വിവാഹ ബന്ധം തടയപ്പെട്ട സ്ത്രീ പുരുഷന്മാര്ക്ക് മുട്ട് പൊക്കിളിന്റെ ഇടയല്ലാത്ത സ്ഥലം കാണുന്നതിനും വിരോധമില്ല...ഇതിനു ഖുര്‍ആനിലോ ഹദീസിലോ തെളിവ് ഉണ്ടോ? ഉണ്ടെങ്കില്‍ ആയതും ഹദീസും ഒന്ന് വിശദമാക്കാമോ

ചോദ്യകർത്താവ്

ഹംസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കര്‍മ്മ ശാസ്ത്രത്തിലെ ഓരോ വിധി വിലക്കുകളും വ്യക്തവും കൃത്യവും വിശദവുമായി ഫുഖഹാക്കള്‍ വിവരിച്ചത് ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയുടെ അടിസ്ഥാനത്തിലാണ്. അവര്‍ സ്വഹാബാക്കളുടെയും താബിഉകളുടെയും താബിഉ താബിഉകളുടെയും ജീവിതവും അവരുടെ വിവരണങ്ങളും അഭിപ്രായങ്ങളം സമന്വയിപ്പിച്ച് , മേല്‍പറഞ്ഞ സ്രോതസ്സുകളില്‍ നിന്ന് വിധി വിലക്കുകള്‍ കൃത്യമായും ക്രമമായും മനസ്സിലാക്കാനും രേഖപ്പെടുത്താനുമുള്ള രീതി ശാസ്ത്രം (ഉസൂലുല്‍ഫിഖ്ഹ്) രൂപപ്പെടുത്തുകയും അതനുസരിച്ച് അത് വ്യക്തമാക്കുകയും ചെയ്തു. അത്തരം ഹുക്മുകള്‍ക്കോരോന്നിനും ഖുര്‍ആനും ഹദീസും തന്നെ വേണമെന്ന് അജ്ഞരായ നാം ശഠിക്കുന്നത് തന്നെ വിഡ്ഢിത്തമാണ്. അപ്രകാരം എല്ലാ കര്‍മ്മശാസ്ത്ര പണ്ഡിതരും അവരുടെ ഗ്രന്ഥങ്ങളില്‍ അഭിപ്രായന്തരമില്ലാതെ പ്രതിപാദിച്ചതാണ് മഹ്റമുകള്‍ക്ക് പരസ്പരം മുട്ടു പൊക്കിളിന്‍റെയിടയിലല്ലാത്തവ ഔറത് അല്ലെന്നുള്ളത്.

സുറതുന്നൂറിലെ 31-ാം സുക്തം ഇതിലേക്ക് സൂചന നല്‍കുന്നുണ്ട്. അതിന്‍റെ തഫ്സീറുകളില്‍ ഇത് വ്യക്തമാക്കുന്നതായി കാണാം.  പ്രസ്തുത ആയതിന്‍റെ വിവര്‍ത്തനം താഴെ ചേര്‍ക്കുന്നു

((സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും താങ്കള്‍  പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.))

അബൂ ദാവൂദ്, ബൈഹഖി (റ) തുടങ്ങിയവര്‍ റിപോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. റസൂല്‍ (സ) ഫാഥിമ (റ)യുടെ വീട്ടിലേക്ക് അവര്‍ക്കു സമ്മാനമായി നല്‍കിയ ഒരു അടിമയുമായി ചെന്നപ്പോള്‍ മഹതിക്ക്  വസ്ത്രമായി ഒരു പുതപ്പു മാത്രമാണുണ്ടായിരുന്നത്. തല മറച്ചാല്‍ കാലു മറയില്ല. കാലു മറച്ചാല് തല മറയില്ല. മഹതിയുടെ ഈ പരുങ്ങല്‍ മനസ്സിലാക്കിയ റസൂല്‍ (സ) പറഞ്ഞു. അതു പ്രശ്നമില്ല. ഇവിടെ നിന്‍റെ പിതാവും നിന്‍റെ അടിമയുമാണ്.

മാത്രമല്ല നബി(സ)യുടെ ഭാര്യമാരുടെ മഹ്റമുകളായവര് അവരുടെ വീടുകളില് ആ സ്വാതന്ത്ര്യം കാണിച്ചിരുന്നതായി ചരിത്രങ്ങളില്‍ കാണാവുന്നതാണ്.  അതു പോലെ സ്വഹാബത്തിന്‍റെയും താബുഉകളുടെയും ജീവിതങ്ങളും ഇതിലേക്ക് വെളിച്ചം നല്കുന്നുണ്ട്.

ഏതെങ്കിലും ഒരു ഹദീസിന്‍റെയോ ആയതിന്‍റെയോ അടിസ്ഥാനത്തില്‍ നമുക്ക് ദീനിലെ വിധികള്‍ പറയാനാവില്ല. ലക്ഷക്കണക്കിനു ഹദീസുകള് മനഃപാഠമുള്ള, ഹദീസ്, ഖുര്‍ആന്‍, ഭാഷ, ചരിത്രം എന്നിവയില്‍ ആഴത്തില്‍ അറിവുള്ള, സ്വഹാബതുമായും താബിഉകളുമായും ഇടപഴകിയ ഇമാമുമാര്‍ അവ നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter