റമദാനിലെ നോമ്പിനു തലേന്ന് രാത്രി നിയ്യത്ത് വെക്കാന്‍ മറന്നു പോകുമ്പോള്‍ നോമ്പിന്‍റെ അന്നു സുബ്ഹിക്കു മുമ്പായി അത്താഴ സമയത്ത് നിയ്യത്ത് വെക്കുമ്പോള്‍ "ഇന്നത്തെ" നോമ്പ് എന്നാണു ഞാന്‍ പറഞ്ഞിരുന്നത്. അങ്ങനെ നിയ്യത്ത് വെച്ചാല്‍ ശരിയാകുമോ. അഥവാ ശരിയായില്ലെങ്കില്‍ ഖദാഅ് വീട്ടണോ.
ചോദ്യകർത്താവ്
ഹാരിസ് പി. എ.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഫര്‍ദു നോമ്പുകള്‍ക്ക് രാത്രി തന്നെ നിയ്യത്ത് വെക്കല്‍ നിര്‍ബന്ധമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ശാഫിഈ മദ്ഹബു പ്രകാരം അവന്‍റെ നോമ്പ് ശരിയാകുകയില്ല. അതു ഖദാഅ് വീട്ടണം. രാത്ര എന്നത് കൊണ്ടുദ്ദേശിക്കുന്നത് നോമ്പു നോല്കുന്ന പകലിന്‍റെ തൊട്ടുമുമ്പുള്ള, സൂര്യന്‍ അസതമിച്ചതു മുതല്‍ ഫജ്റു സ്വാദിഖു വരെയുള്ള സമയം. ഈ സമയത്തു എപ്പോള്‍ വെച്ചാലും രാത്രിയില്‍ നിയ്യത്തു വെച്ചതായി കണക്കാക്കപ്പെടും. ഉറങ്ങുന്നതിനു മുമ്പ് നിയ്യത്ത് വെക്കാന്‍ മറന്നു പോയവന്‍ അത്താഴ സമയത്ത് സുബ്ഹുക്കു മുമ്പായി നിയ്യത്തു വെച്ചാലും അത് രാത്രിയില്‍ തന്നെയാണ് സംഭവിച്ചത്. രാത്രിയില്‍ നിയ്യത്തു വെക്കുമ്പോള്‍ നാം സാധാരണ "നാളത്തെ ഫര്‍ളായ അദായ നോമ്പ് " എന്നാണ് പ്രയോഗിക്കാറ്. ഇതു തന്നെയാണ് ഫിഖ്ഹീ ഗ്രന്ഥങ്ങളിലും കാണാനാവുന്നത്. എന്നാല്‍ ഇവിടെ "ഗദന്‍" (നാളത്തെ) എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ആ രാത്രി അവസാനിച്ചയുടനെയുണ്ടാകുന്ന പകലാണെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സുബ്ഹിക്കു തൊട്ടു മുമ്പു നിയ്യത്തു വെക്കുന്നവരും ഇതേ അര്‍ത്ഥത്തില്‍ നാളത്തെ എന്നു പ്രയോഗിക്കുകയാണ് വേണ്ടത്.
നിയ്യത്തുകളുടെ സ്ഥാനം മനസ്സാണ്. മനസ്സില്‍ ഒന്നുറപ്പിക്കാന്‍ സഹായിക്കുമെന്ന നിലക്ക് അത് നാവു കൊണ്ടു പറയല്‍ സുന്നത്താണ്. എന്നാല്‍ മനസ്സിലില്ലാതെ നാവില്‍ മാത്രമൊതുങ്ങുന്നത് നിയ്യത്തായി ഗണിക്കപ്പെടുകയില്ല. ആയതിനാല്‍ ഒരാള്‍ "ഇന്നത്തെ" എന്നു പറയുകയും അതു കൊണ്ടു ആ രാത്രി അവസാനിച്ചയുടനെയുള്ള പകലിലെ നോമ്പെന്നു ഉദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ആ നിയ്യത്ത് ശരിയാണ് . നോമ്പ് ഖദാഅ് വീട്ടേണ്ടതില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.