ഒരാള്‍ ഗള്ഫില്‍ വെച്ച് മരണപ്പെട്ടാല്‍ എവിടെ കബര്‍ അടക്കല്‍ ആണ് ഉത്തമം? രണ്ടും മൂന്നും ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നതിന്റെ വിധി എന്ത് ?
ചോദ്യകർത്താവ്
ശഹ്ബാസ് മാലിക്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മരണപ്പെട്ട അതേ നാട്ടില്‍ തന്നെയാണ് ഖബറടക്കം ചെയ്യേണ്ടത്. അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മയ്യിത്തിനെ നീക്കം ചെയ്യല്‍ നിഷിദ്ധമാണ്. മക്ക, മദീന, ബൈതുല്‍ മഖ്ദസ് തുടങ്ങി വിശുദ്ധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതില്‍ മയ്യിത്ത് അഴുകാതെ അവിടെ എത്തിക്കാന്‍ കഴിയുമെങ്കില്‍ വിരോധമില്ല. അതു പോലെ തന്നെ സജ്ജനങ്ങളുടെ നാട്ടില്‍ മറവു ചെയ്യാനും മയ്യിത്തിനെ നീക്കം ചെയ്യാം.
മരണപ്പെട്ട സ്ഥലത്ത് ഖബറടക്കം ചെയ്താല്‍ കുഫ്റിന്‍റെയോ ബിദ്അത്തിന്‍റെയോ നാട്ടിലാവുകയും മയ്യിത്തിനെ ഖബറില്‍ നിന്നു മാന്തിയെടുക്കാനുള്ള സാധ്യത , വെള്ളത്തിലൂടെ ഒലിച്ചു പോവാന്‍ കാരണമാകുംവിധം വാദികളിലും മറ്റും മറമാടപ്പെടുക തുടങ്ങിയ കാരണങ്ങളാലും മയ്യിത്തിനെ മരണപ്പെട്ട നാട്ടില്‍ നിന്നു നീക്കം ചെയ്ത് മറ്റൊരു നാട്ടില്‍ ഖബറടക്കം ചെയ്യാവുന്നതാണ്.
ഗള്‍ഫില്‍ മരണപ്പെട്ടവരെ മക്കയിലോ മദീനയിലോ ഖബ്റടക്കാന്‍ കഴിയുമെങ്കില്‍ അതാണു ഏറ്റവും ഉത്തമം. അല്ലെങ്കില്‍ മരണപ്പെട്ട നാട്ടില്‍ അടക്കം ചെയ്യണം. മയ്യിത്തിനു ഉപകാരപ്രദമായ വിശുദ്ധ സ്ഥലങ്ങളിലേക്കും സ്വാലിഹീങ്ങളുടെ നാട്ടിലേക്കും മയ്യിത്തിനെ നീക്കം ചെയ്യാമെന്നതിനോടു തുലനം ചെയ്ത് മയ്യിത്തിനു കൂടുതല്‍ ഉപകാരപ്രദമായ ഖബ്റു സിയാറത്, പ്രാര്‍ത്ഥന എന്നിവ ലഭിക്കാന്‍ സാധ്യതയുള്ള നാട്ടിലേക്ക് നീക്കം ചെയ്യാവുന്നതാണ്. പ്രത്യേകിച്ച് വളരെ പെട്ടെന്നു തന്നെ ഖബ്റുകള്‍ മാന്തി അതില്‍ മറ്റൊരു മയ്യിത്തിനെ മറമാടുകയും സിയാറതു പോലോത്തവയെ നിരുത്സാഹപ്പെടുത്തുന്ന സര്‍ക്കാറുകളുടെ ഭരണമുണ്ടാവുകയും ചെയ്യുമ്പോള്‍. മാത്രമല്ല മയ്യിത്തിനെ മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യല്‍ ഹറാമില്ല, കറാഹത്തു മാത്രമേയുള്ളൂ എന്ന ഒരു അഭിപ്രായം ശാഫിഈ മദ്ഹബില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്.
മയ്യിത്ത് എത്രയും പെട്ടെന്നു കുളിപ്പിച്ച്, കഫ്നു്, നിസ്കാരങ്ങള്‍ക്കു ശേഷം ഖബറടക്കലാണ് സുന്നത്ത്. പക്ഷേ, മയ്യിത്ത് അഴുകുന്നതിനു മുമ്പായി മറമാടല്‍ നിര്‍ബന്ധമാണ്. മോര്‍ച്ചറിയില്‍ താല്‍ക്കാലികമായി സൂക്ഷിക്കുമ്പോള്‍ മയ്യിത്ത് അഴുകാറില്ലാത്തതിനാല്‍ അത് ഹറാമല്ല. പക്ഷേ, സുന്നത്തിനു എതിരാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.