പന്നിയിറച്ചി ഹറാമാവാനുള്ള കാരണമെന്താണ്?

ചോദ്യകർത്താവ്

അസ്ഗര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അള്ളാഹു പറയുന്നു നല്ലതെല്ലാം നിങ്ങള്‍ക്ക് അനുവദനീയമാക്കിത്തരികയും മ്ലേച്ചമായത് നിഷിദ്ധവുമാക്കിയിരിക്കുന്നു. നിഷിദ്ധമാക്കപ്പെട്ടവയില്‍ സംശയത്തിനിടയില്ലാത്ത വിധം വളരെ വ്യക്തമായി നിഷിദ്ധമാക്കപ്പെട്ടതാണ് പന്നിമാംസം. ഖുര്‍ആനില്‍ നാലു സ്ഥലങ്ങളില്‍ അത് നിഷിദ്ധമാണെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട്. പന്നിമാംസം ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അതിന്റെ കാരണങ്ങളൊന്നും ഇവിടെയോ ഖുര്‍ആനില്‍ മറ്റെവിടെയെങ്കിലുമോ വിശദീകരിക്കപ്പെട്ടിട്ടില്ല. അല്ലാഹുവില്‍ പരിപൂര്‍ണമായും വിശ്വസിക്കുകയും അവന്റെ ശാസനകള്‍ നൂറു ശതമാനവും ശിരസാവഹിക്കാന്‍ പ്രതിജ്ഞയെടുക്കുകയും ചെയ്ത ഒരു സമൂഹത്തിനു പിന്നെ കാരണങ്ങള്‍ നിരത്തി കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല. അതിനാല്‍ ഖുര്‍ആന്‍ കല്‍പിച്ച ഏതു കാര്യവും നാം സ്വീകരിക്കുകയും നിരോധിച്ച ഏതു കാര്യവും നാം ദൂരീകരിക്കുകയും വേണം. യുക്തി മനസ്സിലായെങ്കിലേ മതാനുശാസനകള്‍ അംഗീകരിക്കൂ എന്ന നിലപാട് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അത്യപകടകരവും അക്ഷന്തവ്യവുമാണ്. എന്നാല്‍ എന്തെങ്കിലും ദൂഷ്യങ്ങളോ കുഴപ്പങ്ങളോ കാണാതെ അല്ലാഹു യാതൊരു കാര്യവും നിരോധിക്കുകയില്ല എന്നത് ഏതൊരു സാമാന്യബുദ്ധിക്കും ഗ്രഹിക്കാന്‍ കഴിയും. കാരണം, അല്ലാഹു സര്‍വജ്ഞനും കരുണാനിധിയുമാണല്ലോ. പന്നിമാംസത്തിനും ഒട്ടേറെ അപാകതകളും അപകടങ്ങളും ആധുനിക ലോകം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ചീത്ത സ്വഭാവവും വളരെയധികം വൃത്തികേടുമുള്ള ഒരു ജീവിയാണ് പന്നി. ആ ജന്തുസമൂഹമവുമായി സാമാന്യ പരിചയമുള്ളവര്‍ക്ക് ഇതറിയും. മനുഷ്യന്റെ ഭക്ഷണം അവനെ ഗണ്യമായി സ്വാധീനിക്കുമെന്നത് വളരെ വ്യക്തമാണല്ലോ. ദുസ്സ്വഭാവത്തിന്റെയും വൃത്തികേടുകളുടെയും പര്യായമായ പന്നികളെ തിന്നുന്നവരിലും അത് പ്രതിഫലിക്കുകയില്ലേ? ഈ ചോദ്യത്തിന് ആധുനിക ലോകം സ്പഷ്ടമായ മറുപടി നല്‍കുന്നുണ്ട്. ലജ്ജാശൂന്യത പന്നിവര്‍ഗത്തിന്റെ ഒരു നിസ്തുല്യ വിശേഷതയാണ്. ഒരു പെണ്‍പന്നിക്കു ചുറ്റും കുറെ ആണ്‍പന്നികള്‍ കൂടി ഒന്നിനുപിറകെ മറ്റൊന്നായി പരസ്യമായി അവ ഇണ ചേരുന്നു. ഈ നിര്‍ലജ്ജ നടപടി ലോകത്ത് മറ്റൊരു ജീവിയിലും ഇല്ലത്രെ. പന്നിയുടെ മാംസം തിന്നുന്ന സമൂഹത്തില്‍ ഈ ലജ്ജാശൂന്യത കൊടികുത്തിവാഴുന്നത് ഇന്ന് പരക്കെ അറിയപ്പെടുന്നതല്ലേ? പന്നിമാംസം വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ടാനിയാ സോളിയം എന്ന ഒരു വിരയുടെ ശല്യം പന്നിമാംസത്തില്‍ നിന്നുണ്ടാകുന്നതാണ്. രണ്ടോ മൂന്നോ മില്ലിമീറ്റര്‍ വലിപ്പമുള്ള ഇത് മനുഷ്യന്റെ ആമാശയത്തില്‍ വളര്‍ന്നുപെരുകി പല രോഗങ്ങളുമുണ്ടാക്കും. വയറിളക്കം, ദഹനപ്രക്രിയയിലുള്ള ക്രമക്കേടുകള്‍, വിശപ്പിന്റെ കെടുതി, മലബന്ധം എന്നിവ ഇതുകൊണ്ടുണ്ടാകുന്നതാണ്. Human Cysticercosis എന്ന രോഗവും പന്നിയുടെ 'സംഭാവന'യത്രെ. ഓപ്പറേഷന്‍ മാത്രമേ ഇതിന് പ്രതിവിധിയുള്ളൂ. Trichinella Spiralis എന്ന സൂക്ഷ്മമായ മറ്റൊരു വിരയും പന്നിയുടെ വകയായുണ്ട്. 3 മുതല്‍ 5 വരെ മില്ലീമീറ്ററാണ് ഇവയുടെ വലിപ്പം. ശ്വാസകോശഭിത്തികളെ ഇവ കടന്നാക്രമിക്കുകയും അതിന്റെ പഴുപ്പിന് കാരണമാക്കുകയും ചെയ്യുന്നതാണ്. മാംസപേശികള്‍ ദുര്‍ബലമാക്കുകയും ശ്വസനേന്ദ്രിയങ്ങള്‍ക്ക് കുഴച്ചില്‍ വരുത്തുകയും ഹൃദ്രോഗമുണ്ടാക്കുകയും ചെയ്യുന്ന മറ്റൊരു തരം വിരയും പന്നിമാംസത്തില്‍ നിന്നുണ്ടാകുന്നു. 'ഇവ ലോകത്ത് വ്യാപിച്ചുകഴിഞ്ഞ രോഗങ്ങളാണെന്നും എന്നാല്‍ പന്നിമാംസം തിന്നുന്നത് കുറ്റകരമല്ലാത്ത അമേരിക്ക, കനഡ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇവ ഏറ്റവുമധികം പടര്‍ന്നുപിടിച്ചിട്ടുള്ളതെന്നും ഈജിപ്തില്‍ ഇവ കാണപ്പെട്ടിട്ടില്ലെ'ന്നും ഡോക്ടര്‍ മഹ്മൂദ് ശബ്‌റാവി എഴുതിയിട്ടുണ്ട്. (ഫത്ഹുര്‍ റഹ്മാന്‍ ഖുര്‍ആന്‍ പരിഭാഷ. കെ.വി മുഹമ്മദ് മുസ്‍ലിയാര്‍) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter