ത്വലാഖ് എന്നത് എങ്ങനെ പറഞ്ഞാല്‍ സംഭവിക്കും? നിങ്ങളുടെ മകളെ എനിക്ക് വേണ്ട എന്ന് വെക്കലാണ് നല്ലത് എന്ന് പറഞ്ഞാല്‍ ത്വലാഖാകുമോ?
ചോദ്യകർത്താവ്
ഇല്ല്യാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഥലാഖിനു വ്യക്തമായ (സ്വരീഹ്) പദങ്ങളും വ്യംഗ്യമായ (കിനായത്) പദങ്ങളുമുണ്ട്. ഞാന്‍ ഫാഥിമയെ (ഭാര്യയുടെ പേരിനു ഉദാഹരണം. അല്ലെങ്കില് എന്‍റെ ഭാര്യയെ) ഥലാഖ് ചൊല്ലി എന്നതു പോലെ ഥലാഖ്, ഫിറാഖ് (വിട്ടുപിരിയല്‍), സറാഹ് (പിരിച്ച് അയക്കുക - വിവാഹ മോചനം ചെയ്യുക) തുടങ്ങിയ പദങ്ങളുടെ വ്യുല്പന്നങ്ങളോ അവയുടെ വിവര്‍ത്തനങ്ങളോ ഉപയോഗിക്കുമ്പോള്‍ അത് സ്വരീഹില്‍ പെടും. നീ (അവള്‍, എന്‍റെ ഭാര്യ തുടങ്ങിയവയും ഉപയോഗിക്കാം) എനിക്ക് നിഷിദ്ധമാണ്, നിന്നെ ഞാന്‍ ഒഴിവാക്കിയിരിക്കുന്നു തുടങ്ങിയവയവ കിനായതുമാണ്. സ്വരീഹായ പദങ്ങളുപയോഗിക്കുമ്പോള്‍ അവിടെ പറയുന്നവന്‍റെ ഉദ്ദേശ്യം പരിഗണിക്കപ്പെടുകയില്ല. കിനായതില്‍ അവന്‍റെ ഉദ്ദേശ്യം ഥലാഖ് തന്നെയാണങ്കിലേ അത് ഥലാഖ് ആയി പരിഗണിക്കപ്പെടുകയുള്ളൂ. മൊഴി ചൊല്ലിയെന്ന് പറഞ്ഞതു കൊണ്ട് ഥലാഖ് സംഭവിക്കുകയില്ല.
ചോദ്യത്തില്‍ പറഞ്ഞിടത്ത് ഈ രണ്ടു നിലക്കും ഥലാഖിന്‍റെ വാചകങ്ങളില്ല. വേണ്ടെന്നു വെക്കുക എന്നത് കിനായത് തന്നെയാണെന്നു വെച്ചാലും ഇവിടെ ഥലാഖ് ചൊല്ലല്‍ നല്ലതാണെന്ന ഒരു പ്രസ്താവനക്കപ്പുറം ഥലാഖു ചൊല്ലിയതായ ഒരു പ്രഖ്യാപനവും വന്നിട്ടില്ല. അത് കൊണ്ട് ഥലാഖ് ആകുന്നതല്ല.
ഥലാഖ് സംബന്ധമായി അന്തിമ തീരുമാനമെടുക്കാന്‍ ഉപയോഗിച്ച പദങ്ങളും സന്ദര്‍ഭവും വ്യക്തിയുടെ ഉദ്ദേശങ്ങളുമെല്ലാം വിശദമായി അന്വേഷിക്കേണ്ടതിനാല്‍ ഇത്തരം ചോദ്യോത്തരങ്ങളെ മാത്രം ആശ്രയിക്കാതെ നിങ്ങളുടെ സമീപത്തുള്ള നിപുണരായി പണ്ഡിതന്മാരുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.