ഒരു മനുഷ്യന്റെ അവധിയെത്തിയാല്‍ പിന്നെ അല്ലാഹു അവനെ പിന്തിക്കുകയില്ലെന്ന്.പിന്നെ എന്തിനാണ് ദീര്‍ഘായുസിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്?
ചോദ്യകർത്താവ്
റഫ്സല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരു മനുഷ്യനു എഴുതപ്പെട്ട അവധിയെത്തിയാല്‍ അവനെ മുന്തിക്കുകയോ പിന്തിക്കുകയോ ഇല്ലയെന്ന് ഖുര്‍ആനിലൂടെ അള്ളാഹു പറയുന്നു. എന്നാല്‍ ദീര്‍ഘായുസ്സിനു വേണ്ടി ദുആ ചെയ്യാനും അതിനു വേണ്ടി അമലുകള്‍ ചെയ്യാനും കല്‍പിക്കപ്പെടുകയും ചെയ്യുന്നു. من سره أن يبسط عليه رزقه، أو ينسأ في أثره فليصل رحمه തന്റെ ഭക്ഷണത്തില്‍ വിശാലത ലഭിക്കാനും ആയുസ്സ് ദീര്‍ഘിച്ച് കിട്ടാനും ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ കുടുംബ ബന്ധം പുലര്‍ത്തിക്കൊള്ളട്ടെ എന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു. പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമായി തോന്നുന്ന ഈ രണ്ടിനെയും വിശദീകരിച്ച് കൊണ്ട് ഇമാം നവവി (റ) പറയുന്നു: തന്റെ വയസ്സില്‍ ബറകതും നന്മ പ്രവര്‍ത്തിക്കാനും ആഖിറതിലുപകരിക്കുന്ന സല്‍പ്രവര്‍ത്തനങ്ങളാല്‍ സമയത്തെ ഉപയോഗിക്കാനും ഉപകാരമില്ലാത്തതില്‍ സമയം നഷ്ടപ്പെടാതിരിക്കാനുമുള്ള തൌഫീഖും ലഭിക്കുകയെന്നാണ് വയസ്സ് കൂടകയെന്നാല്‍ ഉദ്ദേശം. അഥവാ 30 വയസ്സേ നമുക്ക് കണ്ക്കാക്കകപ്പെട്ടിട്ടുള്ളൂവെങ്കിലും ആ സമയമത്രയും ആരാധനയില്‍ കഴിയാന്‍ നമുക്ക് തൌഫീഖ് ലഭിക്കുന്നു. ദീര്‍ഘായുസ്സിനു വേണ്ടി ദുആ ചെയ്തിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ആ ഭാഗ്യം നമുക്ക് കിട്ടിയെന്ന് വരില്ല. 30 വര്‍ഷവും ആഖിറം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളില്‍ നാം മുഴുകിയേക്കാം. രണ്ടാമതൊരഭിപ്രായമുള്ളത് ഇങ്ങനെയാണ്: لوح المحفوظ ല്‍ ഇന്ന വ്യക്തിയുടെ വയസ്സ് 60 ആണ്. അവന്‍ കുടുംബ ബന്ധം പുലര്‍ത്തിയാല്‍ (അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍) 40 വയസ്സ് കൂടെ കൂടും എന്ന് എഴുതി വെക്കപ്പെട്ടിട്ടുണ്ടാവും. ഇത് മലക്കുകള്‍ക്ക് കാണാം. എന്നാല്‍ ഇദ്ദേഹത്തിനു ആയുര്‍ദൈര്‍ഘ്യം ലഭിക്കാനിടയാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമോ ഇല്ലയോ അതു മൂലം ഇദ്ദേഹത്തിന്റെ ആയുസില്‍ വര്‍ദ്ധനവുണ്ടാവുമോ ഇല്ലയോ എന്നെല്ലാം അള്ളാഹുവിന് നേരത്തെ അറിയാം. അള്ളാഹുവിന്റെ ഈ അറിവനസരിച്ച് നോക്കുമ്പോള്‍ അവന്റെ വയസ്സില്‍ മുന്തലോ പിന്തലോ ഉണ്ടായിട്ടില്ല. എന്നാല്‍ മലക്കുകള്‍ക്ക് لوح المحفوط ല്‍ നിന്നും ലഭിച്ച അറിവനുസരിച്ച് മുന്തലും പിന്തലും ഉണ്ടായിട്ടുണ്ട്. അതാണ് അള്ളാഹു പറഞ്ഞത്. يَمْحُو اللَّهُ مَا يَشَاءُ وَيُثْبِتُ وَعِنْدَهُ أُمُّ الْكِتَابِ താനുദ്ദേശിക്കുന്നതിനെ ദുര്‍ബലപ്പെടുത്തുകയും ഉദ്ദേശിക്കുന്നതിനെ ഉറപ്പിച്ച് നിറുത്തുകയും ചെയ്യുന്നും. അവന്റെ അടുക്കലാണ് മൂലപ്രമാണം. ജീവിക്കുന്ന കാലമത്രയും നന്മ പ്രവര്‍ത്തിക്കാനും അവസാനം ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.