ഭക്ഷണം കഴിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ വിശദമാക്കാമോ?

ചോദ്യകർത്താവ്

നിസാര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭക്ഷണമര്യാദകളുടെ ഭാഗമായി ഹദീസുകളില്‍ ഒട്ടേറെ കാര്യങ്ങള്‍ കാണാവുന്നതാണ്.  ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഒരു ഹദീസില്‍ ഉമറുബ്നുഅബീസലമ (റ) ഇങ്ങനെ പറയുന്നതായി കാണാം, ഞാന്‍ പ്രവാചകരോടൊപ്പം കഴിഞ്ഞ ചെറിയ കുട്ടിയായിരുന്നു. ഭക്ഷണം കഴിക്കാനിരുന്നാല്‍ എന്റെ കൈ തളികയില്‍ കറങ്ങി നടക്കുമായിരുന്നു. അത് കണ്ട് റസൂല്‍ (സ) ഇങ്ങനെ പറഞ്ഞൂ, കുട്ടീ, കഴിക്കുമ്പോള്‍ അല്ലഹുവിന്റെ പേര് ചൊല്ലി തുടങ്ങുക, വലത് കൈകൊണ്ട് ഭക്ഷിക്കുക, നിന്റെ അടുത്തുള്ള ഭാഗത്ത് നിന്ന് കഴിക്കുക. ഭക്ഷണമര്യാദകളില്‍ ഏറ്റവും പ്രധാനമായ മൂന്ന് കാര്യങ്ങളാണ് ഇതിലൂടെ പ്രവാചകര്‍ (സ) പഠിപ്പിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും കഴിച്ച ശേഷവും കൈകള്‍ കഴുകല്‍, കഴിച്ച ശേഷം അല്ലാഹുവിനെ സ്തുതിക്കുക, ഭക്ഷണം അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് മനസ്സിലാക്കി അതിനെ മാനിക്കുകയും കുറ്റം പറയാതിരിക്കുകയും ചെയ്യുക, വല്ലതും കൈയ്യില്‍നിന്ന് വീണുപോയാല്‍ അതെടുത്ത് വൃത്തിയാക്കി കഴിക്കുക, ഭക്ഷണ പാത്രത്തില്‍ ഊതാതിരിക്കുക, ആവശ്യത്തിന് മാത്രം കഴിക്കുക, അമിതവ്യയം ചെയ്യാതിരിക്കുക എന്നതെല്ലാം ഏറെ പ്രധാനമായ മറ്റു മര്യാദകളാണ്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ഏറെ പ്രധാനമായി ഹദീസുകളില്‍ കാണാം. സ്വഹാബികളില്‍ ചിലര്‍ ഒരിക്കല്‍ പ്രവാചകരോട് ഇങ്ങനെ പരാതി പറഞ്ഞു, ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നുവെങ്കിലും വയര്‍ നിറയുന്നില്ല. നിങ്ങള്‍ തനിച്ചിരുന്നാണോ ഭക്ഷണം കഴിക്കാറ് അതോ ഒരുമിച്ചിരുന്നോ എന്ന് അവിടുന്ന് ചോദിച്ചു. തനിച്ചാണെന്ന് പറഞ്ഞപ്പോള്‍, നിങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും അല്ലാഹുവിന്റെ പേര് പറഞ്ഞ് തുടങ്ങുകയും ചെയ്യുക, ബര്‍കത് നല്‍കപ്പെടും എന്ന് പറഞ്ഞത് ഹദീസുകളില്‍ കാണാം. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴും എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുന്നത് ഭക്ഷണത്തില്‍ ബറകത് ലഭിക്കാനും അംഗങ്ങള്‍ക്കിടയില്‍ മനപ്പൊരുത്തവും സ്നേഹവുമുണ്ടാവാനും ഏറെ സഹായകമാവുമെന്നതില്‍ സംശയമില്ല. കഴിക്കുന്ന ഭക്ഷണം പൂര്‍ണ്ണമായും ഹലാലായിരിക്കുക എന്നതും ഏറെ ശ്രദ്ദിക്കേണ്ട മറ്റൊരു കാര്യമാണ്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter