ഇസ്ലാമില്‍ വാക്സിംഗിന്‍റെ വിധി എന്ത്

ചോദ്യകർത്താവ്

നാഫിഅ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വാക്സിങ് എന്ന ഇംഗ്ലീഷ് പദം ഉപയോഗിക്കുന്നത് മുടിയോ രോമമോ അതിന്‍റെ മുരടില്‍ നിന്നും പറിച്ചെടുക്കുന്ന രീതിയെയാണ്. ഇതു മൂലം വീണ്ടും മുടി വളരാന്‍ ആഴ്ചകള്‍ െഎടുക്കും. ഫുഖഹാക്കള്‍ കക്ഷത്തിലെ മുടി നത്ഫ് ചെയ്യലാണ് ഉത്തമം എന്നു എഴുതിയതായി കാണാം. നത്ഫ് എന്നാല്‍ മുടി പിഴുതെടുക്കുക എന്നാണര്‍ത്ഥം. അഥവാ വാക്സിംഗിന്‍റെ പഴയ പതിപ്പ്. ആധുനിക രീതിയിലുള്ള വാക്സിംഗ്  മുടിയുടെ പിറകോട്ടുള്ള വളര്‍ച്ച (in-growing), ചുവന്ന തുടിപ്പുകള്‍, രക്തസ്രാവം, മുറിവുകള്‍ എന്നിങ്ങനെയുള്ള ചില ത്വക് രോഗങ്ങള്‍ക്കു കാരണമാകാമെന്നു പഠനങ്ങള്‍ പറയുന്നു. ഇത്തരം പാര്‍ശ്വ ഫലങ്ങളുണ്ടാവുകയാണെങ്കില്‍ അവയുടെ ഉപയോഗം നിഷിദ്ധമാണ്. മേല്‍പറഞ്ഞ പാര്‍ശ്വഫലങ്ങളില്ലെങ്കില്‍ മുടി നീക്കം ചെയ്യുന്നതിന്‍റെ അതേ വിധി തന്നെയാണ് വാക്സിംഗിനും.  നീക്കം ചെയ്യല്‍ ഹറാമായ മുടിയോ രോമമോ ൈവാക്സിംഗിലൂടെ നീക്കം ചെയ്യുന്നതും ഹറാം തന്നെ. നീക്കല്‍ കറാഹത്താണെങ്കിലും വാക്സിംഗും കറാഹത്ത്. അനുവദനീയമാണെങ്കിലും വാക്സിംഗും അനുവദനീയം. ഇസ്ലാമില്‍ നീക്കം ചെയ്യല്‍ സുന്നതുള്ളത് നാലു തരം രോമങ്ങളാണ്.  പ്രസവിക്കപ്പെട്ട് അല്പം ദിവസങ്ങള്‍ക്കു ശേഷവും ഹജ്ജ്-ഉംറ എന്നിവയില്‍ നിന്ന് തഹല്ലുലാകുമ്പോഴും തലമുടി മുണ്ഡനം ചെയ്തു (shaving) നീക്കം ചെയ്യുക. കക്ഷരോമങ്ങള്‍ പിഴുതിമാറ്റി (plucking) നീക്കം ചെയ്യുക. പിഴുതു മാറ്റാന്‍ പ്രയാസമാണെങ്കില്‍ മുണ്ഡനം ചെയ്താലും മതിയാകും. ഗുഹ്യരോമങ്ങള്‍ നീക്കം ചെയ്യുക. പുരുഷന്മാരത് മുണ്ഡനം ചെയ്തും സ്ത്രീകള്‍ പിഴുതി മാറ്റിയും നീക്കം ചെയ്യലാണ് ഉത്തമം. മറിച്ചായാലും സുന്നത് ലഭ്യമാകും. മീശയാണ് നാലമത്തേത്. ചുണ്ടിന്‍റെ ചുകപ്പു കാണും വരെ വെട്ടി ചെറുതാക്കുകയാണ് വേണ്ടത്. അത് വടിച്ചു കളയല്‍ ശാഫിഈ മദ്ഹബു പ്രകാരം കറാഹതാണ്. താടി വടിക്കല്‍ ശക്തമായ കറാഹതാണ്. മുടി നീക്കല്‍ പ്രത്യേകം സുന്നതില്ലാത്ത സ്ഥലങ്ങളിലെ നരച്ച മുടി മാറ്റലും മൂക്കിലെ രോമങ്ങള് പിഴുതു മാറ്റലും കറാഹതു തന്നെ.  പുരികം വടിച്ചു കളയല്‍ ഹറാമാണ്. ചില വാക്സിംഗില്‍ അതു ചെയ്തു കൊടുക്കാന്‍ പ്രത്യേകം പരിശീലനം നേടിയ ത്വക്ക് പരിചരണ വിദഗ്ദ്ധരെ (Esthetician) നിയമിക്കാറുണ്ട്. ഇത്തരക്കാര്‍ കാണല്‍ നിഷിദ്ധമായ ശരീര ഭാഗങ്ങള്‍ കാണുന്നതും സ്പര്‍ശിക്കുന്നതും നിഷിദ്ധം തന്നെയാണ്.  ഇത്തരം നിഷിദ്ധമായ മാര്‍ഗങ്ങളിലൂടെ വാക്സിംഗ് ചെയ്യലും നിഷിദ്ധം തന്നെ. കൂടുതല്‍ അറിവുകള്‍ നേടാനും അവക്കനുസൃതം അമലുകള്‍ വര്‍ദ്ധിപ്പിക്കാനും അല്ലാഹു തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter