അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഒരു മുസ്ലിം അവന്‍റെ സമയവും അധ്വാനവും സമ്പവത്തും ആഖിറത്തിനു ഉപകരിക്കുന്ന തരത്തില്‍ മാത്രമേ ഉപയോഗപ്പെടുത്താവൂ. നബി(സ) പറഞ്ഞു ((ഖിയാമത് ദിനത്തില്‍ ഒരു അടിമയുടയും രണ്ടു പാദങ്ങളും നാലു കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ നീങ്ങുകയില്ല.)) അതില്‍ പെട്ടതാണ് ((അവന്‍ ദുര്‍ബലപ്പെടുത്തിയ അവന്‍റെ യൌവനത്തെ കുറിച്ച്, അവന്‍ നശിപ്പിച്ചു കളഞ്ഞ അവന്‍റെ ആയുസ്സിനെ കുറിച്ച്.))
നബി(സ) അരുളി ((രണ്ടു അനുഗ്രഹങ്ങളില്‍ അധിക ജനങ്ങളും വഞ്ചിതരാണ് – ആരോഗ്യവും ഒഴിവു സമയവുമാണവ))
ഇന്ന് ലോകോത്തരമായി നടന്നു വരുന്ന കാല്‍പന്തുകളി മാമാങ്കങ്ങളെല്ലാം മനുഷ്യന്‍റെ അമൂല്യമായ സമയവും അധ്വാനവും സമ്പത്തും വൃതാ ചെലവഴിക്കാനും അവന്‍റെ മനസ്സില്‍ അനാവശ്യവും അനിയന്ത്രിതവുമായ ആസക്തി വളര്‍ത്തിയെടുക്കാനും മാത്രമേ സഹായിക്കുകയുള്ളൂ. മാത്രമല്ല, ഇത്തരം മത്സരകളങ്ങള്‍ ഔറത്ത് പ്രദര്‍ശിപ്പിക്കുന്നതിനും, പര പുരുഷ സ്ത്രീ സങ്കലനങ്ങള്‍ക്കും, അര്‍ദ്ധ നഗ്ന സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിനും സംഗീതങ്ങള്‍ക്കും വേദി കൂടിയായി മാറുന്നു. ഇതിനു പിറകില്‍ വ്യാപകമായ മാംസ കച്ചവടവും വാതു വെപ്പുകളും നടക്കുന്നു. ഇതിനെല്ലാം പുറമെ കാഴ്ചക്കാരിലും ആരാധകരിലും ഇത് തികച്ചും യുക്തി രഹിതമായ പക്ഷം ചേരലുകള്‍ക്കും അനാവശ്യമായ തര്‍ക്കങ്ങള്‍ക്കും അനാരോഗ്യകരമായ ദേഷ്യം, അസൂയ, ഉല്‍കണ്ഠ, നിരാശ, അത്യാഹ്ലാദം, വിശാദം തുടങ്ങിയ മാനസിക രോഗങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഇത് ഹേതുവാകുന്നു. നിസ്കാരം, മാതാപിതാക്കളോടുള്ള കടമ, കുടുംബത്തോടുള്ള ബാധ്യത, സമൂഹത്തോടുള്ള പ്രതിബദ്ധത എന്നിങ്ങനെയുള്ള നിര്‍ബന്ധവും അത്യാവശ്യവുമായ ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തിയാണ് പലരും ഇതിന്‍റെ പിന്നില്‍ പൈശാചികമായി തളച്ചിടപ്പെടുന്നത്. മാത്രമല്ല, ചില കളിക്കാരെ ജീവിതത്തിലെ ഹീറോ ആയി കാണുകയും അവരുടെ ആരാധകരായി ചമയുകയും ചെയ്യുന്നത് സര്‍വ്വ സാധാരണമാണ്.
മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ തന്നെ ഇത്തരം ടൂര്‍ണമെന്‍റുകള്‍ നടത്തുന്നതും അതില്‍ കളിക്കുന്നതും അതിനെ സഹായിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കും വിധത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നതും അത് കാണുന്നതും അതിനു വേണ്ടി സമ്പത്ത് ചെലവഴിക്കുന്നതും അത് സമ്പന്ധമായ ചര്‍ച്ചകള്‍ നടത്തുന്നതുമെല്ലാം തികച്ചും ഹറാമാണ്. സത്യവിശ്വാസികള്‍ ഇതിലെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് മാറി നില്‍ക്കുകയാണ് വേണ്ടത്. ഇസ്ലാമിക സംസ്കാരത്തെയും ധര്‍മ്മബോധത്തെയും കാര്‍ന്നു തിന്നുന്ന ഒരു ക്യാന്‍സറായി മാറിയ ഇതിനെ പരമാവധി പ്രതിരോധിക്കുകയും ചെയ്യണം.
ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَهْوًا وَلَعِبًا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَاۚ فَٱلْيَوْمَ نَنسَىٰهُمْ كَمَانَسُوا۟ لِقَآءَ يَوْمِهِمْ هَـٰذَا وَمَاكَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ
തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവരായ (നന്ദികെട്ടവര്‍ക്ക് സ്വര്‍ഗത്തിലെ അന്നപാനീയങ്ങള്‍ വിലക്കിയിരിക്കുന്നു.). അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു.
ഈ ഖുര്‍ആന്‍ വാക്യം എത്ര ഗൌരവമുള്ളതാണ്.
എന്നാല്‍ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി പന്തു കളിക്കുന്നതും അത് കാണുന്നതും താഴെ പറയുന്ന ചില നിബന്ധനകള്‍ക്ക് വിധേയമായി അനുവദനീയമാണ്.
1) എതിര്‍ ലിംഗത്തില്‍ പെട്ടവരെ കണ്ടു ആസ്വദിക്കുന്ന തരത്തിലാവരുത്
2) ഔറത് പൂര്‍ണ്ണമായും മറച്ചിട്ടായിരിക്കണം
3) സമയത്തു ചെയ്തു തീര്‍ക്കേണ്ട നിസ്കാരം, മതാപിതാക്കളോടുള്ള കടമ, മറ്റു ഉത്തരവാദിത്തങ്ങള്‍ എന്നിവയില്‍ വീഴ്ച വരുത്തരുത്
4) ഏതെങ്കിലും പാര്‍ട്ടിയോടോ വ്യക്തിയോടോ പക്ഷം ചേരലോ, അസഹിഷ്ണുതയോ, ദേഷ്യമോ, ചീത്തപറയലോ ഉണ്ടാവരുത്
5) അല്ലാഹുവിനു ഇഷ്ടമില്ലാത്ത അസൂയ, വെറുപ്പ് തുടങ്ങിയവ ഉണ്ടാവരുത്
6) ഏതെങ്കിലും കളിക്കാരനോട് അമിതമായ ആരാധനയോ മാനസിക വിധേയത്തമോ ഉണ്ടാവരുത്
7) കളിയിലോ കളിക്കളത്തിലോ അനിസ്ലാമികമായ ആചാരങ്ങളോ പ്രവര്‍ത്തനങ്ങളോ പ്രദര്‍ശനങ്ങളോ ശബ്ദകോലാഹളങ്ങളോ ഉണ്ടാവരുത്
8) കളിയും കളികാണലും ഒരു ലഹരിയായി മാറുകയും അതിനോടു അടിമപ്പെടുകയും ചെയ്യരുത്. അങ്ങനെ ആയുസ്സിന്‍റെ നല്ലൊരു ഭാഗം കളിക്കായി ചെലവഴിക്കുന്ന സ്ഥിതിയുണ്ടാവരുത്. അത് അവന്‍റെ ചിന്തയേയും ശരീരത്തെയും ഒരു പോലെ ദുഷിപ്പിക്കും. പുറമെ അവന്‍റെ ദീനിനെയും.
9) പരസ്പരം പ്രതിഫലം പറഞ്ഞു കളിക്കുകയോ അങ്ങനെ കളിക്കുന്നവരുടെ കളി കാണുകയോ ചെയ്യരുത്.
10) കളിയും അത് കാണലും ജീവിതത്തിലെ ഒരു ശീലമാക്കി മാറ്റരുത്
11) കളിയെ ഒരു ജോലിയായി സ്വീകരിക്കരുത്
12) സുബ്ഹ് നിസ്കാരം നഷ്ടപ്പെടാനും, പകലിലെ ജോലിയുപേക്ഷിക്കാനും കാരണമാകുന്ന തരത്തില്‍ ഉറക്കം ഒഴിവാക്കി കളിക്കുകയോ വീക്ഷിക്കുകയോ ചെയ്യരുത്.
13) ഒരു തരത്തിലും അനിസ്ലാമികമായ ഒന്നും തന്നെയുണ്ടാവരുത്
ചുരുക്കത്തില്‍ ദീനിലും ദുന്‍യാവിലും ഒരു ഉപകാരവുമില്ലാത്ത മനുഷ്യന്‍റെ വിലപ്പെട്ട സമയവും സമ്പത്തും നഷിപ്പിക്കുന്ന തരത്തിലുള്ള ഇന്നത്തെ ഫുട്ബോള്‍ ടൂര്‍ണമെന്‍റുകള്‍ ഒരു നിലക്കും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അവ സംഘടിപ്പിക്കുന്നതും കളിക്കുന്നതും കാണുന്നതും അതിനെ പ്രോത്സാഹിപ്പിക്കും വിധം വാര്‍ത്തകള്‍ കൊടുക്കുന്നതും അതിന്‍റെ കളിക്കാരെ ആരാധകരായി കാണുന്നതും അവരോട് ഇഷ്ടവും പ്രതിബദ്ധയും വിളിച്ചോതാനായി അത്തരം വസ്തങ്ങള്‍ അണിയുന്നതും ഫ്ലക്സുകള്‍ സ്ഥാപിക്കുന്നതും അത്തരം കളികളുടെ വിജയപരാജയങ്ങളും ഭാവി നീക്കങ്ങളും വിലയിരുത്തുന്നതും അവയോട് മനസ്സില്‍ സ്നേഹം തോനുന്നതുമെല്ലാം നിഷിദ്ധമാണ്. അല്ലാഹുവിനെ കുറിച്ചും മരണത്തെ കുറിച്ചും ചിന്തിക്കേണ്ട സമയങ്ങളാണ് നാമിങ്ങനെ നശിപ്പിച്ചു കളയുന്നത്. നമ്മുടെ കുടുംബങ്ങള്‍ക്കും പാവങ്ങള്‍ക്കും ദീനീ സംരംഭങ്ങള്‍ക്കും ചെലവഴിക്കേണ്ട സമ്പത്തും സമയവും ചിന്തയുമാണ് നാമിങ്ങനെ പാഴാക്കി കളയുന്നത്. മരണമാസന്നമാകുമ്പോള്‍ ഒരു സെകന്‍റിനു വേണ്ടി കേഴുന്ന അവസരം ഓര്‍ക്കുക. നാളെ ആഖിറത്തില്‍ നാം നഷ്ടപ്പെടുത്തിയ ഓരോ നിമിഷങ്ങള്‍ക്കും നാം വിരല്‍ കടിക്കുമെന്ന പരമാര്‍ത്ഥം മനസ്സിലുണ്ടാവുക.... പൈശാചികമായ കാല്പന്തുകളി, ക്രികറ്റ് തുടങ്ങിയ ടൂര്‍ണമെന്‍റുകളെ വലിച്ചെറിയുക. ഒരു യഥാര്‍ത്ഥ മുസ്ലിമായി ജീവിക്കുക.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.