ഇസ്ലാമിക രീതിയില്‍ ഔറത്ത് മറച്ചു ഭാര്യെ ജോലിക്ക് വിടാമോ? സ്ത്രീകള്ക്ക് മുഖവും മുന്കയ്യും മറക്കല്‍ നിര്ബന്ധമാണോ ?

ചോദ്യകർത്താവ്

ശിഫാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

ഇസ്‌ലാമിക വിധി പ്രകാരം സ്ത്രീകളുടെ കൈകാര്യകര്‍ത്താക്കള്‍ പുരുഷന്മാരാണ്. സ്ത്രീകള്‍ക്ക് ആവശ്യമായ ഭക്ഷണ-താമസ സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതും അവരുടെ ഇതര ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ടതും പുരുഷന്‍റെ ധര്‍മ്മമാണ്. ഭര്‍ത്താവ് ഉള്ളിടത്തോളം അതെല്ലാം ഭര്‍ത്താവിന്‍റെ ബാധ്യത തന്നെയാണ്. അത്കൊണ്ട് തന്നെ സാധാരണ ഗതിയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യേണ്ട സാഹചര്യം വരാറില്ല.

എന്നാല്‍ അതേ സമയം, അവള്‍ക്ക് ചെലവ് കൊടുക്കാന്‍ ആളില്ലാതെ വരികയോ ഭര്‍ത്താവിന് അതിന് കഴിയാതെ വരികയോ തന്‍റെ മക്കളെ പോറ്റാന്‍ വേറെ ഗതിയില്ലാതെ വരുകയോ ചെയ്യുന്ന സമയങ്ങളില്‍ ജോലിക്ക് വേണ്ടി പുറത്ത് പോവാം എന്ന് മാത്രമല്ല, ഭര്‍ത്താവ് അതിന് സൌകര്യം ചെയ്തുകൊടുക്കണമെന്നും ആവശ്യമാവുന്ന പക്ഷം, ഭര്‍ത്താവ് അവളോടൊപ്പം പോയിക്കൊടുക്കണമെന്നും കര്‍മ്മശാസ്ത്രം പറഞ്ഞുവെക്കുന്നുമുണ്ട്.

അത്തരം നിര്‍ബന്ധസാഹചര്യങ്ങളൊന്നുമില്ലാത്തിടത്തും, ഭര്‍ത്താവ് അനുവദിക്കുകയും മറ്റു ഹറാമായ കാര്യങ്ങളൊന്നും കടന്നുവരാതിരിക്കുകയും ചെയ്യുന്നിടത്തോളം പുറുത്തപോവുമ്പോഴുള്ള മര്യാദകളെല്ലാം പാലിച്ച് കൊണ്ട് ജോലിക്ക് പോവല്‍ അനുവദനീയമാണ്. ഇസ്ലാമിക രീതിയിലുള്ള ഔറത് മാത്രമല്ല മറ്റു മര്യാദകളും പാലിക്കണം.

അന്യ പുരുഷന്മാരുമായി ഒറ്റക്കാവുന്ന അവസരങ്ങളുണ്ടാവുക, അവര്‍ക്ക് മുന്നില്‍ ഔറത് വെളിപ്പെടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, ഫിത്നയുണ്ടാവുന്ന തരത്തിലുള്ള സംസാരവും പെരുമാറ്റവും ഭയപ്പെടുക തുടങ്ങിയ അവസരങ്ങളില്‍ സ്ത്രീയെ ജോലിക്ക് പറഞ്ഞയക്കാവതല്ല.

സ്ത്രീകളുടെ ഔറത് നിസ്കാരം, ത്വവാഫ് തുടങ്ങിയ ആരാധനാ സമയത്ത് മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങളാണ്. അന്യ പുരുഷന്മാരുടെ മുമ്പില്‍ ശരീരം മുഴുവന്‍ മറക്കേണ്ടതാണ്. മുഖവും മുന്കൈയും ഒഴികെയുള്ളതാണ് അന്യരുടെ മുന്നിലെ ഔറത്തെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാരുടെ അടുക്കലും മുസ്ലിം സ്ത്രീകളുടെ അടുക്കലും മുട്ടു പൊക്കിളിന്‍റെ ഇടയിലുള്ള സ്ഥലമാണ് ഔറത്. ഇതാണ് ഔറത് മറക്കുന്നതിന്‍റെ ഒരു ഏകദേശ വിശദീകരണം.  കൂടുതലറിയാന്‍ വസ്ത്രം&ഫാഷന്‍ നോക്കുക.

നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter