ഔറത് മറയാത്ത രൂപത്തിലുള്ള ഡ്രസ്സ്‌ മുസ്‌ലിം സ്ത്രീകള്‍ക്ക് തയ്ച്ചു കൊടുക്കുന്നതിന്‍റെയും അതിന് കാശ് വാങ്ങുന്നതിന്‍റെയും വിധി എന്താണ്?

ചോദ്യകർത്താവ്

അബ്ദുസ്സലാം ആലുങ്ങല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യം ഇക്കാലത്ത് ഏറെ പ്രസക്തമാണ്. തിന്മ ചെയ്യലും അതിനു വേണ്ട സഹായം ചെയ്യലും ഒരു പോലെ നിഷിദ്ദമാണ്. തോഴിലിലൂടെ ലഭിക്കുന്ന വരുമാനം ഹലാല്‍ ആവാന്‍ തൊഴില്‍ നിഷിദ്ധമാവാത്തതോ അതിന് സഹായിക്കാത്തതോ ആവണം എന്നാണ് പണ്ഡിതാഭിപ്രായം. "തിന്മയുടെയും അക്രമത്തിന്റെയും മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ സഹകരിക്കരുത്" എന്ന് ഖുര്‍ആന്‍ പ്രത്യേകം  നിഷ്കര്ഷിക്കുന്നുണ്ട്. സമൂഹത്തിലെ മാന്യതയും അന്തസ്സും കാത്തു സൂക്ഷിക്കുന്നതില്‍ വലിയ പങ്കാണ് യഥാര്‍ത്ഥത്തില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നര്ക്കും നെയ്യുന്നവര്ക്കും ഉള്ളത്. ഇന്നത്തെ ആഭാസകരമായ വസ്ത്രങ്ങള്‍ നെയ്യുന്നവരും അത് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്ന മുതലാളിമാരും പൊതുവെ വിപണിയുടെ പിന്നണിയില്‍ നില്‍ക്കുന്നവരാണ് എങ്കിലും സമൂഹത്തില്‍ അവരുണ്ടാക്കുന്ന ഭവിഷ്യത്ത് ചെറുതല്ല. അതിനാല്‍ ഒറ്റക്കോ അല്ലെങ്കില്‍ മറ്റൊന്നിനോട് ചേര്‍ന്നോ ഔറത്ത് മറയാത്ത രീതിയിലുള്ള വസ്ത്രങ്ങള്‍ (മിനി സ്കര്‍ട്ട് പോലെ) തയ്യുന്നതിനെ പണ്ഡിതന്മാര്‍ വിലക്കിയിട്ടുണ്ട്. മാത്രമല്ല തൊലി വെളിയില്‍ കാണുന്ന വിധത്തില്‍ നേരിയതോ നഗ്നത ഭാഗികമായി വെളിവാകുന്ന വിധത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ അവയ്ക്ക് അടിയിലോ അല്ലെങ്കില്‍ മുകളിലോ ഔറത്ത് മറയുന്ന വസ്ത്രം ധരിക്കാന്‍ സാധ്യതയില്ലാതവര്‍ക്ക് തൈയ്ച്ചു കൊടുക്കരുത് എന്ന് കൂടി പണ്ഡിതന്മാര്‍ ഓര്‍മപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഹറാം ആയ രീതിയില്‍ ധരിക്കുമെന്ന് ബോധ്യമുള്ളവര്‍ക്ക് അത്തരം വസ്ത്രങ്ങള്‍ തയ്ച്ചുകൊടുക്കല്‍ നിഷിദ്ധമാണ്, അതിലൂടെ സമ്പാദിക്കുന്നതും നിഷിദ്ധം തന്നെ. അതേ സമയം, ഇത്തരം ചെറിയ വസ്ത്രങ്ങള്‍ ഉറങ്ങുന്ന സമയത്തോ കാണല്‍ അനുവദനീയമായവര്‍ മാത്രമുള്ള ഇടങ്ങളിലോ മാത്രം ധരിക്കാനായി തയ്ച്ചുകൊടുക്കുന്നതില്‍ തെറ്റില്ല താനും. "അല്ലാഹുവിനെ ഭയന്ന് ജീവിക്കുന്നവര്ക്ക് അവന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കാണിക്കുകയും അപ്രതീക്ഷിത മാര്‍ഗങ്ങളിലൂടെ അന്നം നല്കുകയും ചെയ്യും" എന്ന് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നു. തൊഴിലില്‍ ഹറാം ഒഴിവാക്കുകയും അനുവദനീയമായതില്‍ കൂടുതല്‍ സാധ്യത തേടുകയും ചെയ്താല്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കുക തന്നെ ചെയ്യും. അവന്‍ എല്ലാം അറിയുന്നവനത്രെ. ഹലാലായത് സമ്പാദിക്കാനും അത് ഹലാലായ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter