പ്ലാസ്റ്റിക് സര്‍ജറി ചെയ്ത വ്യക്തി മുഖം കഴുകിയാല്‍ വുദൂ ശരിയാകുമോ? മറ്റ് അവയവങ്ങളുടെ അവസ്ഥയോ?
ചോദ്യകർത്താവ്
മുഹമ്മദ് ശഫീഖ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
അവയവങ്ങളിലെ കേടുപാടുകള്‍ ശരിപ്പെടുത്തുക, അഗ്നിബാധയേറ്റിടം ശരിപ്പെടുത്തുക, അനാവശ്യ മുഴകളും കലകളും നീക്കുക, അപകടങ്ങളിലോ മറ്റോ സംഭവിച്ച് ഭംഗം പരിഹരിക്കുക തുടങ്ങിയ പുനനിര്‍മ്മാണ ശസ്ത്രക്രിയയാണല്ലോ പ്ലാസ്റ്റിക് സര്‍ജറി. മാറ്റങ്ങള്‍ വരുത്തി രൂപ കല്‍പന ചെയ്യുക എന്നര്‍ത്ഥത്തിലുള്ള ഗ്രീകു പദത്തില്‍ നിന്നാണ് ഇവിടെ പ്ലാസ്റ്റിക് എന്ന സംജ്ഞ രൂപ പെട്ടത്. അതിനു ഇന്നു പ്രചാരത്തിലുള്ള പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്നും മറ്റുമുള്ള പോളിമേഴ്സ് ഉപയോഗിച്ചുള്ള പ്ലാസ്റ്റികുമായി ഇതിനു ഒരു ബന്ധവുമില്ല. സൌന്ദര്യവര്‍ദ്ധനത്തിനും ചിലര്‍ ഈ ശസ്ത്രക്രിയ ഉപയോഗപ്പെടുത്താറുണ്ട്.
ഇത്തരം ശസ്ത്രക്രിയ മൂലം മുഖത്തിന്‍റെ ആകൃതി വ്യത്യാസപ്പെടുക, മുമ്പുണ്ടായിരുന്ന ചര്‍മ്മം നഷ്ടപ്പെടുക, ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ചര്‍മ്മം പോലോത്തവ ഉപയോഗപ്പെടുത്തുക തുടങ്ങിയ ഉണ്ടാകുമെങ്കിലും വുദൂ ചെയ്യുന്ന സമയത്ത് മുഖമായി പരിഗണിക്കപ്പെടുന്ന ഭാഗങ്ങളാണ് കഴുകല്‍ നിര്‍ബന്ധമാകുക. മുഖത്ത് നിന്ന് അടര്‍ത്തിയെടുത്ത് ഒഴിവാക്കിയ ചര്‍മ്മ ഭാഗങ്ങള്‍ കഴുകേണ്ടതില്ല. എന്നാല്‍ മുഖത്ത് തുന്നിച്ചേര്‍ത്ത് മുഖത്തിന്‍റെ ഭാഗമായി മാറിയവ കഴുകല്‍ നിര്‍ബന്ധവുമാണ്. ഇതു തന്നെയാണ് മറ്റു അവയവങ്ങളുടെയും വിധിയും.
പൊടിപടലങ്ങള്‍ ശരീരത്തില്‍ ഉറച്ച് അത് ശരീരത്തിന്‍റെ തന്നെ ഭാഗമായാല്‍ അവിടെ വുളൂവിന്‍റെയും അന്യസ്ത്രീ-പുരുഷ സ്പര്‍ശത്തിന്‍റെയും വിധി ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചതില്‍ നിന്ന് മേല്‍പറഞ്ഞത് മനസ്സിലാക്കാവുന്നതാണ്.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.