നബി (സ ) ചെയ്ത കാര്യങ്ങള്‍ നാല് ഇമാമീങ്ങള്‍ നാല് മദ്ഹബുകളായി ക്രോഡീകരിച്ചതാണല്ലോ ? എന്നാല്‍ ഈ നാല് മദ്ഹബ് ഒരുമിച്ചു അനുസരിക്കാന്‍ പറ്റില്ലാ എന്ന് പറയാന്‍ എന്താണ് കാരണം? നബി (സ ) പ്രവര്‍ത്തിച്ച കാര്യങ്ങളാണല്ലോ അതെല്ലാം ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വയം ഗവേഷണത്തിന് കഴിവില്ലാത്ത എല്ലാവരും, കര്‍മ്മശാസ്ത്രവിഷയങ്ങളില്‍, ക്രോഡീകൃതരൂപത്തില്‍ ഇന്ന് ലഭ്യമായ നാലാലൊരു മദ്ഹബ് പിന്തുടരേണ്ടതാണ് എന്നാണ് ഭൂരിഭാഗപണ്ഡിതരും പറയുന്നത്. അവയില്‍ ഏതു മദ്ഹബും പിന്തുടരാവുന്നതാണ്, പക്ഷേ, ആ മദ്ഹബിനെ കുറിച്ച് വ്യക്തമായ അറിവും കര്‍മ്മങ്ങളുടെ നിയമങ്ങളും അറിഞ്ഞിരിക്കണം. കര്‍മ്മപരമായ കാര്യങ്ങള്‍ ഏറെയുണ്ടെന്നതിനാല്‍, അവയുടെയെല്ലാം വിധികളും നിബന്ധനകളും ഗ്രന്ഥങ്ങളില്‍നിന്ന് പഠിച്ചെടുക്കുന്നതിന് പകരം, പ്രവര്‍ത്തനങ്ങളിലൂടെ പരിശീലിച്ചെടുക്കുകയാണല്ലോ നാം ചെയ്യുന്നത്. അത് കൊണ്ട് തന്നെ, മുഴുവന്‍ കാര്യങ്ങളിലൂം മറ്റൊരു മദ്ഹബിലേക്ക് മാറുക എന്നത് ഏറെ പഠനങ്ങളും വിജ്ഞാനങ്ങളും ആവശ്യമാക്കിത്തീര്‍ക്കുന്നു. അത് പ്രയാസകരമായത് കൊണ്ടാണ് ഒരു പ്രത്യേക മദ്ഹബ് അവലംഭിക്കുന്നത്. ആവശ്യമായതെല്ലാം മനസ്സിലാക്കിക്കഴിഞ്ഞാല്‍ ആ മദ്ഹബ് അനുസരിച്ച് ആ കര്‍മ്മം ചെയ്യാവുന്നതാണ്. മാത്രമല്ല ഒരോ മദ്ഹബില്‍ നിന്നും എളുപ്പമുള്ളത് പിന്തുടരുന്ന അവസ്ഥയുമുണ്ടാവരുത്. ഒരേ കര്‍മ്മത്തില്‍ രണ്ട് വ്യത്യസ്ത മദ്ഹബുകളെ പിന്തുരുമ്പോള്‍ രണ്ട് പേരും ശരിയല്ലെന്ന് പറയുന്ന അവസ്ഥ വരാനും സാധ്യതകളേറെയാണ്. ഉദാഹരണത്തിന്, നിസ്കാരത്തിന് വുളു എടുക്കുമ്പോള്‍ തലയുടെ അല്‍പഭാഗം മാത്രം തടവുകയും (ശാഫീ മദ്ഹബ് പ്രകാരം) നിസ്കാരത്തിലെ ഫാതിഹയില്‍ ബിസ്മി ഓതാതിരിക്കുകയും (ഹനഫീമദ്ഹബ് പ്രകാരം) ചെയ്താല്‍, ആ നിസ്കാരം രണ്ട് മദ്ഹബ് പ്രകാരവും ശരിയല്ല. അത്തരം അവസ്ഥകള്‍ വരാതിരിക്കാന്‍, ഏതെങ്കിലും ഒരു മസ്അലയില്‍ മദ്ഹബ് മാറുന്നുവെങ്കില്‍, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും അതേ മദ്ഹബ് തന്നെ സ്വീകരിക്കണമെന്നാണ് പണ്ഡിതര്‍ പറയുന്നത്. അഥവാ, വുദുവിലെ ഏതെങ്കിലും മസ്അലയില്‍ മറ്റൊരു മദ്ഹബ് പിടിക്കുന്നുവെങ്കില്‍ ആ വുദുവിലും അത് കൊണ്ട് നിര്‍വ്വഹിക്കുന്ന എല്ലാ കര്‍മ്മങ്ങളിലും അതേ മദ്ഹബ് തന്നെ ആയിരിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter