രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ അനുമതി ആവശ്യമുണ്ടോ, അലി(റ) രണ്ടാം വിവാഹത്തിന് അനുമതി ചോദിച്ചപോള്‍ എന്റെ മകള്‍ ഫാത്തിമയുടെ ഹൃദയം വേദനിക്കുമെന്നു പറഞ്ഞതായി ഹദീസ് ഉണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് റിയാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
രണ്ടാം വിവാഹത്തിനു ആദ്യ ഭാര്യയുടെ അനുമതി ആവശ്യമില്ല. വിശദമായി മുമ്പ് പ്രസിദ്ധീകരിച്ച ഉത്തരം വായിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യാം.
അങ്ങനെ ഹദീസുണ്ട്. ബുഖാരിയിലും മുസ്ലിമിലും അത് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഹൃദയം വേദനിക്കുമെന്ന അതേ അക്ഷരാര്‍ത്ഥത്തില്‍ പദ പ്രയോഗമില്ല. ഹദീസ് താഴെ കൊടുക്കുന്നു.
إن بني هشام بن المغيرة استأذنوني أن ينكحوا ابنتهم علي بن أبي طالب فلا آذن لهم، ثم لا آذن لهم ثم لا آذن لهم، إلا أن يحب ابن أبي طالب أن يطلق ابنتي وينكح ابنتهم. فإنما ابنتي بضعة مني، يريبني ما أرابها، ويؤذيني ما آذاها"، وفي رواية: "وإني لست أحرم حلالاُ ولا أحل حراما، ولكن والله لا تجتمع بنت رسول الله صلى الله عليه وسلم، وبنت عدو الله مكاناُ واحدا أبداً
(ബനൂ ഹാശിം എന്നോടു അവരുടെ മകളെ അലി(റ)വിനു കല്യാണം കഴിപ്പിച്ചു കൊടുക്കാന്‍ സമ്മതം ചോദിക്കുന്നു. ഞാനവര്‍ക്ക് സമ്മതം കൊടുക്കുകയില്ല. വീണ്ടും ഞാനവര്‍ക്ക് സമ്മതിക്കുകയില്ല. വീണ്ടും ഞാന്‍ സമ്മതിക്കുകയില്ല. അബൂഥാലിബിന്‍റെ മകന്‍ എന്‍റെ മകളെ വിവാഹ മോചനം ചെയ്ത് അവരുടെ മകളെ കല്യാണം കഴിച്ചാലല്ലാതെ. കാരണം എന്‍റെ മകള്‍ എന്‍റെ കഷ്ണമാണ്. അവളെ ഭയപ്പെടുത്തുന്നതെന്തും എന്നെയും ഭയപ്പെടുത്തും. അവളെ വിഷമിപ്പിക്കുന്നതെന്തും എന്നെയും വിഷമിപ്പിക്കും.) മറ്റൊരു റിവായതില്‍ നബി(സ) ഇങ്ങനെയും പറഞ്ഞതായി കാണുന്നു. (ഞാന്‍ ഒരു ഹലാലിനെ ഹറാമാക്കുകയോ ഒരു ഹറാമിനെ ഹലാലാക്കുകയോ ചെയ്യുകയല്ല. പക്ഷേ, അല്ലാഹുവിന്‍റെ റസൂലിന്‍റെ മകളും അല്ലാഹുവിന്‍റെ ശത്രുവിന്‍റെ മകളും ഒരേ ഇടത്തില്‍ ഒരുമിച്ചു കൂടുകയില്ല തന്നെ.)
നബി(സ) അലി (റ) വിനെ അബൂജഹലിന്‍റെ മകളെ കല്യാണം കഴിക്കുന്നതില്‍ നിന്ന് വിലങ്ങിയിരുന്നു. പക്ഷേ, അത് രണ്ടാം വിവാഹത്തിനു ആദ്യ ഭാര്യയുടെ സമ്മതം ആവശ്യമായതു കൊണ്ടല്ല. അങ്ങനെയായിരുന്നെങ്കില്‍ നബി(സ) ഈ കാര്യം അവതരിപ്പിക്കുന്ന മുഖവുര എന്ന നിലക്ക്  لست أحرم حلالا (ഒരു ഹലാലിനെ ഹറാമാക്കുക അല്ല ഞാന്‍ ചെയ്യുന്നത് )എന്നു പറയുമായിരുന്നില്ല. ഇമാം നവവി (റ) ശറഹു മുസ്ലിമില്‍ ഇത് വിശദമാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ അത് നബി(സ) വിലക്കിയത് രണ്ടു കാരണങ്ങള്‍കൊണ്ടായിരുന്നു. 1. നബി (സ)ക്ക് ഫാഥിമ (റ)യെ വലിയ ഇഷ്ടമായിരുന്നു. ഫാഥിമ(റ)ക്ക് വിഷമമുണ്ടാവുന്നത് നബി(സ)ക്കും വിഷമമായിരുന്നു. അത് നബി(സ) പറയുകയും ചെയ്തിട്ടുണ്ട്. അലി(റ) രണ്ടാം വിവാഹം കഴിക്കുന്നതിലൂടെ ഫാഥിമ(റ) വിഷമിക്കുകയും തന്നിമിത്തം അത് നബി(സ)യെ വിഷമിപ്പിച്ചതായിത്തീരുകയും ചെയ്യും. നബി(സ) വിഷമിപ്പിക്കുന്നത് വന്‍ദോഷമാണ്. നബി(സ) പ്രയാസം നേരിട്ടത് ഒരു അനുവദനീയമായ കാര്യം ചെയ്തിട്ടാണെങ്കിലും അത് വലിയ തെറ്റാണ്. അത് അലി(റ)വിന്‍റെ നാശത്തിനു തന്നെ ഹേതുവാകും. 2. ഫാഥിമ(റ)യും അലി(റ) രണ്ടാമതു വിവാഹം ചെയ്യാനുദ്ദേശിക്കുന്ന പെണ്ണും ഒരുമയോടെ പോകില്ലെന്നും അവിടെ വഴക്കും വക്കാണവും ഉണ്ടാവുകയും ഫാഥിമ(റ)വിന്‍റെ ദീനിയ്യായ ജീവിതത്തെ തന്നെ അത് ബാധിക്കാനിടയുണ്ടെന്നും അല്ലാഹുവിന്‍റെ പ്രത്യേക ഫദ്‍‍ല് മുഖേന നബി(സ) മുന്നേ കൂട്ടി മനസ്സിലാക്കിയിരുന്നു.  കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter