ചെയ്യാറില്ല. പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടു പോയി വിദഗ്ധമായ ചികിത്സ ലഭ്യമാക്കുകയാണ് ചെയ്യുക. കാരണം നിരര്‍ത്ഥകമായ ഇത്തരം കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതും സമയം കളയുന്നതും ശരീരം കേടാക്കുന്നതും വിഢ്ഢിത്തമാണെന്ന് അവര്‍ക്കറിയാം.

ചുരുക്കത്തില്‍ ശാരീരികമായോ മാനസികമായോ അസുഖമോ അസ്വസ്ഥതയോ ഉണ്ടാകുമ്പോള്‍ വൈദ്യ ശാസ്ത്രം ഏറെ പുരോഗതി പ്രാപിച്ച ഇന്നത്തെ കാലത്ത് പ്രകല്‍ഭരായ ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടുകയും അവര്‍ നിര്‍ദ്ദേശിക്കുന്ന കോഴ്സ് പൂര്‍ത്തിയാക്കി മരുന്ന് കഴിക്കുകയും ചെയ്യുക. അതോടൊപ്പം ആരാധനാ കര്‍മ്മങ്ങള്‍ കൃത്യതയോടെ നിര്‍വ്വഹിച്ച് സര്‍വ്വ ശക്തനും ശാഫിയുമായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും രോഗശമനത്തിന്റെ ഒന്നാന്തരം മരുന്നായ വിശുദ്ധ ഖുര്‍ആന്‍ നിരന്തരമായി ഓതുകുയും നബി (സ്വ)യുടെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുകയും  ഇഖ്ലാസുള്ള ആത്മീയ പണ്ഡിതരും സയ്യിദുമാരും നിര്‍ദ്ദേശിക്കുന്ന ലളിതവും ചൂഷണ മുക്തവും കാലങ്ങളായി പരീക്ഷിച്ച് വിജയിച്ചതുമായ ആത്മീയ ചികിത്സകളെ മാത്രം അവലംബിക്കുകയും ചെയ്യുക. ഇങ്ങനെ നാം ചെയ്താല്‍ നമുക്ക് അല്ലാഹുവിന്റെ കാവലുണ്ടാകും അവന്റെ മലക്കുകളുടെ സംരക്ഷണം അവന്‍ ഏര്‍പ്പെടുത്തും. പിന്നീട് ഏത് ശൈത്വാന്റെ ഏത് കൈവിഷവും (അങ്ങനെയൊന്ന് ഇന്നും നിലനില്‍ക്കുന്നവെന്ന് വാദത്തന് വേണ്ടി സമ്മതിച്ചാല്‍ തന്നെ)  നമുക്ക് ഏല്‍ക്കുകയോ നമ്മില്‍ നിലനില്‍ക്കുകയോ ചെയ്യില്ല. ഒരു കാരണവശാലും വ്യാജ സിദ്ധന്മാരുടേയും കപട ചികിത്സാരികളുടെയും വലയില്‍ അവരുടെ വേഷം കണ്ടോ സംസാരം കേട്ടോ അവരെക്കുറിച്ച് കേട്ടതും കണ്ടതും വിശ്വസിച്ചോ വീഴരുത്. കാരണം അത്തരം കേന്ദ്രങ്ങള്‍ മനുഷ്യരെ പാപ്പരാക്കുകയും കുടുംബങ്ങളെ ഭിന്നിപ്പിക്കുയും ബന്ധങ്ങളെ ശിഥിലമാക്കുകയും പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്ന പിശാചിന്റെ സത്രങ്ങളാണ്. അവിടെപ്പോയാല്‍ തങ്ങളുടെ അസുഖം മാറുകയോ സ്വസ്ഥത തിരിച്ചു കിട്ടുകയോ ഇല്ലെന്ന് മാത്രമല്ല അസ്വസ്ഥതയും സംശയവും വസ് വാസും വര്‍ദ്ധിക്കുകയും ധാരാളമായി പണം നഷ്ടപ്പെടുന്നതോടൊപ്പം തങ്ങളുടെ വിശ്വാസത്തിന് ചോര്‍ച്ച സംഭവിക്കുകയും ചെയ്യും. കാരണം പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ് (സൂറത്തുല്‍ ബഖറഃ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter