വീട് പണി നടക്കുന്നു. റമദാനില്‍ മുസ്ലിമും അമുസ്ലിമുമായ ജോലിക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാമോ. അമുസ്ലിംകള്‍ കൂടുതലുള്ള സ്ഥലത്ത് സ്വന്തം ഉടമസ്ഥതയില്‍ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന്‍റെ വിധി എന്താണ്.
ചോദ്യകർത്താവ്
അബ്ദുല്‍ലഥീഫ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മുസ്ലിമായ ഒരാള്‍ക്ക് അംഗീകൃത കാരണങ്ങളില്ലെങ്കില്‍ നോമ്പു നോല്‍ക്കല്‍ നിര്‍ബന്ധമാണ്. നോമ്പു നോല്‍ക്കാതെ പരസ്യമായി ഭക്ഷണം കഴിക്കുന്നത് റമദാന്‍ മാസത്തോടു ചെയ്യുന്ന അപമര്യാദയും ഫിസ്ഖും (തെമ്മാടിത്തരം) ആണ്. നോമ്പു ഒഴിവാക്കാന്‍ അനുവാദമുള്ളവര്‍പോലും പരസ്യമായി നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യാവതല്ല. നോമ്പു നിര്‍ബന്ധമായ ഒരു മുസ്ലിം നോമ്പ് ഉപേക്ഷിക്കുന്നതും നോമ്പു മുറിയുന്ന ഓരോ പ്രവൃത്തികള്‍ ചെയ്യുന്നതും കുറ്റകരമാണ്. അതിനാല്‍ മുസ്ലിമായ ഒരാള്‍ക്ക് റമദാനിന്‍റെ പകലില്‍ ഭക്ഷണം നല്കുന്നത് ഹറാമാണ്. അനുവദനീയമായ കാരണത്താലാണ് നോമ്പു ഉപേക്ഷിച്ചതെങ്കില്‍ തന്നെ പരസ്യമായി കഴിക്കാന്‍ ഭക്ഷണം നല്‍കല്‍ നിഷിദ്ധമാണ്. അത് തെറ്റിനെ സഹായിക്കലാണ്. തെറ്റിനെ സഹായിക്കുന്നവനു തെറ്റു ചെയ്തവന്‍റെ അതേ കുറ്റമുണ്ടാകുന്നതാണ്.
മുസ്ലിംകളെ പോലെ തന്നെ അമുസ്ലിംകള്‍ക്കും ശറഇലെ എല്ലാ വിധികളും ബാധകമാണെന്നാണ് ബഹു ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അതു തന്നെയാണ് ശാഫിഈ മദ്ഹബും. ഇതനുസരിച്ച് അമുസ്ലിമിനും നോമ്പു അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. അതിനാല് പകല്‍ സമയത്ത് ഭക്ഷിക്കാനായി അമുസ്ലിംകള്‍ക്കു നല്‍കുന്നതും ഹറാം തന്നെ.
റമദാനിലെ പകല്‍സമയത്ത് ഭക്ഷണം വിളമ്പാനും കഴിക്കാനുമായി ഭക്ഷണ ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് നിഷിദ്ധമാണ്. അങ്ങനെ ലഭിക്കുന്ന വരുമാനം ഹറാമായ സമ്പത്തുമാണ്. അതില്‍ അല്ലാഹുവിന്‍റെ ബറകത് ലഭിക്കുകയില്ല.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.