വീട്ടില്‍ നായയെ വളര്‍ത്താനും ഫോട്ടോ വെക്കാനും പറ്റുമോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നായയെ വളര്‍ത്തലും അതിനോട് ഇടപഴകലും മുസ്‍ലിം സംസ്കാരമല്ല. അത് മറ്റ് അനിസ്‍ലാമിക സംസ്കാരങ്ങളില്‍ നിന്ന് മുസ്‍ലിംകള്‍ കടം കൊണ്ടതാണ്. നബി തങ്ങള്‍ ഏറെ നിരുത്സാഹപ്പെടുത്തിയ കാര്യമാണത്. കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട  തുടങ്ങിയ ആവശ്യങ്ങള്‍ക്കോ അല്ലാതെ നായയെ വളര്‍ത്തുന്നവന്റെ പ്രതിഫലം ദിനേന കുറയുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. നായയുള്ള വീട്ടിലേക്ക് മലക്കുകള്‍ പ്രവേശിക്കുകയില്ലെന്നും ഹദീസില്‍ കാണാം. കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട  തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നതില്‍ നബി (സ) തങ്ങള്‍ ഇളവ് അനുവദിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഈ മൂന്ന് ആവശ്യങ്ങളല്ലാത്ത മറ്റു ആവശ്യങ്ങള്‍ക്ക് നായയെ വളര്‍ത്തല്‍ നിഷിദ്ധമാണെന്നാണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. ഈ മൂന്ന് ആവശ്യങ്ങളും ഇതു പോലോത്ത വീടിനോ മറ്റോ കാവലിനായും നായയെ വളര്‍ത്തല്‍ അനുവദനീയമാണെന്നാണ് പ്രബലാമായ പക്ഷം. ഇത്തരം ആവശ്യങ്ങളില്ലാതെ രൂപ ഭംഗികണ്ടോ മറ്റോ നായയെ വളര്‍ത്തല്‍ ഹറാമാണെന്നതില്‍ രണ്ട് പക്ഷമില്ല. ചിത്രങ്ങളെ കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ പണ്ഡിതര്‍ക്കിടയില്‍ നിലവിലുണ്ട്. ചിത്രം വരക്കല്‍ നിരുപാധികം നിഷിദ്ധമാണെന്ന് ഒരു വിഭാഗം പണ്ഡിതര്‍ പറയുന്നുണ്ട്. ആഇസാ (റ)യുടെ വീട്ടിലെ പുതപ്പിലെ ചിത്രങ്ങള്‍ കണ്ട് നബി തങ്ങള്‍ മുഖം വിവര്‍ണ്ണനായി ഇറങ്ങിപ്പോയ സംഭവം ഇതിന് തെളിവായി അവര്‍ ഉദ്ധരിക്കുന്നുമുണ്ട്. എന്നാല്‍ കൈകൊണ്ട് തൊട്ടുനോക്കിയാല്‍ തടി വ്യക്തമാകാത്ത ചിത്രങ്ങള്‍ക്ക് പ്രശ്നമില്ലെന്നും തടിയുള്ളവ പാടില്ലെന്നുമാണ് മറ്റു ചില പണ്ഡിതരുടെ അഭിപ്രായം. ആത്മാവ് നല്‍കപ്പെട്ടാല്‍ ജീവന്‍ ലഭിക്കും വിധം ശരീരത്തിന്‍റെ സുപ്രധാന ഭാഗങ്ങളെല്ലാം അടങ്ങിയ ചിത്രമാണെങ്കില്‍ നിഷിദ്ധമാണെന്നും മുറിക്കപ്പെട്ട ഭാഗങ്ങള്‍ മാത്രമാണെങ്കില്‍ പ്രശ്നമില്ലെന്നും മറ്റൊരു അഭിപ്രായവും കാണാം. എന്നാല്‍, ഇന്ന് നിലവിലുള്ള ഫോട്ടോ എടുക്കുന്ന രീതിയില്‍, വസ്തുക്കളുടെ നിഴല്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് പിടിച്ചു നിര്‍ത്തുക മാത്രമാണെന്നും അത്കൊണ്ട് തന്നെ ഇതിന് വിലക്കില്ലെന്നും പലരും സമര്‍ത്ഥിക്കുന്നുണ്ട്. തര്‍ശീഹ് പോലോത്ത ഗ്രന്ഥങ്ങളില്‍ ഇത് കാണാവുന്നതാണ്. വിവിധ അഭിപ്രായങ്ങള്‍ പരിഗണിക്കുമ്പോള്‍, അത്യാവശ്യ ഘട്ടങ്ങളല്ലാത്തിടത്തൊക്കെ പരമാവധി ഫോട്ടോ ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്. പണ്ഡിതരുടെയും മറ്റും ഫോട്ടോകള്‍ വെച്ചുള്ള പ്രചാരണങ്ങള്‍ നിരുല്‍സാഹപ്പെടുത്തേണ്ടത് തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter