സ്വപ്നസ്ഖലനം സംഭവിച്ചോ എന്ന് സംശയിച്ചാല്‍ കുളിക്കണോ കുളി? ശരിയായില്ല എന്ന് സംശയിച്ചാല്‍ രണ്ടാമത് കുളിക്കണോ? ശുദ്ധിയില്ലാതെ നിസ്കരിച്ചാല്‍ കാഫിറാകുമോ? ഇത്തരം വസ്‍വാസ് ഉണ്ടായാല്‍ എന്ത് ചെയ്യണം?
ചോദ്യകർത്താവ്
ശുഐബ് സിഎച്ച്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സ്വപ്ന സ്ഖലനമുണ്ടായോ എന്നു സംശയിക്കുകയും അതിനു ഉപോല്‍ബലകമായി അതിന്‍റെ അടയാളങ്ങള്‍ കാണുകയും അത് മറ്റൊരാളുടേതാവാനുള്ള സാധാരണ നിലക്കു സാധ്യതയില്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ അശുദ്ധിയുള്ളവനായി ഗണിക്കണം. അതിനാല്‍ അവന്‍ കുളിച്ചു ശുദ്ധിയാകുകയും ശുദ്ധിയാകുന്നതിനു മുമ്പ് നിസ്കരിച്ചവ ഖദാഅ് വീട്ടുകയും വേണം. എന്നാല്‍ കേവലം സംശയത്തിനു സ്ഥാനമില്ല.
കുളി കഴിഞ്ഞതിന് ശേഷം കുളി ശരിയായില്ലേ എന്ന് സംശയിച്ചാല്‍ രണ്ടാമത് കുളിക്കേണ്ടതില്ല. നിയ്യതിലാണ് സംശയമെങ്കിലും രണ്ടാമത് കുളിക്കേണ്ടതില്ല (ഫത്ഹുല്‍ മുഈന്‍).
ശുദ്ധിയില്ലാതെ നിസ്കരിക്കുന്നവന്‍ കാഫിറാവുകയില്ല. മറിച്ച് മനപൂര്‍വ്വം അങ്ങനെ ചെയ്യുന്നവന്‍ വന്‍കുറ്റം ചെയ്തവനാണ്. അറിയാതെ ചെയ്യുന്നവന്‍ കുറ്റക്കാരനല്ലെങ്കിലും അള്ളാഹുവിന്റെ അടുത്ത് അവന്റെ നിസ്കാരം നിസ്കാരമായി എഴുതപ്പെടില്ല. നിസ്കാരം സ്വഹീഹുമില്ല. പിന്നീട് അറിഞ്ഞാല്‍ മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്.
ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ആലോചിച്ച് വസവാസ് ആകേണ്ടതില്ല. അത് പിശാചിന്റെ പ്രവര്‍ത്തനഫലമാണെന്ന് മനസ്സിലാക്കി മനസ്സുറപ്പോടെ നിസ്കാരം നിര്‍വ്വഹിക്കുക. പിശാചിന്റെ അത്തരം ബോധനങ്ങള്‍ക്കും സംശയം ജനിപ്പിക്കലുകള്‍ക്കും കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ അത് നമ്മുടെ ആരാധനാകര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോവാനേ പലപ്പോഴും സഹായിക്കുകയുള്ളൂ. അതാണല്ലോ പിശാചിന്റെ പരമമായ ലക്ഷ്യവും.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ