നേര്‍ച്ചയാക്കിയ ദിക്റ് മനസില്‍ ചൊല്ലിയാല്‍ വീടുമോ? നാവുകൊണ്ട് മൊഴിയണമെന്നു നിര്‍ബന്ധമുണ്ടോ? ഖുര്‍ആന്‍ മനസ്സുകൊണ്ട് ഒതിയാല്‍ ഓത്തിന്റെ കൂലി ലഭിക്കുമോ ? തെളിവ് സഹിതം ഉത്തരം നല്കാന്‍ അപേക്ഷ ?
ചോദ്യകർത്താവ്
ഇസ്മാഈല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ദിക്റ് നാവു കൊണ്ടും ഖല്‍ബു കൊണ്ടും ചൊല്ലാം. നാവും ഖല്ബും ഒന്നിച്ചു ചേര്‍ന്നു ചൊല്ലലാണ് ഉത്തമം. എന്നാല്‍ പ്രത്യേകമായി ചൊല്ലേണ്ട ദിക്റുകള്‍ പരിഗണിക്കപ്പെടാനും ദിക്റ് എന്ന നിലക്ക് അതിന്‍റെ പ്രതിഫലം ലഭിക്കാനും സാധാരണ നിലയില്‍ സ്വന്തം ശരീരം കേള്‍ക്കത്തക്ക വിധത്തില്‍ നാവു കൊണ്ടു തന്നെ ചൊല്ലണം. മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് ദിക്റുകള്‍ വര്‍ജ്ജിക്കുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്യുന്നിടത്ത് ഇആനത്തില്‍ ഈ കാര്യം പറയുന്നുണ്ട്. പ്രസ്തുത സ്ഥലത്ത് ഒരാള്‍ തുമ്മിയാല്‍ അവന്‍ മനസ്സില്‍ അല്‍ഹംദുലില്ലാഹ് എന്നു പറയണം. അതു പോലെ തന്നെ ജിമാഅ് ചെയ്യുന്ന സമയത്തു തുമ്മിയാലും ഇങ്ങനെ മനസ്സില്‍ പറയണം. ഇങ്ങനെ മനസ്സില്‍ പറഞ്ഞാല്‍ തന്നെ അവന്‍ നാവു കൊണ്ട് സ്വന്തം ശരീരം കേള്‍ക്കേ പറഞ്ഞവന്‍റെ പ്രതിഫലം അവനു ലഭിക്കുന്നതാണ്. ഇതല്ലാതെ മറ്റെവിടെയും മനസ്സില്‍ ചൊല്ലിയാല്‍ നാവുകൊണ്ട് സ്വശരീരത്തെ കേള്‍പ്പിച്ചു പറയുന്ന ദിക്റിന്‍റെ പ്രതിഫലം ലഭിക്കുകയില്ല. (ഇആനതുഥ്ഥാലിബീന്‍). നിസ്കാരത്തിന്‍റെ ഫര്‍ളായ ഫാതിഹയും മറ്റു ഖൌലിയായ റുക്നുകളും പരിഗണിക്കപ്പെടണമെങ്കില്‍ സ്വശരീരം കേള്‍ക്കത്തക്ക വിധത്തില്‍ നാവുകൊണ്ട് ഉച്ചരിക്കല്‍ നിബന്ധനയാണ്. അതു പോലെ സുന്നത്തായ ദിക്റുകളുടെ സുന്നത്ത് ലഭിക്കാനും അവ പരിഗണിക്കപ്പെടാനും പ്രസ്തുത നിബന്ധനയുണ്ട്. (ഫത്ഹുല്‍ മുഈന്‍). ഇബ്നു ഹജറുല്‍ ഹൈതമി(റ)യുടെ ഫതാവല്‍ഹദീസിയ്യയിലെ താഴെ കൊടുത്ത ഉദ്ധരണിയില്‍ നിന്നും ഇതു മനസ്സിലാക്കാം.
"നമ്മുടെ ഇമാമുമാരില്‍ ഒരു വിഭാഗവും മറ്റു ചില ഇമാമുമാരും സ്വശരീരത്തെ കേള്‍പ്പിക്കും വിധം നാവു കൊണ്ട് ചൊല്ലാതെ ഹൃദയം കൊണ്ട് മാത്രം ചൊല്ലിയാല്‍ പ്രതിഫലമില്ലെന്നു പറഞ്ഞത് പ്രത്യേകം ശറആക്കപ്പെട്ട ദിക്റുകള്‍ എന്ന നിലക്കുള്ളേടത്താക്കാണെന്നു വെക്കേണ്ടതാണ്. എന്നാല് മനസ്സുകൊണ്ട് ഈ ദിക്റുകളില്‍ വ്യാപൃതനാവുകയും അതിന്‍റെ അര്‍ഥങ്ങള്‍ ആലോചിക്കുകയും അല്ലാഹുവിന്റെ സാക്ഷ്യങ്ങളില്‍ മുഴുകിയിരിക്കുകയും ചെയ്താല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആ നിലക്ക് അവനു നല്ല പ്രതിഫലം ലഭിക്കുന്നതാണ്."
അദ്ദേഹത്തിന്‍റെ ഫതാവാ സുഗ്റായിലെ ഉദ്ധരണിയിലും ഇതു കാണാം.
"മനസ്സുകൊണ്ടുള്ള ദിക്റ്, ഉച്ചരിച്ചുകൊണ്ട് ഇബാദത് എടുക്കാനുള്ള ദിക്റ് എന്ന നിലക്ക് ഒരു ശ്രേഷ്ടതയും ഇല്ല. മറിച്ച് അല്ലാഹുവിന്‍റെ പരിശുദ്ധിയും അവന്‍റെ മഹത്തവും അടങ്ങുന്ന അവയുടെ അര്‍ഥം മനസ്സില്‍ കൊണ്ടുവരുന്നതാണ് അതിലെ ഫദീലത്."
മാത്രമല്ല വലിയ അശുദ്ധിയുള്ളവര്‍ക്ക് മനസ്സില്‍ ഖുര്‍അന്‍ ഓതുന്നതും വിസര്‍ജ്ജന സ്ഥലത്ത് ദിക്‍റുകള്‍ മനസ്സില്‍ ചൊല്ലുന്നതും അനുവദനീയമാണ്. അവ നാവുകൊണ്ട് ചൊല്ലുന്നതില്‍ വിരോധങ്ങളുണ്ട് താനും. (ഫത്ഹുല്‍ മുഈന്‍)
മേല്‍പറഞ്ഞതില്‍ നിന്നും ദിക്‍ര്‍ ചൊല്ലാന്‍ നേര്‍ച്ചയാക്കിയാല്‍ അത് നാവുകൊണ്ട് സ്വശരീരം കേള്‍ക്കത്തക്ക രീതിയില്‍ തന്നെ ചൊല്ലണമെന്നും ഖുര്‍ആന്‍ ഓത്തിന്‍റെ പ്രതിഫലം ലഭിക്കാനും അപ്രകാരം ചെയ്യണമെന്നും മനസ്സിലായല്ലോ. എന്നാല്‍ ഖുര്‍ആന്‍ മനസ്സിലൂടെ ചലിപ്പിക്കുകയും അതിന്‍റെ അര്‍ഥം മനസ്സില്‍ കൊണ്ടുവരികയും അതിലെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നതും വളരെ പ്രതിഫലമുള്ളതാണ്. പക്ഷേ, അത് ഖുര്‍ആന്‍ ഓതുന്നതിനു പകരമാകുകയില്ല. രണ്ടും വ്യത്യസ്തമായ രണ്ടു ഇബാദതുകളാണ്.
ഈ വിഷയസംബന്ധമായി കൂടുതല്‍ വായിക്കാന്‍ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
നാവു കൊണ്ടു ദിക്റ് ചൊല്ലുന്നത്
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.