നമസ്കാരത്തിൽ അധോവായു പോയോ എന്ന് ഇടക്കിടെ സംശയം തോന്നുന്നു. അവസാനം അത് സംഭവിക്കുകയും ചെയ്യും. ഇത് കാരണം ഒരു നിസ്കാരവും ശരിയാകുന്നില്ല. ഇതിന് ഒരു പരിഹാരം പ്രതീക്ഷിക്കുന്നു?

ചോദ്യകർത്താവ്

സഹീര്‍ വിപി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വസവാസ് എന്നത് ഇന്ന് പലരും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ്. ഇബാദതുകളിലെ അമിതമായ കണിശതയാണ് പലരെയും ഇതിലേക്ക് എത്തിക്കുന്നത്. പലപ്പോഴും അത്, ആരാധനകള്‍ പിഴപ്പിക്കാനുള്ള പിശാചിന്റെ ശ്രമത്തിന്റെ ഭാഗവുമാണ്. അതില്‍നിന്ന് അല്ലാഹുവിനോട് കാവല്‍ തേടുകയും മനസ്സുറപ്പിച്ച് ആരാധനകളില്‍ പ്രവേശിക്കുകയും ചെയ്യുക. നിസ്കാരത്തിന് മുമ്പായി അഊദുബില്ലാഹി മിനശൈത്വാനിറജീം എന്ന് മനസ്സറിഞ്ഞ് അല്ലാഹുവിനോട് കാവലിനെ ചോദിക്കുക. വിശ്വാസികളെ വഴിതെറ്റിക്കാന്‍ പിശാച് ശ്രമിച്ചുകൊണ്ടേയിരിക്കും. അതിന് പല മാര്‍ഗങ്ങളും സ്വീകരിക്കും. അതില്‍ പെട്ടതാണ് ഇത്തരത്തില്‍ മനസ്സില്‍ സംശയം ജനിപ്പിക്കുകയെന്നത്. വിശ്വാസത്തിലും കര്‍മ്മകാര്യങ്ങളിലും ഇത് സംഭവിക്കാം. വിസ്വാസകാര്യങ്ങളില്‍ പിഴപ്പിക്കാന്‍ സാധിക്കാത്തവരെ പിശാച് കര്‍മ്മകാര്യങ്ങളില്‍ പിഴപ്പിച്ച് കൊണ്ടിരിക്കുമെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. ആരാധനാകര്‍മ്മങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന നല്ല ചിന്തയിലൂടെയാണ് പിശാച് പലപ്പോഴും ഇത്തരാക്കാരിലേക്ക് പ്രവേശിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഓരോന്നിലും അത് ചെയ്യുന്ന സമയത്ത് മാത്രം ശ്രദ്ധിക്കുകയും അത് കഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തേക്ക് ചിന്തിക്കാതിരിക്കുകയും ചെയ്യുക. വുളു ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തേക്ക് ചിന്തിക്കേണ്ടതില്ല. നിസ്കാരത്തില്‍ ഇങ്ങനെ സംശയം വരുന്നതായി ഒരു സ്വഹാബി പ്രവാചകരോട് പരാതിപ്പെട്ടത് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം, അപ്പോള്‍ പ്രവാചകര്‍ (സ) പറഞ്ഞത് ഇങ്ങനെയായിരുന്നു, വാസനയോ ശബ്ദമോ അനുഭവിക്കുന്നത് വരെ നിസ്കാരത്തില്‍നിന്ന് പിരിഞ്ഞുപോവേണ്ടതില്ല എന്നാണ്. ഇതിന്‍റെ വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) പറയുന്നത് ഇങ്ങനെയാണ്, വുളു മുറിഞ്ഞു എന്ന് ഉറപ്പാവുന്നത് വരെ ഇത്തരം സംശയങ്ങള്‍ പരിഗണിക്കേണ്ടതില്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. അത് കൊണ്ട് തന്നെ ഇത്തരം കേവല സംശയ ചിന്തകള്‍ അവഗണിച്ചു തള്ളുകയും അത്തരം കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുക. അതോടൊപ്പം അല്ലാഹുവിനോട് പിശാചില്‍ നിന്നും കാവല്‍ ചോദിക്കുകയും ദൈവിക സ്മരണ(ദിക്റ്) യിലേക്ക് മുന്നിട്ടിറങ്ങുകയും അത് വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നത് ഇത്തരം വസവാസുകള്‍ തടയുന്നതിനുള്ള ഏറ്റവും നല്ല ചികത്സയാണെന്നു ഇമാം നവവി തന്റെ അദ്കാര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. സൂറത്തുന്നാസ് പതിവാക്കുന്നതും വസവാസില്‍ നിന്ന് രക്ഷ നേടാന്‍ ഏറെ സഹായകമാണ്. നബി (സ) പറയുന്നു, അല്ലാഹു എന്‍റെ സമുദായത്തിന് അവരുടെ മനസ്സ് സൃഷ്ടിക്കുന്ന സംശയവും (വസവാസ്) മനസ്സിന്റെ സംസാരവും അവരത് കൊണ്ട് സംസാരിക്കുകയോ പ്രവര്‍ത്തികുകയോ ചെയ്യാത്തിടത്തോളം വിട്ടുവീഴ്ച ചെയ്തിരിക്കുന്നു (ബുഖാരി, മുസ്‌ലിം). വുളു മുറിഞ്ഞു എന്ന് ഉറപ്പായാല്‍ പിന്നെ, നിസ്കാരം തുടരാന്‍ പാടില്ല, പോയി വുളു ചെയ്ത് വന്ന് വീണ്ടും നിസ്കരിക്കേണ്ടതാണ്. വസവാസ് ഉണ്ടാക്കുന്ന പിശാചില്‍നിന്ന് അല്ലാഹു നമ്മെ രക്ഷിക്കട്ടെ. യഥാര്‍ത്ഥ രൂപത്തില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാനും അവ സ്വീകാര്യമാവാനും തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter